malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

തണുത്തുറഞ്ഞ റഷ്യ മരവിച്ച റൂബിന്‍

സ്വന്തം ലേഖകൻ
തണുപ്പുകാലം റഷ്യക്ക് പേടിസ്വപ്‌നമാണ്. ആകെ തണുത്തുവിറക്കുന്ന കാലം. ഇക്കൊല്ലത്തെ തണുപ്പാകട്ടെ കൂടുതല്‍ പേടിപ്പെടുത്തുന്നതുമായിരിക്കുന്നു. കടുത്ത സാമ്പത്തീക മാന്ദ്യത്തെ തുടര്‍ന്ന് പിടി എത്താത്ത ഉയരത്തിലേക്ക് വിലകള്‍ കുതിച്ചു കയറാന്‍ തുടങ്ങി. മാര്‍ക്കറ്റുകളിലും മനസ്സുകളിലും വല്ലാത്തൊരു പേടി പടര്‍ന്നു കഴിഞ്ഞ പശ്ചാത്തലത്തില്‍ ബാങ്ക് അങ്കലാപ്പിലായി. അവര്‍ പലിശ നിരക്ക് ഒറ്റയടിക്ക് ആറര ശതമാനം ഉയര്‍ത്തി. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എറിയപ്പെട്ട തോന്നലായി റഷ്യക്കാരുടെ മനസ്സില്‍. എന്തുചെയ്യും? വന്‍ശക്തി പുനസ്ഥാപനാര്‍ത്ഥം ഖജനാവില്‍ എന്തുണ്ടെന്ന് നോക്കാത്ത കളിയായിരുന്നു പ്രസിഡണ്ട് വഌഡ്മിര്‍ പുടിന്റേത്. ഉക്രെയിനിന്റെ ഒരു പങ്ക് പിടിച്ചെടുക്കാന്‍ ചിലവഴിച്ചത് എണ്ണിയാല്‍ തീരാത്തത്ര പണമാണ്. ക്രൈമിയ റഷ്യക്ക് ഏതാണ്ടൊരു വെപ്പാട്ടിയെപ്പോലെയാണ്. രഹസ്യമായി അതിന്റെ ചിലവുകള്‍ വഹിക്കണം. കൂനിന്‍മേല്‍ കുരു എന്ന പോലെ ലോകമാര്‍ക്കറ്റില്‍ എണ്ണവിലകുത്തനെ ഇടിഞ്ഞു. അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ആഗോള വ്യാപാരത്തെ തളര്‍ത്തികളഞ്ഞു. അതിനുപുറമേയാണ് ഉക്രെയിനിന് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഡിസംബര്‍ 12 ന് എടുത്ത തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍. സര്‍വ്വശക്തനായി വളരാന്‍ പുടിന്‍ വാളെടുത്തതിനു പിന്നാലെയാണ് റഷ്യയുടെ സാമ്പത്തീക തകര്‍ച്ച രൂക്ഷമായത്. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും പ്രതിപക്ഷത്തെ ഞെക്കിഞെരുക്കുകയും മാധ്യമങ്ങള്‍ക്ക് ചങ്ങലയിടുകയും ചെയ്ത പുടിന്‍ ആഗോള സാമ്പത്തീക മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. റൂബിളിന്റെ വില ഡോളര്‍ വിലയുമായി തുലനം ചെയ്തപ്പോള്‍ നാല്പതുശതമാനത്തോളം ഇടിഞ്ഞു. യുദ്ധവും അസ്വസ്ഥകളും അസ്ഥിരമാക്കിയ ഉക്രെയിനില്‍പോലും മുപ്പതുശതമാനത്തോളം വില ഇടിവേ ഉണ്ടായിട്ടുള്ളൂ എന്ന് മനസ്സിലാക്കുമ്പോഴാണ് റഷ്യയുടെ ദയനീയചിത്രം വ്യക്തമാകുന്നത്. റൂബിളിന് എന്തുപറ്റി എന്നതാണ് സാമ്പത്തീക വിദഗ്ധന്‍മാരുടെ ചോദ്യം. റഷ്യയുടെ ഗാസ്‌പ്രോം, റോഡ്‌നെറ്റ് എന്നീ ഭീമന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പരാജയമാണെന്ന് കണക്കാക്കുന്നവരുമുണ്ട്. സര്‍ക്കാരും ഈ കമ്പനികളും ചേര്‍ന്ന് അവരുടെ സാമ്പത്തീക ബാധ്യതകള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ഒതുക്കാന്‍ പറ്റാത്തത്ര അത് വളര്‍ന്നപ്പോഴുണ്ടായ പ്രത്യാഘാതമാണ് ഇപ്പോഴത്തേത് എന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലുംഏറ്റവും പുതിയ പണപ്പെരുപ്പത്തിന്റെ കാരണം യൂറോപ്പ്യന്‍ രാജ്യങ്ങളുടെ ഉപരോധമാണെന്നതിന് ആര്‍ക്കുംസംശയമില്ല. റഷ്യയുടെ സാമ്പത്തീക പ്രശ്‌നങ്ങള്‍ ഇനിയും പെരുകാനാണ് സാധ്യത. റൂബിള്‍ അസ്ഥിരമാകുന്നത് നിക്ഷേപകരേയും അസ്വസ്ഥരാക്കുന്നു. റഷ്യന്‍ സാമ്പത്തീക നയത്തിലുളള വിശ്വാസ്യത തകരുന്നതോടെ ആഗോള നിക്ഷേപം സമീപകാലത്തൊന്നും ആ രാജ്യത്തേക്ക് വരാനിടയില്ല. 614 ബില്ല്യണ്‍ ഡോളര്‍ കടംകൊടുത്തിട്ടുളള ബാങ്കുകളും അങ്കലാപ്പിലാണ്. ഏതുതരത്തില്‍ ഈ നിക്ഷേപം അഡ്ജസ്റ്റു ചെയ്യപ്പെടുമെന്നതാണ് അവരുടെ സംശയം. ഫലപ്രദമായ പോംവഴിയായി ബാങ്കുകള്‍ കാണുന്നത് വന്‍തോതില്‍ റൂബിള്‍ വിറ്റ് ഡോളര്‍ കരസ്ഥമാക്കാനുളള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വ്യഗ്രത തടയുക എന്നതാണ്. പണ്ടത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമല്ല റഷ്യ. ഏതുമുതലാളിത്ത രാജ്യത്തേയുംപോലെ റഷ്യക്കാരില്‍ പണം പൂഴ്ത്തിവെക്കുന്ന വന്‍ മുതലാളിമാര്‍ ധാരാളമുണ്ട്. അഴിമതി അവിടേയും അഴിഞ്ഞാടുന്നു. നിയന്ത്രിക്കാന്‍ പക്ഷേ, ഭരണകൂടത്തിന് കഴിയുമോഎന്നതാണ് പ്രശ്‌നം. ബ്ലാക്മാര്‍ക്കറ്റും കളളക്കടത്തും കള്ളപ്പണവുമൊക്കെ ഇപ്പോള്‍ റഷ്യയുടേയും പ്രശ്‌നങ്ങളാണ്. ഇത് പുടിന്റെ സ്വയംകൃതാനര്‍ത്ഥമാണ്. ഒരു പക്ഷേ രാജ്യത്തിന്റെ യഥാര്‍ത്ഥ വലിപ്പത്തെക്കുറിച്ചുളള അജ്ഞത, അല്ലെങ്കില്‍ സത്യം മൂടിവെക്കാനുളള വ്യഗ്രത. ഇതേതെങ്കിലുമാകാം ഇപ്പോഴത്തെ പ്രതിസന്ധിക്ക്കാരണം. സാമ്രാജ്യവികസന മോഹത്തിനിടെ സാമ്പത്തീക രംഗവും അന്താരാഷ്ട്ര സംഭവവികാസങ്ങളും ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എണ്ണവില ഇതുപോലെ കൂപ്പുകുത്തുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. സാമ്പത്തീകരംഗം നവീകരിക്കാനോ, വൈവിധ്യവത്ക്കരിക്കുവാനോ അദ്ദേഹം ശ്രമിച്ചില്ല എന്നതാണ് സത്യം. ശ്രദ്ധ മുഴുവന്‍ എണ്ണയിലായിരുന്നു (റഷ്യയുടെ കയറ്റുമതിയുടെ മൂന്നില്‍രണ്ടു ഭാഗവും എണ്ണയും പ്രകൃതിവാതകവുമായിരുന്നു). അതോടെ വ്യവസായരംഗത്ത് മാന്ദ്യമുണ്ടായി. യൂറോപ്പ്യന്‍ യൂണിയനോടും ജപ്പാന്‍, കൊറിയതുടങ്ങിയ വ്യാവസായിക രാഷ്ട്രങ്ങളോടും കിടപിടിക്കാന്‍ റഷ്യന്‍ ഉത്പ്പന്നങ്ങള്‍ക്കു കഴിയുന്നില്ല. ഇക്കാര്യത്തില്‍ ചൈനപോലും റഷ്യയെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. അതൊന്നും പെട്ടെന്ന് ശരിപ്പെടുത്താവുന്ന കാര്യങ്ങളല്ല. പുടിന്് പെട്ടെന്ന് ചെയ്യാവുന്നത് ഉപരോധം പിന്‍വലിപ്പിക്കാനുളള നടപടി കൈകൊളളുകയാണ്. അതിന് യൂറോപ്പ്യന്‍ യൂണിയനുമായി നേരിട്ടോ മധ്യസ്ഥന്‍മാര്‍ മുഖേനയോ ചര്‍ച്ചകള്‍ നടത്തണം. ഉക്രെയിന്റെ ഭാഗമായിരുന്ന റഷ്യയുടെ ബലത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ക്രൈമിയയുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുളള ഒത്തുതീര്‍പ്പുണ്ടാവണം. പക്ഷേ, പുടിന്റെ തന്‍പോരിമതലകുനിക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നു തോന്നുന്നില്ല. മറ്റൊരു നിര്‍ദ്ദേശം പുടിന്റെ ഡ്യൂപ്പ് എന്നു കരുതപ്പെടുന്ന പ്രധാനമന്ത്രി ദിമിത്രിമെഡ്വദേവിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി, നല്ലൊരു സാമ്പത്തീക വിദഗ്ധനെ നിയമിക്കുക എന്നതാണ്. ഇവര്‍ ഇരുവരും വളരേക്കാലം അധികാരംകൊണ്ട് കിളിമാസ്സുകളിക്കുകയായിരുന്നു. മാറിമാറിപ്രസിഡണ്ടും പ്രധാനമന്ത്രിയും ആയുളളകളി. അതുകൊണ്ട് അവിടേയും എന്തെങ്കിലും മാറ്റത്തിന് വഌഡ്മിര്‍ പുടിന്‍ സമ്മതിക്കാനിടയില്ല. ഒരുപക്ഷേ അദ്ദേഹം വേറൊരുതരത്തില്‍ ചിന്തിച്ചേക്കാം. ഉക്രെയിനിനെ കൂടുതല്‍ ഞെരുക്കുക, കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോവാനിടയുളള ജോര്‍ജ്ജിയയെ പേടിപ്പിച്ച്കൂടെ നിര്‍ത്തുക….. ശത്രുപ്രദേശങ്ങളില്‍ വിമതരെ പ്രോത്സാഹിപ്പിക്കുക. പക്ഷേ, ഇതൊക്കെ അപകടകരമായകളികളാണ്. ഒരുതരം റഷ്യന്‍ സര്‍ക്കസ്സ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം