malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

സുരേഷ് ഗോപിയോ കേരള തൊഗാഡിയയോ?

മുഖപ്രസംഗം
അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകും. സുരേഷ് ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയും. തട്ടുതകര്‍പ്പന്‍ ഡയലോഗുകളിലെ മലയാള വെള്ളിത്തിരയെ ചൂട്പിടിപ്പിച്ച സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ബി ജെ പി രാഷ്ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി തീരദേശവാസികള്‍ നടത്തിയ സമരത്തിന്റെ മുമ്പില്‍ കയറി ഹിന്ദുത്വ പ്രസംഗം നടത്തിയ സുരേഷ് ഗോപി വര്‍ഗീയ വിഷപ്രചരണത്തില്‍ വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ്ക്ക് ശിഷ്യപ്പെട്ടിരിക്കയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനകാര്യത്തില്‍ വര്‍ഗീയത വലിച്ചിഴക്കാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത് ഒന്നുകില്‍ വിവരക്കേട് അല്ലെങ്കില്‍ പുതിയ കാവി തമ്പുരാക്കന്‍മാരെ പ്രീതിപ്പെടുത്തല്‍. തുറമുഖ പരിസരങ്ങളില്‍ താമസിക്കുന്നവരിലും സമരത്തില്‍ പങ്കെടുത്തവരിലും ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും ഉണ്ടെങ്കിലും അതൊരു സാമുദായികമോ മതപരമോ ആയ വിഷയമല്ല. എന്നിട്ടും തുറമുഖ വികസനത്തിന് ഹിന്ദു സമാജം ഉണരണമെന്ന സുരേഷ് ഗോപിയുടെ ആഹ്വാനം സംഘ് പരിവാര്‍ പ്രവര്‍ത്തകരെ പോലും വിസ്മയപ്പെടുത്തിയിരിക്കുകയാണ്. ബി ജെപിയിലേക്ക് ഗര്‍വാപസിയായതിന് ശേഷം നിഘണ്ഡുവില്‍ നിന്നും സുരേഷ് ഗോപി കുറേ വാക്കുകള്‍ മനഃപാഠമാക്കിയിട്ടുണ്ട്. ഹിന്ദുസമാജം, ഹിന്ദുധര്‍മം എന്നൊക്കെയാണവ. വിശുദ്ധമായ ഈ പദങ്ങള്‍ എപ്പോള്‍, എവിടെ, എങ്ങിനെ ഉപയോഗിക്കണമെന്ന് സുരേഷ് ഗോപിക്കറിയില്ല. ചേര്‍ച്ചയില്ലാത്തിടങ്ങളില്‍ ഇത്തരം പദങ്ങള്‍ ഉപയോഗിച്ച് 'ഭരത്' താരം യഥാര്‍ത്ഥ ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. വെള്ളിത്തിരയില്‍ നിന്ന് ഏതാണ്ട് 'ജനഗണമന' പാടി പടിയിറങ്ങാറായപ്പോഴാണ് സുരേഷ് ഗോപി നരേന്ദ്രമോദിയില്‍ ആകൃഷ്ടനാവുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മോദിയ്ക്ക് മുമ്പില്‍ ദര്‍ശനം നടത്തി അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയതും. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ കാവി വേഷക്കാര്‍ പെരുകിയെങ്കിലും ബി ജെ പി അക്കൗണ്ട് തുറക്കാത്ത കേരളത്തില്‍ ചായം പൂശിയ കാവിക്കാര്‍ തീരെ കുറവായിരുന്നു. എന്നിരുന്നാലും വിടരാത്ത മോഹങ്ങള്‍ മനസ്സിലിട്ട് സുരേഷ് ഗോപി മോദിയെ സന്ദര്‍ശിക്കുമ്പോള്‍ അധികാരം തന്നെയായിരുന്നു അന്തിമ ലക്ഷ്യം. മാറിമാറി വരുന്ന ഭരണകൂടങ്ങളും കൊടിവെച്ച കാറില്‍ പോകുന്ന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമാണ് നാടിന്റെ ശാപമെന്ന് വെള്ളിത്തിരയില്‍ കയറി വിളിച്ചു കൂവിയ ഈ മഹാതാരത്തില്‍ ഇപ്പോള്‍ ആവേശിച്ചിരിക്കുന്നത് അതേ മന്ത്രിക്കാറും ഭരണകൂടവും തന്നെയാണ്. നരേന്ദ്രമോദി അധികാരത്തിലേക്ക് ക്ഷണിച്ചാല്‍ 'നോ' എന്നു പറയാന്‍ തനിക്കാവില്ലെന്നും രാഷ്ട്രീയത്തില്‍ തനിക്കും വേണം ഒരു 'പിടി'യെന്നും പച്ചയായി പറയാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത് ഈ അധികാര ദുര തന്നെ. രാഷ്ട്രീയത്തിനെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും വെള്ളിത്തിരയില്‍ താന്‍ വിസര്‍ജ്ജിച്ച വാക്കുകള്‍ അദ്ദേഹത്തെ വാരി തിന്നുമ്പോള്‍ പഴയ ഡയലോഗുകള്‍ മലയാളി ഓര്‍ത്തു പോകുന്നു. അതോടൊപ്പം ആ മുഖവും. ഇന്ന് മോദിയ്ക്കും ബി ജെ പിയ്ക്കും സ്തുതി പാടുന്ന സുരേഷ് ഗോപി പണ്ട് ഇന്ദിരാഭവനും ക്ലിഫ് ഹൗസിനും ചുറ്റുവട്ടമിട്ടു നടന്ന നാളുകളുണ്ടായിരുന്നു. അങ്ങിനെയാണ് ലീഡര്‍ കെ കരുണാകരന്റെ സപ്തതിക്ക് ചോറ് വിളമ്പാനെത്തിയത്. അന്ന് കൊല്ലം ലോക്‌സഭാ സീറ്റിനോടുള്ള പ്രണയം ലീഡറുടെ ചെവിയിലെത്തിക്കാന്‍ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ടായിരുന്നു. ഒടുവില്‍ വിടരാത്ത പ്രണയമായി അത് വാടിക്കരിഞ്ഞു. പിന്നീടാണ് വി എസ് അച്യുതാനന്ദനോടുള്ള മമത മൂത്ത് മലമ്പുഴയില്‍ അദ്ദേഹത്തിന് വേണ്ടി പ്രചരണം നടത്താനെത്തിയത്. അപ്പോഴേക്കും സിനിമയൊന്നും ഇല്ലാതെ ഏതാണ്ട് വിശ്രമ ജീവിതത്തിലായിരുന്നു സുരേഷ് ഗോപി. ഇപ്പോള്‍ മൊട്ടിട്ട കാവി പ്രണയം കലശലായപ്പോഴാണ് ഉമ്മന്‍ചാണ്ടിയെ തെറി വിളിക്കാനുള്ള ആവേശം തിരശ്ശീലയിലെ അമാനുഷിക താരത്തിനുണ്ടായത്. വടികൊടുത്തു അന്ന് യൂത്ത് കോണ്‍ഗ്രസുകാരില്‍ നിന്നും അടിവാങ്ങിയ സുരേഷ് ഗോപി ഒടുവില്‍ മാപ്പ് പറഞ്ഞു തടിതപ്പുകയായിരുന്നു. പിന്നെ സമീപകാലത്ത് അദ്ദേഹം പറഞ്ഞതു കേട്ടു യൂത്ത് കോണ്‍ഗ്രസുകാര്‍ കോലം കത്തിച്ചത് കൊണ്ടാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന്. ഇത്തരത്തില്‍ സ്വന്തം നിലപാടുകളോടും വാക്കുകളോടും പ്രതിബദ്ധതയും സത്യസന്ധതയുമില്ലാത്തൊരാള്‍ എങ്ങിനെ നാടിനോടും രാഷ്ട്രീയത്തോടും പ്രതിബദ്ധത കാണിക്കും. സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതും അധികാരം പങ്കിടാന്‍ ആഗ്രഹിക്കുന്നതും പുത്തരിയല്ല; പാപവുമല്ല. പക്ഷെ; രാഷ്ട്രീയത്തില്‍ ക്ലച്ച് പിടിക്കാനുള്ള ആവേശത്തില്‍ വര്‍ഗീയ വിഷം ചുരത്തുന്നത് ആപല്‍ക്കരമാണ്. വിഴിഞ്ഞത്തും പരിസരങ്ങളിലും താമസിക്കുന്ന ഒരു ഹിന്ദു വിശ്വാസിയും തുറമുഖം തങ്ങളുടെ മാത്രം ആവശ്യമാണെന്ന് കരുതുന്നില്ല. കടലോര പ്രശ്‌നങ്ങളില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസന്‍മാനും ഒറ്റക്കെട്ടാണ്. ഒരേ ബോട്ടില്‍ വലയിടുന്നവരും ഒരേ വഞ്ചിയില്‍ ആഴക്കടലില്‍ അന്നം തേടുന്നവരുമാണവര്‍. സുരേഷ് ഗോപിയെ പോലുള്ള അഭ്രപാളിയിലെ മാന്യന്മാര്‍ അവരുടെ മനസ്സ് വെട്ടിമുറിക്കരുത്. പ്രവീണ്‍ തൊഗാഡിയയുടെ കേരള രൂപമായി സുരേഷ് ഗോപി മാറരുത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം