malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ദുരന്ത ദിനത്തിന് ഇരുപത്തിയഞ്ച് വര്‍ഷം

യു വി വിക്രമൻ
1992 ഡിസംബര്‍ ആറ്, ഇന്ത്യാ ചരിത്രത്തിലെ കറുത്തദിനം. രാജ്യത്തിനും ഹിന്ദുധര്‍മത്തിനുമെതിരായി ബിജെപി ബാബറി മസ്ജിദ് പള്ളി പൊളിച്ചദിനം. ആ കറുത്തദിനത്തിന് 25 വയസാകുന്നു. അയോധ്യയില്‍ അമ്പലം പണിയുമെന്ന പ്രഖ്യാപനം സംഘപരിവാറുകാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നു. വര്‍ത്തമാനകാല ജീവിതത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന് മാനവികതയെ തകര്‍ക്കല്‍ എന്ന പ്രക്രിയയാണ്. അയോധ്യയില്‍ നാല് നൂറ്റാണ്ടിലധികം കാലം നിലനിന്ന മുസ്‌ലിം പള്ളി പൊളിച്ച് അവിടെ ശ്രീരാമന്റെ പേരില്‍ അമ്പലം പണിയാനുള്ള ഹിന്ദുവര്‍ഗീയവാദികളുടെ നാലാമത്തെ ശ്രമമാണ് 1992 ഡിസംബര്‍ ആറിന് നടന്നത്. ആദ്യത്തേത് 1989 ഒക്‌ടോബറില്‍ നടത്തിയ ‘ശിലാന്യാസ്’ (തറക്കല്ലിടല്‍) ആയിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആഭ്യന്തരമന്ത്രി ഭൂട്ടാസിങും യുപിയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റും അതിന് കൂട്ടുനില്‍ക്കുകയും സംരക്ഷണം നല്‍കുകയും ചെയ്തു. അങ്ങനെ ‘വിജയകര’മായി ശിലാന്യാസം നടന്നു. പക്ഷേ, ക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞില്ല. തറക്കല്ലിടലല്ലാതെ അമ്പലം പണി പാടില്ലെന്നായിരുന്നു വിശ്വഹിന്ദുപരിഷത് നേതാക്കളും രാജീവ്ഗാന്ധിയും തമ്മിലുണ്ടാക്കിയ ധാരണ. അതുകൊണ്ട് രാജ്യമാകെ നടത്തിയ രാമശിലാ പൂജയും ആ കല്ലുകളും വഹിച്ചുകൊണ്ടുള്ള കര്‍സേവകരുടെ ആഘോഷപൂര്‍വമുള്ള അയോധ്യായാത്രയും വെറുതെയായി. ശ്രീരാമക്ഷേത്രം നിര്‍മിക്കാതെ മടങ്ങുകയില്ലെന്ന ശ്രീരാമ ഭക്തി കൊണ്ട് ആവേശം കയറി അയോധ്യയിലേക്ക് പുറപ്പെട്ട യുവാക്കള്‍ നിരാശരായി മടങ്ങി. രണ്ടാമത്തെ ശ്രമം 1990 നവംബര്‍ ആദ്യം ജനതാദള്‍ ഭരണകാലത്തായിരുന്നു. വി പി സിങിന് കേന്ദ്രത്തില്‍ ഭരിക്കണമെങ്കില്‍ ബിജെപിയുടെ പിന്തുണ ആവശ്യമുള്ളതുകൊണ്ട് ബിജെപി പ്രസിഡന്റിന്റെ രഥയാത്രയേയും അതിന്റെ പരിസമാപ്തിയായ ക്ഷേത്രനിര്‍മാണത്തേയും ഗവണ്‍മെന്റ് തടയില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. ആയിരക്കണക്കിന് കര്‍സേവകരെ അയോധ്യയിലേക്ക് കൊണ്ടുവന്നു. പക്ഷേ കേന്ദ്രത്തിലെയും യുപിയിലെയും ജനതാദള്‍ ഗവണ്‍മെന്റ് ക്ഷേത്രനിര്‍മാണം അനുവദിക്കില്ലെന്ന ഉറച്ചനിലപാടാണ് എടുത്തത്. സായുധ പൊലീസും കര്‍സേവകരും തമ്മില്‍ രൂക്ഷമായ സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും ജീവഹാനിയും സംഭവിച്ചെങ്കിലും ക്ഷേത്രനിര്‍മാണം നടന്നില്ല. കര്‍സേവകര്‍ വെറും കയ്യോടെ മടങ്ങി. ശ്രീരാമ ക്ഷേത്രനിര്‍മാണം നടന്നില്ലെങ്കിലെന്താണ്. 1991 മെയ്-ജൂണ്‍ മാസങ്ങളില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ഭരണം ബിജെപിക്ക് കിട്ടി. ബിജെപി ഗവണ്‍മെന്റിന്റെ ഒത്താശയോടെ 1992 ജൂലൈ മാസത്തിലാണ് മൂന്നാമത് അമ്പലം പണി തുടങ്ങിയത്. അതിനും രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അനേകായിരം കര്‍സേവകരായ ചെറുപ്പക്കാരെ വിശ്വഹിന്ദുപരിഷത്ത് അണിനിരത്തിയിരുന്നു. പക്ഷേ, അലഹബാദ് ഹൈക്കോടതിയും സുപ്രിം കോടതിയും ക്ഷേത്രനിര്‍മാണത്തിനെതിരായി ഇടപെട്ടു. നാലാമത്തെ തവണയാണ് 1992 ഡിസംബര്‍ ആറിന് ക്ഷേത്രനിര്‍മാണം പുനരാരംഭിക്കാന്‍ കര്‍സേവകരെ അണിനിരത്തിയത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് ന്യൂനപക്ഷങ്ങളുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുണ്ടായി. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാനും അരക്ഷിത ബോധം വര്‍ധിക്കാനും ഇത് കാരണമായി. നമ്മുടെ ജനസംഖ്യയുടെ 17.5 ശതമാനത്തോളം മതന്യൂനപക്ഷങ്ങളാണ്. അതില്‍തന്നെ 13 ശതമാനത്തോളം വരുന്ന മുസ്‌ലിങ്ങളാണ് കൂടുതല്‍. തലമുറകളായി ഇവിടെതന്നെ ജീവിച്ചവരും ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഇസ്‌ലാം മതത്തില്‍ വിശ്വസിച്ചവരുമാണവര്‍. അവര്‍ക്ക് ഇന്ത്യയെ അല്ലാതെ മറ്റൊരു രാജ്യത്തെയും അറിയില്ല. ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടുന്ന ആരെപ്പോലെയും മണ്ണിന്റെ മക്കളാണവര്‍. ഈ മണ്ണില്‍ താമസിക്കുകയും ഇവിടത്തെ വായു ശ്വസിക്കുകയും വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തവരുടെ പിന്‍ഗാമികളാണ് മറ്റുള്ളവര്‍. ഇന്ത്യന്‍ ഭരണഘടന തുല്യാവകാശങ്ങളും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലായ്മയും ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ എല്ലാത്തരം വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയമാകുന്നത് വിനാശകരമായ സത്യമാണ്. ആര്‍എസ്എസ്-ബിജെപി വര്‍ഗീയ ശക്തികള്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനകം അതിക്രമങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പലതലത്തില്‍ നിലവിലുള്ള വിവേചനങ്ങള്‍ കാരണം ഒരുതരം അരക്ഷിതബോധം അവരെ പിടികൂടിയിരിക്കുന്നു. ഇതിന് ആക്കം കൂട്ടുന്ന നടപടികളാണ് കേന്ദ്രഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ മതേതരത്വത്തിന്റെയും ന്യൂനപക്ഷാവകാശങ്ങളുടെയും അടിയുറച്ച ചാമ്പ്യന്മാരായിട്ടാണ് ഇടതുപക്ഷത്തെ കാണുന്നത്. ന്യൂനപക്ഷങ്ങളോടുള്ള മനോഭാവമാണ് ഏത് ജനാധിപത്യത്തിന്റെയും ഉരകല്ല്. ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ ജനാധിപത്യ മുന്നേറ്റത്തില്‍ നിന്നും അകറ്റിനിര്‍ത്തിക്കൊണ്ട് അതിനെ ശക്തിപ്പെടുത്താനാവില്ല. ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ജനാധിപത്യ സമരങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കും തൊഴിലിന്റെയും ക്ഷേമപദ്ധതികളുടെയും കാര്യത്തില്‍ അവര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം. മതത്തെയും ജാതിയേയും അടിസ്ഥാനമാക്കിയ ആദര്‍ശക്കാര്‍ ദേശീയതയെയും മതത്തെയും കൂട്ടിക്കുഴച്ച് ജാതിയുടെ അടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വചിക്കുന്നു. 1939 ല്‍ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ വി ഡി സവര്‍ക്കര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് നോക്കുക: ”ഇംഗ്ലണ്ടുകാര്‍ മടങ്ങിയാലും നമ്മുടെ ഹിന്ദുരാഷ്ട്രത്തിനും പൊതു ഇന്ത്യന്‍ രാഷ്ട്രത്തിനും മുഹമ്മദീയര്‍ തടസമായിരിക്കുമെന്ന് ഹിന്ദുക്കള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. സന്തോഷപ്രദമല്ലെങ്കിലും വസ്തുതയെ ധീരമായി നമുക്ക് അഭിമുഖീകരിക്കാം. ഐക്യബോധമുള്ള ഒറ്റരാജ്യമായി ഇന്ത്യയ്ക്ക് നിലനില്‍ക്കാനാവില്ല. മറിച്ച് ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍ തന്നെയുണ്ട്”- (ഹിന്ദു രാഷ്ട്രദര്‍ശന്‍ പേജ് 26) ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കര്‍ 1939 ല്‍ എഴുതിയത് കാണുക: ”ഹിന്ദുസ്ഥാനില്‍ നിലനില്‍ക്കുന്നതും നിലനില്‍ക്കേണ്ടതും പുരാതന ഹിന്ദുത്വമാണ്. ഹിന്ദുരാജ്യം മാത്രമാണ്…. അഹിന്ദുക്കള്‍ വംശീയവും മതപരവും സാംസ്‌കാരികവുമായ വ്യത്യസ്തതകള്‍ വച്ചുപുലര്‍ത്തുന്നിടത്തോളം അവര്‍ വിദേശികളാണ്…… ഇവിടെ ഹിന്ദുക്കള്‍ മാത്രമാണ് ഒരു രാഷ്ട്രം. മുസ്‌ലിങ്ങളും മറ്റുള്ളവരും ദേശവിരുദ്ധര്‍ അല്ലെങ്കില്‍ ദേശത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ളവരാണ്.” (നാം നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു പേജ് 19, 52, 62). ജനാധിപത്യത്തെ സംരക്ഷിക്കുകയും നിരന്തരം വികസിപ്പിക്കുകയും ജനാധിപത്യാവകാശങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളെ ചെറുക്കുകയുമാണ് കമ്യൂണിസ്റ്റുകാരുടെയും പുരോഗമന ശക്തികളുടെയും പ്രഥമ കടമ. ജനാധിപത്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളെ ജനങ്ങള്‍ക്ക് ശക്തിയോടെ എതിര്‍ക്കുകതന്നെ ചെയ്യും. മതേതരത്വം സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താനുമുള്ള പോരാട്ടത്തിലാണ് ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25-ാം വാര്‍ഷികദിനത്തില്‍ രാജ്യമെങ്ങും കരിദിനമാചരിച്ച് ആ പോരാട്ടത്തിന് ഇന്ത്യയിലെ ഇടതുപക്ഷം കരുത്ത് പകരുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം