malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

മെക്‌സിക്കോ അരങ്ങ് തകര്‍ക്കുന്നത് മാഫിയയും അഴിമതിയും

പ്രൊഫ. ജോണ്‍ സിറിയക്
അമേരിക്കയുടെ പാദത്തില്‍ കിടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്‌സിക്കോ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും പോലെ മെക്‌സിക്കോയും ലഹരിമരുന്നു മാഫിയകളുടെ പിടിയിലാണ്. മറ്റു രാജ്യങ്ങള്‍ക്കില്ലാത്ത രണ്ട് സൗകര്യങ്ങള്‍ മെക്‌സിക്കോക്കുണ്ട്. ഒന്ന് അമേരിക്കയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള സൗകര്യം. രണ്ട് അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് കടത്തിവിടുന്ന ഇടത്താവളം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം മൂലം മെക്‌സിക്കന്‍ ജനതയുടെ വാഗ്ദത്ത ഭൂമിയാണ് അമേരിക്ക. കഴിയുന്നത്ര പേര്‍ക്ക് അവിടെ എത്തിപ്പെടണം. അമേരിക്കന്‍ നിയന്ത്രണങ്ങളും അതിര്‍ത്തി നിരീക്ഷണങ്ങളും മൂലം പണ്ടത്തേതുപോലെ അഭയാര്‍ത്ഥി പ്രവാഹം നടക്കുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ സെപ്തംബര്‍ മാസം മെക്‌സിക്കോയുടെ തെക്കന്‍ സംസ്ഥാനമായ ഗുരെരോയിലെ ഒരു ടീച്ചര്‍ ട്രെയിനിംഗ് കോളേജില്‍ നിന്ന് 43 വിദ്യാര്‍ത്ഥികള്‍ അപ്രത്യക്ഷരായി. ലഹരി മരുന്നു മാഫിയായുടെ ക്രൂരതയാണിതെന്ന് അന്നേ ലോകം അനുമാനിച്ചിരുന്നു. എന്നാല്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനാണ് പ്രസിഡണ്ട് എന്റിക്കാ പെനോ നെറ്റോ ശ്രമിച്ചത്. നവംബര്‍ 8 ന് അറ്റോര്‍ണി ജനറല്‍ സംഭവം സ്ഥിരീകരിച്ചു. ''ഇഗുല നഗരത്തിലെ മേയറുടെ ഉത്തരവ് പ്രകാരം പോലീസ് ഈ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു ലോബിക്ക് വിട്ടുകൊടുക്കുകയും അവര്‍ കുട്ടികളെ കൊന്നുകളയുകയുമായിരുന്നു'' എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വിശദീകരണം. പ്രസിഡണ്ടിന്റെ കഴിവുകേടോ, കൊള്ളരുതായ്മയോ ആണ് ഈ ക്രൂര സംഭവത്തിനു പിന്നിലെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങിനെയല്ലേ കരുതാന്‍ കഴിയൂ? ഭരണകൂടത്തിന്റെ പ്രതിനിധിയായ സിറ്റി മേയറും, പ്രാദേശിക പോലീസും മാഫിയക്കുവേണ്ടി തട്ടിക്കൊണ്ടുപോകല്‍ വരെയുള്ള ദീനകൃത്യങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന സത്യം ആര്‍ക്കും മറച്ചുവെക്കാന്‍ കഴിയുന്നതല്ല. അറ്റോര്‍ണി ജനറലിന്റെ ഏറ്റുപറച്ചിലിനെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ പാലസ് എന്ന ബൃഹത്തായ മന്ദിരത്തിന് രോക്ഷാകുലരായ ജനക്കൂട്ടം തീവെച്ചു. അത് പ്രസിഡണ്ട് പെനായുടെ സൗകര്യ ബംഗ്ലാവായിരുന്നു. എന്നാല്‍ ഒരു പ്രമുഖ വ്യവസായ ലോബി പ്രസിഡണ്ടിന് സമ്മാനിച്ച കൊട്ടാരമായിരുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നു. മുന്നേമുക്കാല്‍ ബില്യണ്‍ ഡോളറിന്റെ റെയില്‍ വികസന പരിപാടിയുടെ കോണ്‍ട്രാക്ട് എടുത്ത കമ്പനിയാണ് എഴുപതുലക്ഷം ഡോളര്‍ വിലമതിക്കുന്ന കൊട്ടാരം സമ്മാനിച്ചതെന്നതും പെട്ടെന്നു പുറത്തുവന്നു. പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയിലേക്ക് സമരക്കാര്‍ ബോംബെറിഞ്ഞത് പോലീസ് നൃഷ്‌ക്രിയരായി നോക്കിനിന്നു എന്നത് ക്രമസമാധാന തകര്‍ച്ചയുടെ ഉദാഹരണമാണ്. മെക്‌സിക്കോയില്‍ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നു. നഗ്നമായ അഴിമതി അഴിഞ്ഞാടുന്നു; ക്രിമിനല്‍ സംഘങ്ങള്‍ ഭരണത്തില്‍ പിടിമുറുക്കിയിരിക്കുന്നു.... ഈ സംഭവങ്ങളെല്ലാം പ്രസിഡണ്ട് പെനോയുടെ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക നയങ്ങള്‍ക്കു മേലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. അമേരിക്കയിലെ ടെക്‌സാസ്സില്‍ നിന്നുള്ള ഒന്നാം പ്രകൃതിവാകത പൈപ്പ് ലൈന്‍ ഡിസംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായിരിക്കെയാണ് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകലും 'കൊട്ടാരം അഴിമതി' ക്കെതിരെ ജനങ്ങള്‍ സമര രംഗത്തിറങ്ങിയരിക്കുന്നതും. വാസ്തവത്തില്‍ പ്രസിഡണ്ട് പെനോയുടെ പദ്ധതികള്‍ മെക്‌സിക്കോയുടെ വികസനത്തിന് ആക്കം കൂട്ടുന്നവയായിരുന്നു. വിലകുറഞ്ഞ പ്രകൃതി വാതകം ടെക്‌സാസ്സില്‍ നിന്നും പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ വഴി കൊണ്ടുവന്ന് മെക്‌സിക്കോയില്‍ വ്യവസായ വിപ്ലവത്തിന് അരങ്ങൊരുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒന്നാം പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുതന്നെ രാജ്യത്തിന്റെ തെക്കെ അറ്റം വരെ ഗ്യാസ് എത്തിക്കുന്ന രണ്ടാം പൈപ്പ് ലൈനിനും ആരംഭം കുറിച്ചു. പെമെക്‌സ് എന്ന പൊതു മേഖലാ സ്ഥാപനമായിരുന്നു മെക്‌സിക്കോയില്‍ ഇന്ധന വ്യവസായത്തിന്റെ കുത്തക. ഏതാണ്ട് ഇന്ത്യയിലെ ഒ എന്‍ ജി സി പോലെ. അവക്കെതിരെ സ്വകാര്യ കമ്പനികളെ മത്സരിപ്പിക്കാന്‍ സഹായിക്കും വിധം നിയമ നിര്‍മ്മാണം നടത്തുകയും, വിദേശ കമ്പനികളും, ദേശീയ കമ്പനികളും മത്സര രംഗത്തെത്തുകയും ചെയ്തതോടെ സാമ്പത്തിക മേഖല ഉണര്‍ന്നു. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു. മെക്‌സിക്കന്‍ കടലിടുക്കിലെ ഏറെ താഴ്ചയില്ലാത്ത എണ്ണ ഘനനത്തിനും കമ്പനികള്‍ മത്സരിക്കാന്‍ തുടങ്ങി. ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന എണ്ണപ്പാടമാണിത്. അതുകൊണ്ടുതന്നെ പെട്രോളിയത്തിന്റെ വിലയിടിവ് വല്ലാതെ ബാധിക്കുകയുമില്ല. എത്രമാത്രം എണ്ണ ഉല്‍പാദനം കൂട്ടിയാലും വാങ്ങിക്കാന്‍ അമേരിക്ക തയ്യാറാണ്. ഷിപ്പിംഗ് ചാര്‍ജ്ജിനത്തില്‍ വന്‍ തുക ലാഭിക്കാന്‍ അമേരിക്കക്കും കഴിയും. സാമ്പത്തിക രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ പ്രസിഡണ്ട് പെനോ, പക്ഷെ ആഭ്യന്തര കാര്യങ്ങളില്‍ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. അഴിമതി ആരോപനങ്ങളെത്തുടര്‍ന്ന് മുന്നേ മുക്കാല്‍ ബില്യണ്‍ ഡോളറിന്റെ റെയില്‍വേ നവീകരണ കരാര്‍ പ്രസിഡണ്ട് ഒറ്റയടിക്ക് റദ്ദാക്കി. ഏതാനും ചൈനീസ് കമ്പനികളും ചില ദേശീയ സാമ്പത്തിക സ്ഥാപനങ്ങളും ചേര്‍ന്നുണ്ടാക്കിയ കണ്‍സോര്‍ഷ്യമാണ് ഈ കരാറെടുത്തിരിക്കുന്നത്. മറ്റാരും മത്സരിക്കാനില്ലായിരുന്നു എന്നത് ഈ വമ്പന്‍ ഇടപാടിന് ദുരൂഹത വര്‍ദ്ധിപ്പിച്ചു. പ്രസ്തുത കണ്‍സോര്‍ഷ്യമാണ് പ്രസിഡണ്ടിനും കുടുംബത്തിനും കൊട്ടാരം സമ്മാനിച്ചത് എന്ന വസ്തുത അകത്തളങ്ങളിലെ അഴിമതിയുടെ ഗന്ധം പുറത്തുകൊണ്ടുവരികയും ചെയ്തു. മെക്‌സിക്കോയുടെ നവീകരണത്തിന് സജീവ പങ്കാളിത്തമറ്റെടുത്തിട്ടുള്ള ചൈനക്കും ഈ സംഭവങ്ങള്‍ തിരിച്ചടിയായി. വെറും കച്ചവട ലക്ഷ്യത്തിന് അപ്പുറത്ത് വേണ്ടിവന്നാല്‍ അമേരിക്കക്കെതിരെയുള്ളൊരു പ്ലാറ്റ് ഫോം ആയി മെക്‌സിക്കോയെ ഉപയോഗിക്കുക എന്ന രഹസ്യ അജണ്ട ചൈനക്കുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രസിഡണ്ട് ചൈനയിലേക്ക് പുറപ്പെടുന്നതിന്റെ തലേനാളാണ് കൊട്ടാര വിവാദവും, പ്രതിഷേധ സമരങ്ങളും അരങ്ങേറിയത് എന്നത് പ്രത്യേകം ശ്രദ്ധേയവുമാണ്. തട്ടിക്കൊണ്ടുപോകലിനും, ക്രമസമാധാനത്തകര്‍ച്ചക്കുമെതിരെ സത്വര നടപടികള്‍ കൈകൊള്ളുമെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. പക്ഷെ അതെത്ര കണ്ടു വിജയിക്കുമെന്ന് കണ്ടറിയണം. ഭരണത്തിലേറി രണ്ടുവര്‍ഷം പിന്നിട്ട പ്രസിഡണ്ടിന് തല്‍ക്കാലം രാഷ്ട്രീയ ഭീഷണി ഒന്നുമില്ലെങ്കിലും, ജന സമ്മതിയില്‍ അദ്ദേഹം വളരെ പിന്നോക്കം പോയി. സാമ്പത്തിക രംഗത്ത് ഉത്തേജനം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കാം. പക്ഷെ നിക്ഷേപകര്‍ക്ക് ആത്മധൈര്യം പകരാന്‍ പ്രസിഡണ്ടിനു കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു; അതുപോലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും.

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം