malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

തൊഴിലിടങ്ങളിലെ സ്ത്രീകളോട് എന്തുമാകാമെന്നോ?

വിനീത വേണാട്ട്
സമൂഹം ഇപ്പോഴും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ന് യഥാര്‍ത്ഥത്തില്‍ അവള്‍ക്കുവേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ആരും വാദിക്കുന്നില്ല. സ്ത്രീ അബലയയും ചപലയുമല്ലയെന്ന് വാക്‌ധോരണി തീര്‍ക്കുന്നവരും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഒറ്റപ്പെട്ടതെങ്കിലും ചില സംഭവങ്ങള്‍ നാട്ടില്‍ നടന്നിട്ടും എന്തിനും ഏതിനും പ്രതികരിക്കുന്നവരുടെ പ്രതികരണങ്ങളും കണ്ടില്ല. ജീവനക്കാരികളുടെ വസ്ത്രം ഉരിഞ്ഞ് ദേഹപരിശോധന നടത്തിയ സംഭവം കൊച്ചിയില്‍ നടന്നിട്ട് എത്രപേര്‍ പ്രതിഷേധിച്ചു. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും അവരുടെ അവകാശങ്ങളും സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക് തന്നെ സാധ്യതയുണ്ടായിട്ടും ആരും അനങ്ങിയില്ല. ഏതോ ഒരു കൈയ്യുറ ഫാക്ടറിയില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നം, അതിനെ അത്രയ്ക്കങ്ങ് പെരുപ്പിച്ച് കാട്ടേണ്ട ആവശ്യം ഇല്ല എന്നതുകൊണ്ടാണോ ഇത്തരത്തിലൊരു സമീപനം. കാക്കനാടുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഫാക്ടറിയിലെ സാധാരണക്കാരായ ജീവനക്കാരികളുടെ ഉടുതുണി അഴിച്ച് പരിശോധിക്കേണ്ടിവന്ന സംഭവത്തെക്കുറിച്ച് അറിയുമ്പോഴാണ് മുക്കത്ത് കൈവച്ചുപോകുന്നത്. ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നാപ്കിന്‍ ഉപയോഗിച്ചതാരാണെന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന. പരിശോധന നടത്തിയതാകട്ടെ അവിടുത്തെ രണ്ട് വനിതാ സൂപ്പര്‍വൈസര്‍മാരും. വനിതകളാണ് പരിശോധന നടത്തിയത് എന്നതുകൊണ്ട് അത് ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും എതിരെയുള്ള കടന്നുകയറ്റം അല്ലാതാവുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാന്‍ ഈ സ്ഥാപനത്തില്‍ ഒരു ടോയ്‌ലറ്റ് മാത്രമാണുള്ളതും. ഇതുതന്നെ ഏറ്റവും വലിയ അനീതിയാണ്. മാത്രമല്ല തൊഴിലിടങ്ങളെ സംബന്ധിക്കുന്ന നിയമത്തിന്റെ കടുത്ത ലംഘനം കൂടിയാണ്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജോലിചെയ്യുന്നിടത്ത് സ്ത്രീക്കും പുരുഷനും വെവ്വേറെ മൂത്രപ്പുരകള്‍ അനിവാര്യമാണെന്നിരിക്കെ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും ഏര്‍പ്പെടുത്താതെ ജീവനക്കാരെ മൃഗങ്ങളെപ്പോലെ പരിഗണിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. കാക്കനാട് സെസില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് നിര്‍മാണ സ്ഥാപനമായ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് ഇതിനൊരു ഉദാഹരണം മാത്രം. ഈ സ്ഥാപനത്തിലെ 45 ഓളം വരുന്ന ജീവനക്കാരികളെയാണ് വസ്ത്രമഴിച്ചുള്ള ദേഹപരിശോധനയ്ക്ക് വിധേയരാക്കിയത്. മാത്രമല്ല ഒന്നിലധികം തവണ ഇവര്‍ക്ക് മൂത്രമൊഴിക്കാന്‍പോകാന്‍ അനുമതിയില്ലയെന്നും ജീവനക്കാരികള്‍തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഈ സ്വാതന്ത്ര്യമില്ലായ്മയല്ലേ ചോദ്യം ചെയ്യപ്പേടേണ്ടത്. ഒരു സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യവും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ലേബര്‍ കമ്മീഷനാണ്. എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ബാധകമല്ല. കാരണം ലേബര്‍ കമ്മീഷന് സെസിനുള്ളില്‍ പ്രവേശിച്ചുള്ള അന്വേഷണം സാധ്യമല്ല എന്നതുതന്നെ. ഇക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് ഓഫീസറുടെ അനുമതിയോടുകൂടിമാത്രമേ ഇവിടെ പരിശോധന നടത്താനും സാധിക്കു. പൊതുഇടങ്ങളിലുള്ള ശൗചാലയങ്ങളില്‍പ്പോലും പോകാന്‍ പൊതുവെ സ്ത്രീകള്‍ക്ക് മടിയാണ്. നിവൃത്തിയില്ലെങ്കില്‍ മാത്രമേ അവര്‍ ആ സാഹസത്തിന് തയ്യാറാകു. യാത്രചെയ്യുമ്പോള്‍ മൂത്രശങ്ക ഒഴിവാക്കാന്‍വേണ്ടി വെള്ളംപോലും കുടിക്കാതെയാണ് അവരുടെ യാത്ര. എന്നുകരുതി തൊഴില്‍ എടുക്കുന്നിടത്ത് ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാതിരിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധ്യമല്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലംഘിക്കപ്പെടുന്നത് എല്ലായിടത്തും പതിവാണ്. അസ്മ ഗ്ലൗസ് നിര്‍മാണ യൂണിറ്റില്‍ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ എണ്ണവും കുറവാണ്. കൂടുതലും കരാര്‍ തൊഴിലാളികളാണ്. ജീവനക്കാര്‍ സ്ഥിരമായതോ, താല്‍കാലികമായതോ, ദിവസവേതനത്തില്‍ പണിയെടുക്കുന്നവരാണോ എന്നതൊന്നും തൊഴില്‍ നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നതിന് കാരണമല്ല. പക്ഷേ സ്ത്രീ ജീവനക്കാര്‍ക്കുള്ള ന്യായമായ അവകാശങ്ങള്‍ പോലും ഇല്ലാതാക്കിക്കൊണ്ടാണ് തൊഴിലിടങ്ങളില്‍ അവരെ ചൂഷണം ചെയ്യുന്നത്. മാനുഷികമായ പരിഗണനപോലും അവര്‍ക്ക് ലഭിക്കുന്നില്ല. പലരുടേയും പ്രശ്‌നങ്ങള്‍ പുറംലോകം അറിയുന്നില്ല എന്നുമാത്രം. അറിഞ്ഞാല്‍ത്തന്നെ ഇത്തരം സംഭവങ്ങള്‍ ഒത്തുതീര്‍പ്പാക്കപ്പെടുകയും ഇതിനെതിരെ പ്രതികരിച്ചവരുടെ ശബ്ദങ്ങള്‍ ഉന്നതരുടെ സ്വാധീനത്താല്‍ സമൂഹത്തില്‍ മുഴങ്ങിക്കേള്‍ക്കാതിരിക്കുകയും ചെയ്യുന്നു. ഏറെനേരം ഒരേനില്‍പ്പില്‍ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീ-പുരുഷ ജീവനക്കാരും അനവധിയാണ്. അസംഘടിത മേഖലയിലാണ് ഇത് കൂടുതലെന്നും പറയാം. ഇവര്‍ക്കുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല, അവരും അവരുടെ കുടുംബാംഗങ്ങളുമല്ലാതെ. സ്ത്രീജീവനക്കാരെ ഒഴിവാക്കിക്കൊണ്ട് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നതൊരു വസ്തുതയാണ്. കൂടുതല്‍ വിദേശമൂലധനം ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയ്ക്കു രൂപം നല്‍കിയത്. കയറ്റുമതി ലക്ഷ്യമിട്ടുള്ളവയായതിനാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും വലിയതോതില്‍ നികുതിയിളവുകളുണ്ട്. ഇവിടെ ട്രേഡ് യൂണിയനുകള്‍ക്ക് ഒരു അധികാരവുമില്ല. ആരും ചോദ്യം ചെയ്യപ്പെടാനില്ലാത്ത അവസ്ഥയില്‍ മുതലാളിമാരുടെ ഭീഷണിക്കും ആക്കം കൂടാം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നാല്‍ പിന്നെ ആരും ഒരക്ഷരവും മിണ്ടില്ലല്ലോ. ഇവിടെ ഡിസംബര്‍ 10 ന് നടന്ന സംഭവം വാര്‍ത്തയാകുന്നതിനും ദിവസങ്ങള്‍ വേണ്ടിവന്നതും ഇത്തരം ഭീഷണിയെത്തുടര്‍ന്നാണ്. മൂത്രം ഒഴിക്കാന്‍ പോകുന്നതുപോലുള്ള കാര്യങ്ങള്‍ക്ക് നിബന്ധന വയ്ക്കുന്നതിനെ കാടത്തം എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ദീര്‍ഘനേരം മൂത്രം തടഞ്ഞുവയ്ക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആര്‍ക്കും അറിയാഞ്ഞിട്ടല്ല. എത്ര സമത്വം പറഞ്ഞാലും തൊഴിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനും പ്രത്യേകം മൂത്രപ്പുര വേണമെന്നേ സമത്വവാദികളും വാദിക്കു. പ്രത്യേകം മൂത്രപ്പുരകള്‍ ഉണ്ടായതുകൊണ്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. സാന്നിട്ടറി നാപ്കിനുകള്‍ കളയുന്നതിനു പ്രത്യേക സംവിധാനവും ഉണ്ടാകേണ്ടതാണ്. മാസമുറ സമയത്ത് ശരീരം കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഈ സമയത്ത് നാപ്കിന്‍ മൂന്നു തവണയെങ്കിലും മാറേണ്ടതും ശുചിത്വത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യാവശ്യമാണുതാനും. അല്ലാത്തപക്ഷം അത് അണുബാധയ്ക്കും മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടവരുത്തും. സ്ത്രീയെ പ്രത്യുല്‍പാദനത്തിന് പര്യാപ്തമാക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ആ സമയത്ത് അവര്‍ അനുഭവിക്കുന്ന ശാരീരിക വൈഷമ്യങ്ങള്‍ക്കുപുറമെ മാനസീകമായ പീഢനം കൂടിയാണ് നാപ്കിന്‍ ഉപയോഗിച്ചതാരെന്നുകണ്ടെത്താനുള്ള വസ്ത്രം അഴിച്ചുള്ള പരിശോധന. ഈ പ്രവണത ഒരു തരത്തിലും അംഗീകരിക്കാനും സാധിക്കില്ല. അനാവശ്യ സ്വാതന്ത്രത്തിന് വേണ്ടി മുറവിളികൂട്ടുന്നവരുടെ നിശബ്ദതയും എടുത്തുപറയേണ്ടിയിരിക്കുന്നു. സ്ത്രീയുടെ സ്വകാര്യതയാണ് അത്തരം കാര്യങ്ങള്‍ അതില്‍ ഇടപെടേണ്ടതില്ല എന്ന ചിന്താഗതിയാണോ ആ നിശബ്ദതയക്ക് പിന്നിലെന്നും വ്യക്തമല്ല. പക്ഷേ മറ്റൊരാളുടെ മുന്നില്‍ നഗ്നയാക്കപ്പെടുകയെന്നതിനെ അതിനെ ഇരയായവരുടെ മാനസീകാവസ്ഥയെ നിസാരവത്കരിക്കാന്‍ സാധിക്കില്ലല്ലോ. തൊഴിലിടങ്ങളില്‍ നിയമം ശക്തമാക്കുകയാണ് വേണ്ടത്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ കമ്മീഷനും തൊഴില്‍ മന്ത്രാലയത്തിനും ബാധ്യതയുണ്ട്. പക്ഷേ പ്രതിഷേധങ്ങള്‍ക്ക് ശക്തികുറയുംതോറും ചൂഷണം ചെയ്യപ്പെട്ടുന്നവരുടെ എണ്ണം വര്‍ധിക്കും. ഭാരതത്തില്‍ ആര്‍ത്തവദിനങ്ങള്‍ ഭീതിയോടെ കാണുന്ന ഒരു ജനവിഭാഗം ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ദാരിദ്രത്തില്‍, നിത്യവൃത്തിക്കുവേണ്ടി കഷ്ടപ്പെടുന്നവരുടെ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ആ ദിവസങ്ങള്‍ തള്ളിനീക്കുന്നത് എങ്ങനെയെന്നുകൂടി അറിയേണ്ടതുണ്ട്. ആര്‍ത്തവദിവസങ്ങളില്‍ ഒട്ടും വൃത്തിയില്ലാത്ത തുണികളും പേപ്പറുകളും എന്തിനേറെ മണ്ണുകുഴച്ചുതും മരത്തിന്റെ തൊലിയും വരെ നാപ്കിനുകള്‍ക്ക് പകരം ഉപയോഗിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്നോര്‍ത്ത് ഞെട്ടേണ്ട കാര്യമില്ല. ആ ദിനങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതെ പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. ഫെമിനൈന്‍ ഇന്‍ഫന്റ് ഹൈജീന്‍ അസോസിയേഷന്‍ 2010 ല്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍വച്ചു നോക്കുമ്പോള്‍ കേരളം എത്ര ഭേദം എന്നുതോന്നാം. എന്നാല്‍ ഇവിടെ നടക്കുന്ന ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാതെ ശക്തമായി പ്രതികരിക്കാനും നടപടിയെടുക്കാനും നമുക്കെല്ലാം ബാധ്യതയുണ്ട്. അല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ട് വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയരാകേണ്ടിവരില്ലെന്ന് ആരുകണ്ടു *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം