malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

അർധ ജനാധിപത്യവും മാധ്യമവിക്കും

എ വി അനിൽകുമാർ
വിക്ക് അലട്ടിയിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസംഗങ്ങൾ അറച്ചുനിൽക്കാത്തവയായിരുന്നു. ജനാധിപത്യത്തിന്റെ ബലിഷ്ഠത വെറും വരേണ്യ താൽപ്പര്യങ്ങളിൽമാത്രം തെരയുന്ന മാധ്യമങ്ങളുടെ വിക്കിന് അറച്ചുനിൽപ്പും അകമ്പടിയായുണ്ട്. രണ്ടും ചേരുമ്പോൾ അവ്യക്തതയുടെ പൊടിപടലമാണുയരുന്നത്. ഇന്ത്യൻ ഭരണസംവിധാനം അർധ ജനാധിപത്യമാണെന്ന രാമചന്ദ്ര ഗുഹയുടെ അഭിപ്രായം വിട്ടുകളയാനാകില്ല. സാമ്പത്തിക ചൂഷണം, ധനിക‐ ദരിദ്ര വിടവ്, ആശയവിനിമയ സ്വാതന്ത്ര്യ നിഷേധം, കൊളോണിയൽ നിയമങ്ങളുടെ സാന്നിധ്യം, നീതിന്യായ വ്യവസ്ഥയിലെ അപാകത, വർഗീയത, മാധ്യമങ്ങളുടെ ജനവിരുദ്ധത, എഴുത്തുകാർക്കു നേരെയുള്ള ആക്രമണം എന്നിവയാണ് ആ പ്രതികരണത്തിന്റെ അടിസ്ഥാനം. ദേശീയ പണിമുടക്കിനെതിരെ പുലർത്തിയ അവഗണന അർധ ജനാധിപത്യത്തിന്റെ മികച്ച സമീപകാല ഉദാഹരണമാണ് ചില മാധ്യമങ്ങൾ ദേശീയ പണിമുടക്കിനെതിരെ പുലർത്തിയ അവഗണന. മൂലധനത്തിന് സർവ സ്വാതന്ത്ര്യവും വകവച്ചുകൊടുക്കുന്ന അവ വിമർശനങ്ങളെ അതിക്രമമായി വിലയിരുത്തുകയാണ്. ഫ്രഞ്ച് കൊളോണിയലിസ്റ്റുകൾ വിയറ്റ്നാമിൽ നടത്തിയ കൂട്ടക്കുരുതി കുപ്രസിദ്ധം. മനുഷ്യരുടെ തലയറുത്ത് പ്രദർശിപ്പിച്ച ക്രൂരതയുടെ സാക്ഷ്യമായി ചില ഫോട്ടോകളുണ്ട്. മറ്റുള്ളവരോട് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന സാമ്രാജ്യത്വം എന്നാൽ മനുഷ്യഹത്യകളിൽ ക്ഷമാപണംപോലും നടത്തിയിരുന്നില്ല. മാത്രവുമല്ല, പാതകങ്ങൾ പലമട്ടിൽ ആവർത്തിക്കുകയുമാണ്. കറുത്തവർക്കുള്ള ഏക പ്രതിഫലം മരണമാണെന്ന് ഉറപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അത്തരം വ്യാഖ്യാനത്തിലെ തടസ്സങ്ങൾ നീക്കിയത് മൂലധന താൽപ്പര്യങ്ങൾ. റോസാ ലക്സംബർഗ് പറഞ്ഞതാകട്ടെ, മൂലധനം ചോരയും അഴുക്കും ശരീരമാസകലം പുരണ്ടുനിൽക്കുന്നത് അപരിഷ്കൃതസഞ്ചയത്തിന്റെ ആരംഭത്തിൽ മാത്രമല്ല മുതലാളിത്തവളർച്ചയുടെ ഓരോ ഘട്ടത്തിലും ആവർത്തിക്കുമെന്നാണ്. ഒന്നാം ലോകയുദ്ധത്തിലെ ജർമൻ പങ്കാളിത്തത്തെ എതിർത്ത റോസയെ 1919 ജനുവരി 15ന് വാൾഡെമർപാമ്പസ്റ്റ് വധിച്ചു. അയാൾ ശിക്ഷിക്കപ്പെട്ടില്ലെന്നു മാത്രമല്ല, യുദ്ധാനന്തര ജർമനിയിൽ ആയുധ ഇടപ്പാടുകാരനായി വളരുകയുംചെയ്തു. ഹിറ്റ്ലറുടെ ഗ്യാസ് ചേമ്പറുകളിലേക്ക് വിഷവാതകം വിതരണംചെയ്ത ഐജി ഫാർബൻ ഫാസിസ്റ്റ് കാലത്ത് അതിശക്തമായി. സോഷ്യലിസ്റ്റ് ജർമനിയിൽനിന്ന് നിഷ്ക്രമിച്ച അത് ഏകീകരണത്തിനുശേഷം പൂർവാധികം ഊക്കോടെ തിരിച്ചുവരികയും ചെയ്തു. തന്റെ പിന്നിൽ ജനകോടികളുണ്ടെന്ന ഹിറ്റ്ലറുടെ അവകാശവാദത്തെ കളിയാക്കി ജോൺ ഹാർട്ഫീൽഡ് വരച്ച കാർട്ടൂൺ ലോകപ്രശസ്തമാണല്ലോ. നരേന്ദ്ര മോഡിയെ കഥാപാത്രമാക്കി അത്തരമൊരു രചനയ്ക്ക് ഇന്ത്യൻ പത്രപ്രവർത്തകർക്ക് ശേഷിയുണ്ടോ. ഇരുപത് കോടിയിലധികം ഇന്ത്യൻ തൊഴിലാളികൾ ജനുവരി എട്ട്, ഒമ്പത് തീയതികളിൽ പണിമുടക്കിയപ്പോൾ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നും ചർച്ചയ്ക്ക് വരാതിരിക്കാൻ മിക്ക മാധ്യമങ്ങളും പാടുപെട്ടു. ഒറ്റപ്പെട്ട ചെറിയ അക്രമങ്ങൾ പർവതീകരിച്ച് വെണ്ടയ്ക്ക നിരത്തുകയുംചെയ്തു. മൂർത്തമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് തീവണ്ടികൾ തടയാൻ ജനങ്ങൾ സംഘടിക്കുന്നതെന്ന യാഥാർഥ്യം അഭിമുഖീകരിക്കാൻ തയ്യാറായതുമില്ല. അതെല്ലാം ഫാസിസത്തിന്റെയും വർഗീയ സമാഹരണത്തിന്റെയും ഉന്മാദത്തിന് സമാനമായി വരവുവയ്ക്കുകയായിരുന്നു. പണിമുടക്കിനോടനുബന്ധിച്ച് രാജസ്ഥാനിലെ ആൽവാറിനടുത്ത നീമ്രാനയിൽ ഡെയ്കിൻ എയർകണ്ടീഷൻ ഫാക്ടറിക്ക് മുന്നിൽ ചെങ്കൊടി ഉയർത്താൻ ശ്രമിച്ചതിനെത്തുടർന്നുള്ള ക്രൂരമായ ഗുണ്ടാ‐ പൊലീസ് മർദനമേറ്റ് അമ്പതിലധികം തൊഴിലാളികൾ ആശുപത്രിയിലായത് കൃത്യമായി ഒളിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് രുകുമുദ്ദീൻ, ജനറൽ സെക്രട്ടറി ദൗലത്ത് റാം എന്നിവർക്ക് കാര്യമായ ക്ഷതമേറ്റു. ചിലരുടെ കൈകളൊടിഞ്ഞു. മറ്റു ചിലരുടെ തലയിലായിരുന്നു കാര്യമായ പരിക്ക്. ആയിരത്തഞ്ഞൂറിലധികം പ്രവർത്തകർ ചെങ്കൊടി ഉയർത്താൻ മുതിരുകയായിരുന്നു. ആ സമയത്താണ് പ്രകോപനമില്ലാതെ പൊലീസ് കടന്നാക്രമിച്ചത്. 35 തവണ ടിയർഗ്യാസ് പ്രയോഗിച്ചു. ലാത്തിച്ചാർജും ജലപീരങ്കിയും പലവട്ടം. ടൊയോട്ട, ഹോണ്ട, മാരുതി, സുസുകി, ഐജെഎൽ, രുചി ബിയർ, ശ്രീരാം പിസ്റ്റൺസ്, ഷയോൺ, അൾട്രാവേർ, നിഡെക് തുടങ്ങിയ കമ്പനികളിലെ തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചതും ആവേശകരമായി. ആ സംഘർഷത്തിനിടയിലും കൊടി ഉയർത്തിയേ പ്രവർത്തകർ അടങ്ങിയുള്ളൂ. എന്നാൽ, ഒരു ബാങ്കിന് നേരെയുണ്ടായ ആക്രമണം പല ദിവസങ്ങൾ ഒന്നാം പുറത്ത് വലിയ വാർത്തയായിട്ടാണ് നിരത്തിയത്. ബാങ്കിങ് മേഖലയെ മുച്ചൂടും മുടിച്ച മോഡിക്ക് താമ്രപത്രം നൽകിക്കൊണ്ടായിരുന്നു സമാധാന പ്രബോധനം. പ്രധാനമന്ത്രിയുടെ പര്യായങ്ങളായ ചില മോഡിമാർ അഞ്ചുലക്ഷം കോടിയോളംരൂപ ബാങ്കുകളെ വെട്ടിച്ച് കേന്ദ്ര സഹായത്തോടെ കടന്നുകളഞ്ഞത് സാഹസിക കൃത്യമാക്കുകയായിരുന്നു. കുംഭകോണ പരമ്പരകളിൽ വീണ്ടും കോടികൾ തുലഞ്ഞത് സാധാരണക്കാരന്റെ പതിനായിരം രൂപ കിട്ടാക്കടത്തിന് തുല്യമാക്കി അവതരിപ്പിക്കുകയും ചെയ്തു. കോർപറേറ്റ്കൾക്ക് പ്രതിവർഷം 5 ലക്ഷംകോടിയുടെ നികുതിയിളവുകൾ നൽകിയ ബജറ്റുകൾ വർഷത്തിൽ ഒരുലക്ഷം കോടിയുടെ സബ്സിഡികൾ വെട്ടിക്കുറച്ചതും കർഷകരുടെ ആത്മാഹൂതി നിരക്ക് 46 ശതമാനമായതും ചെറിയ ദൂരപരിധിയിൽ മൊബൈൽ സിഗ്നൽ കൈമാറ്റത്തിന് ഉപയോഗിക്കുന്ന മൈക്രോവേവ് സ്പെക്ട്രം മുകേഷ് അംബാനിക്ക് ചട്ടങ്ങൾ പാലിക്കാതെ നൽകിയതിലൂടെ 69381 കോടി പൊതുഖജനാവിന് നഷ്ടംവരുത്തിയതും കണ്ടതായി നടിച്ചില്ല. ഗതാഗതം, നിർമാണം, ബാങ്കിങ്, വാണിജ്യോൽപ്പാദനം, പൊതുസേവന തുറകൾ‐ എല്ലാം പണിമുടക്ക് ഏറെക്കുറെ നിശ്ചലമാക്കി. ഗ്രാമീണ‐ നഗര മേഖല കൈകോർത്തുനിന്നുവെന്നതും പ്രധാനം. സംയുക്ത പ്രതിഷേധത്തെ തച്ചുതകർക്കാൻ മോഡിയും ആർഎസ്എസും വൻകിട മാധ്യമ സ്ഥാപനങ്ങളും തുനിഞ്ഞിറങ്ങി. 18000 രൂപ മിനിമം ശമ്പളം, 3000രൂപ മിനിമം പെൻഷൻ തുടങ്ങി പരിമിതവും ജീവൽപ്രധാനവുമായ ആവശ്യങ്ങൾമാത്രം ഉന്നയിച്ച പണിമുടക്ക് മാധ്യമങ്ങൾക്ക് അരോചകമായി. നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ നേടിയവ ബ്രിട്ടനിൽ തെരേസ മേയുടെ നയങ്ങൾക്കെതിരെ പൊരുതുന്ന ജനങ്ങളെക്കാൾ പാർലമെന്റംഗം തുലിപ് സിദ്ദിഖ് പ്രസവ ശസ്ത്രക്രിയാ തീയതി മാറ്റിയതാണ് പലരെയും പുളകംകൊള്ളിച്ചത്. ബ്രെക്സിറ്റ് വോട്ടെടുപ്പിൽ പങ്കെടുക്കാനായിരുന്നത്രെ മാറ്റം. നവമാധ്യമങ്ങളിലുള്ളവർ അമേരിക്കൻ‐ ബ്രസീൽ അനുഭവപാഠങ്ങൾ വിസ്മരിച്ചുകൂടാത്തതാണ്. 2016 ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ സ്ഥാപനമായ "ഇന്റർനെറ്റ് റിസർച്ച് ഏജൻസി' ട്രോളുകളും പോസ്റ്റുകളുംകൊണ്ട് ട്രംപിനു അനുകൂലമായ തരംഗം കൃത്രിമമായി സൃഷ്ടിച്ചുവെന്ന ആരോപണം "ദി ഗാർഡിയൻ' പത്രം സമ്മതിക്കുകയുണ്ടായി. റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ഹിലരിയുടെ പ്രചാരണ വിഭാഗം അധ്യക്ഷൻ ജോൺ പൊഡേസ്റ്റയുടെ ഈമെയിൽ അക്കൗണ്ടുകൾ ചോർത്തി വിക്കിലീക്സിന് കൈമാറുകയായിരുന്നു. ബ്രസീലിൽ 2018 ഒക്ടോബർ 28ന് നടന്ന തെരഞ്ഞെടുപ്പും തകിടംമറിച്ചു. താരതമ്യേന ചെറുകക്ഷിയുടെ പ്രതിനിധിയും വർണവിവേചനാനുകൂലിയുമായ ജെയ്ർ ബോൽസനാരോ ഏറ്റവും ജനപിന്തുണയുള്ള ഇടതുപക്ഷ സ്ഥാനാർഥി ഫെർണാണ്ടോ ഹദ്ദാദിനെ പിന്തള്ളിയതിനു പിന്നിൽ ബഹുരാഷ്ട്ര കമ്പനികളും വിദേശ ഏജൻസികളും ഉണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. ബോൽസനാരോക്ക് നിറഞ്ഞ പിന്തുണയുമായെത്തിയത് ‘റെക്കോഡ്’ ടെലിവിഷൻ. അതിന്റെ ഉടമയാകട്ടെ, ബിഷപ് എഡിർ മാസിഡോ. 2003 മുതൽ 2011 വരെ അധികാരത്തിലിരുന്ന ലുല ഡ സിൽവയുടെ കാലത്തെ സാമ്പത്തിക കുതിപ്പ് വാഗ്ദാനംചെയ്ത ഹദ്ദാദി, എല്ലാ ജനങ്ങളും ഉൾക്കൊള്ളുന്ന ബ്രസീലാണ് സ്വപ്നമെന്നും കൂട്ടിച്ചേർത്തു. ബോൽസനാരോയാകട്ടെ, വർക്കേഴ്സ് പാർടിക്കും കമ്യൂണിസ്റ്റുകാർക്കും വെനസ്വേലയ്ക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തി. കറുത്തവരെയും സ്ത്രീകളെയും മൂന്നാം ലിംഗക്കാരെയും കണക്കറ്റ് കളിയാക്കുകയും ചെയ്തു. ട്രംപിനെതിരെ അമേരിക്കയിൽ നടന്ന വനിതാ റാലികളെ ഓർമിപ്പിക്കുംവിധം ബോൽസനാരോയ്ക്കെതിരെ 2017ൽ ബ്രസീൽ തിളച്ചുമറിഞ്ഞു. യാഥാസ്ഥിതിക ബിസിനസ് ലോബികൾ ശതകോടി ഡോളറുകൾ ഒഴുക്കി തുറന്നുവിട്ട മലിനപ്രചാരണമാണ് അദ്ദേഹത്തെ തുണച്ചത്. തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന ഒട്ടുമിക്ക അവകാശങ്ങളും മുതലാളിവർഗം തൃപ്തിയോടെ അനുവദിച്ചവയല്ല. മറിച്ച് നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ നേടിയവയാണ്. വൻകിട മുതലാളിത്ത രാജ്യങ്ങളിലും അതാണ് ചരിത്രം. ദേശീയ പണിമുടക്ക് മഹാരാഷ്ട്ര, കേരളം, ഒഡിഷ, ഹരിയാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പഞ്ചാബ്, കർണാടക, ഗോവ, രാജസ്ഥാൻ, മേഘാലയ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായിരുന്നിട്ടും മാധ്യമങ്ങൾ പതിവുരീതിയിൽ തന്നെയായിരുന്നു. മഹാരാഷ്ട്രയിൽ ബാങ്കുകൾ ഏറെക്കുറെ അടച്ചുപൂട്ടി, ഗതാഗതവും സർക്കാർ ഓഫീസുകളും മുടങ്ങി. ബിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടി (ബിഇഎസ്ടി)ലെ മുപ്പതിനായിരം ജീവനക്കാർ സമരത്തിൽ ഭാഗഭാക്കായി. അത് 25 ലക്ഷം ആളുകളെ ബാധിച്ചു. ഒഡിഷയിൽ യാത്ര ദുഷ്കരമായി. ഭുവനേശ്വറിൽ എൻഎച്ച് 16 ലെ സമരം തീക്ഷ്ണമായിരുന്നു. തുടർന്ന്, സർവകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അസമിൽ വാഹനങ്ങൾ നാമമാത്രമായാണ് ഓടിയതും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം