malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

മതനിരപേക്ഷത മതത്തെ എതിര്‍ക്കലല്ല

യു വിക്രമൻ
ആശങ്കാജനകമായ സംഭവങ്ങളാണ് നമ്മുടെ ചുറ്റുപാടും നടക്കുന്നത്. ഭരണഘടനയും കീഴ്‌വഴക്കങ്ങളും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ തെരഞ്ഞുപിടിച്ചു പീഡിപ്പിക്കുന്നു. അവര്‍ക്കെതിരെ ദേശീയതാവാദത്തിന്റെ മറവില്‍ ഏത് ഗ്രൂപ്പിനും എന്ത് അക്രമവും നടത്താമെന്നായിരിക്കുന്നു. അതിലുപരി ഈ അക്രമിസംഘങ്ങള്‍ക്ക് പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായസഹകരണങ്ങളും സംരക്ഷണവും ലഭിക്കുന്നു. പൊലീസിന്റെ ജോലി സ്വയം ഏറ്റെടുക്കുന്ന ഗുണ്ടാസംഘങ്ങള്‍ തേര്‍വാഴ്ച നടത്തുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മധ്യപ്രദേശിലെ സത്‌നയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്നത്. എല്ലാ ക്രിസ്മസ് കാലത്തും ഗ്രാമങ്ങളില്‍ ക്രിസ്മസ് കരോളുമായി പോകുകയും ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. സത്‌നയിലെ സെന്റ് എഫ്രേംസ് സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികളും അധ്യാപകരായ വൈദികരും മൂന്ന് ദശകമായി തുടരുന്ന പതിവനുസരിച്ചാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമത്തില്‍ പോയത്. അവരെ ബജ്‌രംഗ്ദള്‍ എന്ന പ്രസ്ഥാനത്തിലുള്ളവര്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും പിന്നെ പൊലീസിനെക്കൊണ്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ പോലും അവരെ കാണാന്‍ വൈദികര്‍ക്കും മറ്റും അനുവാദം നല്‍കിയില്ല. എന്നു മാത്രമല്ല തടിച്ചുകൂടിയ ബജ്‌രംഗ്ദളുകള്‍ അവിടെയെത്തിയ മറ്റൊരു വൈദികന്റെ കാര്‍ കത്തിക്കുകയും ചെയ്തു. പുലര്‍ച്ചയോടെ കുറച്ചുപേരെ വിട്ടെങ്കിലും രാവിലെ വീണ്ടും അവരെ സ്റ്റേഷനിലേയ്ക്ക് വരുത്തി. ദേശീയ ഐക്യത്തെ തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമൊക്കെ പറഞ്ഞാണ് ഇവര്‍ക്കുനേരെ കേസ് എടുത്തത്. സ്വാധീനിച്ചു മതംമാറ്റാന്‍ ശ്രമിച്ചെന്നും ആരോപിച്ചു. ഇതൊന്നും തങ്ങളുടെ ലക്ഷ്യമോ ഉദ്ദേശ്യമോ രീതിയോ അല്ലെന്നു പറഞ്ഞിട്ടും അത് ചെവിക്കൊള്ളാന്‍ അധികാരികള്‍ തയാറായില്ല. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് എഴുതി വാങ്ങി നല്‍കിയ ഒരു വ്യാജ പരാതിയുടെ പേരില്‍ ജോര്‍ജ് മംഗലപ്പിള്ളി എന്ന വൈദികനെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തിരിക്കുന്നു. പരാതിക്കാരനെ കണ്ടിട്ടേയില്ലെന്നാണ് മംഗലപ്പിള്ളി പറയുന്നത്. അതേ സമയം വ്യാജപരാതിയില്‍ വൈദികനെതിരെ കേസെടുക്കാനും കോടതിയില്‍ ഹാജരാക്കാനും തിടുക്കം കാണിച്ച പൊലീസ്, മര്‍ദിച്ചതിനും കാര്‍ തീയിട്ടതിനും അക്രമികള്‍ക്കെതിരെ വൈദികര്‍ കൊടുത്ത പരാതിയില്‍ അറസ്റ്റിന് തുനിഞ്ഞില്ല. സത്‌ന ഒറ്റപ്പെട്ടതല്ല. രാജ്യത്ത് കുറേക്കാലമായി നടന്നുവരുന്ന ന്യൂനപക്ഷ പീഡനങ്ങളുടെ തുടര്‍ക്കഥയില്‍ ഒരു കണ്ണി മാത്രം. പശുവിന്റെ പേരിലും ഇറച്ചിയുടെ പേരിലും പ്രേമവിവാഹത്തിന്റെ പേരിലുമൊക്കെ അരങ്ങേറുന്ന അക്രമങ്ങളും എത്രയെത്ര? ആചാരം, വിശ്വാസം, വസ്ത്രം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്നതും വൈവിധ്യങ്ങളെ നിരാകരിക്കുന്നതും സര്‍വാധിപത്യത്തിലും മതാധിഷ്ഠിത ഭരണങ്ങളിലും മാത്രമേ ഉള്ളൂ. ഇന്ത്യ സര്‍വാധിപത്യമല്ല, ജനാധിപത്യമാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ മതാധിഷ്ഠിത രാഷ്ട്രമല്ല; മതേതര രാഷ്ട്രമാണ്. ഭരണഘടനാ നിര്‍മാണസഭ വളരെ ആലോചിച്ചും സുചിന്തിതമായും എടുത്ത തീരുമാനങ്ങളാണ് അവ. അതായിരുന്നു ശരിയെന്നും അത് മാത്രമാണ് ശരിയെന്നും കാലം തെളിയിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്തുമില്ലാത്ത വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയെ ഒന്നിച്ചു നിര്‍ത്തുന്നത് ജനാധിപത്യവും മതേതരത്വവും ആണ്. ഇവയുടെ കടയ്ക്കലാണ് സമീപകാല സംഭവങ്ങള്‍ കത്തിവയ്ക്കുന്നത്. മതനിരപേക്ഷത എന്നത് മതത്തെ എതിര്‍ക്കുന്നതിനുള്ള പദ്ധതിയല്ല. മറിച്ച് മതാധിപത്യത്തില്‍ നിന്നും പൊതുജീവിതത്തെ രക്ഷിക്കുന്നതിനുള്ള മാര്‍ഗമാണ്. മതത്തിന്റെയും ദേശീയതയുടേയും പേരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍, അക്രമികള്‍ക്ക് ഭരണകൂടം സംരക്ഷണം നല്‍കുമ്പോള്‍, ഗുണ്ടകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുമ്പോള്‍, ഭൂരിപക്ഷത്തിന്റെ ശീലങ്ങളും താല്‍പര്യങ്ങളും ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുമ്പോള്‍ നിയമവാഴ്ചയും ജനാധിപത്യവും മതേതരത്വവുമാണ് ആക്രമിക്കപ്പെടുന്നത്. ഗോരക്ഷകരുടെ അക്രമങ്ങള്‍ ആഗോളതലത്തില്‍ വലിയ വാര്‍ത്തയായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരുതവണ അതിനെ കുറ്റപ്പെടുത്തി സംസാരിച്ചു. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അത്. പക്ഷേ, അതിനുശേഷവും പശുവിന്റെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറി. മുമ്പ് ഡല്‍ഹിയില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടപ്പോള്‍ ആവലാതി പറഞ്ഞവരോട് അക്രമമല്ല, മോഷണശ്രമമാണ് എന്ന പ്രതികരണമാണ് ഗവണ്‍മെന്റില്‍ നിന്നുണ്ടായത്. രാജ്യത്ത് നാനാഭാഗങ്ങളില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുനേരെ നടക്കുന്ന ചെറുതും വലുതുമായ അക്രമങ്ങള്‍ നിരവധിയാണ്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതിനോട് വേണ്ടത്ര ശക്തമായി ഭരണകൂടം പ്രതികരിക്കാത്തത് രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധവികാരം വളര്‍ത്തുന്നു എന്നത് വ്യക്തമാണ്. പ്രകൃതിദുരന്തത്തില്‍ ആശ്വാസവും സഹായവും പേറുന്നവരുടെ പോലും മതം നോക്കി നടത്തുന്ന മാധ്യമവിചാരണകളും മറ്റും അതിന്റെ ഫലമാണ് എന്ന് നിസംശയം പറയാനാവും. മതാധിഷ്ഠിതമായി എല്ലാറ്റിനേയും വിലയിരുത്തുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള വിമര്‍ശനമല്ല വേണ്ടത്. ഭരണഘടനയെ തൊട്ടു നടത്തിയിട്ടുള്ള പ്രതിജ്ഞ അക്ഷരാര്‍ഥത്തില്‍ പാലിക്കുന്ന നടപടികളാണ് ആവശ്യം. ന്യൂനപക്ഷങ്ങളടക്കം രാജ്യത്തെ എല്ലാവര്‍ക്കും ഭരണഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം; സംരക്ഷണം ലഭ്യമാക്കണം. അതാണ് ഭരണകൂടത്തിന്റെ ചുമതല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരുകള്‍ ആ ചുമതല നിറവേറ്റണം. ക്രിസ്മസിന്റെ സമാധാനവും സന്തോഷവും പങ്കുവയ്ക്കാന്‍ ചെന്ന സംഘത്തെ മതപരിവര്‍ത്തകരായി മുദ്രകുത്തി പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ആസൂത്രിതമായ ഒരു ഭീഷണിപ്പെടുത്തലിന്റെയും പേടിപ്പിക്കലിന്റെയും ഭാഗമായേ ഇതിനെ കാണാനാവൂ. ഭൂരിപക്ഷം നിയമം കൈയിലെടുക്കാനും തങ്ങളുടെ ഇംഗിതങ്ങള്‍ അടിച്ചേല്‍പിക്കാനും തുടങ്ങുമ്പോള്‍ ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവുമാണ് ഭീഷണിയിലാവുക. അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍, ഈ അക്രമിക്കൂട്ടങ്ങളെ അഴിഞ്ഞാടാന്‍ അനുവദിക്കുന്നവര്‍ക്ക് പിന്നീട് നിയന്ത്രിക്കാനായെന്നു വരില്ല. സംഭവഗതികള്‍ കൈവിട്ടു പോകുംമുമ്പ് ഇടപെടാന്‍ ഭരണനേതൃത്വങ്ങള്‍ തയാറാകണം. മതത്തെ പ്രത്യക്ഷവല്‍ക്കരിക്കാതെയാണെങ്കിലും ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണകൂട സ്ഥാപനം വഴി രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവുകയില്ല. അത് ഒരു മതാധിഷ്ഠിത ഭരണകൂടമല്ലെങ്കില്‍ പോലും ഈ കാര്യം സാധ്യമാകുകയില്ലെന്നതാണ് ചരിത്രം നല്‍കുന്ന പാഠം. ‘ഒരു ഹിന്ദുരാഷ്ട്രം’ എന്നുള്ള ചിലരുടെ മുറവിളികള്‍ അര്‍ഥമാക്കുന്നത് ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഒരൊറ്റ പ്രത്യയശാസ്ത്രത്തിനും ഒരൊറ്റ പ്രസ്ഥാനത്തിനും പൂര്‍ണമായും കീഴ്‌പെടണം എന്നാണ്. ഒരര്‍ഥത്തില്‍ സമ്പൂര്‍ണ മതപരമായ അടിമത്തമാണിത്. ഹിന്ദുക്കള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമുണ്ടെന്നതിനാല്‍ ഹിന്ദുക്കളുടെ പേരില്‍ ഭരണം നടത്തുവാന്‍ തയാറാകുന്നവര്‍ ആകെ 31.3 ശതമാനം വോട്ടുകള്‍ മാത്രം നേടി ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നു എന്ന വിചിത്രവാദം ഉയര്‍ത്തിയാല്‍ അത് കൃത്യമായ ജനാധിപത്യത്തിലേക്കല്ല വര്‍ഗീയവാദത്തിലേക്കാകും നടന്നുകയറുക. ജനാധിപത്യ സമ്പ്രദായങ്ങള്‍ക്കെല്ലാം എതിരായ ഇത്തരം സാഹചര്യം ബല്രപയോഗത്താല്‍ ഭൂരിപക്ഷ സങ്കല്‍പത്തെ അധികാരത്തില്‍ നിലനിര്‍ത്തുകയെന്ന പ്രാകൃതരീതിയാണ് കാഴ്ചവയ്ക്കുക. യഥാര്‍ഥത്തില്‍ ജനാധിപത്യ സങ്കല്‍പത്തില്‍ ഓരോ പ്രധാന വിഷയങ്ങളെ സംബന്ധിച്ചും പുതിയ ഭൂരിപക്ഷങ്ങള്‍ രൂപംകൊള്ളുകയും മതപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിവിധ വിഭാഗങ്ങളുടെ അതിര്‍വരമ്പുകളെ മുറിച്ചുകയറി ഓരോ തവണയും രൂപംകൊള്ളുന്നതായിരിക്കും. മതാധിഷ്ഠിതമായ നിത്യഭൂരിപക്ഷം അപകടകരമായ ഫാസിസത്തെയാണ് വിളിച്ചുവരുത്തുക. അതിനാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 25-ല്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്. ”പൊതുസമാധാനത്തിനും ധാര്‍മികതയ്ക്കും ആരോഗ്യപരമായ ജീവിതത്തിനും വിധേയമായി എല്ലാവര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും തുല്യമായ അവകാശമുണ്ടായിരിക്കും.” ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറച്ചുവരുത്തുക തന്നെ വേണം. വര്‍ത്തമാനകാല സമൂഹത്തില്‍ അപകടകരമായ നിലയില്‍ മാനവികതയ്‌ക്കെതിരെയുള്ള നിലപാടുകള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. പരിഷ്‌കാരം സൃഷ്ടിച്ചത്, ഒരു ചെറുവിഭാഗമാണെന്നും അവര്‍ക്കെതിരെ ‘സമൂഹ മനുഷ്യര്‍’ ആവിര്‍ഭവിച്ച് യുദ്ധം ചെയ്യുന്നുവെന്നും വിശ്വസിക്കുന്നവരാണ് ഫാസിസ്റ്റ് ശക്തികള്‍. ഈ ജീര്‍ണതയ്ക്ക് കാരണം സമൂഹമനുഷ്യന്റെ ആധിപത്യമാണെന്നിവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഫാസിസം അത് വളരാനുള്ള അനുകൂല സാഹചര്യങ്ങള്‍ പടിപടിയായി സൃഷ്ടിച്ച്, ജനങ്ങളെ അതിനനുസൃതമായി മെരുക്കിയെടുത്ത് അധികാരസ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കി, മറ്റൊരു ബദലും ഇനി സാധ്യമാവുകയില്ല എന്ന തരത്തില്‍ സമൂഹമനസിനെ രൂപപ്പെടുത്തിയെടുത്ത്, അടിമത്തത്തിലേക്ക് ക്രമേണ കീഴ്‌പ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയില്‍ ആദ്യം തകര്‍ക്കപ്പെടുന്നത് മതനിരപേക്ഷതയെന്ന ഉന്നതമായ സമഷ്ടിബോധത്തെയാണ്. മതാന്ധതയ്‌ക്കെതിരെ ജാഗ്രത പാലിക്കുവാനും ഏത് വിധത്തിലുള്ള മതതീവ്രവാദത്തെയും ചെറുക്കുവാനും പുരോഗമന വീക്ഷണത്തിലടിയുറച്ച മതനിരപേക്ഷ സങ്കല്‍പത്തെ ഏതുവിധേനയും സംരക്ഷിക്കുകയും ചെയ്യുവാന്‍ നാം പ്രതിജ്ഞാബദ്ധരാവുക. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം