malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

നരേന്ദ്ര മോദിയും നയതന്ത്രക്കുതിപ്പും

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
ലോകരാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബന്ധങ്ങളില്‍ നീതിബോധങ്ങള്‍ക്കപ്പുറം രാജ്യതാല്‍പ്പര്യങ്ങള്‍ അധീശത്വം പുലര്‍ത്തുന്ന കാലമാണിത്. അറബ് രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനും അവരുമായുള്ള ബന്ധം സുദൃഢമാക്കാനും നരേന്ദ്ര മോദിക്കായിട്ടുണ്ട്. ഇപ്പോള്‍ ഇസ്രായേലിനെയും കൂടെനിര്‍ത്താന്‍ ക്രാന്തദര്‍ശിയായ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് വിദേശനയത്തിനു കഴിയാതെ പോയതാണിപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയകരമായി കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേല്‍വഴി മോദി തരംഗം ആഞ്ഞുവീശി ജര്‍മ്മനിയിലെ ഹാംബര്‍ഗിലെ ‘ബ്രിക്‌സ്’ ഉച്ചകോടി വരെയിപ്പോള്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന സത്യം ഏകമനസ്സോടെ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹവും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും കരയില്‍വെച്ചു മാത്രമല്ല കടല്‍ വെള്ളത്തിലെ നഗ്നപാദ ഉല്ലാസയാത്രയില്‍പ്പോലും ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദം ഉറപ്പിക്കാനാണ് ശ്രമിച്ചത്. ഇസ്രായേലിലെ ഓള്‍ഗ ബീച്ചില്‍ കണ്ട ശാന്തത ഇന്ത്യയും ഇസ്രയേലും ഒത്തുചേര്‍ന്ന് വിശ്വശാന്തിക്കുവേണ്ടി കൈകോര്‍ക്കാനുള്ള ദൃഢനിശ്ചയത്തിന്റെ വിളംബരവും രണ്ട് പ്രാചീന സംസ്‌കൃതികളുടെ ഒത്തുചേരലുമെന്നൊക്കെയാണ് ലോകം വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ച് വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ വിജയ തലങ്ങള്‍ സൃഷ്ടിച്ച ചരിത്രം ഇതാദ്യമാണ്. മുന്‍ എന്‍ഡിഎ ഭരണകാലത്ത് ഉപ പ്രധാനമന്ത്രി എല്‍.കെ.അദ്വാനി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തേതുപോലെ ഒരു ഹൃദയബന്ധം ഇരുരാജ്യങ്ങളും തമ്മില്‍ ഉരുത്തിരിയാന്‍ മുന്‍പ് ഇടയായിട്ടില്ല. നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍ അന്ധമായ ഒരു ഇസ്രായേല്‍ വിരുദ്ധ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. 1990 നു മുന്‍പ് കടുത്ത അസ്പൃശ്യതയാണ് ഇസ്രായേലിനോട് നാം കാട്ടിയിരുന്നത്. ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പാസ്‌പോര്‍ട്ട് പോലും നല്‍കിയിരുന്നില്ല. എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു പറ്റിയ തെറ്റുകളും പാളിച്ചകളും നരേന്ദ്രമോദി തിരുത്തിയിരിക്കുകയാണ്. 1962 ലെ ചൈനീസ് ആക്രമണ സമയത്തും 1965 ലെ പാകിസ്ഥാന്‍ യുദ്ധ സമയത്തും ഇന്ത്യയെ കാര്യമായി സഹായിച്ച രാജ്യമായിരുന്നു ഇസ്രായേല്‍. പക്ഷേ ജനാധിപത്യ ഇന്ത്യയിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രത്യേകതകൊണ്ടാവാം നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ നീതിയുക്ത നിലപാട് അവരോട് കൈക്കൊണ്ടു എന്നു പറയാനാവില്ല. 1962 ലും 1965 ലും നെഹ്‌റുവിന്റെ ചേരിചേരാ രാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്കനുകൂലമായി വായ്തുറക്കാന്‍പോലും തയ്യാറാവാതിരുന്നപ്പോഴാണ് ഇസ്രായേല്‍ ഇന്ത്യയെ പിന്താങ്ങിയത്. അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇന്ത്യയ്ക്കുവേണ്ടി പരസ്യപിന്തുണ യുദ്ധഘട്ടത്തില്‍ നല്‍കിയ ഒരു രാജ്യത്തെ നാം അസ്പൃശ്യരാക്കി മാറ്റിനിര്‍ത്തിയത് ഒരു നിലയ്ക്കും ന്യായീകരിക്കത്തക്കതല്ല. ടെല്‍ അവീവും ന്യൂദല്‍ഹിയുമായി 1990 മുതല്‍ തുടര്‍ന്നു വന്ന ബന്ധം ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങള്‍ സംഭാവന ചെയ്ത സന്ദര്‍ഭങ്ങള്‍ ഒട്ടേറെയുണ്ട്. ലോക ചരിത്രത്തില്‍ ഗ്യാസ് ചേമ്പറുകളിലും ജര്‍മന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലുമായി ജീവിതം ഹോമിച്ച ഇരകളുടെ പശ്ചാത്തലമുള്ള രാജ്യമാണ് ഇസ്രായേല്‍. അവര്‍ ശത്രുക്കളോട് കാട്ടുന്ന ക്രൂരത പൈശാചികമാണെന്നു പറയുന്നതില്‍ തെറ്റില്ല. കാര്‍ഷികരംഗം, സാങ്കേതിക വിദ്യ കൈമാറ്റ മേഖല, ആയുധ വിപണന തലം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ ഇസ്രായേലില്‍നിന്ന് ഇന്ത്യ വന്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഈ മേഖലകളില്‍ കൂടുതല്‍ നേട്ടം സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും കൂട്ടായി പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബന്ധങ്ങളില്‍ നീതിബോധങ്ങള്‍ക്കപ്പുറം രാജ്യതാല്‍പ്പര്യങ്ങള്‍ അധീശത്വം പുലര്‍ത്തുന്ന കാലമാണിത്. അറബ് രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനും അവരുമായുള്ള ബന്ധം സുദൃഢമാക്കാനും നരേന്ദ്ര മോദിക്കായിട്ടുണ്ട്. ഇപ്പോള്‍ ഇസ്രായേലിനെയും കൂടെനിര്‍ത്താന്‍ ക്രാന്തദര്‍ശിയായ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് വിദേശനയത്തിനു കഴിയാതെ പോയതാണിപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയകരമായി കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഭീകരവാദ വെല്ലുവിളികളെ നേരിടാന്‍ ഇസ്രായേലിന്റെ ‘ടെക്‌നോളജിയും സ്ട്രാറ്റജിയും’ ലോകക്രമത്തില്‍ വന്‍ വിജയമാണ്. ആ രംഗത്ത് ഇന്ത്യ ഇപ്പോള്‍ ഇസ്രായേലിന്റെ സഹകരണം ഉറപ്പിച്ചിരിക്കുന്നു. ഇത് വന്‍ നേട്ടം തന്നെയാണ്. ഇസ്രായേല്‍ ബന്ധം പാടില്ലെന്ന് ഇന്ത്യയില്‍ ശഠിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ രാജ്യ താല്‍പ്പര്യങ്ങളെയാണ് അട്ടിമറിക്കുന്നത്. കാര്‍ഷിക ഉല്‍പാദന മേഖലയില്‍ ഇസ്രായേല്‍ ടെക്‌നോളജി കരസ്ഥമാക്കിയ ഇന്ത്യ അത് നടപ്പാക്കിയപ്പോഴുണ്ടായ നേട്ടം കണക്കാക്കാന്‍ ഹരിയാനയിലെ തക്കാളി ഉല്‍പാദനരംഗം മാത്രം നോക്കി വിലയിരുത്തിയാല്‍ മതിയാകും. ഇപ്പോള്‍ ഒരു ഏക്കറില്‍നിന്ന് 96000 കിലോ തക്കാളി ഉല്‍പാദിപ്പിക്കുന്ന ശരാശരി നിരക്ക് ഹരിയാനയില്‍ കാണുന്നു. ഇത് ഇസ്രായേല്‍ ടെക്‌നോളജി മൂലമുണ്ടായതാണ്. എന്നാല്‍ ഇതിനു മുന്‍പ് ഒരു ഏക്കറില്‍ നിന്നു ലഭിച്ചിരുന്ന തക്കാളി 16000 കിലോ മാത്രമായിരുന്നു. തണ്ണീര്‍മത്തന്റെ ഉല്‍പാദനത്തില്‍ ഓരേക്കറില്‍നിന്ന് ശരാശരി 3500 കിലോ കിട്ടിയിരുന്ന സ്ഥാനത്ത് ഇസ്രായേല്‍ ടെക്‌നോളജി നടപ്പിലാക്കിയ ശേഷം അത് 45000 കിലോയായി ഉയര്‍ന്നിട്ടുണ്ട്. ഈ നേട്ടങ്ങളൊന്നും രാഷ്ട്രീയ തിമിരം ബാധിച്ച ചിലര്‍ കാണാതെ പോകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ പര്യടനം വന്‍വിജയം തന്നെയാണ്. ഓര്‍ഗയിലെ ശാന്തതയ്ക്കുശേഷം നരേന്ദ്രമോദിക്ക് പോകേണ്ടിവന്നത് ചൈനീസ് സുനാമിയെ നേരിടാന്‍ ഹാംബര്‍ഗിലേക്കായിരുന്നു. ബ്രിക്‌സ് ഉച്ചകോടിയില്‍ എത്തുന്നതിനു മുന്‍പായി ഇന്ത്യാ-ഭൂട്ടാന്‍-ചൈന മുക്കോണ്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. കലാം പീഠഭൂമിയില്‍ സ്ഥിതി ഗുരുതരമായിരുന്നു. സിക്കിമിലെ അതിര്‍ത്തിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ത്യ ചൈനയുടെ പ്രസ്താവനയേയും ഭീഷണിയേയും അപലപിക്കുകയും നിരാകരിക്കുകയുമുണ്ടായി. ചൈനയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ചയുണ്ടാവില്ലെന്ന് പ്രചരിപ്പിക്കയാണുണ്ടായത്. അത്തരമൊരു ചര്‍ച്ച നിശ്ചയിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ത്യയും ചൂണ്ടിക്കാട്ടി.ചുരുക്കത്തില്‍ മുഖാമുഖം നടക്കില്ല, ഇരു രാജ്യങ്ങളും തമ്മില്‍ കാണില്ല, മിണ്ടില്ല എന്നൊക്കെയായിരുന്നു ദോഷൈകദൃക്കുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. നരേന്ദ്ര മോദിയെന്ന രാഷ്ട്രതന്ത്രജ്ഞന്റെ കഴിവും മികവും ലോകത്തെ ഒരിക്കല്‍കൂടി വിസ്മയിപ്പിച്ചത് ചൈനീസ് പ്രസിഡന്റ് ഷിചിന്‍പിംഗുമായി അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചകളാണ്. ചര്‍ച്ച നടക്കില്ലെന്ന് കൊട്ടിഘോഷിച്ചവര്‍ക്ക് തങ്ങളുടെ പരാജയം സമ്മതിക്കേണ്ടി വന്നു. പരസ്പരം കൈകൊടുത്തും കുശലം പറഞ്ഞും പ്രസംഗത്തില്‍ അന്യോന്യം പ്രശംസിച്ചും സമാധാനത്തിനാഹ്വാനം ചെയ്തുമായിരുന്നു മോദിയും ഷിചിന്‍പിംഗും പെരുമാറിയത്. ജി-20 ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും സംഘര്‍ഷം കൊഴുപ്പിക്കാനല്ല ശ്രമിച്ചത്. പ്രശ്‌നപരിഹാരമാണ് ഇരു രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നതെന്ന സൂചന ഇരുകൂട്ടരുടെയും വാക്കുകളില്‍ പ്രകടമായിരുന്നു. മോദിയുടെ ജൈത്രയാത്ര രാഷ്ട്ര താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതാണ്. മോദിയുടെ ജയം രാജ്യത്തിന്റെ ജയമാക്കി മാറ്റാന്‍ 130 കോടി ഇന്ത്യാക്കാര്‍ ഒറ്റക്കെട്ടായി പരിശ്രമിക്കയാണ് വേണ്ടത്. ഇസ്രായേല്‍,ചൈന എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമേന്തി മോദി നടത്തുന്ന യാത്ര നൂല്‍പ്പാലത്തിലൂടെയുള്ള പ്രയാണമാണ്. സൈനിക-സാമ്പത്തിക-വ്യാപാര- അതിര്‍ത്തി പ്രശ്‌ന മേഖലകളിലെ വിഷയങ്ങള്‍ സങ്കീര്‍ണ്ണങ്ങളും ദുരൂഹതകള്‍ നിറഞ്ഞതുമാണ്. നിക്ഷിപ്ത താല്‍പര്യങ്ങളൊന്നും കൂടാതെ വളരുന്ന വര്‍ത്തമാന ഇന്ത്യ, ലോകത്തിന്റെ വിശ്വാസവും പിന്തുണയും ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്. നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനവും ചൈനയുമായുള്ള ചര്‍ച്ചയും സ്വാഗതാര്‍ഹമാണ്. ഈ രംഗത്ത് നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. e-mail: psspillai@yahoo.in *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം