malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍

കെ ദിലീപ്
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ് രാജ്യം. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നരേന്ദ്രമോഡി നയിച്ച എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഏത് അവസ്ഥയിലേക്കാണ് എന്നതാണ് ഇന്ന് ഏറ്റവും പ്രസക്തമായ വിഷയം. ഇക്കാലയളവില്‍ രാജ്യത്തിന്റെ പൊതുകടം ഇരട്ടിയായാണ് വര്‍ധിച്ചത്. എല്ലാ മേഖലകളിലും രാജ്യം തകര്‍ച്ച നേരിടുന്നതാണ് നമ്മള്‍ കണ്ടത്. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെത്തി നില്‍ക്കുമ്പോള്‍ ഭരണകക്ഷിയായ ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ മോഡി-അമിത്ഷാ ദ്വയത്തിന്റെ ചെയ്തികളില്‍ മനംമടുത്ത് പാര്‍ട്ടി വിട്ടുപോവുകയാണ്. വാജ്‌പേയി സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ, മറ്റൊരു മന്ത്രി അരുണ്‍ഷൂറി, ശത്രുഘ്‌നന്‍ സിന്‍ഹ, രാംജെത്മലാനി ഇവരെല്ലാംതന്നെ ബിജെപിക്കെതിരെ നിലയുറപ്പിച്ചുകഴിഞ്ഞു. സ്ഥാപക നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ പരസ്യമായിതന്നെ അതൃപ്തി വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളിലും രണ്ടാംനിര നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോവുന്നതാണ് കാണുന്നത്. ഭരണത്തിലിരുന്ന അഞ്ചു വര്‍ഷംകൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ അസംതൃപ്തിയാണ് മോഡി സര്‍ക്കാരിനെതിരെ വളര്‍ന്നുവന്നത്. സന്തോഷിച്ചവര്‍ നൂറില്‍ താഴെയുള്ള ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ മാത്രം. കാരണം അവര്‍ക്ക് ഇന്ത്യയിലെ സമ്പത്തിന്റെ 87 ശതമാനവും സ്വന്തമാക്കാന്‍ എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് മോഡി സര്‍ക്കാരാണ്. രാജ്യത്തെ പ്രധാനപ്പെട്ട മേഖലകള്‍ ഒന്നൊന്നായി എടുത്തു പരിശോധിച്ചാല്‍ രാജ്യത്തിന്റെ തകര്‍ച്ച ബോധ്യമാവും. സാമ്പത്തിക രംഗമാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. അധികാരത്തില്‍ വരാനായി നല്‍കിയ വ്യാജ വാഗ്ദാനങ്ങളുടെ പരമ്പര മാറ്റിവച്ചാല്‍ തന്നെ ഭരണത്തിലേറിയ ശേഷം പ്രഖ്യാപിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’, ‘മെയ്ഡ് ഇന്‍ ഇന്ത്യ’ തുടങ്ങിയ പദ്ധതികളൊന്നും തന്നെ പ്രവര്‍ത്തനപഥത്തില്‍ വന്നില്ല എന്നു മാത്രമല്ല ഇപ്പോള്‍ അക്കാര്യങ്ങളൊന്നും തന്നെ പ്രസംഗങ്ങളില്‍പോലും മോഡിയോ അനുചരരോ പരാമര്‍ശിക്കുന്നുപോലുമില്ല. 2016 നവംബര്‍ എട്ടാം തീയതി രാത്രി ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ മോഡി സ്വയം പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന്റെ ഫലമായി ഒഴിഞ്ഞ എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്ന് വീണു മരിച്ചവരുടെ എണ്ണം 150 ല്‍ അധികമാണ്. നോട്ടു നിരോധനം നടപ്പിലാക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന 15.44 ലക്ഷം മോഡിയുടെ 500, 1000 രൂപ നോട്ടുകളില്‍ 15.28 ലക്ഷം കോടിയും ബാങ്കുകളില്‍ തിരിച്ചെത്തി. അതായത് 98.96 ശതമാനം. അതോടെ നോട്ടു നിരോധനം എന്നത് എത്രമാത്രം അടിസ്ഥാനരഹിതമായ ഒരു പ്രവര്‍ത്തിയായിരുന്നു എന്നത് ദിവസങ്ങള്‍ക്കകം തന്നെ വ്യക്തമായി. കള്ളപ്പണം പിടിച്ചെടുക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നൊക്കെയുള്ള വലിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച മോഡിയും കൂട്ടരും പിന്നീട് ‘നോട്ടുരഹിത സമ്പദ്‌വ്യവസ്ഥ’യാണ് നടപ്പിലാക്കാന്‍ തുനിഞ്ഞത് എന്ന് മലക്കം മറിഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞു. കോടിക്കണക്കിന് കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും കുടില്‍ വ്യവസായങ്ങളുടെയും നിലനില്‍പുതന്നെ ഇല്ലാതെയായി. രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്ന പൗരന്മാരെ ഒഴിഞ്ഞ എടിഎമ്മുകള്‍ക്ക് മുന്നിലിട്ട് തല്ലിച്ചതച്ചു. എന്നാല്‍ പിന്നീട് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമിത്ഷാ ഡയറക്ടറായ ഗുജറാത്തിലെ ബാങ്കുകളും സ്വകാര്യ ബാങ്കുകളിലും വലിയ തോതില്‍ നിക്ഷേപങ്ങളുണ്ടായി. അമിത്ഷായുടെ മകന്റെ കമ്പനിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്റെ കമ്പനിയും വലിയ ലാഭം കൊയ്തു. നരേന്ദ്രമോഡി ഇന്ന് നോട്ടുനിരോധനത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഒരു ദിവസം കൊണ്ട് തകര്‍ത്തതിന്റെ ഉത്തരവാദിത്തം നരേന്ദ്രമോഡി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കുമല്ല. തുടര്‍ന്ന് യാതൊരു മുന്നൊരുക്കവുമില്ലാതെ നടപ്പിലാക്കിയ ജിഎസ്ടി എന്ന നികുതി പരിഷ്‌കാരം എല്ലാ ഉല്‍പന്നങ്ങളുടെയും വില ക്രമാതീതമായി ഉയരുന്നതിന് മാത്രമാണ് സഹായകമായത്. ഇടത്തട്ടുകാര്‍ ലാഭം കൊയ്തു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയത്തിന് വില അനുദിനം കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ വില വാനോളം ഉയര്‍ന്നു. കടത്തു ചെലവ് കുത്തനെ ഉയര്‍ന്നു. രാജ്യത്തിന്റെ സാമ്പത്തിക നില വീണ്ടും പരുങ്ങലിലാക്കിക്കൊണ്ട് പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം ഒരു ലക്ഷം കോടിയിലധികമായി. ശതകോടീശ്വരന്മാരായ അനേകം പേര്‍, നീരവ് മോഡി, മെഹുല്‍ ചോക്‌സി, വിജയ്മല്യ, ലളിദ് മോഡി തുടങ്ങിയവര്‍ ബാങ്കുകളെ പറ്റിച്ച് കൈക്കലാക്കിയ പണവുമായി നാടുവിട്ടു. രാജ്യം ഇന്ന് കടക്കെണിയിലാണ്. ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നത് അതിന്റെ നാനാത്വത്തിലാണ്. വിവിധ ഭാഷകള്‍, വിവിധ സംസ്‌കാരങ്ങള്‍, ഭൂമിയുടെ വൈവിധ്യം, ജൈവവൈവിധ്യം തുടങ്ങി വ്യത്യസ്തമായ അനേകം അവസ്ഥകളുടെ മനോഹരമായ സങ്കലനമാണ് ഇന്ത്യ. രാജ്യത്തിന്റെ ബഹുസ്വരതയെയും വൈവിധ്യത്തെയുമാണ് മോഡിയും സംഘപരിവാറും ചേര്‍ന്ന് നശിപ്പിക്കുവാന്‍ ശ്രമിച്ചത്. ഇന്ത്യ ഇന്നുവരെ കാണാത്ത രീതിയിലുളള ആള്‍ക്കൂട്ടക്കൊലകള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ ഇവയെല്ലാം ചേര്‍ന്ന് ഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കി. രാജ്യം ആദരിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാര്‍, നരേന്ദ്ര ധബോല്‍ക്കര്‍, ഡോ. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ ഇവരെല്ലാം വെടിയേറ്റ് മരിച്ചു. പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷും വെടിയുണ്ടക്കിരയായി. ഗാന്ധിജിക്ക് നേരെ ഉയര്‍ന്ന അതേ തോക്ക് നിരന്തരം ഗര്‍ജിക്കുവാന്‍ തുടങ്ങി. എല്ലാറ്റിനും മകുടം ചാര്‍ത്തിക്കൊണ്ട് സംഘപരിവാറുകാര്‍ ഗാന്ധിവധം കൂടി പുനരാവിഷ്‌കരിച്ചതോടെ ചിത്രം പൂര്‍ത്തിയായി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തെ ശിഥിലീകരിക്കുവാനുള്ള വലിയ ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. കേരളത്തില്‍ സംഘപരിവാറിന്റെ അജന്‍ഡ ഏറ്റെടുത്തുകൊണ്ടാണ് ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സംഘപരിവാര്‍ അജന്‍ഡയോടൊപ്പം അവരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത് ഇടതുപക്ഷത്തിനും പുരോഗമനാശയങ്ങള്‍ക്കുമെതിരെ നിരന്തരം ആക്രമണം നടത്തുന്നതാണ് ഇന്ന് നമ്മള്‍ കാണുന്നത്. അബദ്ധത്തില്‍ പോലും ദേശീയതലത്തില്‍ ജനങ്ങള്‍ നേരിടുന്ന വിഷയങ്ങളെക്കുറിച്ച് ഉദാഹരണമായി കഴിഞ്ഞ നാല്‍പത്തി അഞ്ച് വര്‍ഷക്കാലയളവിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനം മോഡി ഭരണത്തിന്റെ ഫലമായി ഇന്ത്യ നേരിടുകയാണെന്നോ, ഒരു കോടിയിലധികം നിലവിലുള്ള തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നോ നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും സാമ്പത്തിക ആഘാതങ്ങളെ കുറിച്ചോ ഒരു വാക്കുപോലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നില്ല. പകരം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക നല്‍കാതിരിക്കുന്ന കാര്യംപോലും സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നേതാവടക്കം ശ്രമിക്കുന്നത്. സംസ്ഥാനം 2018 ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭത്തിലൂടെ കടന്നുപോയപ്പോള്‍, രക്ഷാദൗത്യങ്ങള്‍ക്കെതിരെ പോലും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ദുരിതാശ്വാസത്തിന് ഒരു മാസത്തെ വേതനം മാറ്റിവെക്കാനുള്ള അഭ്യര്‍ഥനയോടുപോലും പുറംതിരിഞ്ഞു നില്‍ക്കുകയുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തത്. എല്ലാ അര്‍ഥത്തിലും കേരളത്തില്‍ സംഘപരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പല നേതാക്കളും സംഘപരിവാറിനോടൊപ്പം ചേരുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ഥിയാവുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് കേരളത്തില്‍ വന്ന്, ഇടതുപക്ഷ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നതില്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. തീര്‍ച്ചയായും മുഖ്യശത്രു ഇടതുപക്ഷമാണെന്നതുതന്നെ. ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നും പുരോഗമനാശയങ്ങള്‍ പുലര്‍ത്തുന്ന, ഇന്ത്യയുടെ ഭരണഘടനയിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന, ജനാധിപത്യ മതേതര, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കായി നിലകൊള്ളുന്ന സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം