malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

കനകസിംഹാസനം തേടുന്ന രാഹുല്‍ എന്ന മന്ദാരപ്പൂ

വി പി ഉണ്ണികൃഷ്ണൻ
‘കാത്ത്, കാത്ത്, കാത്തുനിന്നൂ, നോക്കി നോക്കി, നോക്കി നിന്നൂ, മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്, എങ്ങനാണെന്ന്’ ഈ സിനിമാഗാനശകലം മലയാളികളുടെ കാതുകള്‍ കേട്ടുതഴമ്പിച്ചതാണ്. വയനാടന്‍ ചുരങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാരെന്ന ആശയകുഴപ്പകാലത്ത് ഈ ഗാനം വീണ്ടും ശ്രദ്ധാവിഷയമായി. കേരളത്തിലെ കോണ്‍ഗ്രസില്‍ പരസ്യവും രഹസ്യവുമായ വയനാട് മണ്ഡലത്തെ ചൊല്ലിയുള്ള കലഹങ്ങളും കലാപങ്ങളും നിരവധി വേളകളില്‍, ദിനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഗ്രൂപ്പ് തര്‍ക്കത്തിന് പരിഹാരമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ഗാന്ധിയോട് അഭ്യര്‍ഥിച്ചു, അപേക്ഷിച്ചു, യാചിച്ചു, ഒന്ന് വയനാട്ടിലേക്ക് വരൂ. നിരവധി നാടകങ്ങള്‍ക്കൊടുവില്‍, കാത്ത് കാത്ത് കാത്ത് നിന്നവരെയും നോക്കി നോക്കി നോക്കി നിന്നവരെയും സംതൃപ്തരാക്കി ആ മന്ദാരപ്പൂ വിടര്‍ന്നു. രാഹുല്‍ഗാന്ധി എന്ന മന്ദാരപ്പൂ. വയനാട്ടിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എത്രയെത്ര പേരുകള്‍. ടി സിദ്ധിഖ് എന്ന വിവാഹമോചിത ഫോണ്‍ പ്രക്രിയയിലെ സമര്‍ഥന്‍, കെ മുരളീധരന്‍ എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍, വി വി പ്രകാശ്, അബ്ദുള്‍ കരീം… പട്ടിക അനന്തമായി നീളുകയാണ്. പക്ഷേ അവരാരും വയനാട് മണ്ഡലത്തില്‍ യോഗ്യരല്ലെന്ന് യുഡിഎഫ് നേതൃത്വം തീര്‍ച്ചപ്പെടുത്തി. വയനാട്ടിലെ പരാജയഭീതി ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഗ്രൂപ്പ് ഭേദമന്യേ അലട്ടിക്കൊണ്ടിരുന്നൂ. ഒടുവില്‍ പരിഹാരമായി ആര്‍ക്കും ദോഷവും ഗുണവുമില്ലാത്ത പരബ്രഹ്മം എ കെ ആന്റണിയെക്കൊണ്ട് രാഹുലിനെ വയനാട്ടിലേക്ക് ഒപ്പിച്ചെടുത്തു. നിലവിലെ എം പിയായിരുന്ന അന്തരിച്ച എം ഐ ഷാനവാസിന്റെ പുത്രി മത്സരിക്കുവാന്‍ സന്നദ്ധയായിരുന്നിട്ടും കോണ്‍ഗ്രസും അവര്‍ നയിക്കുന്ന യുഡിഎഫും പരാജയഭീതികൊണ്ട് ആ പാവമാം പെണ്‍കൊടിയെയും തള്ളിപ്പറഞ്ഞു. വയനാട്ടിലെ പ്രിയങ്കാഗാന്ധിയുടെ അനുധാവനത്തോടെയുള്ള രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം നല്‍കുന്ന സന്ദേശമെന്താണ്? സംഘപരിവാര ഫാസിസ്റ്റ് ഭരണകൂട ശക്തികള്‍ക്കെതിരായല്ല, തെരഞ്ഞെടുപ്പ് മത്സരം, മറിച്ച് മതനിരപേക്ഷ പതാക ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനെതിരായാണെന്നാണ്. ഇതാണ് ഗാന്ധിജിയും നെഹ്‌റുവും മൗലാനാ അബ്ദുള്‍കലാം ആസാദും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും ജഗ്ജീവന്‍ റാമും കാമരാജും നയിച്ച മതനിരപേക്ഷ കോണ്‍ഗ്രസിന്റെ സമകാലീന രാഷ്ട്രീയ ദയനീയത. മൃദുവര്‍ഗീയതയെ താലോലിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി മതനിരപേക്ഷ പതാക വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷമാണെന്നാണ് വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വിളിച്ചുപറയുന്നത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്ന കര്‍ണാടകയില്‍ രാഹുല്‍ഗാന്ധി മത്സരിച്ചിരുന്നുവെങ്കില്‍ അത് സംഘപരിവാര ശക്തികള്‍ക്കും ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരായ അതിശക്തമായ സന്ദേശമാവുമായിരുന്നു. ചിക്ക്മംഗ്ലൂരുവില്‍ ഇന്ദിരാഗാന്ധിയുടെ മത്സരവും ബെല്ലാരിയില്‍ സോണിയാ ഗാന്ധിയും സുഷമാസ്വരാജും തമ്മില്‍ നടന്ന ഏറ്റുമുട്ടലും തെരഞ്ഞെടുപ്പ് ചരിത്രം. എ കെ ആന്റണിയാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാവാന്‍ ഉപദേശിച്ചതുപോലും. ഒന്നിനും ഏതിനും കഴിവില്ലാത്ത എ കെ ആന്റണി തന്റെ കല്‍പ്പകാല പ്രവേശവിദ്യ കൊണ്ട് ദേശീയ നേതാവായി, കേന്ദ്ര പ്രതിരോധ മന്ത്രിയായി. അതിനും എത്രയോ മുമ്പ് 36-ാം വയസില്‍ കേരള മുഖ്യമന്ത്രിയായി. പിന്നീട് രണ്ടുവട്ടം കരുണാകരനെ ചതിച്ച് പുറത്തുചാടിച്ച് മുഖ്യമന്ത്രിയായി. ആന്റണിയുടെ ഉപദേശം കേട്ടവരെല്ലാം ചതിക്കെണിയില്‍ പെട്ടിട്ടുണ്ട്. സ്വന്തം അനുയായികളെയും സ്വാര്‍ഥതാല്‍പര്യത്തിനായി തള്ളിക്കളഞ്ഞിട്ടുണ്ട്. ആന്റണിയുടെ ഉപദേശം കേട്ട് വന്‍കെണിയില്‍ പെട്ടുപോയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തില്‍ ഇരുപത് സീറ്റും ജയിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും വീരവാദം. അതിന്റെ അര്‍ഥം രാഹുല്‍ വന്നില്ലെങ്കില്‍ ഇരുപത് സീറ്റിലും യുഡിഎഫ് പരാജയപാതാളത്തില്‍ എത്തിപ്പെടുമെന്നാണ്. ഇനി രാഹുല്‍ വന്നാല്‍ യുഡിഎഫ് ജയിക്കുമോ? 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അതിന് ഉത്തരം നല്‍കും. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശിലാണ് രാഹുല്‍ഗാന്ധി മത്സരിച്ചത്. വിജയിച്ചതാവട്ടെ കേവലം രണ്ട് സീറ്റുകളില്‍. അമ്മയും മകനും ജയിച്ചു. എഴുപത്തിയെട്ട് സീറ്റിലും കഠിന പരാജയത്തിന്റെ കഷായം കുടിച്ചു. റായ്ബറേലിയില്‍ അമ്മ സോണിയാ ഗാന്ധിയും അമേഠിയില്‍ പുത്രന്‍ രാഹുല്‍ ഗാന്ധിയും. 2019 ല്‍ കേരളത്തിലെ പ്രബുദ്ധരായ ജനതയെ രാഹുല്‍ഗാന്ധിയുടെ മുഖം കാട്ടി യുഡിഎഫിന് വശീകരിക്കുവാനാവില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ കേരളത്തെ അതിവേഗതയില്‍ പുനരുജ്ജീവിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണ് കേരള ജനത. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപ്പോകുമ്പോള്‍ ക്ഷേമ പെന്‍ഷനുകള്‍ പതിമൂന്ന് മാസം കുടിശികയായിരുന്നു. മുമ്പ് ഉമ്മന്‍ചാണ്ടി അധികാരമൊഴിയുമ്പോള്‍ ഇരുപത്തിയെട്ടു മാസത്തെ കുടിശിക. ഇടതു സര്‍ക്കാര്‍ കുടിശിക തീര്‍ത്തു നല്‍കിയെന്നു മാത്രമല്ല ക്ഷേമപെന്‍ഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ച് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്ന നിലയുണ്ടാക്കി. പുതിയ ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. നിപാ വൈറസിനെ അതിജീവിച്ച് ലോകത്തെ വിസ്മയിപ്പിച്ച കേരളം ആരോഗ്യമേഖലയില്‍ അത്യന്താധുനിക സംവിധാനങ്ങളിലൂടെ സജ്ജീകരിക്കപ്പെട്ടു. പൊതു വിദ്യാലയങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെട്ടു. തരിശുനിലങ്ങളിലെ കൃഷിയിലൂടെയും ജൈവ പച്ചക്കറി കൃഷിയിലൂടെയും കാര്‍ഷിക മേഖലയില്‍ നവോന്മേഷം പകര്‍ന്നു വനവിസ്തൃതി വര്‍ധിച്ചു, ഭൂമാഫിയകളെ, കയ്യേറ്റക്കാരെ പുറംതള്ളി. പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് സ്വന്തം ഭൂമിയില്‍ പട്ടയാവകാശം നല്‍കി. കൊടിയ ദുരന്തമായ പ്രളയത്തെയും ഓഖിയെയും വിസ്മയകരമായ നിലയില്‍ കേരളം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അതിജീവിച്ചു. യുഡിഎഫും ബിജെപിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് വിയോജിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു നയാപൈസ നല്‍കരുതെന്ന് കല്‍പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നക്കാപ്പിച്ച പൈസ മാത്രം നല്‍കി കേരളത്തെ അവഹേളിച്ചു. അതിനൊപ്പമായിരുന്നു ബിജെപിയോടൊപ്പം കോണ്‍ഗ്രസും. ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇന്ത്യ കാണുന്ന തീക്ഷ്ണമായ ധര്‍മസമരം. ഇത് മതനിരപേക്ഷതയുടെയും ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും സംരക്ഷണത്തിനായുള്ള ധര്‍മ സമരമാണ്. ഈ ധര്‍മസമരത്തില്‍ അനവരതം ബിജെപിയിലേക്ക് ചേക്കേറുന്നവരെയല്ല മതനിരപേക്ഷ പതാക ഉയര്‍ത്തിപ്പിടിക്കുന്നവരെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുക. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച ഉല്‍ഫുല്ലമായ മലയാള മണ്ണില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് സ്ഥാനമുണ്ടാവുകയില്ല. വര്‍ഗീയ ഫാസിസ്റ്റുകളെ പ്രതിരോധിക്കുവാന്‍ ശേഷിയില്ലാതെ വയനാട്ടില്‍ പറന്നിറങ്ങുന്ന രാഹുല്‍ഗാന്ധിക്ക് അശേഷം സ്ഥാനമുണ്ടാവുകയില്ല. അമേഠിയില്‍ വിജയിച്ചാല്‍ വയനാടിനെ പുറംകാല്‍കൊണ്ട് തട്ടിയെറിയുവാന്‍ വരുന്ന ഒരാളെ വയനാട്ടിലെ സമ്മതിദായകര്‍ തള്ളിക്കളയും. പുരോഗമന നവോത്ഥാന നയങ്ങളുമായി ധീരതയോടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷ സര്‍ക്കാരുള്ള കേരളത്തില്‍ രാഹുല്‍ഗാന്ധിക്ക് എന്തുകാര്യം? വയനാടിന് വേണ്ടത് നാടിനെ അറിയുന്ന, നാടിന്റെ മനസറിയുന്ന നാടിന്റെ പുത്രനെ. ജനവിധി ഈ സത്യം തെളിയിക്കും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം