malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

വിജൃംഭിക്കപ്പെട്ട സദാചാരം

ഗൗരി
''കേരളോല്‍പത്തിപ്രകാരം നായര്‍ സ്ത്രീയുടെ കടമ ബ്രാഹ്മണരുടെ തൃഷ്ണകളെ ശമിപ്പിക്കുക എന്നതാണ്. 'ഒരു ബ്രാഹ്മണന്‍ ഒരു ശൂദ്രന്റെ ഭാര്യയുമായി ലൈംഗികബന്ധം ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ, അത് നിവര്‍ത്തിച്ചുകൊടുക്കാന്‍ ആ ശൂദ്രന്‍ ബാധ്യസ്ഥനാണ്' എന്ന് സ്മൃതികളെ ഉദ്ധരിച്ച് അഷ്ടമൂര്‍ത്തി നമ്പൂതിരി മാരിയേജ് കമ്മീഷനോട് പറയുകയുണ്ടായി..... തന്റെ ഇല്ലത്തില്‍നിന്നും ഏതെങ്കിലും നിലയ്ക്ക് പതിച്ചുകിട്ടിയ ഭൂമി അനുഭവിക്കുന്ന നായരുടെ വീട്ടില്‍ സുന്ദരിയായ യുവതിയുണ്ടെങ്കില്‍ അവളെ തന്റെ 'ഭസതി'യാക്കാന്‍ നമ്പൂതിരിക്കവകാശമുണ്ടായിരുന്നു, അവള്‍ വിവാഹിതയാണെങ്കില്‍കൂടി, എന്ന് മെന്‍ചറും ഗോള്‍ഡ്ബര്‍ഗും നിരീക്ഷിക്കുന്നുണ്ട്.'' (ഡോ. കെ എന്‍ പണിക്കര്‍, സംസ്‌കാരവും ദേശീയതയും. പേജ് 174, 175) ഇത് ഒരു കാലഘട്ടത്തിലെ ആചാരമായിരുന്നു. സംസ്‌കാരമായിരുന്നു; പാരമ്പര്യമായിരുന്നു. 19-ാം നൂറ്റാണ്ടിലെ അവസാന ദശകത്തിലെ ചിന്താഗതിയാണ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം അറുപതോ എഴുപതോ വര്‍ഷം മുമ്പുവരെ കേരളത്തില്‍ നിലനിന്നിരുന്ന സാംസ്‌കാരിക ശരി ഇതെല്ലാമായിരുന്നു. അതിനെ ചോദ്യംചെയ്തവര്‍ ആക്രമിക്കപ്പെട്ടിരുന്നു. പാരമ്പര്യ നിഷേധികളും സംസ്‌കാര ശൂന്യരും അരാജകവാദികളും ആയി ചിത്രീകരിക്കപ്പെട്ടിരുന്നു. നെടുനാളത്തെ പോരാട്ടങ്ങളിലൂടെയാണ് യാഥാസ്ഥിതികത്വത്തിന്റെ മസ്തകം അടിച്ചുതകര്‍ത്ത് ആധുനികതയുടെ അരുണോദയം സാധ്യമാക്കിയത്. 20-ാം നൂറ്റാണ്ടിലെ ആദ്യദശകത്തിലെ ഒരു ദൃശ്യം 'കൊച്ചി രാജ്യ ചരിത്ര'കാരനായ കെ പി പത്മനാഭമേനോന്‍ രേഖപ്പെടുത്തുന്നത് നോക്കൂ.'' തൃപ്പൂണിത്തുറ അമ്പലത്തിലെ ഉത്സവകാലത്ത് ഉത്സവം കാണുവാനായി. വന്ന സ്ത്രീകളോട് അമ്പലത്തിലേക്ക് കടക്കണമെങ്കില്‍ റൗക്ക അഴിക്കണമെന്ന് ആവശ്യപ്പെടുക പതിവായിരുന്നു.... ചിലര്‍ നാണിച്ച് മടങ്ങിപ്പോകുന്നതും ചിലര്‍ മതിലിനരികിലും മുക്കിലും മൂലയിലും നിന്നു നാണിച്ചു പരുങ്ങി റൗക്ക അഴിക്കുന്നതും... എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുള്ളതാണ്.'' കൊച്ചീരാജാവിന്റെ ആജ്ഞാനുസരണമായിരുന്നു തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ ഈ ഏര്‍പ്പാട് നടപ്പാക്കപ്പെട്ടത്. ഏതാണ്ട് അതേകാലത്തെക്കുറിച്ച് വി ടി ഭട്ടതിരിപ്പാട് ''കണ്ണീരും കിനാവും'' എന്നഓര്‍മക്കുറിപ്പില്‍ എഴുതുന്നത് നോക്കൂ:'' വാലിട്ടു കണ്ണെഴുതി കുട്ടികാപ്പും വട്ടത്തോടയും ധരിച്ച പ്രൗഡാംഗനമാരും നാണംകുണുങ്ങികളായ കുട്ടിനതാംഗിമാരും കൂട്ടത്തിലുണ്ടായിരുന്നു. ആരും മാറുമറച്ചിരുന്നില്ലെന്നത് എടുത്തുപറഞ്ഞേതീരൂ.'' സി കേശവന്‍ ''ജീവിത സമര''ത്തില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെ: ''ഒരീഴത്തി മുട്ടിനുകീഴ് നില്‍ക്കുന്ന മുണ്ട് ഉടുത്തുകൊണ്ടുപോകുന്നത് കണ്ട് അരിശംപൂണ്ട നായന്മാര്‍ അവളെക്കൊണ്ട് ആ മുണ്ട് അഴിപ്പിച്ചു.'' 19-ാം നൂറ്റാണ്ടിലെ അവസാന ദശകത്തിലെ ഒരു സംഭവംകൂടി, ''19-ാം നൂറ്റാണ്ടിലെ കേരളം'' എന്ന പി ഭാസ്‌കരനുണ്ണിയുടെ കൃതിയില്‍ ചേര്‍ത്തിരിക്കുന്നത്: ''കായംകുളത്തെ തെരുവിലൂടെ ഒരു ചാന്നാട്ടി മാറില്‍ ഒരു തുണ്ടുതുണിയിട്ടു നടന്നതില്‍ അരിശംപൂണ്ട സവര്‍ണര്‍, ബലമായി തുണി മാറ്റിവെച്ച് അവളുടെ മുലഞെട്ടുകളില്‍ വെള്ളയ്ക്കാമോടു പിടിപ്പിച്ചുവിട്ടു.'' കൊച്ചിയില്‍ ഒരാഴ്ചമുമ്പ് യാഥാസ്ഥിതികത്വത്തിന്റെ ഉറഞ്ഞുതുള്ളലുകള്‍ കണ്ടപ്പോള്‍ ഗൗരി ഈ അടയാളപ്പെടുത്തലുകളിലൂടെ ഒന്നു കണ്ണോടിച്ചുപോയി. നമ്മുടെ ക്ഷേത്രഭിത്തികളിലെ ചിത്രങ്ങളും ശില്‍പങ്ങളും ഈ സദാചാര ഗുണ്ടകള്‍ കണ്ടുകാണുമോ ആവോ? രാമായണവും മഹാഭാരതവും പുരാണങ്ങളും പാരായണം ചെയ്യുമ്പോള്‍ ലഭിക്കുന്ന വാങ്മയങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളാണല്ലോ ക്ഷേത്രഭിത്തികളില്‍ കാണുന്നത്. അതുകണ്ട് ഹാലിളകാത്ത സദാചാര കോമരങ്ങള്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ തടിയും വടിയും മറ്റായുധങ്ങളുമായി ഇളകിയാടിയപ്പോള്‍ ദൃശ്യമായത് സമൂഹ്യ ചലനങ്ങളെ നിയന്ത്രിക്കാനുള്ള കുത്തകാധികാരം അവര്‍ അട്ടിപ്പേറായി ഏറ്റെടുത്തതായാണ്. 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും മുന്നേറ്റങ്ങളെ അക്രമാസക്തമായി ചെറുക്കാന്‍ തുനിഞ്ഞ പഴമയുടെ പ്രേതങ്ങളെയാണ് വീണ്ടും 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ കൊച്ചിയില്‍ കാണുന്നത്. പ്രശ്‌നം ഫാസിസംതന്നെ ''ധനമൂലധനത്തിന്റെ ഏറ്റവും കടുത്ത പിന്തിരിപ്പനും സങ്കുചിതവാദപരവും സാമ്രാജ്യത്വ സ്വഭാവമുള്ളതുമായ വിഭാഗങ്ങളുടെ നഗ്നവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് ഫാസിസം'' എന്നാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നല്‍കുന്ന നിര്‍വചനം. ''ഫാസിസം പല രാജ്യങ്ങളില്‍ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടും'' എന്നും ''ഒരേ രാജ്യത്തുതന്നെ പല കാലങ്ങളില്‍ ഫാസിസം പല രൂപങ്ങള്‍ സ്വീകരിക്കും'' എന്നും ''ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വൈവിധ്യമാര്‍ന്ന ചേരുവകളുടെ പരമ്പരതന്നെ ഉള്‍പ്പെടുന്നതാണ്'' എന്നും വിശേഷിപ്പിച്ചത് പാള്‍മിറൊ തോഗ്ലിയാത്തി. ഇന്ത്യയില്‍ ഫാസിസ്റ്റ് പ്രവണതകള്‍ പല കാലങ്ങളില്‍ പല രൂപങ്ങളില്‍ ദൃശ്യമായിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍, അതിനും മുമ്പ്, ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിനുനേരെ, 1970കളില്‍ റെയില്‍വെ തൊഴിലാളി സമരം ഉള്‍പ്പെടെ അധ്വാനിക്കുന്നവരുടെ പോരാട്ടങ്ങള്‍ക്കുനേരെ എല്ലാം ഫാസിസ്റ്റ് പ്രവണതകള്‍ മറനീക്കി പുറത്തുവരുന്നത് ഏറ്റക്കുറച്ചിലുകളോടെ നാം കണ്ടതാണ്. ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ കണ്ടത് ഫാസിസത്തിന്റെ മറ്റൊരു മുഖം. എന്‍ഡിഎ ഭരണകാലത്തും ഗുജറാത്തിലും ഇപ്പോള്‍ കേന്ദ്രത്തില്‍ മോഡി വാഴ്ചയിലും ബംഗാളില്‍ മമതാഭരണത്തിലും ദൃശ്യമാകുന്നത് ഫാസിസ്റ്റ് പ്രവണതയുടെ നാനാമുഖങ്ങള്‍തന്നെ. അതിന്റെ സുന്ദരമായ ഒരു ചേരുവതന്നെയാണ് കോഴിക്കോട്ടും കൊച്ചി മറൈന്‍ ഡ്രൈവിലും ദൃശ്യമായത്. കോഴിക്കോട്ട് സംഘപരിവാറുകാര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തിലേക്ക് വഴിതെളിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ടി വി ചാനലില്‍ ആ ഹോട്ടല്‍ ഹാളിലെ ഒരു ദൃശ്യം ഒളികാമറയില്‍ പകര്‍ത്തി സംപ്രേഷണം ചെയ്തതാണ്. ഇവിടെ സദാചാര പൊലീസിന്റെ, യാഥാസ്ഥിതികത്വത്തിന്റെ രണ്ടു ഘടകങ്ങള്‍ ഒത്തുചേരുന്നതായി കാണുന്നു. സംഘപരിവാറുകാരെ ഗുണ്ടാവിളയാട്ടത്തിന് ഇറങ്ങിത്തിരിക്കാന്‍ പ്രേരിപ്പിച്ചത്, ആ ഹോട്ടല്‍ മത ന്യൂനപക്ഷത്തില്‍പെട്ട ഒരാളുടേതെന്നതാണെന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. കര്‍ണാടകത്തിലെയും ഗുജറാത്തിലെയും സംഘപരിവാറുകാരായ നിയമസഭാ സാമാജികര്‍ സഭ നടക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ മൊബൈലില്‍ കണ്ടാസ്വദിച്ചതുപോലുള്ള 'ഹോട്ടാ'യതൊന്നുമല്ല ജയ്ഹിന്ദ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. മാത്രമോ പരിവാറുകാര്‍ നിത്യേന ക്ഷേത്രദര്‍ശനത്തിനായോ അടിതട പരിശീലിക്കാനായോ അമ്പലനടയില്‍ പോകുമ്പോള്‍ അവിടെ ചുവരുകളില്‍ കാണുന്നത്ര അശ്ലീലമായതുമല്ല. അശ്ലീലത്തിനോടോ അനാശാസ്യത്തിനോടോ ഉള്ള എതിര്‍പ്പായിരുന്നെങ്കില്‍ ആ ഭിത്തികള്‍ പൊളിച്ചുകളയുമായിരുന്നല്ലോ നമ്മുടെ പരിവാറുകാര്‍. ഒരു സംശയവും വേണ്ട ഒരു ഹിന്ദു പേരുകാരന്റേതായിരുന്നു കടയെങ്കില്‍ യുവമോര്‍ച്ചയുടെ ചോര സദാചാര വിജ്രംഭിതമായി തിളയ്ക്കുമായിരുന്നില്ല. അപ്പോള്‍ വര്‍ഗീയതയാണ് അവിടെ തിളച്ചുതൂവിയത്. അടുത്ത രംഗം കൊച്ചി മറൈന്‍ഡ്രൈവ്. നവംബര്‍ രണ്ടിന്റെ ചുംബന കൂട്ടായ്മയ്ക്കും മുമ്പുതന്നെ കരി-കത്തിവേഷങ്ങളെല്ലാം മറനീക്കി അരങ്ങിലെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ നേതാവ്, കെഎസ്‌യുവിന്റെ എറണാകുളം ജില്ലാകമ്മിറ്റി, സുന്നി യുവജന (വിദ്യാര്‍ഥി) സംഘം, ശിവസേന, ബജ്‌റംഗ്ദള്‍, എസ്ഡിപിഐ എന്നിങ്ങനെ നാനാവേഷങ്ങള്‍, വ്യത്യസ്ത ചേരുവകള്‍ ഒത്തുചേരുന്നതും നാം കാണുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും സംഘപരിവാര്‍ യുവനേതാവിന്റെയും എസ്ഡിപിഐക്കാരന്റെയും ശരീര ഭാഷയും ഭാവവാഹാദികളും തമ്മിലുള്ള സാമ്യം ജനാധിപത്യബോധമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മൂന്നോ അതിലേറെയോ ചേരികളായി നില്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തില്‍ പടര്‍ന്നുനില്‍ക്കുന്ന ഫാസിസ്റ്റു പ്രവണതയാണ് അവരുടെയെല്ലാം കണ്ണുകളില്‍ തിളങ്ങിയത്. തങ്ങളുടെ പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രചരണം നടത്തിയ ചെറുപ്പക്കാര്‍ക്കുനേരെ ശാരീരികാക്രമണത്തിന് തുനിഞ്ഞ സംസ്‌കാര ശൂന്യരായ യുവ 'സാംസ്‌കാരിക' ഗുണ്ടകള്‍ അവര്‍ ഏതു ചേരിയില്‍ നില്‍ക്കുന്നവരായാലും ഫാസിസത്തിന്റെ ആള്‍ രൂപങ്ങള്‍തന്നെയാണ്. മാനവ സംസ്‌കാരത്തിന് ഏറ്റവും വലിയ ഭീഷണിയും അവരില്‍നിന്നാണ് എന്നു പറയാന്‍ മടിക്കേണ്ടതില്ല. നവംബര്‍ രണ്ടിന് മറൈന്‍ഡ്രൈവില്‍ വടിയും തടിയും പിന്നെ തലേക്കെട്ടും കാവിക്കൊടിയുമെല്ലാമായി ആക്രോശിച്ചുനിന്നവരില്‍തന്നെയാണ് സ്ത്രീപീഡനക്കാരായ ഭീകരന്മാരെ കാണാനാവുന്നത്. ഇനി നിയമം നടപ്പിലാക്കാന്‍ അണിനിരന്ന പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിസംഗതയും അതിലുപരി അക്രമാസക്തരായ പ്രതിലോമ സംഘങ്ങളുടെ ഒപ്പം ചേരലും. ഫാസിസ്റ്റ് പ്രവണതകള്‍ക്ക് വളംവെച്ചു കൊടുക്കുന്ന മറ്റൊരു ചേരുവതന്നെയാണ്. വിവിധ മതവര്‍ഗീയ കൂട്ടായ്മകളിലും മതനിരപേക്ഷമെന്ന് മേനിനടിക്കുന്നവര്‍ക്കിടയിലും ഫാസിസത്തിന്റെ ഘടകങ്ങള്‍-വിവിധ രൂപങ്ങള്‍-നാം കാണുന്നു. ധനമൂലധനത്തിന്റെ അറുപിന്തിരിപ്പന്‍ ഭീകര സ്വേച്ഛാധിപത്യത്തിന് അരങ്ങൊരുക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ തന്നെയാണവ. എന്നാല്‍ നവ മാധ്യമങ്ങളില്‍ സദാചാര പൊലീസിങ്ങിനെതിരെ പ്രതിഷേധിക്കുന്ന പലരും ഈ യാഥാര്‍ഥ്യം കാണുന്നില്ല. അതുകൊണ്ടുതന്നെയാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഈ പ്രശ്‌നത്തില്‍ ഇടപെടുന്നതിനെ പരിഹാസപൂര്‍വം അവര്‍ കാണുന്നത്. ഇവിടെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എവിടെയായിരുന്നു? അച്ചടി മാധ്യമങ്ങള്‍-വിശിഷ്യാ ദിനപത്രങ്ങള്‍ കണ്ടില്ല, കേട്ടില്ല എന്ന മട്ടിലായിരുന്നു. ചുംബന കൂട്ടായ്മയോട്, ആ സമരരീതിയോട് വിയോജിപ്പുള്ളതിനാല്‍, അതിനോട് പൊരുത്തപ്പെടാനാവാത്തതിനാല്‍ അവഗണിച്ചെന്നു വേണമെങ്കില്‍ കരുതാം. പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിയെയും അവയ്ക്ക് എതിര്‍ക്കാനാവില്ലല്ലോ. പക്ഷേ, കോഴിക്കോട്ട് ഹോട്ടല്‍ അടിച്ചുതകര്‍ത്തപ്പോള്‍, അതിന് നേതൃത്വം കൊടുത്തവര്‍ കേന്ദ്രഭരണകക്ഷിയുടെ സ്ഥലത്തെ മുന്‍നിര നേതാക്കളാണെന്നത് കണക്കിലെടുത്ത്, അതിനുമുമ്പ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തല്ലിത്തകര്‍ക്കാനും ഇതേ ആള്‍രൂപങ്ങള്‍ തന്നെയായിരുന്നു നേതൃത്വം നല്‍കിയത് എന്ന കാര്യംകൂടി പരിഗണിച്ച് പ്രതികരിക്കാന്‍ നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ തയ്യാറായോ? ഇല്ലേയില്ല. ഈ ഗുണ്ടാ സംഘങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ ആര് അധികാരം നല്‍കി അഥവാ അങ്ങ് ഡല്‍ഹി സിംഹാസനത്തില്‍ മോഡി ഭരണം കയ്യാളുന്നതിന്റെ ഹുങ്കാണോ ഇവര്‍ പ്രകടിപ്പിക്കുന്നത് എന്നെങ്കിലും 'മാതൃഭൂമി' 'മനോരമാ'ദികള്‍ ചോദിക്കുമെന്ന് ഏതെങ്കിലും വായനക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവര്‍ക്ക് തെറ്റി. ദേശീയാടിസ്ഥാനത്തില്‍ കോര്‍പറേറ്റുകളും മതവര്‍ഗീയതയും കൈകോര്‍ത്ത് അധികാരത്തില്‍ എത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഫാസിസ്റ്റു പ്രവണതകളെ താലോലിക്കുന്ന മുഖ്യധാരാ പത്രങ്ങള്‍ക്കെങ്ങനെ അവരുടെ അണികളുടെ അഴിഞ്ഞാട്ടത്തെ ചോദ്യംചെയ്യാനാകും? എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ കോഴിക്കോട്ടെയും കൊച്ചിയിലെയും ഒടുവില്‍ മഹാരാജാസ് കോളേജിലും വിഷയങ്ങള്‍ ചര്‍ച്ചചെയ്തു; ഗൗരവമായിത്തന്നെ. കൊച്ചി മറൈന്‍ഡ്രൈവിലെ വര്‍ഗീയ ഫാസിസ്റ്റ് ആള്‍കൂട്ടങ്ങളുടെ അഴിഞ്ഞാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സിപിഐ എമ്മിന്റെ പ്രതിനിധികളെ പങ്കെടുപ്പിച്ച ദൃശ്യമാധ്യമങ്ങള്‍ പിന്നീട് ഇടതുപക്ഷത്തെ പാടേ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കുന്നതാണ് കാണുന്നത്. യുവജന-വിദ്യാര്‍ഥി -വനിതാ നേതാക്കള്‍ മാത്രമല്ല, സിപിഐ എം കേന്ദ്ര സംസ്ഥാന നേതൃത്വംതന്നെ ഫാസിസ്റ്റു സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനും പ്രതിഷേധിക്കാനുള്ള വിവിധ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെ നടന്ന കയ്യേറ്റത്തിനും അത്തരം അക്രമപേക്കൂത്തുകള്‍ക്ക് അരുനിന്ന സര്‍ക്കാര്‍ നിലപാടിനും എതിരെ ശക്തമായി രംഗത്തുവന്നപ്പോള്‍ സിപിഐ എം ഒഴിവാക്കപ്പെടുകയും രാഷ്ട്രീയപാര്‍ടികള്‍ക്കൊന്നും വ്യക്തമായ നിലപാടില്ലെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ചര്‍ച്ചകള്‍ക്ക് വേറിട്ടൊരു ദിശ നല്‍കുകയും ചെയ്യുന്നതാണ് നാം കാണുന്നത ്. മാത്രമല്ല, എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസത്തിനെതിരെയും പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായും നടത്തിയ വൈവിധ്യമാര്‍ന്ന കൂട്ടായ്മകളെ കണ്ടില്ലെന്ന് നടിക്കുകയുമാണ് മുഖ്യധാരക്കാര്‍. ജോര്‍ജി ദിമിത്രോവ് ചൂണ്ടിക്കാണിച്ചതുപോലെ, ഫാസിസം മുതലാളിത്തത്തിന്റെ ചീഞ്ഞളിഞ്ഞ രൂപമായിരിക്കെ അത് പ്രധാനമായും ലക്ഷ്യമിടുന്നത് തൊഴിലാളിവര്‍ഗത്തിനും അതിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിനുംനേരെ ആയിരിക്കും. അതുകൊണ്ടുതന്നെ ഫാസിസത്തിനെ, ഫാസിസ്റ്റു പ്രവണതകളെ ചെറുക്കാനുള്ള കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കാന്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രസ്ഥാനത്തിനു മാത്രമേ കഴിയൂ. ഇവിടെയാണ് മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ കൃത്യമായും കളിക്കുന്നത്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊരുതുന്നവര്‍ക്കൊപ്പമാണെന്ന് പറയുകയും എന്നാല്‍ അത്തരം പോരാട്ടങ്ങള്‍ അരാഷ്ട്രീയമായിരിക്കണമെന്ന് നിര്‍ബന്ധംപിടിക്കുന്നതിലൂടെ യഥാര്‍ഥത്തിലുള്ള വിഷയം വര്‍ധിച്ചുവരുന്ന ഫാസിസ്റ്റു പ്രവണതകളാണെന്ന് കാണാന്‍ വിസമ്മതിക്കുകയുമാണ്. ഇവിടെ കൃത്യമായും പ്രകടിപ്പിക്കപ്പെടുന്നത് ഇടതുപക്ഷ വിരോധംതന്നെയാണ്. ഫലത്തില്‍ ഈ മുഖ്യധാരാ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ഫാസിസ്റ്റു പ്രവണതകളുടെ പിണിയാളുകളാവുകയാണ്. മാധ്യമങ്ങള്‍ക്കുപിന്നിലുള്ള മൂലധന താല്‍പര്യമാണ് അതിനവരെ പ്രേരിപ്പിക്കുന്നത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം