malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

കേരളത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ അയ്യപ്പജ്യോതി

സ്വാമി ചിദാനന്ദപുരി
കൊടും കാട്ടില്‍ മലമുകളില്‍ സന്നിധാനം ചെയ്യുന്ന ഭഗവാന്‍ തന്റെ മണ്ഡപത്തെ സംബന്ധിച്ചും അവിടേക്ക് വരേണ്ടുന്ന ഭക്തന്മാരെ സംബന്ധിച്ചും നേരില്‍ പന്തള മന്നന് നിര്‍ദേശം നല്‍കിയെന്നും അതിനനുസരിച്ചാണ് അവിടത്തെ ആചാരമര്യാദകള്‍ എന്നുമാണ് നാം പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്. ആ വിശ്വാസം പുലര്‍ത്താന്‍ നമുക്ക് പൂര്‍ണമായ അധികാരമുണ്ട്. തന്റെ സന്നിധാനത്തില്‍ നിശ്ചിത വ്രതമനുസരിക്കാനുള്ള അധികാരം ശ്രീ അയ്യപ്പസ്വാമിക്കുണ്ട് നാളെ കേരളത്തില്‍ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റംവരെ നെടുനീളത്തില്‍ ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഏറെക്കുറെ എല്ലാ ഹൈന്ദവസാമുദായികസാംസ്‌കാരികസംഘടനകളുടെയും സഹയോഗത്തോടുകൂടി അയ്യപ്പജ്യോതി തെളിയുകയാണ്. മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ നിശ്ചയിക്കപ്പെട്ട പരിപാടിയെക്കുറിച്ചറിഞ്ഞ് തമിഴ്‌നാട്, കര്‍ണാടകപ്രദേശങ്ങളിലെ സജ്ജനങ്ങളും പങ്കുചേരുാന്‍ താത്പര്യം പ്രകടിപ്പിച്ചതിനനുസരിച്ച് തെക്ക് കന്യാകുമാരി വരെയും വടക്ക് മംഗലാപുരംവരെയും ഈ ജ്യോതിയെ വ്യാപിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇന്നത്തെ കേരളീയ പശ്ചാത്തലത്തില്‍ വലിയ പ്രസക്തിയാണ്, പ്രാധാന്യമാണ് അയ്യപ്പജ്യോതിക്കുള്ളത്. ലോകത്തില്‍ ഏറ്റവുമധികം തീര്‍ഥയാത്രികര്‍ എത്തിച്ചേരുന്ന സങ്കേതമായ ശബരിമല ക്ഷേത്രവും ക്ഷേത്രാചാരങ്ങളും ഏറെയായി വിവാദങ്ങളുടെ നീര്‍ച്ചുഴിയിലാണ്. സമാജത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായ, ഉപാസനാനിഷ്ഠയ്ക്കുള്ള പ്രേരകസ്ഥാനമായ, മദ്യം തുടങ്ങിയ മഹാവിപത്തുക്കളില്‍നിന്നും താത്കാലികമായെങ്കിലും മോചനം നല്കുന്ന വിശ്വാസപ്രഭവമായ ശബരിമല ഇന്ന് അസ്വസ്ഥതയുടെയും അശാന്തിയുടെയും സങ്കേതമാക്കിത്തീര്‍ക്കപ്പെട്ടിരിക്കുകയാണ്. സനാതനധര്‍മത്തിന്റെ അടിസ്ഥാനവും കരുത്തും സൗന്ദര്യവും നാനാത്വത്തില്‍ ഏകത്വം എന്ന സവിശേഷതയാണ്. ഭാഷയുടെയും ഭൂഷയുടെയും ആചരണങ്ങളുടെയുമൊക്കെ വൈവിധ്യങ്ങളുടെ അന്തര്‍ധാരയായി ഏകതയുടെ, ധര്‍മത്തിന്റെ ചരട് നിരീക്ഷിക്കുന്നവര്‍ക്ക് സുസ്പഷ്ടമായി ഗ്രഹിക്കാനാവും. ക്ഷേത്രങ്ങളുടെ വിഷയത്തിലാണെങ്കില്‍ ഈ വൈവിധ്യം ഏറെ ശ്രദ്ധേയമാണ്. കേരളീയ ക്ഷേത്രങ്ങളിലേക്കു വരൂ, നാനാത്വങ്ങളുടെ, വൈവിധ്യങ്ങളുടെ മേളയാണിവിടം. സാത്ത്വിക-രാജസിക-താമസികഭേദത്തിലുള്ള ദേവതകളും ഉപാസനാസമ്പ്രദായങ്ങളും നമുക്കു കാണാം. അവ തീര്‍ത്തും വിഭിന്നങ്ങളാണ്. ഇതിനു പുറമേ പ്രത്യേകമായ പ്രതിഷ്ഠാസങ്കല്പത്തിനനുസരിച്ചും പല വിധ ഐതിഹ്യങ്ങളിലുറച്ച നിലയ്ക്കുമൊക്കെ ആചരണവൈവിധ്യങ്ങള്‍ നാം കാണുന്നു. ആ ആചരണങ്ങളും അവയുടെ അടിസ്ഥാനമായി നിലകൊള്ളുന്ന വിശ്വാസപ്രമാണങ്ങളും ധര്‍മവ്യവസ്ഥയെ സുദൃഢമാക്കി നിലനിര്‍ത്തുന്നു. ഈ വിശ്വാസപ്രമാണങ്ങളെയും ആചാരവ്യവസ്ഥകളെയും കാലാകാലങ്ങളില്‍ സംരക്ഷിച്ചുകൊണ്ട് സമൂഹവും സാമൂഹ്യവ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ട് ആചാരാനുഷ്ഠാനങ്ങളും നിലകൊള്ളുന്നു. ഈ ആചാരാനുഷ്ഠാനങ്ങളില്‍ ദേശകാലങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുന്നതും വരാത്തവയും ഉണ്ട്. യഥാകാലം ഇവയുടെ നിര്‍ണയം ചെയ്യേണ്ടത് ആചാര്യസഭയും വിദ്വാന്മാരുമാണ്. ക്ഷേത്രവിഷയത്തില്‍ തന്ത്രിവര്യനും തന്ത്രവൈദികജ്യോതിഷാദിശാസ്ത്രനിപുണരും ഒക്കെച്ചേര്‍ന്നാണ് ആചാര്യപരിഷ്‌കരണം ചെയ്യേണ്ടത്. ഏതെങ്കിലും ഒരു മതവ്യവസ്ഥയിലേക്ക് മതനിരപേക്ഷസര്‍ക്കാരോ കോടതിയോ അവിഹിതമായി കടന്നു കയറുകയും മറ്റു മതവ്യവസ്ഥകളെക്കുറിച്ച് ദൂരം പാലിക്കുകയും ചെയ്യുന്നത് അനാശാസ്യമാണ്, മതനിരപേക്ഷകാഴ്ച്ചപ്പാടിന്റെ അടിത്തറ ഇളക്കുന്നതാണ്. ജനകോടികള്‍ ആശ്രയിക്കുന്ന ശ്രീ ശബരിമല സന്നിധാനത്തിലും അവിടേയ്ക്കുള്ള തീര്‍ഥയാത്രയിലും ഒട്ടേറെ സവിശേഷതയാര്‍ന്ന ആചാരക്രമങ്ങള്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. ദര്‍ശനത്തിനു പോകുന്ന ഭക്തന്‍ സ്വയമേവ ഭഗവാനായി മാനിക്കപ്പെടുന്ന ഏകസങ്കേതം ഇതാണ്. സ്വയം അയ്യപ്പനായിത്തീര്‍ന്ന് അയ്യപ്പനില്‍ സായൂജ്യമടയുംവിധമാണ് തീര്‍ഥാടനക്രമങ്ങള്‍. അവിടെ ഭഗവാനാവട്ടെ, നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കുന്ന ഉഗ്ര താപസനും. കൊടും കാട്ടില്‍ മലമുകളില്‍ സന്നിധാനം ചെയ്യുന്ന ഭഗവാന്‍ തന്റെ മണ്ഡപത്തെ സംബന്ധിച്ചും അവിടേക്ക് വരേണ്ടുന്ന ഭക്തന്മാരെ സംബന്ധിച്ചും നേരില്‍ പന്തള മന്നന് നിര്‍ദേശം നല്‍കിയെന്നും അതിനനുസരിച്ചാണ് അവിടത്തെ ആചാരമര്യാദകള്‍ എന്നുമാണ് നാം പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്. ആ വിശ്വാസം പുലര്‍ത്താന്‍ നമുക്ക് പൂര്‍ണമായ അധികാരമുണ്ട്. തന്റെ സന്നിധാനത്തില്‍ തന്റെ നിശ്ചിത വ്രതമനുസരിക്കാനുള്ള അധികാരം ശ്രീ അയ്യപ്പസ്വാമിക്കുണ്ട്. നൂറ്റാണ്ടുകളായി പരിപാലിക്കപ്പെട്ടുപോരുന്ന ശബരിമലയിലെ ആചാര വ്യവസ്ഥയ്ക്ക് വിരുദ്ധമായി ബഹുമാനപ്പെട്ട സുപ്രീംകോടതി ഇക്കഴിഞ്ഞ സപ്തംബര്‍ 28ന് പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് ഉത്തരവായി. ഇത് വലിയ ഭക്തജനപ്രതിഷേധത്തിന് ഇടയാക്കി. കേരളത്തിലെ ആബാലവൃദ്ധം ക്ഷേത്രവിശ്വാസികള്‍ ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്തത്ര ഉത്സാഹത്തോടെ നാമജപവുമായി തെരുവിലിറങ്ങി. നവംബര്‍ 13 ന്, റിവ്യൂ റിട്ട് ഹര്‍ജികള്‍ നമ്മുടെ നിയമ വ്യവസ്ഥയുടെ ചരിത്രത്തില്‍ അത്യപൂര്‍വമായ വിധം ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുറന്ന കോടതിയില്‍ വിചാരണയ്ക്ക് വെക്കാനുള്ള തീരുമാനം സുപ്രീംകോടതി എടുത്തു. ജനുവരി 22 നാണ് ഹര്‍ജികള്‍ പരിഗണനയ്ക്ക് വരുന്നത്. മുന്‍ വിധിയില്‍ വീണ്ടുവിചാരമുണ്ടാവണമെന്ന ബഹുമാനപ്പെട്ട കോടതിക്ക് ബോദ്ധ്യപ്പെട്ടെന്നാണല്ലോ ഇതിനര്‍ഥം. എന്നാല്‍ കേരള സര്‍ക്കാരാകട്ടെ ഹിന്ദു സമൂഹത്തെയും ക്ഷേത്ര വിശ്വാസികളെയും ശബരിമല തീര്‍ഥാടകരെയും തീര്‍ത്തും അപമാനിക്കും വിധം നമ്മുടെ ആചാര വ്യവസ്ഥയെ ചവിട്ടിമെതിക്കുന്ന തരത്തില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ഹൈവേയുടെ വശങ്ങളിലുള്ള മദ്യഷാപ്പ് സംബന്ധിച്ച സുപ്രീംകോടതി വിധിയെ ഹൈവേകളെ ജില്ലാ നിരത്തുകളായി തരം താഴ്ത്തിക്കൊണ്ട് അതിക്രമിച്ച സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തിലുള്ള കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മത വിഭാഗത്തിന്റെ പള്ളി വിഷയത്തിലുണ്ടായ സുപ്രീംകോടതി വിധി വിശ്വാസത്തിന്റെയും വിശ്വാസികളുടെയും പേരു പറഞ്ഞ് നടപ്പിലാക്കാത്ത സര്‍ക്കാര്‍, ശബരിമല സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു. പൊതുസ്ഥലത്തെ പുകവലി നിരോധിച്ചപ്പോള്‍ കോടതികളിലേക്ക് മാര്‍ച്ച് നടത്തുകയും സമരത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരം അടിച്ചു തകര്‍ക്കുകയും പൊതുസ്ഥലത്ത് സമ്മേളനങ്ങള്‍ നിരോധിച്ചപ്പോള്‍ കോടതികളെ അപമാനിക്കുകയും ഒക്കെ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കോടതി ഭക്തിയും നിയമ മഹിമയുമൊക്കെ ബോധിപ്പിച്ച് രംഗത്തു വന്നു. ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന പവിത്രത തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് മതവിദ്വേഷ പ്രചാരണം നടത്തുകയും, മതവികാരത്തെ ആളിക്കത്തിക്കും വിധം പ്രവര്‍ത്തിക്കുകയും ആചാരവ്യവസ്ഥയെ നിന്ദിക്കുകയും ചെയ്ത പല യുവതികള്‍ക്കും ഉന്നത പോലീസ് അധികാരികളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് പോകാന്‍ വഴിയൊരുക്കിക്കൊണ്ട് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ നിരന്തരം അപമാനിച്ചുകൊണ്ടേയിരുന്നു. ശബരിമല സന്നിധാനത്തെ ആചാരശുദ്ധി ജീവന്‍ വെടിഞ്ഞും സംരക്ഷിക്കുമെന്ന് പ്രതിജ്ഞാബദ്ധരായ ഭക്തജനങ്ങള്‍ നാമജപത്തോടെ ശക്തമായി ചെറുത്തു നിന്നു. തന്ത്രിവര്യന്റെ ഉചിതമായ നിലപാടുകളും കൈക്കൊണ്ടു. ഇതൊക്കെയൊന്നിച്ചപ്പോഴാണ് പന്തളം രാജവംശപ്രതിനിധികളുടെ ഉറച്ച നിലപാടുകളും ഈ ദുഷ്ട പരിശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത്. നാമജപം ഉരുവിട്ട് സമാധാനപരമായി പ്രതികരിച്ചവരെ ഗുരുതരമായ വകുപ്പുകളനുസരിച്ച് കേസ്സെടുത്ത് ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആയിരക്കണക്കിന് പോലീസുദ്യോഗസ്ഥരെ ശബരിമല സന്നിധാനത്ത് ഇറക്കി ആരാധനാലയങ്ങളില്‍ പുലര്‍ത്തേണ്ടുന്ന നിയമ മര്യാദകളെ ലംഘിച്ചു. ക്ഷേത്ര സന്നിധാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. തന്ത്രിയേയും വിശ്വാസികളെയും അവഹേളിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് രംഗത്തുവന്നു. 1991 ലെ ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ശബരിമലയില്‍ യുവതീ പ്രവേശം നിഷേധിക്കപ്പെട്ടതെന്ന അസത്യപ്രചാരണം ഉണ്ടായി. തന്ത്രിയെ തങ്ങള്‍ക്ക് പിരിച്ചുവിടാമെന്ന് ഭീഷണി ഉയര്‍ത്തി സര്‍ക്കാര്‍ രംഗത്തുവന്നു. ഇതും പോരാഞ്ഞിട്ട് ജാതീയത എന്ന അപകടകരമായ മഹാഭൂതത്തെ കെട്ടഴിച്ചു വിട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്നത്. ശബരിലയില്‍ നിലവിലുള്ള യുവതീപ്രവേശ നിഷേധം ഏതെങ്കിലും ജാതി വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നിരിക്കെ അത് സവര്‍ണ ജാതീയതയുടെ മുഖമായി ചുവടായി ചിത്രീകരിച്ചുകൊണ്ട് തങ്ങള്‍ പുലര്‍ത്തുന്നത് നവോത്ഥാനപ്രക്രിയയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ അനര്‍ഹ പ്രചാരണം ചെയ്യുകയാണ്. അയ്യാ വൈകുണ്ഠ സ്വാമികള്‍, തൈക്കാട്ട് അയ്യാവ്, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യങ്കാളി, ശുഭാനന്ദ ഗുരുദേവന്‍, സദാനന്ദ ഭാരതി സ്വാമികള്‍, മന്നത്ത് പത്മനാഭന്‍, പണ്ഡിറ്റ് കറുപ്പന്‍, തുടങ്ങി നിരവധി ആധ്യാത്മിക സാംസ്‌കാരിക നായകന്മാരിലൂടെ സംജാതമായ നവോത്ഥാനത്താല്‍ ഏതേത് ദുഷിച്ച സാമൂഹ്യ തിന്മകളെ നമുക്ക് ജയിക്കാനായോ, കേരളത്തെ ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ഥാലയത്തിലേക്കാനയിക്കാന്‍ കഴിഞ്ഞുവോ ആ ദുരാചാരങ്ങളെല്ലാം തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമമാണ് ആചാര സംരക്ഷണത്തിന് വാദിക്കുന്നവര്‍ എന്ന ദുഷ്ട വാദവുമായി പ്രചാരണം ചെയ്യുകയും സമൂഹത്തെ ഭിന്നിപ്പിക്കുന്ന പല മതിലുകള്‍ പണിയുകയുമാണ് സര്‍ക്കാര്‍ ഏജന്‍സികളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും. പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാനാവാതെ പകച്ചു നില്‍ക്കുന്ന കേരളത്തിന് കരകയറാന്‍ ജനകീയ ഏകതയും പ്രയത്‌നവും ഒരുമിക്കേണ്ട സന്ദര്‍ഭത്തില്‍ ഹിന്ദു സമൂഹത്തെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എല്ലാ മതങ്ങളിലും ആര്‍ത്തവവുമായി ബന്ധപ്പെട്ട ആചാര വിശേഷങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അതൊന്നും കാണാതെ ഹിന്ദുക്കളെ മാത്രം അനാചാരത്തിന്റെ വക്താക്കളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഈ സന്ദര്‍ഭത്തില്‍ വിവിധങ്ങളായ ഭാവാത്മക കാര്യപരിപാടികളുമായി ശബരിമല കര്‍മസമിതി എല്ലാ സംഘടനകളുടെയും സഹായത്തോടുകൂടി അയ്യപ്പജ്യോതി ഉയര്‍ത്തുകയാണ്. സമൂഹ മനസ്സില്‍ ഏകതയും വെളിച്ചവും ഉയരട്ടെ. ഹിന്ദു വിരുദ്ധത മാത്രം മുഖമുദ്രയാക്കിയ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ക്ക് വെളിച്ചം ലഭിക്കട്ടെ. ആത്മവിശ്വാസത്തോടെ ആചാര വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ആവുമെന്ന് സമാജത്തിന് ബോദ്ധ്യപ്പെടുന്നതാകട്ടെ നാളെ തെളിയിക്കുന്ന അയ്യപ്പജ്യോതി. തമസോമാ ജ്യോതിര്‍ഗമയ എന്നതാവട്ടെ നമ്മുടെ പ്രാര്‍ഥന. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും എല്ലാ കാലങ്ങളിലും പലവിധ ദോഷങ്ങള്‍ നില നിന്നിട്ടുണ്ട്. അവയെ ഏതെങ്കിലും വിഭാഗത്തിന്റേതായി ഉയര്‍ത്തിക്കാട്ടി സ്വയം നിന്ദ്യരാവുകയല്ല നാം വേണ്ടത്. സദ്ഭാവനയുടെ, നവോത്ഥാന നായകരുടെ സന്ദേശമുള്‍ക്കൊണ്ട് ഉയരുകയാണ് വേണ്ടത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം