malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എന്ന പുതുവത്സര സമ്മാനം

ജി ശ്രീകുമാര്‍
അങ്ങനെ ഒടുവില്‍ ഇടതുസര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി ജനുവരി ഒന്ന് മുതല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിലവില്‍ വരുന്നു. മുമ്പ് മാറി മാറി വന്ന നിരവധി സര്‍ക്കാരുകള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കാന്‍ പലതവണ പലവിധത്തില്‍ ശ്രമിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയത് ഇപ്പോള്‍ മാത്രമാണ്. കെഎഎസ് രൂപീകരിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനവും ഇടതുസര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ഓരോ തവണയും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എതിര്‍പ്പും മറ്റു ചില കാരണങ്ങളും മൂലം അത് നടപ്പിലാക്കുന്നത് നീട്ടിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. വികസന താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സംസ്ഥാന ഭരണനിര്‍വഹണത്തെ ചിട്ടപ്പെടുത്തണമെന്ന് ഒന്നാം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ മുതലുള്ള എല്ലാ ഭരണപരിഷ്‌ക്കാര കമ്മീഷനുകളും ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. ജനങ്ങളുടെ പക്ഷത്ത് നിന്ന് പ്രശ്‌നങ്ങളെ കാണാനും അവയ്ക്ക് പരിഹാരം ഉണ്ടാക്കാനും ജനസൗഹൃദപരമായി പുരോഗതിയിലേക്ക് നാടിനെ നയിക്കാനും കഴിയുന്ന ഒരു സിവില്‍ സര്‍വീസാണ് ഇടതുസര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. 1996 മുതല്‍ തന്നെ സംസ്ഥാന സിവില്‍ സര്‍വീസ് രൂപീകരിക്കുന്നതു സംബന്ധിച്ച പല ആലോചനകളും തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. 2014 ല്‍ 18 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകള്‍ ഉള്‍പ്പെടുത്തി കെഎഎസ് രൂപീകരിച്ച് ഒരു ഉത്തരവുണ്ടായെങ്കിലും ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് മൂലം അത് നടപ്പായില്ല. ഐഎഎസ് പ്രൊമോഷനുള്ള ക്വാട്ടയിലേക്കുള്ള സംസ്ഥാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭാവം കുറയ്ക്കുന്നതിനുള്ള നടപടി എന്ന നിലയ്ക്ക് മാത്രമാണ് അന്ന് കെഎഎസ് രൂപീകരിക്കാന്‍ ഉദ്ദേശിച്ചത്. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലെത്തുന്ന പലരും എട്ട് വര്‍ഷമെന്ന കാലാവധി തികയ്ക്കാന്‍ കഴിയാതെ സര്‍വിസില്‍ നിന്നും പിരിഞ്ഞു പോകുന്നതിനാല്‍ കേരള കേഡറിലെ ഐഎഎസ് ക്വാട്ടയില്‍ മുഴുവനും പ്രൊമോഷന്‍ നല്‍കി നിയമിക്കാന്‍ ഒരു കാലത്തും സാധിച്ചിരുന്നില്ല. കെഎഎസ് നിലവില്‍ വരുന്നതോടെ ഐഎഎസിലേക്കുള്ള മൂന്നില്‍ രണ്ട് ഭാഗം പ്രൊമോഷന്‍ വഴി നികത്താവുന്ന ഒഴിവുകളും കെഎഎസില്‍ നിന്നും നികത്തപ്പെടും. എന്നാല്‍ കേരള കേഡറിലെ ഒഴിവുകള്‍ മുഴുവന്‍ നികത്തിക്കിട്ടാന്‍ ഇനിയും നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതാണ് വസ്തുത. കേരളത്തില്‍ സര്‍ക്കാര്‍ നയപരിപാടികളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഭരണനിര്‍വ്വഹണത്തില്‍ സാമര്‍ത്ഥ്യമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു രണ്ടാംനിര രൂപപ്പെടുത്തുന്നതിനും സര്‍ക്കാര്‍ സര്‍വീസിലുള്ള കഴിവും സാമര്‍ഥ്യവും അര്‍പ്പണബോധവുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണത്തിന്റെ ഉയര്‍ന്ന തലത്തിലുള്ള തസ്തികകളിലേക്ക് കടന്നെത്തുന്നതിന് അവസരം ഒരുക്കുന്നതിനും മറ്റുമായാണ് കെഎഎസ് രൂപീകരിക്കുന്നതെന്ന് അതിനായുള്ള ചട്ടങ്ങളുടെ ലക്ഷ്യങ്ങളില്‍ പറയുന്നുണ്ട്. സര്‍വീസിന്റെ ഇടത്തട്ടിലേക്ക് മികച്ച ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കുന്നത് ഭരണനിര്‍വഹണത്തിന്റെ വേഗം വര്‍ധിപ്പിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിലവില്‍ വരുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയായി പറയുന്നത് അതിലൂടെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലെ കേരള കേഡറിലെ ഒഴിവുകള്‍ നികത്താന്‍ കഴിയും എന്നുള്ളതാണ്. നിലവില്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലെത്തി 8 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കാവുന്ന പരിമിതമായ കെഎഎസ് തസ്തികകള്‍ മാത്രമാണ് ലഭിച്ചു കൊണ്ടിരുന്നത്. പലവര്‍ഷങ്ങളായി നികത്താതെ ബാക്കിയുണ്ടായിരുന്ന നൂറിലധികം ഒഴിവുകള്‍ നികത്താന്‍ ഇത് വഴിയൊരുക്കും. ഐ.എ.എസ് കേരള കേഡറിനുള്ള ഫീഡര്‍ കാറ്റഗറിയായിട്ടാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിലവില്‍ വരുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും അതത് സംസ്ഥാന സിവില്‍ സര്‍വീസ് വളരെ മുമ്പേ തന്നെ നിലവില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള നിയമനത്തിന് 21 നും 32 നും ഇടയ്ക്ക് പ്രായപരിധിയുള്ള, കേരളസര്‍ക്കാരോ, യുജിസിയോ അംഗികരിച്ചിട്ടുളളതോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കിയിട്ടുള്ളതോ ആയ ബിരുദം യോഗ്യതയായുള്ളവര്‍ക്ക് അപേക്ഷിക്കാം. ട്രാന്‍സ്ഫര്‍ നിയമനത്തിന് 21 നും 40 വയസിനും ഇടയിലുള്ള ബിരുദ യോഗ്യതയുള്ള പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയതും എന്നാല്‍ ഒന്നാം ഗസറ്റഡ് തസ്തികയില്‍ എത്തിയിട്ടില്ലാത്തതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ബിരുദ യോഗ്യതയുള്ള 50 വയസ്സ് പൂര്‍ത്തിയാകാത്ത ഗസറ്റഡ് തസ്തികയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നാമത്തെ ധാരയിലൂടെ കെഎഎസിലെത്താം. അത്തരക്കാരെല്ലാം കെഎഎസ് ഓഫീസര്‍ ജൂനിയര്‍ ടൈം സ്‌കെയിലിലാവും ആദ്യം നിയമിക്കപ്പെടുക. മൂന്നാമത്തെ ധാരയില്‍ നിന്നും നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ രണ്ടാം ഗസറ്റഡ് തസ്തികയില്‍ നിലവില്‍ കുറെ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതാണെങ്കില്‍ ഐഎഎസ് പ്രൊമോഷന്‍ ലഭിക്കുന്നതിനായി പരിഗണിക്കപ്പെടുന്നതിനുള്ള എട്ട് വര്‍ഷ പരിധിയില്‍ നിന്ന് അയാള്‍ രണ്ടാം ഗസറ്റഡ് തസ്തികയില്‍ പൂര്‍ത്തിയാക്കിയ വര്‍ഷങ്ങള്‍ കുറവു ചെയ്യുമെന്നത് സര്‍വിസിലിരിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ ഗുണകരമാണ്. ജൂനിയര്‍ ടൈം സ്‌കെയിലില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് റവന്യൂ ടെസ്റ്റ്, ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ്, മാനുവല്‍ ഓഫ് ഓഫീസ് പ്രൊസീഷ്യര്‍, കേരള സെക്രട്ടേറിയറ്റ് ഓഫീസ് മാനുവല്‍, മലയാള ഭാഷ പരിജ്ഞാനം തെളിയിക്കുന്നതിനുള്ള മലയാളം പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവ പാസാകേണ്ടതുണ്ട്. ഇതില്‍ നിയമബിരുദമുള്ളവരെ ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് കൂടാതെ പ്രൊമോഷന്‍ ലഭിക്കുന്നതിന് അക്കൗണ്ട് ടെസ്റ്റ് (ലോവര്‍) പരീക്ഷയും വിവരാവകാശ നിയമം, സേവനാവകാശ നിയമം തുടങ്ങിയ നിയമങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പരീക്ഷയും പാസാവേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി, റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍, മറ്റ് വകുപ്പുകളിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡെവപല്‌മെന്റ് കമ്മീഷന്‍, അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങി 30 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് റാങ്കിലെ തസ്തികകളുടെ 10 ശതമാനത്തിലാണ് ആദ്യം നിയമനം നടത്തുക. നാല് കാറ്റഗറികളിലായിട്ടാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ വിഭജിച്ചിരിക്കുന്നത്. കെഎഎസ് ഓഫീസര്‍ ( ജൂനിയര്‍ ടൈം സ്‌കെയില്‍ ), കെഎഎസ് ഓഫീസര്‍ (സീനിയര്‍ ടൈം സ്‌കെയില്‍), കെഎഎസ് ഓഫീസര്‍ (സെലക്ഷന്‍ ഗ്രേഡ് സ്‌കെയില്‍), കെഎഎസ് ഓഫീസര്‍ (സൂപ്പര്‍ടൈം സ്‌കെയില്‍). ഇതില്‍ ഒന്നാം കാറ്റഗറിയായ കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍ ) സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയും, അണ്ടര്‍ സെക്രട്ടറി ഹയര്‍ ഗ്രേഡും ഉള്‍പ്പെടെ 40500-85000, 42500-87,000, 45,800-89000 എന്നീ മൂന്ന് ശമ്പളനിരക്കുകളിലുള്ള ഏതാണ്ട് 1260 തസ്തികകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ ഉള്‍പ്പെട്ടു വരുന്നത് സെക്രട്ടേറിയറ്റില്‍ നിന്നാണ് അതായത് 168 എണ്ണം. ആകെയുള്ളതിന്റെ 10 ശതമാനമായ 126 തസ്തികകളാണ് ജൂനിയര്‍ ടൈം സ്‌കെയിലില്‍ നിന്നും കെഎഎസിന് ലഭിക്കുക. സീനിയര്‍ ടൈം സ്‌കെയിലില്‍ 55350-101400, 60900-103600, 68700-110400, 77400-115200 എന്നീ സ്‌കെയിലുകളിലുള്ള 190 ഓളം തസ്തികകളും സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലില്‍ 77400-115200, 81000-117600, 85,000-117600 എന്നീ ശമ്പളസ്‌കെയിലുകളിലുള്ള ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ 270 ഓളം തസ്തികകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ ടൈം സ്‌കെയിലില്‍ 77400-115200, 85000-117600, 89000-1,20,000, 93000-120,000 എന്നീ സ്‌കെയിലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്റ്റേഷനറി വകുപ്പിലെ കണ്‍ട്രോളര്‍ ഓഫ് സ്റ്റേഷനറി എന്ന മറ്റുള്ളവയേക്കാള്‍ അല്‍പ്പം താഴ്ന്ന (68700-110400) സ്‌കെയില്‍ സൂപ്പര്‍ടൈം സ്‌കെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ചട്ടങ്ങളില്‍ അവ്യക്തത ഉളവാക്കുന്നുണ്ട്. കൂടാതെ സീനിയര്‍ ടൈം സ്‌കെയിലിലും സെലക്ഷന്‍ ഗ്രേഡ് പോസ്റ്റിലും സൂപ്പര്‍ടൈം സ്‌കെയിലിലും 77400-115200 എന്ന സ്‌കെയില്‍ ഉള്‍പ്പെട്ടു വരുന്നത് മറ്റൊരു അവ്യക്തതയാണ്. എന്നാല്‍ ഓരോ ഗ്രേഡിലും ഉള്‍പ്പെടുത്തിയിട്ടുള്ള തസ്തികകള്‍ ഷെഡ്യൂളില്‍ വേര്‍തിരിച്ചു പറയുന്നതിനാല്‍ നിയമനത്തില്‍ തര്‍ക്കമുണ്ടാകേണ്ട സാഹചര്യമില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ പൊതുഭരണ വകുപ്പിലും ധനകാര്യവകുപ്പിലും മാത്രമേ കെഎഎസ് ബാധകമാക്കിയിട്ടുള്ളൂ.. നിയമവകുപ്പില്‍ അത് ബാധകമാക്കിയിട്ടില്ല. പിഎസ്‌സി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങി സമാന തസ്തികയിലുള്ള നിരവധി വകുപ്പുകള്‍ ഇനിയും ഉള്‍പ്പെടുത്താനുണ്ട്. സ്ഥാപന അടിസ്ഥാനത്തില്‍ തസ്തികകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ കെഎഎസിന് നല്‍കേണ്ടി വരിക സെക്രട്ടേറിയറ്റിനാണ്. അതു തന്നെയാണ് ജീവനക്കാര്‍ ഇതിനെ എതിര്‍ക്കാനുള്ള പ്രധാന കാരണവും. തങ്ങള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രൊമോഷന്‍ ആനുകൂല്യങ്ങള്‍ കുറയുമോ എന്ന ആശങ്കയാണ് ഇതിന് പിന്നില്‍. അന്നും ഇന്നും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ കെഎഎസിനെ അനുകൂലിക്കുന്നില്ല. സംസ്ഥാന സിവില്‍ സര്‍വീസ് നിലവിലുള്ള ഇതര സംസ്ഥാനങ്ങളെക്കാള്‍ അതില്ലാത്ത കേരളത്തിന് വികസനത്തിനും ഭരണനിര്‍വഹണത്തിനും ഉള്‍പ്പെടെ സമസ്ത മേഖലകളിലും ഉയര്‍ച്ച നേടാന്‍ കഴിഞ്ഞില്ലേ എന്നാണവര്‍ ചോദിക്കുന്നത്. കേവലം ഐഎഎസ് ലഭിക്കാന്‍ വേണ്ടി മാത്രമായി തങ്ങളുടെ പ്രൊമോഷന്‍ നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. 1986 വരെ വനം വകുപ്പില്‍ ഐഎഫ്എസ് കാരെ സൃഷ്ടിക്കാനായി ആ വകുപ്പില്‍ രണ്ടാം ഗസറ്റഡ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം നടത്തിയിരുന്നു. പൊലീസ് വകുപ്പില്‍ ഐപിഎസുകാരെ സൃഷ്ടിക്കാനായി ഡിവൈഎസ്‌സി തലത്തിലുള്ള നേരിട്ടുള്ള നിയമനവും ഉണ്ടായിരുന്നു. ഇത് രണ്ടും വകുപ്പിന്റെ കാര്യക്ഷമതയെ ബാധിച്ചതിനാലും ജീവനക്കാരില്‍ അസംതൃപ്തി ഉളവാക്കിയതിനാലും നേരിട്ടുള്ള നിയമനങ്ങള്‍ പിന്നീട് അവസാനിപ്പിച്ചിരുന്നു എന്ന കാര്യവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സംഘടനകള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമനുസരിച്ച് നിലപാടുകളില്‍ അയവ് വരുത്തിയിട്ടുണ്ട്. ചിലര്‍ അത് കടുപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അത്തരത്തിലുള്ള പ്രതിഷേധങ്ങളെയൊക്കെ മറികടന്ന് കെഎഎസ് യാഥാര്‍ഥ്യമായിരിക്കുന്നു. കെഎഎസില്‍ നിയമിക്കപ്പെടുന്ന എല്ലാവര്‍ക്കും 18 മാസത്തെ ട്രെയിനിങ് നല്‍കുന്നതും പ്രസ്തുത ട്രെയിനിങ് കാലയളവ് ഇന്‍ക്രിമെന്റിനും പ്രൊബേഷനും കണക്കാക്കുന്നതാണെന്നും ചട്ടങ്ങളില്‍ പറയുന്നു. അതില്‍ 15 ദിവസത്തില്‍ കുറയാത്ത പരിശീലനം വികസനത്തിനും ആസൂത്രണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടും മറ്റൊരു 15 ദിവസത്തില്‍ കുറയാത്ത പരിശീലനം ഭരണനിര്‍വഹണത്തിനും ദേശീയ പരിശീലന കേന്ദ്രത്തില്‍ വച്ച് നല്‍കുന്നതാണ്. ബാക്കിയുള്ള കാലഘട്ടത്തിലെ പരിശീലനം ഏത് സ്ഥാപനത്തിലാണ്; പരിശീലനം സംബന്ധിച്ച മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയൊന്നും ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് പുറകെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മസൂറിയിലെ ലാല്‍ ബഹദൂര്‍ശാസ്ത്രി ഇന്‍സ്റ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനാണ് ഐഎഎസ് പ്രൊബേഷണര്‍മാര്‍ക്ക് പരിശീലനം നല്‍കി വരുന്നത്. അതിന്റെ മാതൃകയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാവും കെഎഎസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുക എന്ന് പ്രതീക്ഷിക്കാം. പരിശീലനത്തിനായി നീക്കിവയ്ക്കപ്പെടുന്ന ഒന്നരവര്‍ഷം ഈ തസ്തികകളില്‍ ജോലി ചെയ്യാന്‍ ആളില്ലാത്തത് കാരണം ഭരണനിര്‍വഹണത്തിലുണ്ടാകുന്ന കാലതാമസം മറികടക്കാനും സര്‍ക്കാര്‍ മാര്‍ഗം കണ്ടുപിടിക്കേണ്ടതുണ്ട്. എന്തായാലും സര്‍വീസ് സംഘടനകളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി വേണ്ടത്ര അവധാനതയോടെയാണ് ഇടതുസര്‍ക്കാര്‍ കെഎഎസ് ചട്ടങ്ങള്‍ തയാറാക്കിയിട്ടുള്ളത്. അതിന് മുമ്പു തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ അടങ്ങിയ ആറംഗ സമിതി രൂപീകരിച്ച് ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളും നടത്തി റിപ്പോര്‍ട്ട് തയാറാക്കി. 2017 ജനുവരി നാലിന് കെഎഎസ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കി. തികച്ചും ജനാധിപത്യപരമായ രീതിയില്‍ സുതാര്യമായി 2018 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തോടെ ഇപ്പോള്‍ ചട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്. പിഎസ്‌സി ഉടന്‍ തന്നെ കെഎഎസ് നിയമനത്തിനുളള വിജ്ഞാപനം പുറപ്പെടുവിക്കും. എല്‍ഡിഎഫ് പ്രകടനപത്രികയിലും സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ഉണ്ടായിരുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിരിക്കുന്നു എന്നതില്‍ സര്‍ക്കാരിനും ജീവനക്കാര്‍ക്കും അഭിമാനിക്കാം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം