malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ഇടക്കാലവുമല്ല, സമഗ്രവുമല്ല; പ്രചാരണഘോഷം മാത്രം

സി പി ചന്ദ്രശേഖർ
തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ് പ്രസംഗമായതുകൊണ്ടുതന്നെ പകരക്കാരനായി എത്തിയ ധനമന്ത്രി പീയുഷ് ഗോയലിന്റെ വാക്കുകളിലും മോഡി സർക്കാരിന്റെ വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളിലും ഒരു രാഷ്ട്രീയ പരിപാടിയുടെ സമർഥമായ പ്രതിപാദനവും പ്രചാരണസ്വഭാവവും ഉണ്ടായിരുന്നു. ഒരു ഇടക്കാല ബജറ്റിന്റെ എല്ലാ ചട്ടങ്ങളും ലംഘിക്കുന്നതായിരുന്നു അത്. തെരഞ്ഞെടുപ്പുസമയത്ത് വോട്ട് നേടുക ലക്ഷ്യമാക്കി ധനച്ചെലവ് മേഖലയിൽ മൂന്ന് പ്രധാന മാറ്റങ്ങളാണ‌് വരുത്തിയിട്ടുള്ളത്. ഒന്നാമതായി ‘ഭൂമിയുള്ള’ കർഷകർക്കായി, രണ്ട് ഹെക്ടർവരെയുള്ളവർക്ക് 6000 രൂപ പണമായി നൽകൽ, 15000 രൂപയിൽ കുറഞ്ഞ മാസവരുമാനമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ, അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്കും ശമ്പളക്കാർക്കും ആദായ നികുതിയിൽ ഇളവ് നൽകൽ എന്നിവയാണവ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ ആനൂകൂല്യങ്ങൾ യഥാർഥത്തിൽ അർഹരായവർക്ക് ലഭിക്കുമെന്നല്ല, മറിച്ച് ആ വിഭാഗത്തിനും ആനുകൂല്യം നൽകുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻമാത്രം പോന്നതാണ്. ഒരു കർഷകന് 6000 രൂപ വർഷത്തിൽ പണമായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് പറഞ്ഞാൽ അതിന്റെ അർഥം ഒരഞ്ചംഗ കുടുംബത്തിന് 500 രൂപയോ നൂറുരുപയോ ആളോഹരി വരുമാനം ലഭിക്കുന്നുവെന്നുമാത്രമാണ്. ഇതൊന്നുമല്ലെന്ന് ഭൂരിപക്ഷം കർഷകരും മനസ്സിലാക്കും. 12 കോടി ഭൂവുടമകളായ കർഷകർ പദ്ധതിയുടെ ഭാഗമാകുമെന്നതിനാൽ രാഷ്ട്രീയലാഭം കിട്ടുമെന്നുതന്നെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഈ പദ്ധതിക്ക് (മറ്റു പദ്ധതികളെ പോലെ ഇതും അന്തിമമായി നടപ്പിലാകാനുള്ള സാധ്യത വിരളമാണെങ്കിലും) വർഷത്തിൽ 75000 കോടി രൂപ വകയിരുത്തേണ്ടതുണ്ട്. കാർഷിക സമൂഹത്തെയും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും കഴിഞ്ഞ നാലരവർഷത്തെ ആവശ്യമായ സ്വാമിനാഥൻ കമീഷൻ നിർദേശങ്ങൾ(കാർഷിക ചെലവിന്റെ 150 ശതമാനം കൂടുതൽ താങ്ങുവിലയായി നിശ്ചയിക്കണമെന്ന നിർദേശം) നാലരവർഷത്തെ ഭരണത്തിനൊടുവിലാണ് പരിഗണിക്കുമെന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾമാത്രം കർഷകരെക്കുറിച്ച‌് ഉൽക്കണ്ഠപ്പെടുന്നത് അവർ തിരിച്ചറിയുകതന്നെ ചെയ്യും. വോട്ടിന‌് വേണ്ടിയുള്ള പദ്ധതികൾ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പെൻഷൻ പദ്ധതിയും സമാനമാണ്. ഇപ്പോൾ അറുപത് വയസ്സ് പൂർത്തിയാകുന്നവർക്കുള്ളതല്ല, പുതുതായി പദ്ധതിയിൽ രജിസ്റ്റർ ചെയ‌്തവർക്കുള്ളതാണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ പദ്ധതി. പങ്കാളിത്ത പദ്ധതിയാണിത്. പദ്ധതിയിൽ ചേരുന്ന 29 വയസ്സുള്ള തൊഴിലാളി മാസംതോറും 100 രൂപ അടയ‌്ക്കണം. 1200 രൂപ വീതം 30 വർഷം അടച്ചാൽ 60 വയസ്സാകുമ്പോൾ 3000 രൂപ പെൻഷന് അർഹതയുണ്ടാകുമെന്നാണ് പ്രഖ്യാപനം. വിലക്കയറ്റനിരക്ക് 5 ശതമാനം ഉയർന്നാൽ പോലും ഇന്നത്തെ വിലനിരക്കനുസരിച്ച് തൊഴിലാളികൾക്ക‌് ലഭിക്കുന്നത് 700 രൂപയിൽ താഴെയായിരിക്കും. ഒരു തൊഴിലാളി 3,60,000 രൂപയാണ് മൊത്തത്തിൽ അടയ‌്ക്കേണ്ടിവരിക. പലിശ കൂട്ടാതെയാണ് ഈ തുക. അടുത്ത പത്ത് വർഷത്തേക്ക‌് അതായത് 70 വയസ്സ് വരെ ലഭിക്കുന്ന പെൻഷൻ തുകയ‌്ക്ക് തുല്യമായ തുകയായിരിക്കും ഇത്. ഇത്തരം നാടകമാടുന്നതിന് പകരം സാർവത്രികവും മിനിമം കൂലിയുടെ പകുതിയോളം തുക ലഭ്യമാക്കുകയുംചെയ്യുന്ന പെൻഷൻ പദ്ധതി പ്രഖ്യാപിക്കുകയാണ് വേണ്ടിയിരുന്നത്. അങ്ങനെ വന്നാൽ 5000 രൂപയെങ്കിലും പെൻഷൻ ലഭിക്കുമായിരുന്നു. അവസാനമായി നികുതി നൽകേണ്ട രണ്ടരലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക‌് ഫലത്തിൽ ഒരു നികുതി ഇളവും ലഭിക്കാത്ത പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ശമ്പളക്കാർക്ക് ഇളവ് പ്രഖ്യാപിച്ചതിന് ശേഷവും ബജറ്റ‌് എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ആദായനികുതി വരുമാനത്തിൽ കുറവുണ്ടാകില്ലെന്നാണ് ഇടക്കാല ബജറ്റിന്റെ പ്രത്യേകത. ആദായ നികുതിയിനത്തിൽ 529,000 കോടി രൂപയാണ് 2018–-19 ലെ പ്രതീക്ഷിത വരുമാനം. 2019–-20 ൽ ഇത് 620,000 കോടി രൂപയായാണ് ഉയരുക. പ്രഖ്യാപിച്ച ഇളവുകൾ ഏറെയില്ലെന്ന് സാരം. ഇതെല്ലാം ചേർത്തുവച്ചാൽ, ‘മോഡി’ ‘മോഡി’ വിളികൾക്കും കരഘോഷങ്ങൾക്കും ഇടയിൽ പ്രഖ്യാപിച്ച ഇളവുകൾ അവസാനഘട്ടത്തിൽ വോട്ട് കീശയിലാക്കാനുള്ള ദയനീയമായ പ്രകടനമാണ് ഇടക്കാല ബജറ്റെന്ന് മനസ്സിലാക്കാം. ഉള്ളടക്കത്തിൽ പൊള്ളയായ വിലകുറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണഘോഷം മാത്രമാണിത്. വൻതുക ഓരോ ആളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഇടുമെന്ന് പ്രഖ്യാപിക്കുകയും ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ഈ വാഗ‌്ദാനങ്ങൾ വിശ്വസിക്കുമോ എന്ന് വരുംനാളുകളിൽ നമുക്ക് കാണാം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം