malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

അഞ്ചുപയ്യന്മാരും ആധാറും

ദേവിക
ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ ഭരിക്കുന്ന ഗോവയിലെത്തിയ അഞ്ച് ദില്ലി പയ്യന്മാരുടെ കഥയാണിത്. കഥയല്ല ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയദിനപ്പത്രത്തിന്റെ ഒന്നാം പേജ് വാര്‍ത്ത. അഞ്ച് പേരും അവിവാഹിതര്‍. ഗോവയിലെ അവിവാഹിതന്‍ തന്നെയായ സുഹൃത്ത് ക്ഷണിച്ചാണ് പഞ്ചപാണ്ഡവന്മാരുടെ വരവ്. ‘അതിഥി ദേവോ ഭവ’ എന്ന മട്ടില്‍ ‘ഗേള്‍സ് ഓണ്‍ കണ്‍ട്രി’യിലെ ആതിഥേയന്‍ ചങ്ങാതിമാരെ ഉത്തരഗോവാ ബീച്ചിലെ ഒരു ഹോട്ടലിലേക്ക് ആനയിച്ചു. പയ്യന്മാരുടെ കയ്യിലാണെങ്കില്‍ പൂത്തപണം. സുഹൃത്ത് ഒരുക്കിയ സല്‍ക്കാരത്തിന്റെ ലഹരിയിലായ പഞ്ചമന്മാര്‍ക്ക് ഒരു ഐഡിയ. അസാരം തമാശയാകാം. അവരിലൊരാള്‍ക്ക് അപ്പോഴാണ് കത്തിയത്, ഗോവാക്കാരനായ ഒരു ചങ്ങാതി, ഉദ്യോഗസ്ഥനാണ്. ഒരു പെണ്‍വാണിഭകേന്ദ്രത്തിലെ ചീഫ് കൂട്ടിക്കൊടുപ്പുകാരന്‍! ഗോവന്‍ ചങ്ങാതിയെ വിളിച്ച് അഞ്ച് സുന്ദരിമാരെ ഒപ്പം രാപാര്‍ക്കാന്‍ കിട്ടണം. വേശ്യാലയ ഏജന്റ് റെഡി. പക്ഷേ രണ്ടുണ്ട് ഉപാധികള്‍. ദില്ലിവാലാപയ്യന്മാര്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ താക്കോലുകളുടെ ചിത്രമെടുത്ത് വാട്ട്‌സാപ്പ് ചെയ്യണം. പിന്നെ ആധാറും വേണം. ആധാര്‍ ‘തത്സമയ’ത്തിനിടയില്‍ അഭിസാരികകളെകാട്ടിയാല്‍ മതി. പക്ഷേ ആധാറിന്റെ പടം വാട്ട്‌സാപ്പ് ചെയ്യണം! തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാര്‍ നിര്‍ബന്ധമെന്നു ശഠിക്കുന്ന മോഡിയുടെ വന്യമായ സങ്കല്‍പത്തില്‍ പോലും പെണ്‍വാണിഭത്തിനും ആധാര്‍ നിര്‍ബന്ധമാക്കാമെന്ന ഐഡിയ കിളിര്‍ത്തിട്ടുണ്ടാവില്ല. എന്തിനെയെല്ലാം ആധാറുമായി ബന്ധിപ്പിച്ചാല്‍ ജീവനങ്ങെടുക്കും എന്ന വിഹ്വല ചിന്തയാല്‍ ജനം ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നതിനിടെയാണ് ഈ ഗോവന്‍പീസ് ആധാറിന്റെ സ്‌കോപ്പ് വ്യഭിചാരകേന്ദ്രങ്ങള്‍ വരെയും ബന്ധിപ്പിക്കാമെന്ന് മോഡിക്ക് കാട്ടിക്കൊടുത്തിരിക്കുന്നത്. കക്കൂസ്, കുളിമുറി, കിടപ്പറ എന്നിവയുമായും ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന പരിഭ്രാന്തിയിലാണ് ഇന്ത്യ എന്നും കണ്ണും തിരുമ്മി ഉറക്കമൊഴിയുന്നത്. ഇതെല്ലാം കാണുമ്പോള്‍ ഒരു സംശയം തോന്നിപ്പോകുന്നു മോഡിയെക്കുറിച്ച്, മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഇങ്ങേരുടെ ഒരു വകയ്ക്ക് മച്ചമ്പിയായിരുന്നോ. തിരുവിതാംകൂര്‍ നിയമസഭയില്‍ പണ്ടൊരു അംഗമുണ്ടായിരുന്നു. തര്യതു കുഞ്ഞിത്തൊമ്മന്‍. എന്തുപറഞ്ഞാലും ആ വാചകത്തില്‍ കത്തോലിക്കന്‍ എന്ന പദം കട്ടായം. അത്ര ഉറച്ച കത്തോലിക്കാവാദി. ഒരു റോഡിന്റെ പദ്ധതി പ്രഖ്യാപിച്ചാലും അത് കത്തോലിക്കരുള്ള പ്രദേശത്തായിരിക്കണമെന്ന് ശാഠ്യം. ഒരിക്കല്‍ തിരുവനന്തപുരം മൃഗശാലയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. തര്യത് കുഞ്ഞിത്തൊമ്മനാണെങ്കില്‍ സുഖസുഷുപ്തിയില്‍. വികസനകാര്യമായതിനാല്‍ അടുത്തിരുന്ന അംഗം. തര്യതിനെ തോണ്ടിയുണര്‍ത്തി. പാതിയുറക്കവുമായി കക്ഷി ഉണരുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൃഗശാലയ്ക്ക് വേണ്ടി നാല് ജിറാഫുകളെ ഇറക്കുമതി ചെയ്യും. ഇതുകേട്ടപാടെ തര്യതു കുഞ്ഞിത്തൊമ്മന്‍ ചാടിയെണീറ്റ് കണ്ണും തിരുമ്മി പറഞ്ഞു. അതിലൊന്ന് കത്തോലിക്കനായിരിക്കണം. എംഎല്‍എമാരും എംപിമാരും പ്രതികളായുള്ള കേസുകള്‍ക്ക് വേണ്ടി രാജ്യത്ത് ഒരു ഡസന്‍ അതിവേഗ കോടതികള്‍ മാര്‍ച്ചില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ച വാര്‍ത്ത കേട്ടപ്പോഴാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാതഃസ്മരണീയനായ തര്യതു കുഞ്ഞിത്തൊമ്മനെ ഓര്‍ത്തുപോയത്. എന്തിനുമേതിനും കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരേ കുഞ്ഞിത്തൊമ്മനെപ്പോലെ കണക്കു പറഞ്ഞ് കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിയമമന്ത്രി എ കെ ബാലനും മിടുക്കുതെളിയിച്ചിരിക്കുന്നു. പാതിയുറക്കത്തിലാണോ പന്ത്രണ്ടിലൊന്ന് കേരളത്തിനും വേണം എന്ന് മന്ത്രി ബാലന്‍ പറഞ്ഞതെന്നറിയില്ല. എന്തായാലും ‘പിടിച്ചോ ബാലാ, തനിക്കും ഇരിക്കട്ടെ ഒരു കോടതി’ എന്നു പറഞ്ഞ് ഒരു കോടതി കേരളത്തിലും അനുവദിച്ചിരിക്കുന്നു. കേരളത്തിന് അനുവദിച്ച കോടതിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഈച്ചയാട്ടിയിരിക്കാനാണ് യോഗമെന്നാണ് ദേവിക ധരിച്ചത്. അതെന്തൊരു മോശം ധാരണയായിപ്പോയി. 87 എംഎല്‍എമാരും എംപിമാരുമാണ് വിവിധ കേസുകളിലായി സംസ്ഥാനത്തെ കോടതിവരാന്തകള്‍ നിരങ്ങുന്നതെന്നത് പുതിയൊരറിവ്. സോളാര്‍ കിടിമന്നന്മാരും കൂടിച്ചേരുമ്പോള്‍ കേരളം സെഞ്ചുറികടക്കുമെന്നു തീര്‍ച്ച. തോമസ് ചാണ്ടി അന്‍വറാദികള്‍ കൂടിയാകുമ്പോള്‍ നമ്മുടെ കോടതിക്ക് ഈച്ചയാട്ടിയിരിക്കാനല്ല പകരം ശ്വാസംപോലും വിടാനാവാത്ത വിധം എടുപ്പതു പണിയുണ്ടാവും. വേണ്ടിവന്നാല്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കുമെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഒരു കോടതി കൂടി വേണമെന്ന് കേന്ദ്രത്തില്‍ ഒരു അഡ്വാന്‍സ് ബുക്കിങ് നടത്താന്‍ മന്ത്രി ബാലനോട് ഒരപേക്ഷയുണ്ട്. ‘കോടതികള്‍ തുലയട്ടെ’ എന്ന പഴയ മുദ്രാവാക്യത്തിനു പകരം ‘കോടതികള്‍ പെരുകേട്ട, കേസുകള്‍ വളരട്ടേ’ എന്ന് നമുക്ക് മുദ്രാവാക്യം വിളിക്കാം. രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന യാത്രകളില്‍ പലതിന്റെയും പേരുകള്‍ അന്വര്‍ഥമാകാറില്ല എന്ന പരാതി പണ്ടേയുള്ളതാണ്. പക്ഷേ ആ പരാതിക്ക് കോണ്‍ഗ്രസ് പരിഹാരമുണ്ടാക്കിയിരിക്കുന്നു. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്ര തലസ്ഥാനത്ത് സമാപിച്ചപ്പോള്‍ അത് പാളയത്തില്‍ പടയായല്ല പരസ്യമായ തെരുവുയുദ്ധത്തില്‍ത്തന്നെ കലാശിച്ചു. പടയൊരുക്കം നടത്തിയിട്ട് വെറുതേ നോക്കിയിരുന്നാല്‍ അത് അറുബോറല്ലേ. ഒരുക്കം തീര്‍ന്നാല്‍ പിന്നെ പൊരിഞ്ഞ അങ്കം തന്നെയായെങ്കിലല്ലേ രമേശിന്റെ യാത്രയുടെ പടയൊരുക്കം എന്ന പേര് അന്വര്‍ഥമാകു. ആ കുറവ് കെഎസ്‌യു യൂത്തന്മാര്‍ തീര്‍ത്തുകൊടുത്തിരിക്കുന്നു. രാഹുല്‍ പങ്കെടുത്ത സമാപന സമ്മേളനം കഴിഞ്ഞയുടന്‍ തന്നെ ഇളമുറക്കാര്‍ പട തുടങ്ങുന്നു. സെക്രട്ടേറിയറ്റിന് പിന്നിലെ സമ്മേളന നഗരി മുതല്‍ എമ്മെല്ലെ ക്വാര്‍ട്ടേഴ്‌സുവരെയുള്ള രാജവീഥികള്‍ ഐ ഗ്രൂപ്പ് പടയില്‍ രക്തക്കളമാവുന്നു. കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായ ഐ ഗ്രൂപ്പുകരാന്‍ എ ഗ്രൂപ്പ്കാരെ ഓടിച്ചിട്ട് കുത്തിവീഴ്ത്തുന്നു. കുത്തേറ്റ് ആശുപത്രിയിലായ മൂന്നുപേരും എ ഗ്രൂപ്പുകാരെന്ന വാര്‍ത്ത വരുമ്പോള്‍ സുധീരന്‍ പക്ഷക്കാര്‍ എ ഗ്രൂപ്പുകാരോട് കെഞ്ചുന്നു. മൂന്നില്‍ ഒരാളെ ഞങ്ങള്‍ക്ക് തരുമോ. അങ്ങനെ കുത്തേറ്റവരിലൊരാള്‍ സുധീരന്‍ പക്ഷക്കാരനാവുന്നു. അതാണ് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ അഹിംസാസ്വപ്‌നങ്ങളെക്കുറിച്ച് ചോരകൊണ്ടും കഠാരകൊണ്ടും കഥയെഴുതുന്നവര്‍. തോമസ് ചാണ്ടി വിചാരിച്ചാല്‍ രാജ്യത്തെ പരമോന്നത ന്യായാസനങ്ങളെപ്പോലും കുരങ്ങുകളിപ്പിക്കാമെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. കായല്‍ കയ്യേറ്റക്കേസിലെ പ്രതിയെന്ന നിലയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി പിന്‍വലിക്കാമെന്നും പിന്‍വലിക്കില്ലെന്നും പറഞ്ഞ് ആടിക്കളിച്ച അന്നത്തെ മന്ത്രി കുവൈറ്റ് ചാണ്ടി സുപ്രിം കോടതിയിലെത്തിയപ്പോള്‍ പിന്നെയും കളികള്‍ തുടര്‍ക്കഥയായി. കേസ് പരിഗണനയ്ക്കുവേണ്ടി തീരുമാനിച്ച് ജസ്റ്റിസിനെയും നിയോഗിച്ചപ്പോള്‍ തനിക്ക് ആ ന്യായാധിപന്മാരുടെ മുന്നില്‍ കേസ് നടത്താനാവില്ലെന്നായി തോമസ് ചാണ്ടിയുടെ വക്കീലും കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ക. ന്യായാധിപനും ചാണ്ടിയും തമ്മില്‍ വേലിയിലെ അതിരുമാന്തിയതുപോലുള്ള കലിപ്പ്. എങ്കില്‍ പിന്നെ താന്‍ തന്നെ അധ്യക്ഷനായ മറ്റൊരു ബെഞ്ചായിക്കോട്ടെ എന്നായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കേസും ലിസ്റ്റു ചെയ്തു കഴിഞ്ഞപ്പോള്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ക്ക് ഉണ്ടിരുന്ന നായര്‍ക്ക് ഒരു വിളിതോന്നിയപോലെ. തോമസ് ചാണ്ടിയുടെ കേസ് താനെടുക്കില്ലെന്ന് ജസ്റ്റിസും. പരമോന്നത നീതിപീഠത്തിലും പ്രതികളും ന്യായാധിപന്മാരും തമ്മില്‍ ‘അശകൊശലേ പെണ്ണുണ്ടോ’ കളിച്ച് ജനത്തെ മണ്ടുഗുണ്ടൂസരാക്കരുതെന്ന് അപേക്ഷയേയുള്ളു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം