malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

കുളിപ്പിച്ചു കുളിപ്പിച്ച്

ഇന്ദ്രജിത്ത്
കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞില്ലാതായി എന്ന പഴഞ്ചൊല്ല് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അന്വര്‍ത്ഥമാക്കുന്ന ലക്ഷണമാണ് കാണുന്നത്. വിഭാഗീയത ഇല്ലാതായി ഇല്ലാതായി എന്നു നാഴികയ്ക്കു നാല്‍പതു വട്ടം നേതാക്കള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു നടന്നിട്ടും വിഭാഗീയത വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. വിഭാഗീയത ഇല്ലാതായെന്ന പ്രതീതി ഉണ്ടായ ഇടങ്ങളിലൊക്കെ എതിര്‍ചേരിക്കാരെ അടിച്ചൊതുക്കി നടുവു നിവര്‍ത്തി എഴുന്നേല്‍ക്കാനൊക്കാത്ത പരുവത്തിലാക്കിയിരിക്കുന്നതുകൊണ്ടാണ് തല്‍ക്കാലം വിഭാഗീയത പുറത്തു കാണാത്തത്. എതിര്‍പാര്‍ട്ടിക്കാരെ ഇല്ലായ്മ ചെയ്യാന്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ എതിര്‍ചേരിക്കാരെ തുലയ്ക്കാനും നാറിയ തറഅടവുകള്‍ പണ്ടേക്കാലം മുതല്‍ക്കുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നാണമില്ലാതെ സ്വീകരിച്ചുപോന്നിട്ടുണ്ട്. ഊരു വിലക്കുക, അപവാദം പറഞ്ഞുപരത്തുക, കക്കൂസില്‍വരെ ഒളിക്യാമറ സ്ഥാപിക്കുക, നാട്ടുകാരുടെ മുന്നില്‍ പല വിധത്തില്‍ മോശക്കാരനാക്കുക തുടങ്ങി ഒരുപാടു വൃത്തികെട്ട പരിപാടികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടവുകളില്‍പ്പെടും. സംസ്ഥാനസമ്മേളത്തിനു മുന്നോടിയായി സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്ന വേളയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്ന ആലപ്പുഴയാണ് ഔദ്യോഗികപക്ഷവും വി.എസ്. പക്ഷവും തമ്മിലുള്ള മല്ലയുദ്ധം പാരമ്യത്തിലെത്തി മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. സഖാവ് പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് വി.എസ്.പക്ഷക്കാര്‍ പ്രതിക്കൂട്ടിലായതിന്റെ ജാള്യത്തിലാണ് അച്യുതാനന്ദന്‍. പൊലീസന്വേഷണഫലം പാര്‍ട്ടി മുഖവിലയ്‌ക്കെടുത്തതു ശരിയായില്ല എന്നാണ് അച്യുതാനന്ദന്‍ വാദിക്കുന്നത്. തന്റെ അനുയായികളെ ഒതുക്കാന്‍ പാര്‍ട്ടി ആ അവസരം മുതലെടുത്തു എന്നും അച്യുതാനന്ദന്‍ വിശ്വസിക്കുന്നുണ്ട്. ടി.പി.വധക്കേസില്‍ പാര്‍ട്ടി അന്വേഷണക്കമ്മീഷനെ വച്ചു, എന്നിട്ട് ഇക്കാര്യത്തില്‍ അതുണ്ടായില്ല എന്നതും മനഃപൂര്‍വ്വമാണെന്ന് അച്യുതാനന്ദന്‍ വിശ്വസിക്കുന്നുണ്ട്. ആലപ്പുഴയിലും വിഭാഗീയത രൂക്ഷമാകാന്‍ പ്രധാനകാരണമാണിത്. തന്നെ ഒതുക്കാന്‍ എതിര്‍ശക്തികള്‍ക്കു സാധ്യമല്ലെന്ന മുന്നറിയിപ്പാണ് അച്യുതാനന്ദന്‍ ഒരു ചാനല്‍ അഭിമുഖത്തിലൂടെ നല്‍കിയത്. തിരഞ്ഞെടുപ്പു രംഗത്ത് താന്‍ ഇനിയും ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. മുഖ്യമന്ത്രിസ്ഥാനം സ്വപ്‌നം കാണുന്ന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിസ്ഥാനം മോഹിക്കുന്ന കോടിയേരി ബാലകൃഷ്ണനും ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കാനാണ് അച്യുതാനന്ദന്റെ ഉറച്ച തീരുമാനം. പാര്‍ട്ടിയാണെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ എഴുന്നേറ്റുനില്‍ക്കാനാവാത്ത പരുവത്തിലാണ്. ശൂല ബാധിച്ചവന് കൃമികടിയുംകൂടി ഉണ്ടായാലത്തെ സ്ഥിതിയാണ് അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് സമ്മാനിക്കുന്നത്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടിയല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നു നിലനില്‍ക്കുന്നത് എന്ന് എല്ലാവര്‍ക്കും നന്നായി ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് പാര്‍ട്ടി അണികള്‍ ഒന്നൊന്നായി കൂടുവിട്ടു കൂടുമാറുകയാണ്. ഒന്നുകില്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്നതാണ് പാര്‍ട്ടിയുടെ പരിപാടി എന്ന് അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. തല്ലുകൊള്ളാതിരിക്കാനാണ് അധികം പേരും ബി.ജെ.പി.യിലേക്കു ചേക്കേറുന്നത്. സംസ്ഥാനസമ്മേളനം ആകുമ്പോഴേക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏതാണ്ട് തകര്‍ച്ചയുടെ മുക്കാല്‍ഭാഗവും പിന്നിട്ടുകഴിഞ്ഞിരിക്കും എന്നതുറപ്പാണ്. ഏരിയ, ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കാര്‍ സഹകരിക്കുന്നില്ലെന്നും, യോഗങ്ങള്‍തന്നെ പലപ്പോഴും കൂടുന്നില്ലെന്നും ഇപ്പോള്‍തന്നെ സ്വയംവിമര്‍ശനമുണ്ട്. വിഭാഗീയത പാര്‍ട്ടിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന സ്വയംവിമര്‍ശനവും വളരെ ശക്തമാണ്. പല നേതാക്കളെയും ജനങ്ങള്‍ അവമതിപ്പോടെയാണ് കാണുന്നതെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്ക് പാര്‍ട്ടിയിലും നേതാക്കളിലും വിശ്വാസം നഷ്ടപ്പെട്ടു, സംഘടനയില്‍ കൂട്ടായ പ്രവര്‍ത്തനമില്ല എന്നൊക്കെയാണ് റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍. നേതാക്കള്‍ അതൊന്നും ഗൗനിക്കാതെ പാര്‍ട്ടിയുടെ അന്ത്യകര്‍മ്മത്തിന് കോപ്പുകൂട്ടുകതന്നെയാണ്. **** സി.പി.എമ്മിലെ വിഭാഗീയതയും തമ്മില്‍ത്തല്ലും ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായാനഷ്ടം ഉണ്ടാക്കുന്നു എന്നു മനസ്സിലാക്കി സോളാര്‍ കേസിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും ബാര്‍ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെയും പ്രക്ഷോഭം തുടങ്ങാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. സമരം തുടങ്ങാന്‍ തീരുമാനിക്കുക, പിന്നീട് അതിനാധാരമായി ഏതെങ്കിലും ഒരു വിഷയം കണ്ടുപിടിക്കുക എന്നതാണ് പണ്ടേതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു രീതി. കേരളത്തിലോ ഇന്ത്യയിലോ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അമേരിക്കയിലെ ഒബാമയ്‌ക്കെതിരെയാകും സമരം. ഏതായാലും, പാവം ജനത്തെ പെരുവഴിയിലാക്കുക എന്നതാണ് പാര്‍ട്ടിയുടെ മിനിമംപരിപാടി. അവനവന്റെ കണ്ണിലെ കോലെടുത്തിട്ടു വേണ്ടേ, മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ എന്നൊരു ചോദ്യമുണ്ട്. എന്നാല്‍, അതൊന്നും സി.പി.എമ്മിന് ഒരു പ്രശ്‌നമല്ല. സമരമാണ് പാര്‍ട്ടിയുടെ ജീവവായു. ഇപ്പോള്‍ തുടങ്ങുന്ന സമരത്തിനു പിന്നില്‍ മറ്റൊരു അജണ്ടയുമുണ്ട്. പാര്‍ട്ടിക്കാര്‍ക്ക് ഇടയ്ക്കിടെ എന്തെങ്കിലും ജോലി കൊടുത്ത് ചൂടാക്കി നിര്‍ത്തിയില്ലെങ്കില്‍ അവര്‍ പാര്‍ട്ടി വിട്ടുപോകും. സമരത്തിനു കൊണ്ടു നടന്ന് കേസാക്കി പുലിവാലാക്കി ഇട്ടിരുന്നാലെ അവര്‍ കൂടെ നില്‍ക്കൂ. അതിനുവേണ്ടിയാണ് ഈ സമരം. മാത്രമല്ല, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വരുന്നു. പച്ചതൊടണമെങ്കില്‍ കുറേയേറെ വിയര്‍പ്പൊഴുക്കേണ്ടിവരും എന്ന് പാര്‍ട്ടിനേതാക്കള്‍ക്കറിയാം. അതിനുള്ള ഒരു 'വാമിംഗ് അപ്' കൂടിയായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരെ സമരത്തിന്റെ പേരില്‍ ഉഷാറാക്കി തെരുവിലേക്കിറക്കുന്നത്. ഇതിനാണ് അടവുനയം, വൈരുദ്ധ്യാത്മകഭൗതികവാദം എന്നൊക്കെ പാര്‍ട്ടിനിഘണ്ടുവില്‍ പറയുന്നത്. ***** സംസ്ഥാനത്തെ അടച്ചുപൂട്ടിയ 418 ബാറുകളില്‍ 150 എണ്ണത്തില്‍ ബിയര്‍, വൈന്‍ എന്നിവ വില്‍ക്കുന്നതിന് അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കുടിയില്‍ കൃത്യനിഷ്ഠ പാലിക്കുന്നവര്‍ക്ക് തെല്ലൊരു ആശ്വാസമായി. മദ്യമായാലും ചായ, ബീഡി തുടങ്ങിയവ ആയാലും കുടിച്ചു ശീലിച്ചവര്‍ക്ക് കൃത്യസമയത്ത് അത് ഉള്ളില്‍ ചെന്നില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്ന് വൈദ്യശാസ്ത്രംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, പാലുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാലുംവെള്ളമെങ്കിലും കൊടുക്കാന്‍ കഴിഞ്ഞതിന് സര്‍ക്കാരിനെ അഭിനന്ദിക്കണം. സാധാരണ പ്രൈമറി സ്‌കൂള്‍, മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍, കോളജ് എന്നിങ്ങനെയാണ് പാഠശാലകളുടെ ഗ്രേഡ് ഉയര്‍ന്നുപോകുന്നത്. കുടിയുടെ കാര്യത്തില്‍ പാന്‍ മസാല, കഞ്ചാവ്, വൈന്‍, ബിയര്‍, ബ്രാണ്ടി എന്നിങ്ങനെയാണ് പോക്ക്. ഇവിടെ ബ്രാണ്ടി കുടിച്ചുകൊണ്ടിരിക്കുന്നവനെ ബിയറിന്റെ മുന്നില്‍ കൊണ്ടിരുത്തുക എന്നു പറഞ്ഞാല്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവനെ പിടിച്ച് ഹൈസ്‌കൂളില്‍ കൊണ്ടിരുത്തുക എന്നതിനു തുല്യമാണ്. എങ്കിലും, ഇന്ദുലേഖ ഇല്ലെങ്കില്‍ തോഴിയായാലും മതി എന്നു സൂരിനമ്പൂതിരിപ്പാടു പറഞ്ഞതുപോലെ ബ്രാണ്ടി ഇല്ലെങ്കില്‍പ്പിന്നെ ബിയറെങ്കിലും പുതുവത്സരസമ്മാനമായി കൊടുക്കാന്‍ കനിഞ്ഞതിന് സര്‍ക്കാരിന് അഖില കേരള കുടിയാനവയൂണിയന്റെ നല്ല നമസ്‌കാരം! **** അനുബന്ധം ശിഷ്യന്‍ : ആലപ്പുഴയിലും ചുംബനസമരം നടന്നിരിക്കുന്നല്ലോ ഗുരോ. ഗുരു : ഇവര്‍ എല്ലാ ജില്ലകളിലും ടിക്കറ്റ് വച്ച് ആളുകളെക്കൊണ്ടു ചുംബിപ്പിച്ച് പിരിഞ്ഞു കിട്ടുന്ന ലക്ഷക്കണക്കിനു രൂപ അനാഥശാലകള്‍ക്കോ, ക്യാന്‍സര്‍ ബാധിച്ച് നരകിക്കുന്നവര്‍ക്കോ നല്‍കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ശിഷ്യാ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം