malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

പ്രതിലോമ നയങ്ങള്‍ക്കെതിരെ കരുത്താര്‍ജിക്കുന്ന പ്രതിരോധം

പ്രകാശ് കാരാട്ട്
2017ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ദേശീയ സംഭവിവകാസങ്ങളുടെ സുപ്രധാന വശം എന്താണെന്ന് മനസ്സിലാക്കാനാകും. വലതുപക്ഷശക്തികളുടെ ഉയര്‍ച്ച കണ്ടുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം മിഴിതുറന്നത്. എന്നാല്‍, വര്‍ഷത്തിന്റെ അവസാനപാദത്തില്‍ വലതുപക്ഷ കടന്നാക്രമണത്തിനെതിരായ പ്രതിരോധശക്തികളുടെ സാന്നിധ്യം ഉയര്‍ന്നുവന്നുതുടങ്ങുകയും അത് അനുഭവപ്പെടുകയുംചെയ്തു. 2017ല്‍ ജനത വലതുപക്ഷ കടന്നാക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവന്നു. മോഡി സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദുത്വശക്തികള്‍ കൂടുതല്‍ ശക്തരായി. ഗോ രക്ഷകരെന്ന പേരില്‍ രാജസ്ഥാനിലെ അല്‍വാറില്‍ പെഹ്ലുഖാനെ കൊന്നു. ഇതിനു പിന്നാലെ ഇത്തരത്തിലുള്ള നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. ഏതുതരത്തിലുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കേണ്ടത്, ഏത് പുസ്തകമാണ് വായിക്കേണ്ടത്, സര്‍വകലാശാലകളില്‍ എന്താണ് പഠിപ്പിക്കേണ്ടത് എന്നത് ഹിന്ദുത്വശക്തികള്‍ കല്‍പ്പിക്കുന്ന സാഹചര്യംവരെയായി. ന്യൂനപക്ഷത്തെ മുന്‍നിര്‍ത്തിയുള്ള ആക്രമണം മുസ്ളിങ്ങളില്‍മാത്രം ഒതുങ്ങുന്നില്ല. വര്‍ഷാവസാനം മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. രാഷ്ട്രീയമായി, ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയവുമായാണ് ഈ വര്‍ഷം തുടങ്ങിയത്. ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ തീവ്രവലതുപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തിന്റെ സൂചനയുമായി. ബിജെപിക്ക് അതിന്റെ രാഷ്ട്രീയസ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. ഭൂരിപക്ഷമില്ലാഞ്ഞിട്ടുപോലും ഗോവയിലും മണിപ്പുരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. പഞ്ചാബിലെ അകാലി- ബിജെപി സഖ്യത്തെമാത്രമേ കോണ്‍ഗ്രസിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. 2016 അവസാനം നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ പ്രതിഫലനമെന്നോണം 2017ല്‍ സാമ്പത്തികസ്ഥിതിയില്‍ വലിയ ആഘാതമുണ്ടായി. ഇത് ചെറുകിട സംരംഭകരെയും അനൌപചാരികമേഖലയെയും സാരമായി ബാധിച്ചു. തൊഴില്‍നഷ്ടം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ചരക്കുസേവന നികുതി (ജിഎസ്ടി)യുടെ നടപ്പാക്കല്‍ ജനങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതായി. കാര്‍ഷിക പ്രതിസന്ധിയുടെ ആഘാതം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ രൂക്ഷമായി അനുഭവപ്പെട്ടു. സാമ്പത്തികമാന്ദ്യം സമ്പദ്ഘടനയിലെ വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ കുറയ്ച്ചു. തൊഴിലില്ലായ്മ ചിരസ്ഥായിയായ ഒരു പ്രശ്നമായി മാറി. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിച്ചു. പൊതുമേഖലയുടെയും സാമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളുടെയും സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യ സംവിധാനവും വന്‍തോതില്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞു. വന്‍കിട ബിസിനസുകാര്‍ക്കും കുത്തകകള്‍ക്കും നല്‍കിയിട്ടുള്ള കച്ചവടവായ്പകള്‍ സൃഷ്ടിച്ച നിഷ്ക്രിയ ആസ്തികള്‍ കാരണം പ്രതിസന്ധിയിലായ ബാങ്കുകളുടെ നില മെച്ചപ്പെടുത്തുന്നതിന് ജനങ്ങളുടെ നിക്ഷേപങ്ങള്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ കൊണ്ടുവരികയാണ്. ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ട് ‘ഭരണസ്ഥാപനങ്ങളെയും ഭരണഘടനാ സംവിധാനങ്ങളെയും അട്ടിമറിക്കാന്‍വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണ്. 2017ല്‍ മോഡി സര്‍ക്കാരിന്റെ ഏകാധിപത്യമുഖം കൂടുതല്‍ വ്യക്തമായി. ജനജീവിതത്തിനും പൌരന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ 2017ല്‍ കണ്ടു. ഇത് ചിത്രത്തിന്റെ ഒരു വശംമാത്രമാണ്. 2017ന്റെ രണ്ടാംപകുതി കേന്ദ്ര- സംസ്ഥാന ബിജെപി സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരായി വിവിധ മേഖലകളില്‍നിന്നുള്ള യോജിച്ച പോരാട്ടങ്ങളും വളര്‍ന്നുവരുന്ന പ്രതിരോധങ്ങളും പ്രതിഷേധങ്ങളും അടയാളപ്പെടുത്തുന്നു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്ന കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും സമരങ്ങളില്‍ പ്രത്യേകിച്ചും കര്‍ഷക ജനസാമാന്യത്തിന്റെ എല്ലാ വിഭാഗങ്ങളും അണിനിരന്നു. ഇത് കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കി. നവംബര്‍ 20ന് 100 കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ കിസാന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു. 2016 സെപ്തംബര്‍ രണ്ടിന് തൊഴിലാളിവര്‍ഗം പൊതുപണിമുടക്ക് നടത്തി. നവംബര്‍ ഒമ്പതുമുതല്‍ 11 വരെ മഹാധര്‍ണ സംഘടിപ്പിച്ചു. മൂന്നുദിവസം നീണ്ടുനിന്ന മഹാധര്‍ണയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ലക്ഷം തൊഴിലാളികള്‍ പങ്കെടുത്തു. സ്വേച്ഛാധിപത്യകടന്നാക്രമണങ്ങള്‍ക്കെതിരെയും ഹിന്ദുത്വമൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നടപടികള്‍ക്കെതിരെയും 2017ല്‍ കേന്ദ്ര സര്‍വകലാശാലകളിലെയും മറ്റ് വിദ്യാഭ്യാസമേഖലകളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ പ്രക്ഷോഭവുമായി മുന്നോട്ടുവന്നു. കാര്‍ഷികപ്രതിസന്ധിയടക്കമുള്ള വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്ന് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ ആധിപത്യമുള്ള ചില ജാതിവിഭാഗങ്ങള്‍ സംവരണം ആവശ്യപ്പെട്ടും രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെ വിവിധ മേഖലകളിലുള്ള ജനതയ്ക്കിടയില്‍ അസംതൃപ്തി വര്‍ധിച്ചുവരുന്നതും 2017ല്‍ കണ്ടു. കഴിഞ്ഞ മൂന്നുവര്‍ഷമായി ബിജെപിക്കുണ്ടായ മുന്നേറ്റത്തിന് ഇടിച്ചിലുണ്ടായി. ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍, 1995ന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. കടുത്ത അസംതൃപ്തിയുടെ സൂചനയാണിത്. 2018ന് ഇത് നല്‍കുന്ന സൂചന എന്താണ്? കൂടുതല്‍ തീവ്രമായ സമരങ്ങള്‍ക്കുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കണം. ന്യൂനപക്ഷങ്ങള്‍ക്കും ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങളെ തടയാനും ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കാനുമുള്ള സമരങ്ങളും പ്രതിരോധങ്ങളും മുന്നോട്ടുകൊണ്ടുപോവുക എന്ന വലിയ ദൌത്യമാണ് ഇടത് ജനാധിപത്യ ശക്തികള്‍ക്കു മുന്നിലുള്ളത്. ഈ വിഷയങ്ങളില്‍ ഉയര്‍ന്നുവരുന്ന ജനങ്ങളുടെ ഐക്യം ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള വലിയ രാഷ്ട്രീയ ഐക്യമായി ഉയര്‍ന്നുവരും. യോജിച്ച ഈ സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മാത്രമേ ഒരു ഇടതുപക്ഷ ജനാധിപത്യ പരിപാടി ഉരുത്തിരിഞ്ഞുവരൂ. ബിജെപി സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങള്‍ക്കും വര്‍ഗീയ അജന്‍ഡയ്ക്കും എതിരെയുള്ള വിശ്വസനീയമായ ബദലായിരിക്കുമിത്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയും *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം