malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

മുത്തലാഖും ഭീകരവാദവും

കെവിഎസ് ഹരിദാസ്
പീഡിപ്പിക്കപ്പെടുന്ന പാവപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി നിലകൊള്ളുക എന്നത് പ്രതിബദ്ധതയായി നരേന്ദ്രമോദി കരുതി. ആ ഒരു നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തത് കൊണ്ടുകൂടിയാണ് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. മുത്തലാഖ് എങ്കില്‍ അത്; ഭീകരവാദമെങ്കില്‍ അത് ......., അങ്ങിനെ കാണുന്നത് എന്തോക്കെയും വോട്ടിന് വേണ്ടി പ്രയോജനപ്പെടുത്താം എന്ന് കരുതുന്ന ഒരു കൂട്ടര്‍ സജീവമായി നിലകൊണ്ടാല്‍ രാജ്യത്തിന്റെ ഭാവി എന്താവും? സാധാരണക്കാരന്റെ മനസിലെ സംശയമാണിത്. രണ്ട് സംഭവങ്ങള്‍ മാത്രം: ഒന്ന്, മുത്തലാഖ് നിരോധിച്ച പശ്ചാത്തലത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രതിപക്ഷ നീക്കങ്ങള്‍. രണ്ട്, രാജ്യത്തെ തകര്‍ക്കാനായി ആഗോള ഭീകര പ്രസ്ഥാനങ്ങള്‍ നടത്തിയ നീക്കങ്ങള്‍ നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ പൊളിച്ചപ്പോള്‍ അതിനോട് പ്രതിപക്ഷ നേതാക്കളും കക്ഷികളും സ്വീകരിച്ച നിലപാട്. രണ്ടും വിശകലനം ചെയ്താല്‍ നാം കാണുക പ്രതിപക്ഷത്തിന്റെ രാഷ്ട്ര വിരുദ്ധതയാണ്. രണ്ടാമത്തേതില്‍ നിന്ന് തുടങ്ങാം. ഹര്‍ക്കത്ത് - ഉള്‍ -ഹുര്‍ബെ ഇസ്ലാം എന്ന ഭീകര പ്രസ്ഥാനമാണ് ഇന്ത്യയില്‍ വലിയ ആക്രമണത്തിന് പദ്ധതിയിട്ടത്. ബോംബുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, അത്യന്താധുനിക തോക്കുകള്‍ മറ്റ് സ്‌ഫോടന സാമഗ്രികള്‍ ഒക്കെയായി, പരിശീലനം ലഭിച്ച തീവ്രവാദികള്‍ രാജ്യത്ത് തമ്പടിച്ചു. വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനവും കൂട്ടക്കൊലയുമാണ് പദ്ധതിയിട്ടിരുന്നത്. അയോധ്യയിലെ രാമക്ഷേത്രവും ലക്ഷ്യമിട്ടിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്. അറസ്റ്റിലായ ഭീകരരെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. അവര്‍ അന്വേഷിക്കട്ടെ. ആഗോള ബന്ധങ്ങള്‍, അവര്‍ക്ക് രാജ്യത്തിനകത്ത് ലഭിച്ച സഹായം എന്നിവയൊക്കെ വെളിച്ചത്ത് വരാനും സുരക്ഷാ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കാനും അത് സഹായിക്കും എന്ന് തീര്‍ച്ച. മുന്‍പൊരിക്കല്‍ ഐഎസ്ഐഎസ് ഇതുപോലെ ഒരു ഭീഷണി ഉയര്‍ത്തിയിരുന്നു. കൊടും ഭീകരനായ ഹഫീസ് സെയ്ദിന്റേതിന് സമാനമായ വാക്കുകളാണ് അവര്‍ പ്രയോഗിച്ചത്. അന്ന് 'ഇസ്ലാമിക ഭീകരതയെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ എതിര്‍ത്ത് തോല്‍പ്പിക്കു'മെന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്നാണ് ആ സന്ദേശം ലോകത്തിന് മോദി നല്‍കിയത്. കാശ്മീരില്‍ എല്ലാവിധത്തിലുമുള്ള പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാനും അവരുടെ ചിലവില്‍ കഴിയുന്ന ഭീകരരും ശ്രമിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്തേത് പോലെയല്ല ഇപ്പോഴത്തെ അവസ്ഥ. സുരക്ഷാ സേനക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഭീകരരെ താലോലിക്കുന്ന നിലപാടല്ല ഇന്ന്. അതുകൊണ്ടുകൂടിയാണ് ഇക്കഴിഞ്ഞ വര്‍ഷത്തില്‍, നവംബര്‍ വരെയുള്ള കണക്കനുസരിച്ച്, 200ഓളം ഭീകരര്‍ അവിടെ വെടിയേറ്റുമരിച്ചത്. അഞ്ചുപേര്‍ കീഴടങ്ങി. മുന്‍പൊക്കെ ഭീകരരെ സ്‌നേഹിച്ചും ഭയപ്പെട്ടും കഴിഞ്ഞിരുന്ന ഗ്രാമീണര്‍ ഇന്നിപ്പോള്‍ അവരെ തുറന്നുകാട്ടാന്‍ തയ്യാറാവുന്നു. ഇത് തുടര്‍ പോരാട്ടമാണ്. അതിനെ ഇന്ത്യാ സര്‍ക്കാര്‍ കരുതലോടെ ജാഗ്രതയോടെ കാണുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാണുന്ന ഭീകരവേട്ട. സാധാരണ ഇത്തരം വേളകളില്‍ നാം രാഷ്ട്രീയം നോക്കാതെ സുരക്ഷാ ഏജന്‍സികളെ പ്രകീര്‍ത്തിക്കാറുണ്ട്. അനുമോദിക്കാറുമുണ്ട്. അതാണല്ലോ മര്യാദ. പ്രധാനമന്ത്രി അടക്കം പലരും ഇപ്പോഴും അതിന് മടിച്ചതുമില്ല. പക്ഷെ അതില്‍പോലും മതവും വോട്ടുബാങ്കും രാഷ്ട്രീയവുമൊക്കെ കാണാനാണ് ചിലര്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ പ്രതികരണമാണ് സൂചിപ്പിച്ചത്. 'പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമൂഹത്തെ ധ്രുവീകരിക്കാന്‍ മാത്രമേ എന്‍ഐഎ നീക്കം സഹായിക്കൂ' എന്ന് പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? പൊതു തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുംവരെ ഭീകരര്‍ അഴിഞ്ഞാടട്ടെ, ആരും അനങ്ങരുത്, കാണരുത് എന്നാണോ കോണ്‍ഗ്രസ് നിലപാട്? ഓര്‍മ്മ വരുന്നത് മുംബൈ ഭീകരാക്രമണത്തിന് ശേഷം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സ്വീകരിച്ച നാണംകെട്ട നിലപാടാണ്. സൈന്യത്തിലെ മൂന്ന് വിഭാഗങ്ങളുടെയും തലവന്മാരുടെ യോഗം വിളിച്ചു. ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എങ്കിലും വേണം എന്നും അത് പ്രതിരോധ സേനയുടെയും രാജ്യത്തിന്റെയും ആത്മവീര്യം വര്‍ധിപ്പിക്കുമെന്നും സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷെ യോഗത്തില്‍വച്ച് ഒന്നും നിശ്ചയിച്ചില്ല. മിണ്ടണ്ട, അനങ്ങണ്ട എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനൊക്കെയൊപ്പമാണ് മുത്തലാഖ് പ്രശ്‌നത്തിലെ നിയമനിര്‍മ്മാണത്തെയും കാണേണ്ടത്. ഒന്നാലോചിച്ച് നോക്കൂ, ഒരു മത വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ എത്രമാത്രം വേദനിച്ചിരുന്നു എന്ന്. അവരെ എത്ര മോശമായാണ് മുതലാഖിന്റെ മറവില്‍ പീഡിപ്പിച്ചിരുന്നത്? ഒരു സുപ്രഭാതത്തില്‍ പൊതുനിരത്തിലേക്ക് എറിയപ്പെടുന്ന എത്രയോ മുസ്ലിം യുവതികള്‍........ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോയതും ആ സ്ത്രീകള്‍ തന്നെയാണ്. അവരുടെ വേദനക്കൊപ്പം മോദി സര്‍ക്കാര്‍ നിലകൊണ്ടു എന്നത് ശരിയാണ്. അത് മുസ്ലിം സ്ത്രീകളെ രക്ഷിക്കാനാണ്. ആ മതവിഭാഗത്തില്‍ നിന്ന്, സര്‍വ സാധാരണമായി കാണുന്നത് പോലുള്ള, എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് സര്‍ക്കാരിനും ബിജെപിക്കും അറിയാമായിരുന്നു. പക്ഷെ പീഡിപ്പിക്കപ്പെടുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുക എന്നത് പ്രതിബദ്ധതയായി നരേന്ദ്ര മോദി കരുതി. ആ നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തത്‌കൊണ്ടുകൂടിയാണ് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. അവിടെ സ്ത്രീവിരുദ്ധ പക്ഷത്തായിരുന്നു പല രാഷ്ട്രീയ കക്ഷികളും. കോണ്‍ഗ്രസ് തന്നെ ഉദാഹരണം. ആ പാര്‍ട്ടിയുടെ നേതാക്കള്‍ പലരും മുസ്ലിം മതമൗലിക വാദികളുടെ പക്ഷത്ത് അണിനിരന്നു. ഷാബാനോ കേസില്‍ മുസ്ലിം സ്ത്രീകളുടെ സംരക്ഷകരായി അണിനിരന്നവരാണ് സിപിഎമ്മുകാര്‍. അവരും ഇപ്പോള്‍ മുസ്ലിം സ്ത്രീകളെ കൈവിടുന്നു. എന്തായാലും കോടതി മുത്തലാക്ക് നിരോധിച്ചു. അതിന് മുതിരുന്നവരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിനുള്ള ശ്രമമാണ് നടക്കുന്നത്. അപ്പോഴാണ് ന്യൂനപക്ഷ സംരക്ഷണം പറഞ്ഞ് ഇതേകൂട്ടര്‍ രംഗത്ത് വരുന്നത്. ആരാണിപ്പോള്‍ ഇന്ത്യന്‍ ജനതയെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്? അവരെയാണല്ലോ എന്‍ഐഎ പിടികൂടിയത്. പക്ഷെ, അപ്പോഴും ഇവിടെ ജീവിക്കാന്‍ ഭയപ്പെടുന്നു എന്ന് ചിലര്‍ പറയുന്നു. അതും അതേ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍. അപ്പോഴും ജിഹാദികളെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ഇടതുപക്ഷക്കാരും ഇറങ്ങുന്നു. അവരെ അലട്ടുന്നത് വോട്ട് മാത്രമാണ്. സ്ത്രീ സംരക്ഷണമോ രാജ്യരക്ഷയോ അല്ല. അറസ്റ്റിലായത്, അല്ലെങ്കില്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിടിയിലാവുന്നത്, പലപ്പോഴും ഒരു പ്രത്യേക മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. അവരില്‍ ചിലര്‍ക്കാണല്ലോ പാക്കിസ്ഥാനുമായും ഇസ്ലാമിക ഭീകരരുമായും ബന്ധം. അതുകൊണ്ടാണ് അവര്‍ പിടിക്കപ്പെടുന്നത്. അങ്ങനെയായാല്‍ തങ്ങള്‍ എതിര്‍ക്കുമെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. അത് പോലെ തന്നെയാണ് മുത്തലാക്ക് പ്രശ്‌നവും. പക്ഷെ മോദി സര്‍ക്കാരിന് അതൊന്നും പ്രശ്നമേയല്ല എന്ന് രാജ്യം തിരിച്ചറിയുന്നു; വോട്ടല്ല രാജ്യതാല്‍പര്യമാണ് പ്രധാനം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം