malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

വനിതാ മതിലും സംഘപരിവാറിന്റെ വർഗീയ പ്രചാരണവും

കെ ടി കുഞ്ഞിക്കണ്ണൻ
സ്ത്രീകൾക്കെതിരായ ലിംഗവിവേചനത്തിന്റെ പ്രശ്നം രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ സജീവ ചർച്ചാവിഷയമാക്കാൻ കഴിഞ്ഞുവെന്നതാണ് വനിതാ മതിലിനെ പ്രസക്തമായൊരു നവോത്ഥാന ഇടപെടലായി മാറ്റിയിരിക്കുന്നത്. സ്ത്രീയെയും ദളിതനെയും നീച ജന്മങ്ങളായി കാണുന്ന ബ്രാഹ്മണ വൈദിക സംസ്കാരത്തിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തെ സർവ്വതലങ്ങളിലും തുറന്നു കാട്ടുകയും പ്രതിരോധിക്കുകയും ചെയ്യുന്ന നവോത്ഥാന മുന്നേറ്റത്തിനാണ് വനിതാ മതിൽ തിരികൊളുത്തുന്നത്. അത് സർവ്വ മത വർഗീയ യാഥാസ്ഥിതിക കേന്ദ്രങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്, പ്രകോപിതരാക്കുന്നുണ്ട്. മനുസ്മൃതിയിലും ശങ്കര സംഹിതകളിലും അഭിരമിക്കുന്ന ഹിന്ദുത്വവാദികൾ വനിതാ മതിലുയർത്തുന്ന ആശയ സന്ദേശത്തെ പ്രതിരോധിക്കാനാവാതെ മുസ്ലിം‐ക്രിസ്ത്യൻ മതത്തിലെ സ്ത്രീവിരുദ്ധതയെ എന്തേ സിപിഐ എം എതിർക്കാത്തതെന്നൊക്കെയുള്ള വർഗീയ വിദ്വേഷ പ്രചാരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. കപട പ്രശ്നങ്ങളുയർത്തി യഥാർത്ഥ വിഷയങ്ങളിൽ നിന്നൊളിച്ചൊടുന്നവരാണല്ലോ ഫാസിസ്റ്റുകൾ. ചരിത്രം പറയുമ്പോൾ ഐതിഹ്യവും ഹിന്ദുവിനെ കുറിച്ച് പറയുമ്പോൾ മുസ്ലീമിനെയും ഇന്ത്യയെ കുറിച്ച് പറയുമ്പോൾ പാകിസ്ഥാനെയും കുറിച്ച്‌ പറയുന്ന കുതന്ത്രമാണവരുടെ രീതിയും വഴിയും. ശബരിമലയിലെ സ്ത്രീ പ്രശ്നം പറയുമ്പോൾ മുത്തലാഖിനെ കുറിച്ചാവും ചോദിക്കുക. മുത്തലാഖ് സ്ത്രീവിരുദ്ധവും ഇസ്ലാമിക നിയമങ്ങൾക്ക് പോലും വിരുദ്ധവുമായ ഏകപക്ഷീയമായ വിവാഹമോചന രീതിയായിട്ടാണ് സിപിഐ എം കാണുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കമുള്ള പുരോഗമന സംഘടനകൾ അത് നിർത്തലാക്കണമെന്നാവശ്യപ്പെട്ടതും സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ മുത്തലാഖ് നിരോധന വിധിയെ സ്വാഗതം ചെയ്തതുമാണ്. മുത്തലാഖ് നിരോധിക്കാനായി ബിജെപി കൊണ്ടുവന്ന ബില്ലിനെ സിപിഐ എം, സിപിഐ, കോൺഗ്രസ്, ആർജെഡി, ടിഎംസി തുടങ്ങിയ പ്രതിപക്ഷ പാർടികളും എൻഡിഎ ഘടകകക്ഷിയായ എഐഎഡിഎംകെയും പാർലമെന്റിലെതിർത്തത് അതിൽ മുസ്ലിങ്ങളെ ലക്ഷ്യമിടുന്ന വ്യവസ്ഥകൾ ഉള്ളത് കൊണ്ടാണ്. ഇന്ത്യയിൽ വിവാഹമോചന നിയമം സിവിൽ നിയമമാണ്. മുത്തലാഖ് നിയമത്തിൽ ക്രിമിനൽ കുറ്റത്തിന് 3 വർഷം വരെ ജയിലിലടക്കാനുള്ള വ്യവസ്ഥ വെച്ചതിനെയാണ് പ്രതിപക്ഷം എതിർത്തത്. മറ്റു മതസ്ഥരുടെ വിവാഹമോചന നിയമങ്ങളിലില്ലാത്ത ക്രിമിനൽ കുറ്റത്തിനുള്ള വ്യവസ്ഥ ചേർക്കുക വഴി മുസ്ലിം സ്ത്രീയുടെ രക്ഷയോ ശാക്തീകരണമോ അല്ല വർഗീയ താല്പര്യത്തോടെയുള്ള മുസ്ലിം വേട്ടക്കാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ നിയമം കളമൊരുക്കുക എന്ന വിമർശനമാണ് സിപിഐ എമ്മും പ്രതിപക്ഷ പാർട്ടികളും മുന്നോട്ട് വെച്ചത്. പിന്നെ ആർഎസ്എസുകാർ ചോദിക്കുന്നത് മറ്റു മതങ്ങളിലെ ആചാരങ്ങളെ സിപിഐ എമ്മുകാർ തൊട്ടു കളിക്കുമോയെന്നാണ്. എല്ലാ മതവിഭാഗങ്ങളിലും ആരാധനാലയങ്ങളിലും പുരുഷനോടൊപ്പം സ്ത്രീക്കും ദർശന സ്വാതന്ത്ര്യം വേണമെന്ന കാര്യത്തിൽ ഇടതുപക്ഷത്തിന് രണ്ടഭിപ്രായമില്ല. ശബരിമലയിൽ മാത്രമല്ല മുംബൈയിലെ ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശാനുമതി നൽകി കൊണ്ടുള്ള കോടതി വിധിയുണ്ട്‌. ഹാജി അലി ദർഗയിൽ കോടതി വിധിയനുസരിച്ച് സ്ത്രീകൾ പ്രവേശിക്കുന്നുണ്ട്. സിഗ്നാപൂരിലെ ശനിക്ഷേത്രത്തിലും കോടതി വിധിയനുസരിച്ച് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി സർക്കാരാണ് ദർഗയിലും ശനിക്ഷേത്രത്തിലും കോടതി വിധി നടപ്പാക്കിയത്. മഹാരാഷ്ട്രയിൽ കോടതി വിധി നടപ്പാക്കുന്ന അതേ പാർടിക്കാരാണ്‌ കേരളത്തിൽ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ കലാപമുണ്ടാക്കുന്നതെന്നത്‌ അവരുടെ ഇരട്ടത്താപ്പും രാഷ്ട്രീയ തട്ടിപ്പുമാണെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലും ആചാരങ്ങളിലും മാറ്റമുണ്ടാക്കാൻ ഇടതുപക്ഷത്തിന് ധൈര്യമുണ്ടോയെന്നൊക്കെ ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും സംഘികൾ ചോദിക്കുന്നത് അവരുടെ കറകളഞ്ഞ വർഗീയതയും നുണപ്രചാരണവും മാത്രമാണെന്ന കാര്യം എല്ലാവരും ഇന്ന് തിരിച്ചറിയുന്നുണ്ട്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം