malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

വരുന്നൂ, വാഗ്ദാനങ്ങളുടെയും ദിവാസ്വപ്‌നങ്ങളുടെയും പെരുമഴക്കാലം

വി പി ഉണ്ണികൃഷ്ണൻ
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വാതില്‍പ്പടിയിലെത്തിയപ്പോള്‍ വാഗ്ദാനങ്ങള്‍ അനവരതം പ്രവഹിക്കുവാന്‍ തുടങ്ങി. ദിവാസ്വപ്‌നങ്ങളുടെ ചീട്ടുകൊട്ടാരം അനുനിമിഷം കെട്ടിയുയര്‍ത്താനും തുടങ്ങി. ഇക്കാര്യത്തില്‍ ബിജെപിയും നരേന്ദ്രമോഡിയും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും വീറോടെ മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇതിന് മൂകസാക്ഷികളാകുവാന്‍ ഇന്ത്യന്‍ ജനത വിധിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആര് അധികാരത്തിലെത്തിയാലും വാഗ്ദാനപരമ്പരകളുടെ അഭംഗുരമുള്ള ലംഘനങ്ങള്‍ അരങ്ങേറ്റപ്പെടും. ദിവാസ്വപ്‌നങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നടിയും. 2019 പിറവിയെടുത്തതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടുതവണ കേരളത്തിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒരു തവണയും. ഇരുകൂട്ടരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. ജനങ്ങളെ കബളിപ്പിച്ച് വോട്ടു നേടാനാകുമോ എന്ന കുതന്ത്ര പ്രചാരണ യത്‌നം. 58 ഇഞ്ച് നെഞ്ചളവിന്റെ വീമ്പുപറച്ചിലുമായി 2014-ല്‍ വോട്ട് നേടിയ നരേന്ദ്രമോഡി ആ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുന്നില്‍ വര്‍ഷിച്ച മോഹനവാഗ്ദാനങ്ങളെല്ലാം നാലേമുക്കാല്‍ വര്‍ഷത്തെ ഭരണത്തിനിടയില്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണയത്‌നം ആരംഭിച്ച നരേന്ദ്രമോഡി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. അതേസമയം പുതുവാഗ്ദാനങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന അപഹാസ്യ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2014ല്‍ മോഡിയുടെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് വിദേശ സ്വകാര്യ ബാങ്കുകളില്‍, വിശിഷ്യാ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണമാകെ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു. എന്നിട്ട് അദ്ദേഹം ജനതയോട് ആഹ്വാനം ചെയ്തത് എല്ലാവരും ബാങ്ക് അക്കൗണ്ട് തുറക്കൂ എന്നായിരുന്നു. പിടികൂടിയ കള്ളപ്പണത്തില്‍ നിന്ന് ഓരോ ഭാരതീയ പൗരനും പതിനഞ്ചു ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ താന്‍ എത്തിക്കുമെന്നും മോഡി ഉഗ്രശപഥം ചെയ്തു. ഒരു രൂപയുടെ കള്ളപ്പണവും വിദേശ ബാങ്കുകളില്‍ നിന്ന് നരേന്ദ്രമോഡി സര്‍ക്കാര്‍ പിടികൂടിയതുമില്ല. ഒരു രൂപയും ഒരു ഭാരതീയ പൗരന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതുമില്ല. ഇന്നിപ്പോള്‍ ആ വാഗ്ദാനത്തെക്കുറിച്ച് തന്റെ ഭരണത്തിന്റെ അന്ത്യവേളയില്‍ നരേന്ദ്രമോഡിയും സംഘപരിവാര നേതാക്കളും മൗനത്തിന്റെ വാല്‍മീകത്തിലാണ്. അതേ സമയം ഇന്ത്യയിലെ കുത്തക മുതലാളിമാരുടെ കള്ളനോട്ട് വെളുപ്പിക്കാന്‍ സാധാരണ ജനങ്ങളെ മരണക്കിടങ്ങിലേക്ക് തള്ളിയിട്ട് നോട്ട് നിരോധനവും നടപ്പിലാക്കി. രണ്ടാം യുപിഎ സര്‍ക്കാര്‍ പെട്രോളിയം മുതലാളിമാര്‍ക്ക് കൈമാറിയ വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാരില്‍, താന്‍ അധികാരത്തിലെത്തിയാല്‍ നിക്ഷിപ്തമാക്കുമെന്നായിരുന്നു മറ്റൊരു സുപ്രധാന വാഗ്ദാനം. വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല മന്‍മോഹന്‍സിങ് നയിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ അദമ്യമായി ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഡീസലിന്റെ വിലനിര്‍ണയാധികാരം കൂടി നരേന്ദ്രമോഡി എണ്ണമുതലാളിമാര്‍ക്ക് പതിച്ചുനല്‍കി. ഓരോ ദിവസവും എണ്ണ മുതലാളിമാര്‍ക്ക് വില പുനര്‍നിര്‍ണയിക്കുവാനുള്ള അവകാശവും കനിഞ്ഞനുഗ്രഹിച്ചു നല്‍കി. എണ്ണ മുതലാളിമാര്‍ മോഡിയോട് നീതിപുലര്‍ത്തിക്കൊണ്ട് എണ്ണവില എല്ലാ ദിവസവും വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴും രാജ്യത്ത് എണ്ണവില കുതിച്ചുയര്‍ന്നുകൊണ്ടേയിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം രണ്ടുകോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്നതായിരുന്നു മറ്റൊരു സുപ്രധാന വാഗ്ദാനം. അത് പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, തൊഴിലുള്ളവര്‍ക്ക് നിരന്തരം തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. പൊതുമേഖലാ വ്യവസായങ്ങളെ, പൊതുമേഖലാ ബാങ്കുകളെ, ഇതര പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തക മുതലാളിമാര്‍ക്കുവേണ്ടി സ്വകാര്യവല്‍കരിച്ചതുവഴി ലക്ഷോപലക്ഷം പേരുടെ തൊഴില്‍ നഷ്ടമായി. ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുവാനും സബ്‌സിഡി നിരാകരിക്കുവാനും നിശ്ചയിച്ചത് രണ്ടാം യുപിഎ സര്‍ക്കാരാണ്. അന്ന് എഐസിസി സമ്മേളനത്തില്‍ മന്‍മോഹന്‍സിങ്ങിന്റെയും സോണിയാഗാന്ധിയുടെയും സാന്നിധ്യത്തില്‍ ഉത്തരവ് വലിച്ചുകീറി രാഹുല്‍ഗാന്ധി കാറ്റില്‍പറത്തുന്ന രാഷ്ട്രീയനാടകം അരങ്ങേറി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും സബ്‌സിഡികള്‍ ഉയര്‍ത്തുമെന്നും തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച നരേന്ദ്രമോഡി സിംഹാസനാരോഹിതനായപ്പോള്‍ നേര്‍ വിപരീതമായി പ്രവര്‍ത്തിച്ചു. വോട്ട് പിടിക്കാനായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിര്‍ലജ്ജം ലംഘിച്ച നരേന്ദ്രമോഡി പുതിയ ഗിമ്മിക്ക് പരിപാടികളുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമം പൗരത്വാവകാശ ബില്‍, മുന്നാക്ക സംവരണ നിയമം എന്നിവയൊക്കെ ഭരണത്തിലിരുന്ന നാലേമുക്കാല്‍ വര്‍ഷക്കാലം ഓര്‍മിക്കാതിരുന്നവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൊടിതട്ടിയെടുത്തു. പാര്‍ലമെന്റില്‍ നീതിപൂര്‍വമായ ചര്‍ച്ചയ്ക്കുപോലും സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഈ ബില്ലുകള്‍ വിധേയമായില്ല. ഭൂരിപക്ഷ വര്‍ഗീയത സൃഷ്ടിച്ച് വോട്ട്ബാങ്ക് രൂപപ്പെടുത്തുകയാണ് ആത്യന്തികമായ ലക്ഷ്യം. അതിന് അയോധ്യയെയും രാമജന്‍മഭൂമിയെയും തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്. അധികാരത്തിലിരുന്ന കാലത്തൊക്കെ അയോധ്യയെയും രാമജന്‍മഭൂമിയെയും രാമമന്ദിറിനെയും ഓര്‍മിക്കാത്തവര്‍ നീതിപീഠങ്ങളെ ശാസിക്കുകയും കര്‍ക്കശ നിര്‍ദേശം നല്‍കുകയുമാണ്. അയോധ്യ-രാമജന്‍മഭൂമി കേസിലെ സുപ്രീംകോടതി വിധി വൈകാന്‍ പാടില്ലെന്ന് ശാസിക്കുന്നത് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും കാല്‍ക്കീഴിലാക്കുന്ന ഫാസിസ്റ്റ് അജണ്ടയാണിത്. പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലത്ത് തര്‍ക്കഭൂമി എന്ന് രേഖപ്പെടുത്തി പൂട്ടിയിട്ട ഭൂമി പലവട്ടം വിവാദങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കര്‍സേവകര്‍ക്ക് ശിലാന്യാസം നടത്തുവാന്‍ തുറന്നുകൊടുത്ത കാലംമുതല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്കും ആര്‍എസ്എസിനും അയോധ്യ വീണ്ടും പ്രിയങ്കര ദേശമായി മാറി. അയോധ്യയിലെ 67.39 ഏക്കര്‍ ഭൂമി തര്‍ക്കമില്ലാത്തതാണെന്നും അത് അനുവദിച്ചു നല്‍കണമെന്നുമാണ് വാദം. ഇതിനായി സുപ്രീംകോടതിയില്‍ പോയത് കേന്ദ്രസര്‍ക്കാരാണ് എന്നതുകൂടി നാം ചിന്തിക്കണം. മൃദു ഹിന്ദുത്വ വക്താവും അതിന്റെ പ്രയോക്താവും പ്രചാരകനുമായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വാഗ്ദാന പെരുമഴ വര്‍ഷിക്കുന്നു. അധികാരത്തിലെത്തിയാല്‍ നിയമസഭയിലും പാര്‍ലമെന്റിലും വനിതാസംവരണം ഉറപ്പാക്കും. എല്ലാ ഭാരതീയര്‍ക്കും ബാങ്ക് അക്കൗണ്ടുകളിലൂടെ മിനിമം വേതനം ഉറപ്പാക്കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാക്കും. കേള്‍ക്കുവാന്‍ മധുരതരമാണ് വാഗ്ദാനങ്ങള്‍. പക്ഷേ ഒന്നു തിരിഞ്ഞുനോക്കേണ്ടതുണ്ട്. പണ്ഡിറ്റ് നെഹ്‌റു മുതല്‍ മന്‍മോഹന്‍സിങ് വരെ എത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചു. ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ ഓര്‍മയുണ്ടോ? കേരളത്തിലെത്തിയ നരേന്ദ്രമോഡിക്കും രാഹുല്‍ഗാന്ധിക്കും പൊതുശത്രു ഒന്നേയുള്ളു. അത് വര്‍ഗീയ ഫാസിസത്തിനെതിരായി നിരന്തരം പൊരുതിയ, ശബരിമലാ ദര്‍ശനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ച, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ, പൗരോഹിത്യവര്‍ഗ വരേണ്യതയ്‌ക്കെതിരെ നവോത്ഥാന കേരള പോരാട്ടങ്ങളുടെ ചരിത്രം മുന്‍നിര്‍ത്തി പടപൊരുതിയ കേരളത്തിന്റെ മതനിരപേക്ഷ സാംസ്‌കാരികത സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ മുന്നണിയാണ് ഇരുകൂട്ടരുടെയും പൊതുശത്രു. നൂറ്റാണ്ടു കണ്ട കൊടിയ പ്രളയത്തെയും പേമാരിയെയും അതിജീവിക്കുവാന്‍ കേരളത്തെ പ്രാപ്തമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരാണ് അവരുടെ പൊതുശത്രു. പ്രളയത്തിന്റെ അതിജീവനത്തിന് പ്രതിബന്ധമായി നിന്ന കേന്ദ്രസര്‍ക്കാരിന്റെയും ഒരു സംഭാവനയും ചെയ്യാത്ത കോണ്‍ഗ്രസിന്റെയും കപടമുഖം ജനത തിരിച്ചറിയും. വാഗ്ദാനങ്ങളുടെ പൊള്ളത്തരവും ജനങ്ങള്‍ക്ക് മനസിലാവും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം