malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

മാനവ വികസന റിപ്പോര്‍ട്ട് വായിച്ചപ്പോള്‍

എ കെ രമേശ്
'അനിയന്ത്രിതമായ് ചിലപ്പൊഴീ മനമോടാത്ത കുമാര്‍ഗമില്ലെടോ' എന്നു കേട്ടിട്ടില്ലേ? അങ്ങനെയൊരു കുമാര്‍ഗത്തിലൂടെ വെറുതെ മനമോടിയതുകൊണ്ടാകാം വെറുതെ ഇരിക്കുമ്പോള്‍ യുഎന്‍ഡിപിയുടെ മാനവ വികസന റിപ്പോര്‍ട്ട് മറിച്ചുനോക്കാന്‍ തോന്നിയത്. നാടാകെ മുന്നേറുകയാണെന്ന് മൂഡിയുടെ റെയ്റ്റിങ് കൂടി കണ്ട് മനംകുളിര്‍ക്കെ സന്തോഷിച്ചിരിക്കവെ, ഞാനല്ലാതെ വേറെ ആരാണിങ്ങനെ വേണ്ടാപ്പണി ചെയ്ത് മനസ്സ് അസ്വസ്ഥമാക്കുക? മനുഷ്യജീവിതത്തിന്റെ സമ്പന്നതയാണ്, സമ്പദ്വ്യവസ്ഥയുടെ സമ്പന്നതയേക്കാള്‍ പരിഗണിക്കപ്പെടേണ്ടത് എന്ന് തുടക്കത്തിലേ വായിച്ച് ഹരംകയറിയാണ് റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചുതീര്‍ത്തത്. ഓര്‍ഹന്‍ പാമുഖും അമര്‍ത്യസെന്നും കൈലാസ് സത്യാര്‍ഥിയുമൊക്കെ സഹകരിച്ച ഒരു റിപ്പോര്‍ട്ടാണ് എന്ന് കണ്ടതോടെ പിന്നെ വിടാന്‍തോന്നിയില്ല എന്നതാണ് നേര്. തൊഴില്‍ എങ്ങനെയാണ് മാനവവികസന വര്‍ധനയ്ക്ക് ഇടയാക്കുക എന്ന മൌലികചോദ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. തൊഴില്‍ എന്നതിന്റെ വിപുലീകൃതനിര്‍വചനം കണ്ടപ്പോള്‍ സത്യം പറയാമല്ലോ, സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ മേലേ എന്നു പാടിപ്പോയി. വായിച്ചു വായിച്ചു വന്നപ്പോഴാണ് പണ്ട് മുത്തശ്ശി പറഞ്ഞ കാര്യം ഓര്‍മ വന്നത്.. മൂത്ത് മൂത്ത് വരുമ്പൊ പാത്തുപാത്താണോ വരുന്നതെന്ന്! വലുതാകുന്നതനുസരിച്ച് ഞങ്ങള്‍ പിള്ളാര്‍ വെടക്കായി വെടക്കായി വരുന്നോ എന്ന് വ്യംഗ്യം. മാനവ വികസന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റിരുപതോ മറ്റോ ആണ്. 1990ലാണത്. എന്നാലിപ്പോള്‍, എന്നുവച്ചാല്‍ 2015ലെ കണക്കനുസരിച്ച് നാം 130-ാം സ്ഥാനത്താണ്. എന്നെ വിഷമിപ്പിച്ച കാര്യമതല്ല. വര്‍ക്കിങ് പുവര്‍ എന്നൊരു പട്ടികയുണ്ടതില്‍. പണിയുണ്ടായിട്ടും ദാരിദ്യ്രം വിടാത്തവരുടെ കണക്കാണത്. 2003-12 കാലത്തെ ശരാശരിയാണ് കണക്കാക്കിയെടുത്തത്. നൂറില്‍ 55.5 തൊഴിലാളികളും പണിയുണ്ടായിട്ടും ദാരിദ്യ്രം വിടാത്തവരാണത്രെ ഭാരതത്തില്‍. സൂചികയുടെ കാര്യത്തില്‍ നമ്മളെക്കാള്‍ രണ്ട് പടി താഴെയുള്ള ഭൂട്ടാനില്‍ ഇത് വെറും 14.1 ശതമാനം മാത്രമാണ്. അത് മാത്രവുമല്ല ഞെട്ടിച്ചുകളഞ്ഞത്. എല്‍ സാല്‍വദോറില്‍ ഇത് 9.9 ശതമാനം മാത്രമാണ്. 167-ാം സ്ഥാനത്തുള്ള സുഡാനില്‍പോലും ദരിദ്രരായ തൊഴിലാളികളുടെ എണ്ണം നൂറില്‍ 35 മാത്രം. ദക്ഷിണാഫ്രിക്കയിലെ കണക്ക് വെറും 13 ശതമാനം. ഘാനയില്‍ ഇത് 44.3 ശതമാനംമാത്രമാണ്. വീടില്ലാത്ത ഇന്ത്യക്കാരുടെ എണ്ണമാകട്ടെ, പത്തുലക്ഷത്തില്‍ 743 ആണ് എന്ന കണക്ക് കണ്ട് സത്യത്തില്‍ ബേജാറായിപ്പോയി. കോംഗോവില്‍ ഇത് 519 മാത്രമാണ്. സാംബിയയില്‍ വെറും 154. ബംഗ്ളാദേശിലെ കണക്ക് കണ്ട് നാണം മറയ്ക്കാനാകാതെ സങ്കടപ്പെട്ടു പോയി. ലൈബീരിയയില്‍ ഇത് വെറും 100. ഉഗാണ്ടയില്‍ 80.6 മാത്രം. നൈജീരിയയിലോ 76.4! വള്‍ണറബിള്‍ എംപ്ളോയ്മെന്റിന്റെ വേറൊരു കണക്കുണ്ട്. ഏത് സമയത്തും പൊടിഞ്ഞുപോകാവുന്ന പണി എന്നുതന്നെയാണ് സായ്പ് അര്‍ഥമാക്കിയത്. ക്ഷിപ്രനഷ്ടസാധ്യത കൂടിയ ജോലി എന്നര്‍ഥം. അത് 80.8 ശതമാനമാണ് ഇന്ത്യയില്‍. എന്നുവച്ചാല്‍ നൂറില്‍ പത്തൊമ്പതുപേര്‍ക്കേ തൊഴില്‍ ഏതുനിമിഷവും നഷ്ടപ്പെടും എന്ന വേവലാതിയില്ലാതെ പണിയെടുക്കാനാകൂ. 80.8 ശതമാനത്തിനും ഏതുനിമിഷവും പണി പോകാം. കോംഗോവില്‍ ഇത് 75.1 മാത്രം. അയല്‍രാജ്യത്ത്, പാകിസ്ഥാനില്‍ ഇത് 63.1 ആണെന്നുകേട്ട് ഒട്ടുംസഹിച്ചില്ല. ഹോണ്ടുറാസിലെ കണക്ക് കേട്ട് ബോധംപോകുമെന്നായി. വെറും 53.3! ഇതിങ്ങനെയാണെങ്കില്‍ നമ്മുടെ നില മെച്ചമാകാനിടയുണ്ടെന്ന് കരുതിയാണ്, കുടിച്ച ചാരായത്തിന്റെ വീര്യം പോക്കാന്‍ മോര് സേവിക്കുന്നതുപോലെ ഗ്ളോബല്‍ വേജ് റിപ്പോര്‍ട്ട് ഉടന്‍ പരതിയത്. യൂറോപ്പിലെ തൊഴിലാളികളിലെ മേലേപ്പാളി പത്തുശതമാനം ആകെയുള്ള കൂലിയുടെ 25.5 ശതമാനം തട്ടിയെടുക്കുന്നു എന്ന് വായിച്ച് യൂറോപ്പിലെ അസമത്വത്തെ ശപിച്ചങ്ങനെയിരിക്കെ അതാ വികസ്വര രാജ്യങ്ങളുടെ കണക്ക്. ബ്രസീല്‍ ഇതിനെയും കടത്തിവെട്ടിയിരിക്കുന്നു. ഉന്നത വരുമാനക്കാരായ പത്തുശതമാനക്കാര്‍ കൂലിയായി വാങ്ങുന്നത് ആകെ കൊടുക്കുന്ന കൂലിയുടെ 35.5 ശതമാനം. ഇന്ത്യയുടെ കണക്ക് പിന്നെയാണ് കൊടുത്തത്. അത് അതിലും മേലെയുള്ള 42.7 ശതമാനമാണ് എന്നുമാത്രമല്ല അതോടൊപ്പം കൊടുത്ത മറ്റേ കണക്ക് ശരിക്കും നമ്മളോട് വിരോധമുള്ളതുകൊണ്ട് കൊടുത്തതാണെന്ന് തോന്നിപ്പോയി. പക്ഷേ, കാര്യം നേരാണ്. മേലേപ്പാളി 10 ശതമാനം ആകെ കൂലിയുടെ 42.7 ശതമാനം കൈവശത്താക്കുമ്പോള്‍ കീഴേപ്പാളി 50 ശതമാനം പേര്‍ക്ക് ആകെ കിട്ടുന്നത് വെറും 17.1 ശതമാനം മാത്രമാണത്രെ! ഇത് കൂടി കണ്ടതോടെ ഇനിയൊന്നും കാണേണ്ടതില്ല എന്ന അവസ്ഥയിലായി എന്നുപറഞ്ഞാല്‍ മതിയല്ലോ. ഇപ്പോഴാണ് ഒരു കാര്യം കൃത്യമായും ബോധ്യമാകുന്നത്. വെറുതെയല്ല 2007-08 കാലത്ത് 60 ലക്ഷം ഡോളര്‍ (ഏതാണ്ട് 39 കോടി രൂപ) ശമ്പളം വാങ്ങിയ റെയ്മണ്ട് ഡബ്ള്യു മക് ഡാനിയല്‍ നയിക്കുന്ന മൂഡീസ് മോഡിയെ മോടിപിടിപ്പിക്കാനായി റെയ്റ്റിങ് ഒരുപടി കൂട്ടിയെഴുതിയത് *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം