malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

പക്ഷിപ്പനി: ജാഗ്രത വേണം (മരണനിരക്ക്‌ ശരാശരി 60 ശതമാനം)

ഡോ. എൻ അജയൻ
സംസ്ഥാനത്ത്‌ 2014 നവംബറിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണല്ലോ. പക്ഷിപ്പനി ഒരുപുതിയ രോഗമല്ല. ഏകദേശം 127 വർഷങ്ങൾക്ക്‌ മുമ്പ്‌ ഇറ്റലിയിലാണ്‌ ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. പക്ഷികളെ മാത്രം ബാധിച്ചിരുന്ന ഈ രോഗം 1997 ൽ ഹോങ്കോങ്ങിൽ മനുഷ്യനും പിടിപെട്ടതോടെ ഒരു ജന്തുജന്യരോഗമെന്ന നിലയിൽ ജനശ്രദ്ധയേറി. 2004 ൽ പാക്കിസ്ഥാനിൽ രോഗബാധ എത്തിയെങ്കിലും ഇന്ത്യ സുരക്ഷിതമായി നിലകൊണ്ടു. 2006 ൽ പക്ഷിപ്പനി ഇന്ത്യയിലും എത്തിയതോടെ ജനം ആശങ്കാകുലരായി. മഹാരാഷ്ട്രയിലെ നന്ദുർബാർ, ജൽഗാവ്‌ ജില്ലകളിലും ഗുജറാത്തിൽ സൂററ്റിലും മധ്യപ്രദേശിലെ ബുർഹൻപൂരിലുമാണ്‌. പിന്നീട്‌ കൽക്കട്ടയിലും കർണാടകയിലെ ഹസർഘട്ടയിലുമാണ്‌ രോഗബാധ കണ്ടെത്തിയത്‌. പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ, ഏവിയൻ ഫ്ലു, ബോർഡ്‌ ഫ്ലു) ഒരു വൈറസ്‌ രോഗമാണ്‌. ഇൻഫ്ലുവൻസ്‌ എ വിഭാഗം വൈറസ്‌ ആണ്‌ രോഗഹേതു-(ഓർത്തോമിക്സോ വൈറിഡേ കുടുംബം). ഹീമാഗ്ലൂട്ടിനിൻ (എച്ച്‌), ന്യൂറാമിനിഡേസ്‌ എന്നീ രണ്ട്‌ ഗ്ലൈക്കോ പ്രോട്ടീൻ ഘടകങ്ങൾ ഇതിനുണ്ട്‌ എച്ചിന്റെ 16 ഉപവിഭാഗങ്ങളിൽ എച്ച്‌, എച്ച്‌ 7, എച്ച്‌ 9 എന്നിവയാണ്‌ ഏറെ അപകടകാരികൾ. എൻ ന്‌ 9 ഉപവിഭാഗങ്ങളാണുള്ളത്‌. എച്ച്‌ 5 എൻ 1 മനുഷ്യനും കോഴികൾക്കും ഏറ്റവും അപകടകാരിയാണ്‌. ഇതുകൂടാതെ എച്ച്‌ 7 എൻ 3, എച്ച്‌ 7 എൻ 9, എച്ച്‌ 9 എൻ 2 എന്നിവയും മനുഷ്യന്‌ രോഗഹേതുവാണ്‌. (2013 ഡിസംബറിൽ ചൈനയിൽ കണ്ടെത്തിയത്‌. എച്ച്‌ 10 98 ആയിരുന്നു.) കേരളത്തിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്‌ എച്ച്‌ 5 മാത്രമാണ്‌. 1985 ലും 1987 ലും നിരണം താറാവ്‌ വളർത്തൽ കേന്ദ്രത്തിലും സമാനമായ പക്ഷിപ്പനി വൈറസ്‌ ഇനങ്ങളെ മണ്ണുത്തി വെറ്ററിനറി കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. സുലോചന കണ്ടെത്തിയിരുന്നു. എച്ച്‌ 9 എൻ 2, എച്ച്‌ 9 എൻ 3, എച്ച്‌ 3 എൻ 2, എച്ച്‌ 3 എൻ ?, എച്ച്‌ 9 എൻ ? പക്ഷിപ്പനി വൈറസുകളുടെ ജനിതക ഭാവത്തിന്‌ അനുനിമിഷം ജനിതകവ്യതിയാനം (മ്യുട്ടേഷൻ) സംഭവിക്കുന്നതിനാൽ രോഗലക്ഷണങ്ങൾക്കും വ്യത്യസ്തത ഉണ്ടാകും. ജനിതക മാറ്റം വന്ന മനുഷ്യ-പക്ഷി ഇൻഫ്ലുവൻസ്‌ വൈറസുകൾ ഭാവിയിലുണ്ടാക്കാവുന്ന പുതിയ രോഗം സാർസ്സ്‌ രോഗത്തേക്കാൾ വളരെ വേഗം പടർന്നുപിടിക്കാവുന്നതും ഭയാനകവുമായിരുക്കുമെന്നും ശാസ്ത്രജ്ഞന്മാർ മൂന്നാര്റിയിപ്പ്‌ നൽകുന്നു. എന്നാൽ 2003 മുതൽ 2014 ജനുവരി 8 വരെ ആകെ 642 പേർക്കാണ്‌ പക്ഷിപ്പനി ബാധിച്ചത്‌. മരണം 384 മാത്രം. (സിഡിസി കണക്കുപ്രകാരം മരണനിരക്ക്‌ ശരാശരി 60 ശതമാനം മാത്രം. രോഗം എത്തുന്ന വഴികൾ ദേശാടന പക്ഷികൾ രോഗം പരത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. (ഇവയിലൂടെ മറ്റുള്ളവയ്ക്കു പകരുന്ന തീവ്രരൂപമല്ലാത്ത അണുക്കൾ ജനിതകമാറ്റത്തിലൂടെ ഉഗ്രരൂപിയാകുന്നു). പക്ഷിവിഭാഗത്തിൽ എല്ലാറ്റിനും രോഗബാധയേക്കാമെങ്കിലും വളർത്തുപക്ഷികളിൽ താറാവുകളെയും കോഴികളെയും ടർക്കികളെയുമാണ്‌ കൂടുതൽ ബാധിക്കുക. ദേശാടനപ്പക്ഷികളും കാട്ടുതാറാവുകളും വാട്ടർ ഫൗളുകളുമെല്ലാം രോഗലക്ഷണം കാണിക്കാത്ത രോഗവാഹകരാണ്‌. പക്ഷികളെ കൂടാതെ പന്നി, കുതിര, നീർനായ, തിമിംഗലം, മുയൽ, കടൽസിംഹം എന്നിവയെല്ലാം പക്ഷിപ്പനി വൈറസിന്‌ പഥ്യം തന്നെ. (നേപ്പാളിൽ 2012 ൽ കാക്കകളിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു). പന്നികളാകട്ടെ പക്ഷികളിലും മനുഷ്യരിലും പക്ഷിപ്പനി ഉണ്ടാക്കുന്ന വൈറസ്‌ സ്ട്രെയിനുകളുടെ മിശ്രിത പാത്രമായി (മിക്സിംഗ്‌ വെസൽ) വർത്തിക്കുന്നു. ഈ രണ്ടുതരം വൈറസുകളുടെയും മിശ്രിതം പന്നിയുടെ ശരീരത്തിൽ പെറ്റുപെരുകുമ്പോൾ ജനിതകമാറ്റം സംഭവിക്കുകയും ഉഗ്രസംഹാരരൂപിയായ വൈറസ്‌ ഉണ്ടാവുകയും മനുഷ്യരിൽ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരാനുള്ള ശക്തിയാർജിക്കുകയും ചെയ്താൽ അത്‌ കൂട്ട മരണത്തിനിടവരുത്തും (അങ്ങനെ ഉണ്ടാകാതിരിക്കട്ടെ). മനുഷ്യരിൽ പരസ്പരമുള്ള രോഗബാധ അപൂർവമാണ്‌. പക്ഷികളിലും മനുഷ്യനിലും രോഗബാധയുണ്ടാക്കുന്ന വൈറസുകൾ പന്നികളെയും ബാധിക്കാമെന്നതിനാൽ പന്നിയോടൊപ്പമുള്ള താറാവ്‌-കോഴി കൃഷിരീതി ഒഴിവാക്കണം. രോഗം പകരുന്ന വിധം രോഗകാരിയായ എച്ച്‌ 5 എൻ 1 വൈറസുകൾ ശരീരത്തിൽ പ്രവർത്തിച്ച്‌ മണിക്കൂറുകൾക്കുള്ളിലോ പരമാവധി 3-8 ദിവസങ്ങൾക്കുള്ളിലോ (17 ദിവസം വരെ) രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നു. രോഗബാധയേറ്റ പക്ഷിയുടെ വിസർജ്യങ്ങളിലും മൂക്കിലേയും വായിലേയും സ്രവങ്ങളിലും രോഗാണു കലർന്നിരിക്കും. ഈ പക്ഷികളുമായി അടുത്തിടപഴകുന്നവർക്ക്‌ രോഗസാധ്യതയേറും. പ്രത്യേകിച്ച്‌ കോഴി ഫാമുകളിലെ രോഗാണു കലർന്ന വെള്ളം, കാഷ്ഠം, തീറ്റ, ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായുള്ള സമ്പർക്കം രോഗപ്പകർച്ചയ്ക്ക്‌ കാരണമാകും. ശ്വസനത്തിലൂടെയും രോഗം പകരും. ഹാച്ചറികളിൽ ഇൻകുബേറ്ററിൽ വിരിയുന്ന കോഴിക്കുഞ്ഞിന്‌ പൊട്ടലുള്ള മുട്ടത്തോടിലൂടെയും രോഗപകർച്ചയ്ക്ക്‌ സാധ്യതയുണ്ട്‌. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന താറാവുകളും കോഴികളും വാഹനങ്ങളും ഉപകരണങ്ങളും മുട്ടയും മുട്ടപാത്രങ്ങളും കോഴിവളവുമെല്ലാം രോഗം ദൂരസ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ മനുഷ്യരിൽ പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, കടുത്ത ചുമ, കഫത്തിൽ രക്തം, ന്യുമോണിയയുടെ ലക്ഷണങ്ങൾ, ശ്വാസതടസം എന്നിവ പ്രധാന ലക്ഷണങ്ങളാണ്‌. ചിലപ്പോൾ ഛർദ്ദിയും വയറിളക്കവും ഉണ്ടാകാം. കോഴികളിലാവട്ടെ കടുത്ത ക്ഷീണം, തീറ്റയെടുക്കാതിരിക്കുക, മുട്ടയുൽപ്പാദനം കുറയുക, ചെവിയുടെ ഭാഗങ്ങളിലും കണ്ണിലും രക്തപ്പൊട്ടുകൾ എന്നിവ കാണാം. പൂവും ആടയും വിളറി നീലിമ കലർന്ന നിറമാകും. ഇവയിൽ ദ്രാവകം നിറഞ്ഞ പൊള്ളലുകളും പ്രത്യക്ഷപ്പെടാം. ആടയിൽ നീർക്കെട്ട്‌, ശ്വാസതടസം, കറക്കം, തലതിരിക്കൽ, ഞെട്ടൽ എന്നിവയും കാണപ്പെടും. ശ്വാസകോശ-ദഹനേന്ദ്രിയ-നാഡീ സംബന്ധിയായ ലക്ഷണങ്ങളാണ്‌ മൊത്തത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. കോഴികൾ/താറാവുകൾ കൂട്ടത്തോടെ മരണപ്പെടും. ഇതിലൂടെയുള്ള സാമ്പത്തിക നഷ്ടം കനത്തതാണ്‌. പ്രതിരോധവും ചികിത്സയും മനുഷ്യനിൽ രോഗപ്രതിരോധത്തിനുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിന്‌ ഏറെക്കുറെ വിജയം കണ്ടിട്ടുണ്ടെങ്കിലും വൈറസുകളുടെ തുടരെത്തുടരെയുള്ള ജനിതകമാറ്റം (മ്യൂട്ടേഷൻ) ഫലപ്രദമായ വാക്സിന്‌ പ്രതിസന്ധി സൃഷ്ടിക്കുന്നു. 48 മണിക്കൂറിനകം കഴിച്ചാൽ ഒസൾട്ടാമിവീർ (ഒസൽട്ടാമിവിർ ഫോസ്ഫേറ്റ്‌) എന്ന മരുന്നാണ്‌ കോഴിപ്പനിക്കുള്ള കുറേയെങ്കിലും ഫലപ്രദമായ മരുന്ന്‌. പക്ഷെ ഇവയുടെ ലഭ്യതക്കുറവും ചെലവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ മരുന്നിനെയും അതിജീവിക്കുവാനുള്ള കഴിവ്‌ എച്ച്‌ എൻ 1 വൈറസ്‌ നേടിയതായി ചില റിപ്പോർട്ടുകളിൽ കാണുന്നു. bird-flue-virus രോഗബാധ ഒഴിവാക്കാം വൈറസുകളുടെ ചില പ്രത്യേകതകൾ തിരിച്ചറിയുന്നത്‌ രോഗബാധ ഒഴിവാക്കുന്നതിന്‌ സഹായകമാണ്‌. 59 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടിൽ 3 മണിക്കൂർ കൊണ്ടും 60 ഡിഗ്രി സെന്റിഗ്രേഡിൽ 30 മിനുറ്റുകൊണ്ടും 70 ഡിഗ്രിയിൽ 15 മിനുറ്റുകൾക്കകവും ഇൻഫ്ലുവൻസ വൈറസ്‌ നശിക്കും. അതിനാൽ തന്നെ കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ച്‌ (70 ഡിഗ്രി സെന്റിഗ്രേഡിനു മുകളിൽ) കഴിക്കുക. പുഴുങ്ങിയ മുട്ടയും വാട്ടിയ മുട്ടയും ബുൾസെയും ഒഴിവാക്കുക. രോഗം നിർണയിച്ചുകഴിഞ്ഞാൽ മുഴുവൻ താറാവ്‌/കോഴിപ്പറ്റങ്ങളെയും (3 കിലോമീറ്ററിലുള്ളവ) നശിപ്പിച്ച്‌ കത്തിച്ചുകളയുകയോ കുഴിച്ചുമൂടുകയോ ചെയ്യണമെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ. 10 കി മീ ജാഗ്രതാസോണായി പ്രഖ്യാപിക്കണം. കോഴികളുമായി അടുത്തിടപഴകുന്നത്‌ ഒഴിവാക്കണം. സമ്പർക്കപ്പെടുന്നവർ കൈയുറകളും മുഖാവരണവും ധരിക്കാൻ ശ്രദ്ധിക്കണം. കൈകൾ സോപ്പ്‌, സ്പിരിറ്റ്‌, സാവ്ലോൺ, ഡെറ്റോൾ ഇവയിലൊന്ന്‌ ഉപയോഗിച്ച്‌ വൃത്തിയാക്കണം. രോഗബാധയുള്ള ഫാമുകളിൽ നിന്ന്‌ മറ്റ്‌ ഫാമുകൾ സന്ദർശിക്കാതിരിക്കുക, കോഴി ചന്തകളും അതിർത്തികളിലൂടെയുള്ള കോഴി കടത്തലും ഒഴിവാക്കണം. പക്ഷികളിൽ രോഗലക്ഷണം കണ്ടുകഴിഞ്ഞാൽ എത്രയും പെട്ടെന്ന്‌ മൃഗസംരക്ഷണ-അധികൃതരെ വിവരം അറിയിക്കുകയും വിദഗ്ധ സേവനം തേടുകയും ചെയ്യുക, കോഴി, കോഴിമുട്ട അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സംസ്ഥാനത്തെ ചെക്ക്‌ പോസ്റ്റുകളിലൂടെ പരിശോധനയ്ക്കുശേഷം മാത്രം കടത്തിവിടാൻ നിർദേശം നൽകിക്കഴിഞ്ഞു. രോഗബാധിത പ്രദേശത്ത്‌ നിന്നുള്ള കോഴി/താറാവ്‌ കടത്ത്‌ നിരോധിച്ചുകഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്ടർ കൺവീനറായുള്ള സംസ്ഥാന ദ്രുതകർമ്മയിലെ ടീം കർമ്മനിരതരായിക്കഴിഞ്ഞു. ആരോഗ്യം, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളും പ്രവർത്തനസജ്ജമാണ്‌. മൃഗസംരക്ഷണ വകുപ്പ്‌ ഭോപ്പാലിലെ ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ്‌ ലാബിൽ അയച്ചാണ്‌ സാമ്പിളുകൾ പരിശോധിപ്പിച്ച്‌ രോഗനിർണയം നടത്തുന്നത്‌. ആ ലാബിലെ ഫലങ്ങൾക്കാണ്‌ സ്ഥിരത ഉറപ്പാക്കാനാകുന്നത്‌. തൊണ്ടയിലെ സ്രവം, ക്ലൊയേക്കൽ, സ്വാബ്‌, സിറം സാമ്പിൾ, ടിഷ്യൂ സാമ്പിൾ, ഉണങ്ങാത്ത കാഷ്ഠം, അഞ്ച്‌ ചത്തകോഴികൾ/താറാവുകൾ എന്നിവയാണ്‌ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക്‌ അയക്കുന്നത്‌. മനുഷ്യരിൽ നിന്ന്‌ മനുഷ്യരിലേക്ക്‌ പക്ഷിപ്പനി പകരാനുള്ള സാധ്യതയും തുലോം വിരളമാണ്‌. ആശങ്കപ്പെടാതിരിക്കുകയും ഏറെ ജാഗ്രത പുലർത്തുകയുമാണ്‌ നമ്മുടെ കടമ. കർഷകരുടെ നിഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ സത്വര നടപടികളുണ്ടാകണം. ശക്തമായ കർഷക ബോധവൽക്കരണവും കർഷകസഹകരണവും ഉണ്ടെങ്കിൽ മാത്രമേ ഈ രോഗനിർമ്മാർജന പരിപാടി സമഗ്രമാകു. പൊതുജനങ്ങൾക്കുള്ള മുൻകരുതൽ നിർദേശങ്ങൾ * നന്നായി പാകം ചെയ്ത ഇറച്ചി/മുട്ട അപകടം ഉണ്ടാക്കില്ല. പച്ചമുട്ട, പകുതി മാത്രം പാകം ചെയ്ത മുട്ട ഇവ ഒഴിവാക്കുക. * കോഴികളിലും മറ്റ്‌ പക്ഷികളിലും രോഗലക്ഷണങ്ങളോ വർധിച്ച മരണനിരക്കോ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരമറിയിക്കുക * കോഴികളെ കൈകാര്യം ചെയ്യുന്നവർ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്‌. * പക്ഷികളുമായി അടുത്തിടപഴകുന്നവർക്ക്‌ കടുത്ത പനി, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ വിദഗ്ധ വൈദ്യസഹായം തേടേണ്ടതാണ്‌. * വ്യാജവാർത്തകൾ പ്രചരിപ്പിച്ച്‌ പരിഭ്രാന്തി ഉണ്ടാക്കാതിരിക്കുക. ഫാമുകളിൽ/അറവുശാലകളിൽ പണിയെടുക്കുന്നവർ ശ്രദ്ധിക്കുക * മുഖാവരണം, കയ്യുറകൾ, ഗംബൂട്ടുകൾ, ഏപ്രണുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്‌. * ഡെറ്റോൾ, സാവ്ലോൺ തുടങ്ങിയ അണുനാശിനികളോ സോപ്പോ ഉപയോഗിച്ച്‌ കൈകാലുകൾ വൃത്തിയാക്കേണ്ടതാണ്‌. * ഉപയോഗിക്കുന്ന പാത്രങ്ങൾ/ഉപകരണങ്ങൾ അണുനാശിനി (ബ്ലീച്ചിങ്‌ പൗഡർ) ഉപയോഗിച്ച്‌ കഴുകണം. * അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ആഴത്തിൽ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ വേണം. ഒഴിഞ്ഞ ഫാം ഷെഡ്ഡുകൾ ഫോർമാലിൻ+പൊട്ടാസ്യം പെർമാംഗനേറ്റ്‌ കൊണ്ട്‌ പുകയ്ക്കുക. * വിസർജ്യങ്ങളിലും സ്രവ്യങ്ങളിലും രോഗാണു അധികമായി കാണപ്പെടാമെന്നതിനാൽ അവ കൈകാര്യം ചെയ്യുന്നവർ മേൽപ്പറഞ്ഞ മുൻകരുതലുകൾ പ്രത്യേകം എടുക്കേണ്ടതാണ്‌. * രോഗം ബാധിച്ച ചത്ത പക്ഷികളെ 2 മീ. ഃ 2 മീ. ഃ 2 മീ. വലിപ്പമുള്ള കുഴികളിൽ ഇട്ട്‌ കുമ്മായപ്പൊടിയും മണ്ണും മാറി മാറി വിതറി കുഴിച്ചുമൂടുക. * ചാവാത്ത പക്ഷികളെ മയക്കുമരുന്ന്‌ നൽകി മയക്കി ശിരഛേദം ചെയ്ത്‌ പ്ലാസ്റ്റിക്‌ ചാക്കുകളിലാക്കി കത്തിക്കുവാനാണ്‌ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ നിർദേശിക്കുന്നത്‌. (ലേഖകൻ മൃഗസംരക്ഷണ വകുപ്പിലെ റിട്ടയേർഡ്‌ ജോയിന്റ്‌ ഡയറക്ടറാണ്‌) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം