malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ഉയരുന്നത് വൻമതിൽ

കോടിയേരി ബാലകൃഷ്ണൻ
പുതുവർഷത്തിൽ കേരളത്തിലുയരുന്ന വനിതാമതിൽ രാഷ്ട്രീയ ‐ സാമൂഹ്യ മണ്ഡലങ്ങളിൽ ദേശീയമായിത്തന്നെ ചലനം സൃഷ്ടിക്കുന്നതാകും. നവോത്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നാണ് സ്ത്രീ ‐പുരുഷ സമത്വം. സ്ത്രീപദവി സാമൂഹ്യജീവിതത്തിലും സാംസ്കാരികരംഗത്തും മാത്രമല്ല, ഭരണ ‐ രാഷ്ട്രീയതലങ്ങളിലും ഉറപ്പിക്കാനുള്ള പ്രേരണ ഇത് നൽകും. 50 ശതമാനം സീറ്റ് പ്രദേശികഭരണത്തിൽ സ്ത്രീകൾക്കുറപ്പിച്ചത് കേരളമാണ്. 33 ശതമാനം സംവരണം സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭകളിലും ലഭിക്കുന്നതിനുള്ള ബിൽ ഇതുവരെ പാസായിട്ടില്ല. നിയമനിർമാണ സഭകളിൽ സ്ത്രീസംവരണത്തിന് അനുകൂലമാണെന്ന് അവകാശപ്പെടുന്ന ബിജെപി കേന്ദ്രത്തിൽ ഭരണത്തിൽവന്ന് അഞ്ചുവർഷം പൂർത്തിയാക്കാൻ പോകുകയാണെങ്കിലും വഞ്ചന കാട്ടി. ഇത്തരം വഞ്ചനകൾക്കെതിരായി ഉയരുന്ന സ്ത്രീശക്തിയുടെ വികാരംകൂടിയാകും വനിതാമതിൽ. ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രകാരം 40 ലക്ഷം വനിതകൾ മതിൽ തീർക്കാനെത്തും. ഓരോ മണിക്കൂറിലും പിന്തുണ വർധിക്കുകയാണ്. ഇത് തുടർന്നാൽ 50 ലക്ഷം വനിതകളെങ്കിലും പങ്കെടുക്കും. ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ ഇതിനായി ബുക്ക് ചെയ്തുകഴിഞ്ഞു. സ്വന്തം വാഹനങ്ങളിൽ ആളുകളുമായി എത്താനും നിശ്ചയിച്ചിട്ടുണ്ട്. കാൽനടയായി എത്തുന്നവരുടെ എണ്ണവും ചെറുതല്ല. ജനുവരി ഒന്നിന് വൈകിട്ട് നാലിന് അരക്കോടി സ്ത്രീകൾ അണിനിരക്കുമ്പോൾ, ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്ന ലോകത്തെതന്നെ ആദ്യത്തെ സംഭവമാകും. ഇതിന്റെ വിജയം ഉറപ്പായതോടെ പല കേന്ദ്രങ്ങളും വിറളിയിലാണ്. അവർ മതിലിനെ വികൃതവൽക്കരിക്കാനുള്ള കുത്സിതശ്രമങ്ങൾ തുടരുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലബാറിൽ നടന്ന "മാപ്പിള ലഹള'യെപ്പറ്റിയുള്ള ഔപചാരിക ചരിത്രപഠനം തിരുത്തിക്കുറിച്ചത് ഇ എം എസും കമ്യൂണിസ്റ്റ് നേതാക്കളുമാണ്. അത് ലീഗ് നേതാവ് എം കെ മുനീറിനെ പോലുള്ളവർക്ക് അറിയില്ലെങ്കിലും ചരിത്രമറിയുന്ന മുസ്ലിംസമുദായത്തിലെ അംഗങ്ങൾ മനസ്സിലാക്കും വർഗീയതയുടെയും ജാതീയതയുടെയും പ്രതലത്തിൽ കാലുറപ്പിച്ചവർ വനിതാമതിൽ ഒരു കക്ഷിരാഷ്ട്രീയമോ ജാതി‐മത വിഷയമോ അല്ല. ഇതിൽ തെളിയുന്നത് നവോത്ഥാനമൂല്യങ്ങളാണ്. ആ അർഥത്തിൽ ഇതൊരു രാഷ്ട്രീയശക്തി കൂടിയാണ്. സ്വാതന്ത്ര്യസമര കാലയളവിൽ സാമൂഹ്യ‐സാംസ്കാരിക ഭേദമെന്യേ ജനങ്ങളെ ഒന്നിപ്പിക്കാൻ സ്വാതന്ത്ര്യസമരനേതാക്കൾ ശ്രമിച്ചപ്പോൾ ഹിന്ദുക്കളെ മുസ്ലിങ്ങൾക്കെതിരായും ക്രിസ്ത്യാനികളെ മുസ്ലിങ്ങൾക്കെതിരായും ഉയർന്ന ജാതിക്കാരെ താഴ്ന്ന ജാതിക്കാർക്കെതിരായും തിരിച്ചുവിടുന്ന പണി ബ്രിട്ടീഷ് ഭരണക്കാർ ചെയ്തു. ആ ബ്രിട്ടീഷ് തന്ത്രം വനിതാമതിലിനെതിരെ ഉപയോഗിക്കുന്നതിൽ യുഡിഎഫും ആർഎസ്എസും യോജിച്ചിരിക്കുന്നു. ഈ രണ്ട് കൂട്ടരും വർഗീയതയുടെയും ജാതീയതയുടെയും പ്രതലത്തിൽ കാലുറപ്പിച്ചാണ് മതിൽ പൊളിക്കാൻ കിണഞ്ഞ് നോക്കുന്നത്. ഇതിൽ പിണറായി വിജയൻ സർക്കാരിനും എൽഡിഎഫിനുമെതിരെയുള്ള രാഷ്ട്രീയലാക്കുമുണ്ട്. ഹിന്ദുമതിലെന്ന് യുഡിഎഫും ഹിന്ദു വിരുദ്ധ മതിലെന്ന് ആർഎസ്എസും ബിജെപിയും ഒരേവേളയിൽ ആക്ഷേപിക്കുന്നു. യഥാർഥത്തിൽ ഉയരാൻപോകുന്നത് മതനിരപേക്ഷ മതിലാണ്. ഇക്കാര്യം ഞങ്ങളെല്ലാം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പാടിയ പാട്ട് നിർത്താൻ വിരുദ്ധർ തയ്യാറല്ല. മതാധിഷ്ഠിത വർഗീയരാഷ്ട്രീയം വിളമ്പുന്നതിൽ മുസ്ലിംലീഗും കോൺഗ്രസിന്റെ കേരളഘടകവും സംഘപരിവാറുമായി മത്സരത്തിലാണ്. നവോത്ഥാനചരിത്രത്തിലെ അഹിന്ദുക്കളുടെ പങ്കാളിത്തം വനിതാമതിൽ സ്രഷ്ടാക്കൾ വിസ്മരിക്കുന്നുവെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നു. നവോത്ഥാനത്തിലെ ഹിന്ദുപരിഷ്കരണത്തെ ആസ്പദമാക്കിയാണ് വനിതാമതിലെന്നാണ് യുഡിഎഫ് അഭിപ്രായം. ഇത് തികച്ചും അവാസ്തവമാണ്. ശ്രീനാരായണഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമി, വൈകുണ്ഠസ്വാമി തുടങ്ങിയ നവോത്ഥാന നായകർ കേരളത്തിന്റെ പൊതുസ്വത്താണ്. അവരെ ജാതിയുടെയോ മതത്തിന്റെയോ കള്ളിയിൽ അടയ്ക്കാൻനോക്കുന്നത് പിന്തിരിപ്പൻ നടപടിയാണ്. അതിനപ്പുറം അത് ചരിത്രനിഷേധമാണ്. ശ്രീനാരായണഗുരുവിന്റെ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വനിതാമതിലിൽ പങ്കെടുക്കുക എന്ന ആഹ്വാനം മുഴങ്ങുന്നുണ്ട്. ഇത് കേട്ടിട്ട് വനിതാമതിൽ "ഹിന്ദു പരിഷ്കരണ'മാണെന്ന് മുദ്രകുത്തുന്നത് കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ഇകഴ്ത്തുന്നതും തരംതാഴ്ത്തുന്നതുമാണ്. നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതിൽ ക്രൈസ്തവ ‐ ഇസ്ലാമിക ഭൂത ‐ വർത്തമാനകാല ചലനങ്ങൾ അടക്കം ഉൾക്കൊള്ളുന്നതാണ്. കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ശക്തിപ്പെട്ടതാണ് നവോത്ഥാനം. എന്നാൽ, യൂറോപ്പിന്റെ ചരിത്രത്തിൽ 14, 15 നൂറ്റാണ്ടുകളിൽ ആരംഭിച്ച് 18–ാം നൂറ്റാണ്ടിൽ പ്രബലമായ പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ നവോത്ഥാനമൂല്യങ്ങൾ കേരളത്തിലെത്തിച്ചതിൽ ബ്രിട്ടീഷുകാർക്കും ക്രിസ്ത്യൻ മിഷണറിമാർക്കും വലിയ പങ്കുണ്ട്. കേരളീയജീവിതത്തിന്റെ എല്ലാ വശങ്ങളിലും ന്യൂനപക്ഷങ്ങൾ നൽകിയ സംഭാവനയെ, ഭൂരിപക്ഷവിഭാഗത്തിൽനിന്നുണ്ടായ സംഭാവനയെപ്പോലെതന്നെ ഇടതുപക്ഷം അംഗീകരിക്കുന്നു. ഇതിലൂന്നിനിന്നാണ് വനിതാമതിൽ സംഘടിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലബാറിൽ നടന്ന "മാപ്പിള ലഹള'യെപ്പറ്റിയുള്ള ഔപചാരിക ചരിത്രപഠനം തിരുത്തിക്കുറിച്ചത് ഇ എം എസും കമ്യൂണിസ്റ്റ് നേതാക്കളുമാണ്. അത് ലീഗ് നേതാവ് എം കെ മുനീറിനെ പോലുള്ളവർക്ക് അറിയില്ലെങ്കിലും ചരിത്രമറിയുന്ന മുസ്ലിംസമുദായത്തിലെ അംഗങ്ങൾ മനസ്സിലാക്കും. മലബാർ കലാപത്തെ വർഗീയ ലഹളയായി ചരിത്രകാരന്മാരടക്കം വിലയിരുത്തിയപ്പോൾ അത് ജന്മിത്തവിരുദ്ധ ‐ ബ്രിട്ടീഷ് വിരുദ്ധ കർഷക കലാപം ആയിരുന്നുവെന്നും അവസാനഘട്ടത്തിൽ വർഗീയതയിൽ വഴുതിവീണതാണെന്നും ഇ എം എസ് രേഖപ്പെടുത്തി. അതുപ്രകാരം ദേശാഭിമാനിയിൽ "ആഹ്വാനവും താക്കീതും' എന്ന ശീർഷകത്തിൽ എഴുതിയ മുഖപ്രസംഗത്തെത്തുടർന്ന് ദേശാഭിമാനി ദിനപത്രം ബ്രിട്ടീഷ് ഭരണം നിരോധിച്ചുവെന്നതും വിസ്മരിക്കാവുന്ന ഏടല്ല. കലാപത്തിന് കാരണം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികനയങ്ങളും ജന്മി‐നാടുവാഴി ഭരണത്തിന്റെ മനുഷ്യത്വവിരുദ്ധമായ നിലപാടുകളുമാണെന്ന് ഇ എം എസ് കുറിച്ചു. ഇങ്ങനെ മലബാറിലെ മുസ്ലിങ്ങൾ നേതൃപരമായ പങ്കുവഹിച്ച കലാപങ്ങളെ വർഗീയലഹളയായി മുദ്രകുത്തി മാറ്റിനിർത്തിയപ്പോൾ, സാമ്രാജ്യത്വ പക്ഷപാതങ്ങളെയും വർഗീയതയെയും മറികടന്ന് കാർഷിക കലാപത്തിന്റെ മഹനീയതലത്തിൽ മലബാർ കലാപത്തെ എത്തിക്കുകയാണ് ഇ എം എസ് ചെയ്തത്. ഹിന്ദുവിഭാഗങ്ങളിൽ നിന്നുമാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിലും നവോത്ഥാനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച കവികളും സാഹിത്യകാരന്മാരും സാമൂഹ്യപരിഷ്കർത്താക്കളും കേരളത്തിലുണ്ട്. ചാവറയച്ചനെ പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ ക്രിസ്ത്യൻ വിഭാഗത്തിലെ പ്രവർത്തനം പ്രധാനമാണ് നവോത്ഥാനത്തെ ഉത്തേജിപ്പിച്ചവർ മാപ്പിളമുന്നേറ്റത്തിന്റെ ചാലകശക്തികളായി മാറിയ ബുദ്ധിജീവികളിൽ പ്രമുഖരായ വെളിയംകോട് ഉമർ ഖാസി, സെയ്ദ് അലവി തങ്ങൾ, അദ്ദേഹത്തിന്റെ മകൻ മമ്പുറം സെയ്ദ് ഫസൽ പൂക്കോയ തങ്ങൾ, സെയ്ദ് സനാ ‐ ഉല്ലാ മക്തി തങ്ങൾ തുടങ്ങിയവരുടെ പ്രവർത്തനങ്ങളും മതപഠനങ്ങളും മാപ്പിളമാരുടെ മത‐സാംസ്കാരിക ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു. മക്തി തങ്ങൾ ഒരു യാഥാസ്ഥിതിക മുസ്ലിമായിരുന്നില്ല. പരിഷ്കരണവാദിയായിരുന്നു. പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്ന് അദ്ദേഹം വാദിച്ചു. ഇംഗ്ലീഷിനെ നരകഭാഷയായി കണ്ട കാലമായിരുന്നു അത്. അന്ന് ഇംഗ്ലീഷും മലയാളവും പഠിക്കാനുള്ള മാപ്പിളമാരുടെ വിരക്തിയെ അപലപിച്ചു. അറബി മലയാളത്തെ പരിഷ്കരിക്കുകയും ലളിതവൽക്കരിക്കുകയും ചെയ്തു. പരിഷ്കരിച്ച ലിഖിതങ്ങൾ പ്രചാരത്തിലാക്കാൻ മുഅല്ലി ‐ ഉൽ ‐ ഇഖ്വാൻ എന്ന ഗ്രന്ഥം മക്തി തങ്ങൾ രചിച്ചു. 19–ാം നൂറ്റാണ്ടിലെ മാപ്പിളമുന്നേറ്റത്തിൽ ഇവരുടെയെല്ലാം പങ്ക് വലുതാണ്. കേരളത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലെത്തിക്കാൻ ഇവരുടെയെല്ലാം പ്രവർത്തനങ്ങൾ നിർണായകമായി. മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയുമെല്ലാം നേതാക്കൾ വനിതാമതിലിനെപ്പറ്റി എന്തെല്ലാം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധരുടെ മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളിൽ പ്രതിഫലിക്കുന്ന പ്രതിച്ഛായയാകില്ല വനിതാമതിലിന്. അതിൽ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരക്കും. അത് കാണുമ്പോഴെങ്കിലും തങ്ങൾ നടത്തിയ പൊള്ളത്തരത്തിന് മാപ്പ് ചോദിക്കാൻ തയ്യാറാകുമോ എന്തോ. ഹിന്ദുവിഭാഗങ്ങളിൽ നിന്നുമാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിലും നവോത്ഥാനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച കവികളും സാഹിത്യകാരന്മാരും സാമൂഹ്യപരിഷ്കർത്താക്കളും കേരളത്തിലുണ്ട്. ചാവറയച്ചനെ പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ ക്രിസ്ത്യൻ വിഭാഗത്തിലെ പ്രവർത്തനം പ്രധാനമാണ്. പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ മാത്രമല്ല, അവിടങ്ങളിൽ ഉച്ചഭക്ഷണം കൊടുക്കാനും ചാവറയച്ചൻ നേതൃത്വം നൽകി. പൊയ്കയിൽ യോഹന്നാനെപ്പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ നിര വേറെയുമുണ്ട്. ശ്രീ യേശുവിജയം മഹാകാവ്യത്തിന്റെ കർത്താവായ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, ചന്തുമേനോന്റെ പൂർത്തിയാകാത്ത "ശാരദ' പൂർത്തിയാക്കിയ ശ്രീ അന്തപ്പായി തുടങ്ങിയവരും അനേകം ദിനപത്രങ്ങളുടെ ഉടമകളും പത്രാധിപരും ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളവരായിരുന്നു. പൊൻകുന്നം വർക്കി, ജോസഫ് മുണ്ടശ്ശേരി, എം പി പോൾ തുടങ്ങിയ എത്രയോ സാഹിത്യകാരന്മാരെയും വിമർശകരെയും ജന്മം നൽകി ക്രൈസ്തവ സമുദായം. മാപ്പിളപ്രസ്ഥാനത്തിന്റെ ജനയിതാവ് മോയിൻകുട്ടി വൈദ്യർ, "ഐക്യം' പ്രതിവാര പത്രത്തിന്റെ പത്രാധിപരായ സീതി സാഹിബ്, "അൽ ‐ അമീൻ' സ്ഥാപക പത്രാധിപരായിരുന്ന അബ്ദുൾ റഹ്മാൻ, "സ്വദേശാഭിമാനി' പത്രത്തിന്റെ ഉടമ വക്കം അബ്ദുൾ ഖാദർ മൗലവി, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരെല്ലാം സമുദായത്തിനും രാജ്യത്തിനുമെന്നപോലെ സാഹിത്യത്തിനും പത്രപ്രവർത്തനത്തിനും നൽകിയ സേവനം മറക്കാവുന്നതല്ല. നവോത്ഥാനത്തെ ഉത്തേജിപ്പിച്ച എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും സംഭാവന വിസ്മരിക്കാതെയാണ് വനിതാമതിൽ ഉയരുന്നത്. എന്നാൽ, നവോത്ഥാനത്തെയും അതിന്റെ നായകരെയും വെറുക്കുന്ന ശക്തിയാണ് ബിജെപിയും ആർഎസ്എസും നയിക്കുന്ന ഇന്നത്തെ കേന്ദ്ര സർക്കാരെന്ന് അനുദിനം പുറത്തുവരുന്ന ഭരണനടപടികൾ വ്യക്തമാക്കുന്നു. അയിത്തത്തിനെതിരായ വൈക്കം സത്യഗ്രഹവും അതിനെ പിന്തുണച്ച മഹാത്മാഗാന്ധിയുടെയും ശ്രീനാരായണഗുരുവിന്റെയും കൂടിക്കാഴ്ചയും ചിത്രീകരിക്കുന്ന കേരള സർക്കാരിന്റെ ഫ്ളോട്ടിന് റിപ്പബ്ലിക്ഡേ പരേഡിൽ കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ചത് ഒടുവിലത്തെ ഉദാഹരണമാണ്. കേന്ദ്ര സർക്കാർ നടപടി നവോത്ഥാനപ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ പുറകോട്ടുനയിക്കുന്ന നവോത്ഥാനവിരുദ്ധരായ സംഘപരിവാറുമായി കൂട്ടുചേർന്ന് സങ്കുചിത രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് വനിതാമതിലിനെ എതിർക്കുന്നത്. വനിതാമതിൽ ചരിത്രത്തിലെ പ്രധാന സംഭവമാകും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം