malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ശിശുക്കളുടെമേലുള്ള അതിക്രമങ്ങൾ പെരുകുന്നു

അഡ്വ. പി വസന്തം
“സേവ്‌ ദ ചിൽഡ്രൻ” എന്ന അമേരിക്കയിലെ സംഘടന നടത്തിയപഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്‌ ജനിച്ച ദിവസംതന്നെ കൂടുതൽ ശിശുക്കൾ മരിക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ്‌. മാത്രമല്ല ”ബച്ചൻ ബച്ചാവോ ആന്ദോളൻ” എന്ന സംഘടനയുടെ റിപ്പോർട്ട്‌ പ്രകാരം ആറുകോടി കുട്ടികൾ നമ്മുടെ രാജ്യത്ത്‌ ജോലി ചെയ്യുന്നു. ലോകത്ത്‌ ഏറ്റവും കൂടുതൽ കുട്ടികൾ ബാലവേല ചെയ്യുന്ന രാജ്യവും ഇന്ത്യതന്നെ. ഇന്ത്യയുടെ യശസുയർത്താൻ ലോകം മുഴുവൻ കറങ്ങുന്ന പ്രധാനമന്ത്രി നമ്മുടെ കുഞ്ഞുങ്ങളെ ഒന്ന്‌ ശ്രദ്ധിച്ചാലും യുനിസെഫ്‌ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ ഒമ്പത്‌ ലക്ഷം പെൺ കുഞ്ഞുങ്ങൾ ശിശുഹത്യയ്ക്ക്‌ വിധേയരാകുന്നു. 2011 ലെ സെൻസസ്‌ പ്രകാരം ആയിരം ആൺകുട്ടികൾക്ക്‌ തൊള്ളായിരത്തി പതിനാല്‌ പെൺകുട്ടികളേ ഉള്ളു. കുഞ്ഞുങ്ങൾ മാനവവിഭവസമ്പത്തിൽ ഏറ്റവും സവിശേഷമായ പരിഗണന അർഹിക്കുന്ന വിഭാഗമാണ്‌. തങ്ങളെക്കുറിച്ചോ, തങ്ങൾ ജീവിക്കുന്ന സാമൂഹ്യക്രമത്തെക്കുറിച്ചോ യാതൊരു അവബോധമില്ലാത്ത കുഞ്ഞുങ്ങൾക്ക്‌ അത്‌ പകർന്നുനൽകേണ്ടത്‌ മുതിർന്നവരാണ്‌. കുഞ്ഞിന്റെ സംരക്ഷണം, അതിജീവനം, വികസനം, പങ്കാളിത്തം ഇവയെല്ലാം അമ്മയുടെ ഉദരത്തിൽ ജന്മംകൊള്ളുമ്പോൾ മുതൽ കുഞ്ഞിന്റെ അവകാശമാണ്‌. അന്താരാഷ്ട്ര നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും കുട്ടികളെ പരിരക്ഷിക്കുന്നതിനുവേണ്ടിയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ (ഐഎൽഒ) കണക്കനുസരിച്ച്‌ ലോകത്ത്‌ പതിനാലുവയസിന്‌ താഴെയുള്ള 21.5 കോടി കുട്ടികൾ അപകടകരമായ തൊഴിൽ ചെയ്യുന്നു. ഇതിനുപോലും കഴിയാത്ത അഞ്ച്‌ ദശലക്ഷം കുട്ടികൾ തെരുവിൽ വിശപ്പ്‌ സഹിച്ചുകഴിയുന്നു. യുനിസെഫ്‌ റിപ്പോർട്ട്‌ പ്രകാരം 6.1 കോടി കുട്ടികൾക്ക്‌ വിദ്യാഭ്യാസം ലഭിക്കുന്നില്ല. പ്രതിവർഷം 14.2 ദശലക്ഷം കുട്ടികൾ ശൈശവ വിവാഹത്തിന്‌ ഇരകളാവുന്നു. ലോകത്ത്‌ പതിനഞ്ച്‌ കോടി കുട്ടികൾ താമസിക്കാൻ വീടില്ലാതെ തെരുവിൽ കഴിയുന്നു. വിവിധ കാരണങ്ങളാൽ 1.2 കോടി കുട്ടികൾ അഞ്ചുവയസെത്തുന്നതിന്‌ മുമ്പ്‌ മരണപ്പെടുന്നു. ഓരോ ആഴ്ചയും രോഗവും പോഷകാഹാരക്കുറവും കാരണം 2,50,000 കുഞ്ഞുങ്ങൾ മരിക്കുന്നു. രണ്ട്‌ ദശലക്ഷം കുട്ടികൾ ലൈംഗിക ചൂഷണത്തിന്‌ വിധേയമാവുന്നു. ഇരുപത്‌ ദശലക്ഷം കുട്ടികൾ അഭയാർഥികളാണ്‌. പത്തുദശലക്ഷം കുട്ടികൾ അടിമപ്പണി ചെയ്യുന്നു. യുദ്ധം, പട്ടിണി, കലാപം തുടങ്ങിയവമൂലം ഓരോ ദിവസവും ഇരുപത്തിരണ്ടായിരം കുട്ടികൾവീതം മരിക്കുന്നുവെന്ന്‌ യുനിസെഫ്‌ വെളിപ്പെടുത്തുന്നു. “സേവ്‌ ദ ചിൽഡ്രൻ” എന്ന അമേരിക്കയിലെ സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്‌ ജനിച്ച ദിവസംതന്നെ കൂടുതൽ ശിശുക്കൾ മരിക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ്‌. മാത്രമല്ല “ബച്ചൻ ബച്ചാവോ ആന്ദോളൻ” എന്ന സംഘടനയുടെ റിപ്പോർട്ട്‌ പ്രകാരം ആറുകോടി കുട്ടികൾ നമ്മുടെ രാജ്യത്ത്‌ ജോലി ചെയ്യുന്നു. ലോകത്ത്‌ ഏറ്റവും കൂടുതൽ കുട്ടികൾ ബാലവേല ചെയ്യുന്ന രാജ്യവും ഇന്ത്യതന്നെ. ഇന്ത്യയുടെ യശസുയർത്താൻ ലോകം മുഴുവൻ കറങ്ങുന്ന പ്രധാനമന്ത്രി നമ്മുടെ കുഞ്ഞുങ്ങളെ ഒന്ന്‌ ശ്രദ്ധിച്ചാലും യുനിസെഫ്‌ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ ഒമ്പത്‌ ലക്ഷം പെൺകുഞ്ഞുങ്ങൾ ശിശുഹത്യയ്ക്ക്‌ വിധേയരാകുന്നു. 2011 ലെ സെൻസസ്‌ പ്രകാരം ആയിരം ആൺകുട്ടികൾക്ക്‌ തൊള്ളായിരത്തി പതിനാല്‌ പെൺകുട്ടികളേ ഉള്ളു. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രിംകോടതി പോലും ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു. ശൈശവവിവാഹം, പോഷകാഹാരക്കുറവ്‌, ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ പത്ത്‌ ലക്ഷം നവജാത ശിശുക്കൾ ഓരോ വർഷവും ഇന്ത്യയിൽ മരണപ്പെടുന്നു. ലോകത്ത്‌ ആദ്യദിവസം മരിക്കുന്ന കുഞ്ഞുങ്ങളിൽ ഇരുപത്തിയൊമ്പത്‌ ശതമാനം ഇന്ത്യയിലാണ്‌. ഇന്ത്യയിലെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ചൂഷണം അവസാനിപ്പിക്കുന്നതിനും ലൈംഗിക പീഡനത്തിൽ നിന്ന്‌ സംരക്ഷണം ലഭിക്കുന്നതിനും വേണ്ടി ഭരണഘടനയിൽ ഒട്ടേറെ വകുപ്പുകളുണ്ട്‌. എന്നാൽ ഇപ്പോഴും നിലവിലുള്ള നിയമങ്ങളുടെ പൂർണമായ സംരക്ഷണം അഥവാ പരിരക്ഷ കുഞ്ഞുങ്ങൾക്ക്‌ ലഭിക്കുന്നില്ല. 1986 ൽ ഇന്ത്യൻ പാർലമെന്റ്‌ പാസാക്കിയ ബാലവേല നിരോധനനിയമം നിലവിലുണ്ടായിട്ടും ഇന്ത്യ ബാലവേലയിൽ ലോകത്ത്‌ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നു. കൂടാതെ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിലൂടെ വീട്ടുജോലി, ഹോട്ടൽ ജോലി, കാർഷിക സംബന്ധമായ ജോലി ഇവയിൽ നിന്നെല്ലാം കുട്ടികളെ വിലക്കിയിരുന്നു. ഇങ്ങനെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നിയമങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും വലിയൊരുവിഭാഗം ഇന്ത്യയിലെ കുട്ടികൾ ചൂഷണവും പീഡനവും ദാരിദ്ര്യവും സഹിച്ച്‌ കഴിയേണ്ടിവരുന്നു എന്നതാണ്‌ യാഥാർഥ്യവും. ആഗോളവൽക്കരണത്തിന്റെ ഉൽപ്പന്നമായ സാംസ്കാരിക അധിനിവേശം കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾക്ക്‌ ആക്കം കൂട്ടിയിരിക്കുന്നു. യുനിസെഫ്‌ വെളിപ്പെടുത്തുന്നതും ക്രൈം റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നതും ഇന്ത്യയിലെ പതിനാല്‌ വയസിന്‌ താഴെയുള്ള നാൽപ്പത്തിയൊന്ന്‌ ശതമാനം കുട്ടികളും ലൈംഗിക പീഡനത്തിന്‌ വിധേയമാവുന്നു എന്നതാണ്‌. കേരളത്തിൽപ്പോലും സ്ഥിതി വ്യത്യസ്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന്‌ ദാരിദ്ര്യം, പീഡനം, അനാഥാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ വീട്‌ വിട്ടുവരുന്ന കുട്ടികളുടെ ദരിദ്രരായ വീട്ടുകാർക്ക്‌ പണം നൽകി ബാലവേലയ്ക്ക്‌ കുട്ടികളെ എത്തിക്കുന്ന ഇടപാടുകാരുടെ എണ്ണം വർധിക്കുന്നു. ഭിക്ഷാടന മാഫിയയുടെ പിടിയിലാവുന്ന കുട്ടികളും കേരളത്തിൽ ഒട്ടേറെയുണ്ട്‌. കേരളത്തിലെ ആദിവാസി കുഞ്ഞുങ്ങൾ സർക്കാരിന്റെ അനാസ്ഥയിൽ പോഷകാഹാരക്കുറവ്‌ കാരണം മരണപ്പെട്ട സംഭവങ്ങൾ പൊതുസമൂഹം ചർച്ചചെയ്യപ്പെട്ടതാണ്‌. കേരളത്തിൽ ഈ വർഷം സെപ്തംബർ മാസം വരെ അറുനൂറ്റി നാൽപ്പത്‌ കുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്‌ ക്രൈം റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നു. ഇത്‌ രജിസ്റ്റർ ചെയ്ത കണക്കുകൾ മാത്രം. എന്നാൽ എഴുപത്തിരണ്ട്‌ ശതമാനം കേസുകളും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല. ഇത്തരം കേസുകളിൽ തൊണ്ണൂറ്‌ ശതമാനവും കുറ്റവാളികൾ ബന്ധുക്കളും പരിചയക്കാരും അധ്യാപകരും ഒക്കെത്തന്നെ. പഴയകാലത്തെ കാഴ്ചപ്പാടനുസരിച്ച്‌ കുട്ടികൾക്ക്‌ ഏറ്റവും സുരക്ഷിതമായ സ്ഥലം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. ഇന്ന്‌ സ്കൂളുകളിൽ വെച്ച്‌ അധ്യാപകർ കുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണം നടത്തുന്നത്‌ വ്യാപകമായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ള വസ്തുതയാണ്‌. കൊച്ചുകുട്ടിയെ പ്രധാന അധ്യാപിക പട്ടിക്കൂട്ടിലടച്ച സംഭവവും കുഞ്ഞുങ്ങളോടുള്ള ചില അധ്യാപികമാരുടെ സമീപനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങളോട്‌ സർക്കാരിന്റെ സമീപനം ജനം കണ്ടതാണ്‌. സ്കൂൾ തുറക്കാനുള്ള ഒത്താശയായിരുന്നു ഗവൺമെന്റ്‌ നടത്തിയത്‌. പൊതുസമൂഹം ഇന്നേറെ ചർച്ചചെയ്യുന്ന മറ്റൊരു വിഷയമാണ്‌ നാദാപുരത്തെ പറക്കടവിലെ സ്വകാര്യ സ്കൂളിൽ വെച്ച്‌ നാലരവയസുകാരിയെ പീഡിപ്പിച്ച സംഭവം. ഇത്‌ നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവമാണ്‌. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്ക്‌ ഉപയോഗിച്ച്‌ വ്യാജപ്രതിയെപ്പോലും സൃഷ്ടിച്ച സാഹചര്യം ഈ കേസിലുണ്ട്‌. നിയമത്തിന്റെ പഴുത്‌ മനസിലാക്കി കുറ്റവാളികളെ സംരക്ഷിക്കുന്ന അധികാരശ്രേണിയിൽ നിന്ന്‌ എന്തുനന്മയാണ്‌ നമ്മുടെ കുട്ടികൾ പ്രതീക്ഷിക്കേണ്ടത്‌? കൊച്ചു കുഞ്ഞുപോലും, രക്ഷപ്പെടാൻ ശ്രിമിക്കാതെ പീഡനം ആസ്വദിച്ചു എന്നുപറയുന്ന അധമന്മാരെക്കുറിച്ച്‌ എന്തുപറയാൻ? ഇത്തരം മനുഷ്യത്വരഹിതമായ സമീപനം കുറ്റവാളികളെ രക്ഷിക്കാൻ മുതിരുന്നവരിൽ നിന്നുണ്ടാകുമ്പോൾ മനുഷ്യരുടെ കൂട്ടായ മനസും എതിർപ്പും ബാലലൈംഗിക പീഡനത്തിനെതിരെ ഉണ്ടാവേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക്‌ പലപ്പോഴും കുടുംബാംഗങ്ങൾ മാപ്പ്‌ നൽകുകയോ ഒത്തുതീർപ്പാക്കി കൊടുക്കുകയോ ചെയ്യാറാണ്‌ പതിവ്‌. ഇത്‌ അനുവദിച്ചുകൂടാത്തതാണ്‌. നിർഭാഗ്യമെന്ന്‌ പറയട്ടെ, ഇന്ന്‌ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും പരിരക്ഷിക്കാൻ ഉത്തരവാദപ്പെട്ട മുതിർന്നവരിൽ നിന്നുതന്നെയാണ്‌. ഒരു പരിഷ്കൃത സമൂഹത്തിൽ വെച്ചുപൊറുപ്പിക്കാൻ കഴിയാത്ത രീതിയിലുള്ള അതിക്രമങ്ങൾക്ക്‌ തടയിടാൻ നമുക്കുണ്ടായിരുന്നത്‌ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏതാനും ചില വകുപ്പുകൾ മാത്രമാണ്‌. എന്നാൽ ഇവ കുട്ടികൾക്ക്‌ എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക്‌ തടയിടാൻ അപര്യാപ്തമാണെന്നും നിയമത്തിന്റെ പഴുതിലൂടെ പ്രതികൾ രക്ഷപ്പെടുന്നത്‌ തടയാൻ ശക്തമായ ഒരു നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനെത്തുടർന്നാണ്‌. “ലൈംഗികാതിക്രമങ്ങളിൽ നിന്ന്‌ കുട്ടികൾക്കുള്ള സംരക്ഷണനിയമം 2012″ പാസാക്കിയത്‌ (പ്രൊട്ടക്ഷൻ ഓഫ്‌ ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസ്‌ ആക്ട്‌-പോക്സോ ആക്ട്‌ 2012) ലൈംഗികാതിക്രമങ്ങളിൽ നിന്ന്‌ കുട്ടികളെ സംരക്ഷിക്കുക, കുറ്റവാളികൾക്ക്‌ കഠിനശിക്ഷ നൽകുക, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക്‌ പ്രത്യേക കോടതി സ്ഥാപിക്കുക, ശിശു സൗഹാർദ നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ നിയമത്തിൽ പ്രതിപാദിക്കുന്നത്‌. ആൺപെൺ വ്യത്യാസമില്ലാതെയാണ്‌ കുട്ടികൾക്ക്‌ ബാധകമാക്കിയിരിക്കുന്നത്‌. പ്രവേശിത ലൈംഗികാതിക്രമം (പെനട്രറ്റെവ്‌ സെക്ഷ്വൽ അസാൾട്ട്‌) നടത്തിയാൽ 7 വർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴശിക്ഷയും ലൈംഗികാക്രമം (സെക്ഷ്വൽ അസോൾട്ട്‌) നടത്തിയാൽ മൂന്ന്‌ മുതൽ അഞ്ചുവർഷം വരെ തടവും പിഴശിക്ഷയും അധികരിച്ച ലൈംഗികാതിക്രമം (അഗ്രവേറ്റഡ്‌ സെക്ഷ്വൽ അസോൾട്ട്‌) നടത്തിയാൽ ചുരുങ്ങിയത്‌ അഞ്ചുവർഷം മുതൽ ഏഴ്‌ വർഷം വരെ തടവും പിഴയും ലൈംഗിക പീഡനത്തിന്‌ (സെക്ഷ്വൽ ഹരാസ്മെന്റ്‌) മൂന്നു വർഷം വരെ തടവും പിഴശിക്ഷയും കിട്ടാവുന്ന കുറ്റകൃത്യങ്ങളാണ്‌ എന്ന്‌ നിയമത്തിൽ വിവക്ഷിച്ചിട്ടുണ്ട്‌. അശ്ലീല പ്രദർശനത്തിനായി കുട്ടികളെ ഏതെങ്കിലും മാധ്യമങ്ങളിലൂടെ ഉപയോഗിക്കുന്നത്‌ ഏഴുവർഷം തടവും പിഴശിക്ഷയും ലഭിക്കാം. അശ്ലീല ചിത്രങ്ങൾ വാണിജ്യാവശ്യത്തിനായി സൂക്ഷിക്കുന്നതും മൂന്നുവർഷം തടവും പിഴശിക്ഷയും കിട്ടാവുന്ന കുറ്റകൃത്യമാണ്‌. ഈ നിയമത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ബാലസൗഹൃദ നടപടികൾ (ചെയിൽഡ്‌ ഫ്രെൻഡ്ലി പ്രോസെജർ) ആണ്‌. കുറ്റകൃത്യത്തെക്കുറിച്ച്‌ അറിയാവുന്ന മാതാപിതാക്കൾ, അധ്യാപകർ, ബന്ധുക്കൾ, അയൽവാസികൾ, സ്കൂൾ കൗൺസിലർമാർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സംഭവം മറച്ചുവച്ചാൽ ആറുമാസം വരെ തടവ്‌ ശിക്ഷ ലഭിക്കും. ഏതൊരു വ്യക്തിയും വിവരം സ്പെഷൽ ജുവനെയിൽ പൊലീസ്‌ യൂണിറ്റിനെയോ ലോക്കൽ പൊലീസിനെയോ അറിയിക്കേണ്ടതാണ്‌. കുട്ടിയുടെ മൊഴി കുട്ടിക്ക്‌ മനസിലാവുന്ന ഭാഷയിൽ രേഖപ്പെടുത്തണം. ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ ഈ വിവരം ചെയിൽഡ്‌ വെൽഫയർ കമ്മിറ്റിയേയും സ്പെഷൽ കോടതിയേയും അറിയിച്ചിരിക്കണം എന്ന്‌ നിയമം വ്യവസ്ഥചെയ്തിട്ടുണ്ട്‌. കുട്ടി പ്രതിയുമായി നേരിൽ കാണുന്നത്‌ തടയാനുള്ള പല വ്യവസ്ഥകളും നിയമത്തിലുണ്ട്‌. വളരെ ബാല സൗഹാർദപരമായ വ്യവസ്ഥകളോടെ 2012 നവംബർ 14 ന്‌ ശിശുദിന സമ്മാനമായാണ്‌ ഈ നിയമം നിലവിൽ വന്നത്‌. ഇത്രയും ശക്തമായ ഒരു നിയമം നമ്മുടെ നാട്ടിൽ നിലവിലുണ്ടായിട്ടും കൊച്ചുകുഞ്ഞുങ്ങളെപ്പോലും പീഡിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്‌. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപംകൊടുത്ത ബാലാവകാശ കമ്മിഷൻ അടിയന്തര ഇടപെടൽ നടത്താൻ കഴിയുന്ന അധികാര സ്ഥാപനമായി മാറേണ്ടിയിരിക്കുന്നു. ഭരണാധികാരികളും പൊലീസും പ്രതികൾക്കുവേണ്ടിയാണെന്ന സമീപനം മാറ്റി നിയമം കർശനമായി നടപ്പാക്കാൻ ഇച്ഛാശക്തിയുള്ളവരായി മാറിയെങ്കിൽ മാത്രമേ നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ നിയമത്തിന്റെ ഉപഭോക്താക്കളാകാൻ കഴിയുകയുള്ളു. നമ്മുടെ എല്ലാമായ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിലെ മുതിർന്നവരായ നമ്മളല്ലാതെ മറ്റാരുമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം