malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

വികസനപദ്ധതികളോട് വ്യക്തമായ സമീപനം

കോടിയേരി ബാലകൃഷ്ണന്‍
വികസനപദ്ധതികളോടുള്ള സിപിഐ എം സമീപനം എന്ത്? ഗെയ്ല്‍ പ്രകൃതിവാതകപദ്ധതി, റോഡ് വികസനപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം ഉയരുന്നുണ്ട്. ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ വെറും സമരോപകരണമായിമാത്രം വിലയിരുത്തുന്ന കാഴ്ചപ്പാട് സിപിഐ എമ്മിന് ഇല്ല. ഇന്നത്തെ ദേശീയ-സാര്‍വേദശീയ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നയിക്കുന്ന സര്‍ക്കാര്‍, സമരോപകരണമെന്ന നിലയില്‍ അതിന്റെ കടമ നിറവേറ്റും. അത് നോട്ട് നിരോധനം, വര്‍ഗീയതയടക്കമുള്ള മോഡി സര്‍ക്കാരിന്റെ പ്രവൃത്തികളോടും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങളോടുമുള്ള വിയോജിപ്പുകളിലൂടെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനൊപ്പം ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍, അവരുടെ വികസനാവശ്യങ്ങള്‍- എന്നിവയെല്ലാം നടപ്പാക്കുന്നതിനും അതിനുവേണ്ടി പൊതുവില്‍ ബദല്‍നയങ്ങള്‍ക്കുവേണ്ടി അവരെ അണിനിരത്തുന്നതിലും ബദ്ധശ്രദ്ധമാണ്. വര്‍ഗീയവിപത്തിനെ തടയുന്നതിനും നവ- ഉദാരവല്‍ക്കരണത്തിന് ബദല്‍ തേടുന്നതിനും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ ജനങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെയാണ്. തീര്‍ച്ചയായും ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരും ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും സംസ്ഥാനത്തിന്റെ വികസനസാധ്യതകള്‍ നിറവേറ്റുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായമേഖലയില്‍ സ്വകാര്യമൂലധനശക്തികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ത്തന്നെ തൊഴിലാളിവര്‍ഗത്തിന്റെയും അവരുടെ അവകാശങ്ങളുടെയും സംരക്ഷണം സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെയുള്ള വികസനം സാധ്യമാക്കാനും അടിത്തട്ടില്‍ കിടക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനും ഭവനരഹിതര്‍ക്ക് വീട് നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനം നടത്തുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. സ്വകാര്യമൂലധനം പ്രോത്സാഹിപ്പിക്കുമ്പോള്‍ത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍, പൊതുമേഖലയെ സംരക്ഷിക്കുകയും സാമൂഹ്യസേവനമേഖലകളില്‍ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യും. സാമൂഹ്യനിയന്ത്രണത്തിന്‍കീഴില്‍ സ്വകാര്യപങ്കാളിത്തവും ജനപങ്കാളിത്തവുമുള്ള വികസനമാണ് എല്‍ഡിഎഫ് കാഴ്ചപ്പാട്. ഇപ്രകാരമൊരു ജനകീയ കാഴ്ചപ്പാടുള്ള സര്‍ക്കാരാണ് ഗെയ്ല്‍ പ്രകൃതിവാതക പദ്ധതിക്കും റോഡ് വികസനത്തിനും പരമപ്രാധാന്യം നല്‍കി മുന്നോട്ടുപോകുന്നതെന്ന് മനസ്സിലാക്കണം. അനിവാര്യമായ ഏതെങ്കിലും വികസനപദ്ധതിക്കുവേണ്ടി ഭൂമി നഷ്ടപ്പെടുന്ന ഇടത്തരക്കാരും പാവപ്പെട്ടവരുമായ കുടുംബങ്ങളുടെ താല്‍പ്പര്യം പരമാവധി സംരക്ഷിച്ച് പദ്ധതി നടപ്പാക്കുക എന്നതാണ് സിപിഐ എമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സമീപനം. ഭരണത്തിലിരിക്കുമ്പോള്‍ ഒരു നയം, പ്രതിപക്ഷത്തായാല്‍ മറ്റൊരു നയം എന്ന ഇരട്ടത്താപ്പ് സിപിഐ എമ്മിനില്ല. ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം എന്നിവ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ത്തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി ഇന്ത്യയിലെ അനേകം സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പാക്കി. ഭാവിയിലെ ഊര്‍ജസ്രോതസ്സാണ് പ്രകൃതിവാതകം. താരതമ്യേന ചെലവ് കുറഞ്ഞ ഹരിത ഇന്ധനവുമാണ്. കൊച്ചിയില്‍നിന്ന് മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും പ്രകൃതിവാതകം കൊണ്ടുപോകുന്ന പദ്ധതി പൂര്‍ത്തിയായാല്‍ സംസ്ഥാനത്ത് വ്യവസായ ഇടനാഴി രൂപപ്പെടുത്താന്‍ സഹായകമാകും. ചീമേനിയിലെ നിര്‍ദിഷ്ട ഊര്‍ജപദ്ധതിക്ക് ഇന്ധനം ലഭിക്കുകയും അത് യാഥാര്‍ഥ്യമാകുകയും ചെയ്യും. അതുപോലെ വലുതും ചെറുതുമായ അനേകം വ്യവസായങ്ങള്‍ വരും. ഇതിനുപുറമെ, പൈപ്പ് ലൈന്‍ പോകുന്നിടത്തും സമീപപ്രദേശങ്ങളിലും വീടുകളില്‍ കുടിവെള്ളമെത്തുന്നതുപോലെ കുഴലുകളിലൂടെ അടുക്കളയില്‍ പാചകവാതകമെത്തും. ആ പദ്ധതിക്ക് എറണാകുളത്ത് ഇതിനകംതന്നെ തുടക്കമിട്ടിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ പാചകവാതകം വീടുകളിലെത്തിക്കുന്നതടക്കമുള്ള ലക്ഷ്യം നിറവേറ്റാന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കണം. അതിന് തടസ്സം സൃഷ്ടിക്കുന്ന അനവസരത്തിലുള്ള അരാജകസമരമാണ് കോഴിക്കോട് മുക്കത്തിനടുത്ത് എരഞ്ഞിമാവില്‍ നടന്നത്. ഭൂമിവിഷയത്തിലെ എല്ലാ പ്രക്ഷോഭങ്ങളും ശരിയാണെന്നോ ന്യായീകരിക്കത്തക്കതാണെന്നോ പറയാന്‍ കഴിയില്ല. പരാതികളില്‍ പലപ്പോഴും ന്യായഘടകങ്ങളുമുണ്ടാകും. എന്നാല്‍, ശരിയായ മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല ചില ഗ്രൂപ്പുകളുടെ ലക്ഷ്യം. നേരെമറിച്ച്, അവയെ ഒരു ആയുധമാക്കി ഉപയോഗിച്ച് സ്വന്തം താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് അവരുടെ ഉന്നം. ഒരുവിഭാഗം ജനങ്ങളുടെ വികാരത്തെ ശരിയായ ലക്ഷ്യത്തില്‍നിന്ന് തെറ്റിച്ച് സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും നേരെ തിരിച്ചുവിടാന്‍ പരിശ്രമിക്കുകയാണ്. എരിഞ്ഞിമാവിലെ ഈ സംഭവം എല്‍ഡിഎഫ് നേതൃത്വത്തില്‍ രണ്ട് ജാഥ സംസ്ഥാനത്ത് വിജയകരമായി പര്യവസാനിച്ചവേളയിലാണ് ഉണ്ടായത്. വര്‍ഗീയവിപത്ത് തടയാനും അതിനായുള്ള ജനകീയശക്തിക്ക് കരുത്തുപകരാനും ഉദാരവല്‍ക്കരണത്തിനെതിരായ സമരത്തെ ഊര്‍ജിതമാക്കാനും ജനക്ഷേമത്തിലൂന്നിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിന്നില്‍ ജനങ്ങളെ അണിനിരത്താനും വേണ്ടിയാണ് ജനജാഗ്രതായാത്രകള്‍ സഞ്ചരിച്ചത്. അതിവിപുലമായ വരവേല്‍പ്പാണ് ജാഥകള്‍ക്ക് ലഭിച്ചത്. അമിത് ഷായും കുമ്മനവും നയിച്ച ബിജെപി ജാഥയുടെ കേരളവിരുദ്ധ സ്വഭാവവും വിദ്വേഷരാഷ്ട്രീയവും തുറന്നുകാട്ടാന്‍ ജനജാഗ്രതായാത്രകള്‍ ഉപകരിച്ചു. വലിയതോതില്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ളിം ജനവിഭാഗത്തില്‍പ്പെട്ടവര്‍, അവരില്‍ത്തന്നെ സ്ത്രീകളും യുവാക്കളും ഏവരെയും അമ്പരപ്പിക്കുംവിധമാണ് ജാഥയെ വരവേറ്റത്. ഇതില്‍ ഹാലിളകിയ എസ്ഡിപിഐ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ കുത്തിത്തിരിപ്പാണ് മുക്കത്തെ അനിഷ്ടസംഭവങ്ങള്‍ക്കു പിന്നിലെന്ന് ഇതിനകം വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുറത്തുനിന്ന് ഇറക്കുമതിചെയ്ത ആളുകളെ ഉപയോഗിച്ച് ഗെയ്ലിന്റെ ഉപകരണങ്ങള്‍ തകര്‍ക്കുകയും പൊലീസ് വാഹനങ്ങള്‍ ആക്രമിക്കുകയുമൊക്കെ ചെയ്തു. സിപിഐ എമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്താനുള്ള ഗൂഢോദ്ദേശ്യമായിരുന്നു ഈ സമരത്തിന്. ഇത് നടത്തിയ വര്‍ഗീയശക്തികളുമായി കൈകോര്‍ക്കാന്‍ യുഡിഎഫിന് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി യുഡിഎഫ് ഭരണകാലത്ത് തുടങ്ങിയതാണ്. അത് യുപിഎ സര്‍ക്കാരിന്റേതായിരുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിന് മോഡി സര്‍ക്കാരും താല്‍പ്പര്യത്തിലാണ്. ഇവിടത്തെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും യോജിപ്പുള്ള ഒരു പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് ചില ഗ്രൂപ്പുകള്‍ വാശിപിടിക്കുന്നത് നാടിനുവേണ്ടിയോ ജനങ്ങള്‍ക്കുവേണ്ടിയോ അല്ല. അനിഷ്ടസംഭവങ്ങള്‍ക്കുശേഷം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ജനങ്ങളുടെ ആശങ്ക വിവിധ സംഘടനകള്‍ അവതരിപ്പിക്കുകയും യോഗതീരുമാനപ്രകാരം വ്യവസായമന്ത്രി എ സി മൊയ്തീന്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പൈപ്പ് ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നല്‍കുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. പുതുക്കിയ ന്യായവിലയുടെ പത്തുമടങ്ങായി വിപണിവില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. 2012ല്‍ പദ്ധതി ആരംഭിച്ചതുമുതല്‍ ഇത് ബാധകമായിരിക്കും. ഇതുമൂലം 116 കോടി രൂപയുടെ വര്‍ധന ഭൂമിയുടെ നഷ്ടപരിഹാര ഇനത്തില്‍ ലഭിക്കും. ഈ തീരുമാനത്തെ 'മാധ്യമം' ദിനപത്രം മുഖപ്രസംഗത്തിലൂടെ ശ്ളാഘിച്ചിട്ടുണ്ട്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസ സൌകര്യവും നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നല്ല ഫലം ചെയ്യും. നാടിന് അനിവാര്യ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ എല്ലാവിഭാഗം ജനങ്ങളും സംഘടനകളും മാധ്യമങ്ങളും സഹകരിക്കണം. കേരളത്തിലെ റോഡ് ഗതാഗതം ദുരിതപൂര്‍ണമാണെന്നത് സംശയരഹിതമാണ്. നിലവിലുള്ള നിരത്തുകള്‍ എത്ര നന്നാക്കിയാലും വാഹനഗതാഗതം സുഗമമാക്കാന്‍ കഴിയാത്തവിധമുള്ള പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. മരാമത്തുപണി നന്നായി നടത്തിയാലും ഗതാഗതക്കുരുക്ക് മാറുന്നില്ല. ഇതിനു കാരണം, ഇരുപതാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ട പാതകളാണ് ഇപ്പോഴുമുള്ളത് എന്നതാണ്. മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗതാഗതസൌകര്യം സൃഷ്ടിച്ചേ മതിയാകൂ. അടിസ്ഥാനസൌകര്യമില്ലാതെ ആധുനികകേരളം കെട്ടിപ്പടുക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ വീതിയുള്ള ദേശീയപാത അത്യന്താപേക്ഷിതമാണ്. റോഡിന്റെ ആധുനികവല്‍ക്കരണം പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതുണ്ട്. ദേശീയപാത വികസനത്തോടൊപ്പം മലയോര തീരദേശപാതകള്‍ നിര്‍മിക്കാനുള്ള പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുകയാണ്. ഇതെല്ലാമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കുന്ന വിഷയത്തിലും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കി വികസനത്തോട് സഹകരിക്കുന്ന സമീപനം രാഷ്ട്രീയപ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരുമായ ജനങ്ങളും സ്വീകരിക്കണം *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം