malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

സുതാര്യചാണ്ടിയും സോളാര്‍ സരിതയും

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
വോട്ടവകാശമുള്ള പൗരന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടുക എന്നത് ജാതിമത വിശ്വാസി – അവിശ്വാസി ഭേദമന്യേ സര്‍വരുടേയും ഉത്തരവാദിത്തമാണ്. ഇപ്പറഞ്ഞ പൗരോത്തരവാദിത്വത്തിന്റെ അനിഷേധ്യ ഭാഗമെന്ന നിലയില്‍ മാത്രമാണ് ഇത്തരം ഇടപെടലുകള്‍ ഈയുള്ളവന്‍ നടത്തുന്നത്. സമകാലിക കേരള രാഷ്ട്രീയം ഇന്ന് ഏറെ ചര്‍ച്ചചെയ്യുന്നത് രണ്ട് ചാണ്ടിമാരെ കുറിച്ചാണ്. ഉമ്മന്‍ചാണ്ടിയും തോമസ് ചാണ്ടിയും. തോമസ് ചാണ്ടി ഒരു പൊതുപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ ബിസിനസുകാരനാണ്. അദ്ദേഹം അവിഹിതമായ രീതിയില്‍ എന്തെങ്കിലും ചെയ്ത് കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടികള്‍ നേരിടണം. നിയമം ലംഘിച്ചു പൊതുഭൂമി കയ്യേറിയ ഏതൊരാളും അര്‍ഹിക്കുന്ന ശിക്ഷ തോമസ് ചാണ്ടിയും അനുഭവിക്കണം. ഇടതുമുന്നണി മന്ത്രിസഭയില്‍ നിന്ന് തോമസ്ചാണ്ടിയെ പുറത്താക്കണം എന്ന് സിപിഎമ്മിനോ സിപിഐക്കോ അഭിപ്രായപ്പെടാം. പക്ഷേ ആ അഭിപ്രായം നടപടിയായി വരണമെങ്കില്‍ സിപിഎമ്മും സിപിഐയും മാത്രം തീരുമാനിച്ചാല്‍ പോരാ; തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നല്‍കുവാന്‍ ശുപാര്‍ശ ചെയ്ത എന്‍സിപി എന്ന പാര്‍ട്ടിയുടെ കൂടി തീരുമാനം വേണം. സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരെ നടപടി സ്വീകരിച്ച വേഗത്തില്‍, എന്‍സിപിക്കാരനായ തോമസ് ചാണ്ടിക്കെതിരെ നടപടി എടുക്കുവാനാകില്ല. എടുത്താലത് മുന്നണിമര്യാദകളുടെ ലംഘനമാകും. ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സുപ്രധാനമായ മുന്നണി രാഷ്ട്രീയത്തിന് വിള്ളല്‍വരുത്തിക്കൊണ്ട് എടുത്തുപിടിച്ചൊരു നടപടിയെടുക്കുന്നത് അനവധാനതയാകും. അതൊഴിവാക്കാനുള്ള സാവകാശം അവലംബിക്കുന്നു എന്നല്ലാതെ ഇടതുപക്ഷ സര്‍ക്കാര്‍ കായല്‍ കയ്യേറ്റംപോലുള്ള നിയമലംഘനങ്ങള്‍ക്ക് കുടപിടിച്ചുകൊടുക്കുന്നു എന്നൊക്കെ പറയുന്നതും പ്രചരിപ്പിക്കുന്നതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചേരുമെങ്കിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് യോജിക്കുകയില്ല. എന്തായാലും തോമസ്ചാണ്ടി വിഷയം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് സാരമായ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് ഇടതുപക്ഷത്ത് തന്നെയുണ്ട്. ഈ ബോധ്യത്തിന് അനുസൃതമായ നടപടി വൈകാതെ ഉണ്ടാവുമെന്നുതന്നെ കരുതാം. എന്‍സിപി പിന്തുണ ഇല്ലെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ താഴെ വീഴില്ല എന്ന് തിരിച്ചറിഞ്ഞ് ഇടതുമുന്നണിയുടെ ഭൂരിപക്ഷ തീരുമാനത്തെ ഉള്‍ക്കൊള്ളാനുള്ള മര്യാദ എന്‍സിപി നേതൃത്വവും തോമസ് ചാണ്ടിയും കാണിക്കുന്നതും നന്നായിരിക്കും. കായല്‍ ചാണ്ടി വിഷയത്തില്‍ ഇത്രയേ പറയുന്നുള്ളൂ. ഇനി ഉമ്മന്‍ചാണ്ടി (നീലചാണ്ടി) വിഷയത്തിലേയ്ക്ക് കടക്കാം. മറിയം റഷീദ എന്ന ചാരസുന്ദരിയെ മുന്‍നിര്‍ത്തി നമ്പിനാരായണന്‍ എന്ന ശാത്രജ്ഞനേയും കെ കരുണാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെയും പൊതുജന സമക്ഷം കരിവാരിത്തേയ്ക്കാന്‍ കരുനീക്കം നടത്തിയ കുടിലബുദ്ധികൂടിയാണ് ഉമ്മന്‍ചാണ്ടി. ചാരക്കേസില്‍ കരുണാകരനെതിരെ നടത്തിയ പ്രസംഗങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ അപരാധമായിരുന്നെന്നു തുറന്നുപറഞ്ഞ് പൊതുജനസമക്ഷം മാപ്പു പറയാനുള്ള സന്ദേശമൊന്നും ഇന്നേവരെ ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ മനഃസാക്ഷിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ ചാരക്കേസ് ഊതിവീര്‍പ്പിച്ചതില്‍ തെറ്റുപറ്റിയെന്ന് ഉമ്മന്‍ചാണ്ടി ഇതുവരെ പറയാത്തത്. അതിനാല്‍ സോളാര്‍ സുന്ദരിയായ സരിത എസ് നായരുമായി ബന്ധപ്പെടുത്തി ഉമ്മന്‍ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിക്ക് ഉണ്ടായിട്ടുള്ള ഇപ്പോഴത്തെ അപമാനാവസ്ഥ ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്ന കാലത്തിന്റെ കാവ്യനീതിയായി മാത്രമേ കാണാനാകൂ. ചാരക്കേസുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സോളാര്‍ വിഷയത്തില്‍ സഹതാപവും ഉമ്മന്‍ചാണ്ടി അര്‍ഹിക്കുന്നില്ലെന്നു ചുരുക്കം. ഇപ്പോള്‍ സോളാര്‍ കമ്മിഷനെതിരെ പരിഹാസ ശരങ്ങളും പുലഭ്യങ്ങളും തൊടുത്തുവിടുന്ന കെ കരുണാകരന്റെ മകനായ കെ മുരളീധരന്‍ എംഎല്‍എ സോളാര്‍ പ്രശ്‌നം കത്തിനിന്ന കാലത്ത് പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ ഒന്ന് പിന്തിരിഞ്ഞ് നോക്കിവായിക്കണം. ”ആധ്യാത്മരാമായണം ചര്‍ച്ച ചെയ്യാനല്ലല്ലോ അര്‍ധരാത്രിക്കുശേഷം സരിതയെ ആളുകള്‍ ഫോണ്‍വിളിച്ചിരിക്കുക” എന്നാണ് കെ മുരളീധരന്‍ അന്നൊക്കെ പറഞ്ഞിരുന്നത്. അധ്യാത്മ രാമായണം ചര്‍ച്ച ചെയ്യാനല്ല കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ ഫോണ്‍വിളിച്ചിരുന്നതെന്നുതന്നെയാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തെളിയിച്ചിരിക്കുന്നതും. മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ ശരിവയ്ക്കുന്ന സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴെങ്ങനെ കെ മുരളീധരന് വിശ്വാസ്യത ഇല്ലാത്തതായി എന്ന് മുരളീധരന്‍ സ്വയം ചിന്തിച്ചുനോക്കട്ടെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പറഞ്ഞ കാര്യങ്ങളില്‍ മുരളീധരന് ഇടതുസര്‍ക്കാരിന്റെ കാലത്ത് വിശ്വാസ്യത ഇല്ലാതായോ? ആയിട്ടുണ്ടെങ്കില്‍ മുരളീധരനെ വിശ്വസിക്കണോ വേണ്ടയോ എന്ന് ഇനി കേരള ജനത തീരുമാനിച്ചുകൊള്ളും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ നിയോഗിച്ച കമ്മിഷനാണ് സോളാര്‍ പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമല്ലാതായപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തന്നെ ഇപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുന്നു. ടീം സോളാറിന്റെ പ്രചാരണത്തിനും വിപുലീകരണത്തിനും നിയമപരവും നിയമേതരവുമായ സഹായങ്ങള്‍ ചെയ്യുന്നതിന് ലൈംഗികസംതൃപ്തി ഉള്‍പ്പെടെ പ്രതിഫലം പറ്റി വഴിവിട്ടരീതിയില്‍ സഹകരിക്കുവാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തയാറായി എന്നാണ് സോളാര്‍ കമ്മിഷന്റെ നിരീക്ഷണങ്ങളുടെ ചുരുക്കം. കൈക്കൂലി കറന്‍സി രൂപത്തില്‍ മാത്രമല്ല കിടപ്പറ സുഖമായും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നേടി എന്നതിനാല്‍ അഴിമതി നിരോധന നിയമം പ്രകാരം അന്വേഷണം നടത്തി നടപടികള്‍ കൈക്കൊള്ളാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടി പിറകോട്ടുപോക്കല്ല, ശരിയായ പോക്കാണ്. കിടപ്പറ സുഖത്തിനുവേണ്ടി രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്ന് ആരോപിച്ചാണല്ലോ നമ്പി നാരായണനെയും കെ കരുണാകരനെയുമൊക്കെ ചാരക്കേസില്‍ താറടിക്കുവാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പണ്ട് തയാറായത്. ആ കുടിലകര്‍മത്തിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അനുഭവിക്കുന്നത്. സരിത വിശ്വാസ്യയോഗ്യയല്ല എന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്നത്. പക്ഷേ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കാബിനറ്റ് പദവി വഹിച്ചിരുന്ന കെ ബി ഗണേഷ് കുമാറോ പി സി ജോര്‍ജോ സരിത വിശ്വാസയോഗ്യമല്ല എന്ന് പറയുകയില്ല. പി സി ജോര്‍ജ് എന്ന എംഎല്‍എ അക്കാലത്ത് ചീഫ്‌വിപ്പ് പദവിയിലിരുന്നുകൊണ്ടുതന്നെ ടീം സോളാറിനെതിരെയും സരിതയ്‌ക്കെതിരെയും ഏറ്റവും കൂടുതല്‍ ആഞ്ഞടിച്ച ഒരു രാഷ്ട്രീയ നേതാവാണ്. പക്ഷേ പി സി ജോര്‍ജിനെതിരെ സാമ്പത്തികമോ ലൈംഗികപരമായോ ആയ ഒരു മൊഴിയും സരിത സോളാര്‍ കമ്മിഷന്‍ മുമ്പാകെ നടത്തിയിട്ടില്ല. ഇക്കാര്യംതന്നെ സരിത തീര്‍ത്തും വിശ്വാസ്യയോഗ്യയല്ലെന്ന വാദത്തിന് ബലമില്ലാതാക്കുന്നു. ഷിബുബേബി ജോണ്‍, കെ സി ജോസഫ്, കെ പി മോഹനന്‍, ജയലക്ഷ്മി, കെ എം മാണി എന്നീ ഉമ്മന്‍ചാണ്ടി മന്ത്രിസഭാംഗങ്ങള്‍ക്കെതിരെയും മൊഴിയില്ല എന്നതും ശ്രദ്ധിക്കണം. കെ ബി ഗണേഷ് കുമാറുമായി സരിത എസ് നായര്‍ക്കുള്ള ബന്ധം ‘വിവാഹിതരാകാവുന്ന’ വിധം പ്രേമസുരഭിലമായിരുന്നെന്നു സരിതതന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗണേഷ് കുമാറിനെതിരെ സരിത എസ് നായര്‍ ലൈംഗികമോ സാമ്പത്തികമോ ആയ കുറ്റാരോപണങ്ങളൊന്നും നടത്തിയിട്ടില്ല. ഒരു കാമുകി എന്ന നിലയില്‍ സരിതയുടെ വിശ്വാസ്യതയ്ക്ക് ഇതൊരു തെളിവാണ്. ബാക്കിയൊക്കെ പൊലീസ് അന്വേഷണവും കോടതി വ്യവഹാരങ്ങളും തീരുന്നമുറയ്ക്ക് ഏവര്‍ക്കും ബോധ്യമാകും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം