malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

പ്രത്യാശയും താക്കീതും

കോടിയേരി ബാലകൃഷ്ണന്‍
ഗുജറാത്ത്- ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നറിയിപ്പും പാഠവും നല്‍കുന്നുണ്ട്. രാജ്യം 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മോഡി ഭരണ തുടര്‍ച്ച എന്ന ആര്‍എസ്എസ്- ബിജെപി കിനാവിനുമേല്‍ കരിനിഴല്‍വീഴ്ത്തുന്നതായി ഗുജറാത്ത് ഫലം. അധികാരം കിട്ടിയെങ്കിലും തോല്‍വിയുടെ ചായ്വുള്ള മങ്ങിയ ജയത്തില്‍ ബിജെപി ഒതുങ്ങി. 150 സീറ്റ് കൈയടക്കും എന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വീമ്പിളക്കല്‍ പൊളിഞ്ഞു. 100 തികയ്ക്കാനാകാതെ കഷ്ടിച്ച് കരപിടിക്കുകയാണുണ്ടായത്. 40 തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോഡിതന്നെ പങ്കെടുത്തു. പക്ഷേ, മോഡിയുടെ വീട് നില്‍ക്കുന്ന നിയോജകമണ്ഡലമടക്കം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി വിജയ് രൂപാണി വിയര്‍ത്താണ് ജയിച്ചുകയറിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇക്കുറി ലഭിച്ചത്. കഴിഞ്ഞതവണ 115 സീറ്റ് കിട്ടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 165 നിയോജക മണ്ഡലത്തില്‍ ലീഡ് നേടിയ കക്ഷിക്ക് ഇക്കുറി 100 തികയ്ക്കാന്‍ കഴിഞ്ഞില്ല. ഗുജറാത്ത് ഇങ്ങനെയെങ്കില്‍ 2019ലെ ഇന്ത്യ എന്താകുമെന്ന ആശങ്ക സംഘപരിവാറിനെ ബാധിച്ചിരിക്കുകയാണ്. ഗുജറാത്ത് നല്‍കുന്ന പാഠത്തില്‍ പ്രധാനപ്പെട്ടത് 19 സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ഉണ്ടെങ്കിലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം കിട്ടുമെന്ന ആര്‍എസ്എസ് മോഹം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. മോഡി ഭരണവും സംഘപരിവാറുമായി ജനങ്ങള്‍ വലിയതോതില്‍ അകന്നിരിക്കുന്നു. ഭരണവും ഭരണീയരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നു. ഗുജറാത്ത്- ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് അനേകം കോടി രൂപയാണ് ബിജെപി ചെലവഴിച്ചതെന്ന്് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കേട്ടാല്‍ ബോധക്കേട് വരുന്നത്ര വലിയ സംഖ്യ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചെലവഴിച്ചിരിക്കുന്നു എന്നു സാരം. പണം വാരി വിതറി വോട്ടര്‍മാരെ സ്വാധീനിക്കുന്നു. തെരഞ്ഞെടുപ്പിനുവേണ്ടി നിയമവിരുദ്ധമായി ചെലവിട്ട ഈ ഭീമസംഖ്യ ഓഖി ദുരിതബാധിതര്‍ക്കുവേണ്ടി വിനിയോഗിച്ചിരുന്നെങ്കില്‍ ഓരോ കുടുംബത്തിനും വീടും വീട്ടിലുള്ള ഓരോരുത്തര്‍ക്കും 365 ദിവസത്തെ വേതനവും നല്‍കാന്‍ കഴിയുമായിരുന്നു. തെരഞ്ഞെടുപ്പ് കമീഷനെ പലവിധത്തില്‍ തങ്ങളുടെ കരുനീക്കങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുകയും ചെയ്തു. അധികാരം എങ്ങനെയും നേടുന്നതിനുവേണ്ടി എന്തുംചെയ്യാന്‍ ബിജെപിക്കും ആര്‍എസ്എസിനും മോഡിഭരണത്തിനും മടിയില്ലെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുകയാണ്. ആറാംവട്ടവും ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനു പിന്നില്‍ ആര്‍എസ്എസ് എന്ന സംഘടനയുടെ സംവിധാനങ്ങളും കേന്ദ്ര-സംസ്ഥാന ഭരണത്തിന്റെ ദുരുപയോഗവും ഉണ്ടെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടം ദേശീയമായി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ദേശീയമായി ഇന്നത്തെ മുഖ്യവിപത്ത് ബിജെപിയാണ്. എന്നാല്‍, ബിജെപിയെ തളയ്ക്കാന്‍ കഴിയുന്ന ബദല്‍ നയങ്ങളില്ലാത്ത കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിനും ബിജെപിയുടെ തീവ്ര ഹിന്ദുത്വ വര്‍ഗീയതയ്ക്കുമെതിരെയുള്ള ബദല്‍ ശക്തിയാണ് വളര്‍ത്തിക്കൊണ്ടുവരേണ്ടത്. ഇതിനുള്ള സന്ദേശമാണ് തെരഞ്ഞെടുപ്പു ഫലം നല്‍കുന്നത്. ഇവിടെ, കോണ്‍ഗ്രസിന്റെ നായകത്വം സ്വീകരിച്ചുകൊണ്ട് ബിജെപിയെ മറികടക്കാന്‍ കഴിയില്ലെന്ന വസ്തുത തെളിയുന്നു. അനുകൂലമായ സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് മുന്നണിക്ക് ബിജെപിയെ അധികാരത്തില്‍നിന്ന് ഇറക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റില്‍ 99 എണ്ണം ബിജെപിയും 77 കോണ്‍ഗ്രസും നേടി. ദളിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്രനായും ഭാരതീയ ട്രൈബല്‍ പാര്‍ടിയുടെ രണ്ടുപേരും ജയിച്ചു. ഗ്രാമീണമേഖല കോണ്‍ഗ്രസിനൊപ്പം നിന്നതിലും മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റ് കൂടിയതിലും മുഖ്യഘടകമായി മാറിയത് ബിജെപി ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ത്രയം സൃഷ്ടിച്ച ചലനവുമാണ്. ഇത്രയൊക്കെ അനുകൂലസാഹചര്യങ്ങളുണ്ടായിട്ടും ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കഴിയാത്തത് നയപരവും സംഘടനാപരവുമായ കോണ്‍ഗ്രസിന്റെ ദൌര്‍ബല്യംകൊണ്ടാണ്. ബദല്‍ പരിപാടിയോടെ പ്രവര്‍ത്തിക്കുന്ന വിശ്വാസ്യതയുള്ള പ്രതിപക്ഷമില്ലാത്തതാണ് ബിജെപിക്ക് രക്ഷയായത്. ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും വിവിധ ജാതിവിഭാഗങ്ങളെ പ്രതിനിധാനംചെയ്തുള്ള പ്രക്ഷോഭങ്ങള്‍ നടത്തി. അത് ഭരണവിരുദ്ധവികാരത്തെ ഉത്തേജിപ്പിച്ചു. ജിഎസ്ടി നടത്തിപ്പിലെ പാളിച്ച, നോട്ട് പിന്‍വലിക്കല്‍ സമ്പദ്ഘടനയില്‍ സൃഷ്ടിച്ച മാന്ദ്യം, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, മതനിരപേക്ഷതയെ തകര്‍ക്കുന്ന നടപടികള്‍ തുടങ്ങിയതെല്ലാം ബിജെപിയുടെ സാധ്യതയെ വലിയതോതില്‍ ഇടിച്ചു. ഈ ഘടകങ്ങളെ അനുകൂലമാക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ പരാജയമുണ്ടായി. ബിജെപി വര്‍ഗീയതയെ മതനിരപേക്ഷത ഉയര്‍ത്തി ചെറുക്കാന്‍ രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ല. വര്‍ഗസമരത്തിന്റെ ഒരു മുഖമായാണ് തെരഞ്ഞെടുപ്പിനെ കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. അതുകൊണ്ടുതന്നെ അവര്‍ അവരുടെ നിലപാടുകള്‍ ഒളിച്ചുവയ്ക്കില്ല. പറയാനുള്ളത് പറയും. എന്നാല്‍, ബിജെപിയെ പേടിച്ച് തീവ്രഹിന്ദുത്വനയത്തെ തുറന്ന് എതിര്‍ക്കാന്‍ തയ്യാറാകുന്നില്ല എന്നുമാത്രമല്ല മൃദുഹിന്ദുത്വനയത്തിലൂന്നി ആര്‍എസ്എസിന്റെ കെണിയില്‍ തല വച്ചുകൊടുക്കുകയും ചെയ്തു. 25 അമ്പലത്തില്‍ കയറി കുറിതൊട്ട് പ്രചാരണരംഗത്ത് ഇറങ്ങിയ രാഹുല്‍ തന്റെ ടീമില്‍നിന്ന് മുസ്ളിംപേരുകാരെ അകറ്റിനിര്‍ത്തുന്നതിനും ശ്രമിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചാവിഷയമായി അവസാനം മാറിയ, മോഡി ഉയര്‍ത്തിയ, പാകിസ്ഥാന്‍ വിവാദത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് എത്ര പരിതാപകരമായിരുന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്ഥാന്‍ അനുകൂലഭരണം വരുമെന്നും ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനുമായി ചേര്‍ന്ന് മണിശങ്കര്‍ അയ്യരുടെ വസതിയില്‍ മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും മോഡി ആരോപണം ഉന്നയിച്ചു. മോഡിയുടെ ആക്ഷേപത്തിന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മറുപടിയാകട്ടെ, പാകിസ്ഥാന്‍ വിദ്വേഷരാഷ്ട്രീയത്തെ എതിര്‍ക്കുന്നതായിരുന്നില്ല. പാകിസ്ഥാന്‍ വിദ്വേഷത്തില്‍ ആരാണ് മുന്നിലെന്ന കാര്യത്തിലുള്ള മത്സരത്തിലായിരുന്നു. ഇന്ത്യ സ്വാതന്ത്യ്രം നേടിയപ്പോള്‍ രാജ്യം രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. അന്ന് പാകിസ്ഥാന് ഇന്ത്യ 50 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി നിരാഹാരത്തിന് തയ്യാറായി. ഇതിലുള്ള വിരോധംകൂടി തീര്‍ക്കുകയായിരുന്നു ബിര്‍ളാഹൌസില്‍ പ്രാര്‍ഥനയ്ക്കെത്തിയ ഗാന്ധിജിയെ വധിച്ചുകൊണ്ട് ഹിന്ദുഭ്രാന്തന്മാര്‍ ചെയ്തത്. ഇന്ത്യയില്‍ ഭീകരവാദികളെ വിട്ട് അക്രമങ്ങള്‍ സൃഷ്ടിക്കുകയും ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്മയെ ശക്തിയായി ചെറുക്കണം. പക്ഷേ, പാകിസ്ഥാന്‍ ജനതയെ ആജന്മശത്രുവായി കാണുന്നത് ഇന്ത്യയുടെ അംഗീകൃതനയമല്ല. അത് തുറന്നു പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അതിനുപകരം നവാസ് ഷെരീഫിന്റെ വീട്ടില്‍ ക്ഷണിക്കാതെ കല്യാണത്തിന് മോഡി പോയില്ലേ എന്ന വാദമാണ് രാഹുലും സംഘവും ഉയര്‍ത്തിയത്. ഈ ചോദ്യത്തിലടങ്ങുന്ന ആശയം പാകിസ്ഥാന്‍ വിരോധത്തില്‍ ബിജെപിയേക്കാള്‍ ഒട്ടും പിന്നിലല്ല കോണ്‍ഗ്രസ് എന്ന് വരുത്താനുള്ള വ്യഗ്രതയാണ്. എന്നുമാത്രമല്ല, പാകിസ്ഥാന്‍ ഗൂഢാലോചനയെന്ന ആക്ഷേപം മോഡി ഉന്നയിച്ച കോണ്‍ഗ്രസ് സംഘത്തിലെ പ്രധാനിയായ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പാര്‍ടി ഇതേ അവസരത്തില്‍ പുറത്താക്കുകയും ചെയ്തു. മോഡിയെ നീചന്‍ എന്നു വിളിച്ചുവെന്നതാണ് കാരണമായി കണ്ടെത്തിയത്. രാമജന്മഭൂമിയില്‍ അമ്പലം പണിയുമെന്ന് സംഘപരിവാര്‍ ഗുജറാത്തിലാകെ പ്രസംഗിച്ചു. അതിനു മറുപടി പറയാന്‍ കോണ്‍ഗ്രസിനായില്ല. രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധി ഭരണത്തിലിരുന്നപ്പോഴാണല്ലോ അയോധ്യയില്‍ അമ്പലം പണിയാന്‍ ശിലാന്യാസം നടത്താന്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസ് ഭരണത്തില്‍ത്തന്നെയായിരുന്നല്ലോ കര്‍സേവകര്‍ പള്ളിയുടെ മിനാരം തകര്‍ത്തത്. ഈ രാജ്യത്തിന്റെ ഭരണഘടനയാല്‍ ഉറപ്പ് ചെയ്യപ്പെട്ടതും രാഷ്ട്രത്തിന്റെ ആധാരശിലയുമായ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നില്ല. അയോധ്യയില്‍ അമ്പലം പണിയുമെന്ന ആര്‍എസ്എസിന്റെ ഇന്നത്തെ പ്രചാരണത്തെ അഭിമുഖീകരിക്കുമ്പോഴും അന്നത്തെ അതേ നിസ്സഹായതയാണ് കോണ്‍ഗ്രസിന് ഇപ്പോഴുമുള്ളത്. രഥയാത്ര നടത്തിയ അദ്വാനിയെ അറസ്റ്റ് ചെയ്ത് ബാബ്റി മസ്ജിദ് സംരക്ഷിച്ച് വി പി സിങ് ഒരു മാതൃക കാട്ടിയിരുന്നു. പ്രധാനമന്ത്രിപദത്തേക്കാള്‍ വലുതാണ് രാജ്യത്തെ മതനിരപേക്ഷത എന്നാണ് അന്ന് വ്യക്തമാക്കിയത്. മതനിരപേക്ഷതയെ സംരക്ഷിക്കുന്ന അത്തരം ആദര്‍ശനിഷ്ഠയൊന്നും രാഹുലില്‍നിന്നോ കോണ്‍ഗ്രസില്‍നിന്നോ പ്രതീക്ഷിക്കേണ്ട എന്ന സന്ദേശവും ഗുജറാത്ത് നല്‍കന്നു. എണ്‍പതുകളില്‍ സംവരണവിരുദ്ധസമരം ഗുജറാത്തില്‍ നടന്നപ്പോള്‍ അഹമ്മദാബാദിലെ ഏറ്റവും സംഘടിതരും സുശക്തരുമായിരുന്ന ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ ആ പ്രക്ഷോഭത്തില്‍ കുടുങ്ങിയില്ല. കര്‍ഫ്യൂ നിലനിന്നപ്പോഴും നടന്നോ സൈക്കിളിലോ ഫാക്ടറികളിലെത്തി പണിയെടുത്തു. ഒരു ലക്ഷത്തോളം തൊഴിലാളികളാണ് അന്ന് ടെക്സ്റ്റൈല്‍ മില്ലുകളിലുണ്ടായിരുന്നത്. പ്രക്ഷോഭത്തീ കെടുത്താനും സമുദായസൌഹാര്‍ദം വളര്‍ത്താനുംവേണ്ടി അന്ന്് സിപിഐ എം നേതാവ് സമര്‍ മുഖര്‍ജിയും സിപിഐ നേതാവ് ഭൂപേശ് ഗുപ്തയും കൂട്ടായി അഹമ്മദാബാദിലെത്തി നടത്തിയ പര്യടനം ചരിത്രപരമാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്രകാരമുള്ള അചഞ്ചലമായ നിലപാടാണ് രാജ്യത്തിന് ആവശ്യം. ഹിമാചല്‍പ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബിജെപി വിജയം നേടി. അതില്‍ അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസിന് എവിടെ ഭരണം കിട്ടിയാലും അത് അഴിമതിക്കും ജനവിരുദ്ധതയ്ക്കുംവേണ്ടിയുള്ളതാണ്. വീരഭദ്രസിങ് സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരായ ജനവിധി ബിജെപി മുതലെടുക്കുകയായിരുന്നു. 68 നിയമസഭാ സീറ്റില്‍ 41 എണ്ണം ബിജെപി പിടിച്ചെടുത്തു. കഴിഞ്ഞ തവണ 36ല്‍ ജയിച്ച കോണ്‍ഗ്രസ് 26ല്‍ ഒതുങ്ങി. ആപ്പിള്‍ കര്‍ഷകരുടെ നാട്ടില്‍ സിപിഐ എം ഒരു സീറ്റ് നേടി എന്നത് ചെറിയ കാര്യമല്ല. രണ്ട് ബൂര്‍ഷ്വാപാര്‍ടികള്‍ മുഖ്യ എതിരാളികളായി ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനത്ത് 24 വര്‍ഷത്തിനുശേഷം ഹിമാചല്‍ നിയമസഭയില്‍ ചെങ്കൊടിക്ക് ഇടം കിട്ടിയെന്നത് അഭിമാനകരമാണ്. തിയോഗ് മണ്ഡലത്തില്‍ സിപിഐ എം നേതാവ് രാകേഷ് സിംഗ 24,791 വോട്ട് നേടിയാണ് നിയമസഭയില്‍ എത്തിയത്. 24 വര്‍ഷംമുമ്പ് സിംലയില്‍നിന്ന് നിയമസഭയില്‍ എത്തിയ രാകേഷ് കള്ളക്കേസും കാരാഗൃഹവാസവും വധശ്രമവുമൊക്കെ അതിജീവിച്ച് ഒട്ടേറെ അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് പാര്‍ലമെന്ററിരംഗത്തും വിജയം നേടിയിരിക്കുന്നത്. ഹിമാചലിലെ കമ്യൂണിസ്റ്റ് വിജയം ഇരുണ്ട ആകാശത്തിലെ വെള്ളിവെളിച്ചമാണ് *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം