malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഇതോ മഹാവിപ്ലവം

സി രാധാകൃഷ്ണൻ
ഉപയോഗിക്കാന്‍ ആവശ്യമായ വിവേകം ഇല്ലാതെ പലവിധ ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണല്ലോ മനുഷ്യന്റെ ശാപം. ആണവായുധം മുതല്‍ ഇന്റര്‍നെറ്റും സെല്‍ഫോണും വരെ ഈ ഇനത്തില്‍ പെടുന്നു. അന്യഥാ ജനസമ്മതി ഇല്ലാത്തവര്‍ വോട്ട് പിടിച്ച് അധികാരത്തിലേറാനും ‘സമൂഹമാധ്യമ’ത്തെയാണല്ലോ ആശ്രയിക്കുന്നത്! ‘ബുദ്ധിയുള്ള’ യന്ത്രങ്ങള്‍ മനുഷ്യരെ എല്ലാ അധ്വാനഭാരങ്ങളില്‍ നിന്നും മോചിപ്പിക്കുമെന്നും കമ്പ്യൂട്ടര്‍ സയന്‍സ് അങ്ങോട്ടാണ് വഴിതെളിക്കുന്നതെന്നും ഘോഷം കേള്‍ക്കുന്നു. പക്ഷേ, തെരുവുകളില്‍ നടക്കുന്നത് മോചനമല്ല, ബന്ധനത്തിലേക്കുള്ള പാസ്‌പോര്‍ട്ട് വിതരണമാണ്. ഇതാ ഒരു തിരക്കഥാഭാഗം: പ്രശസ്തമായ കമ്പ്യൂട്ടര്‍കടയുടെ എ സി അകത്തളം. ഒരു കൗമാരക്കാരന്‍ കയറി വരുന്നു. ഒരു പ്രത്യേക കൗണ്ടറിലേക്ക് നീങ്ങുന്നു. കയ്യിലെ അഞ്ഞൂറുരൂപ നോട്ട് കൈമാറുന്നു. ഒരു പാസ്‌വേഡ് സ്ലിപ്പ് കൈപ്പറ്റുന്നു. ഒരക്ഷരം ചോദിക്കാതെയും പറയാതെയും ഇറങ്ങിപ്പോകുന്നു. ഇങ്ങനെ നിരവധിപേര്‍ വരുന്നു. ഇനി ഇവരിലൊരാളെ പിന്‍തുടരുക. അയാള്‍ ഏറ്റവും അടുത്തുകാണുന്ന പൊതുശൗചാലയത്തിലേക്ക് കടക്കുന്നു. ദുര്‍ഗന്ധം വകവയ്ക്കാതെ വാതിലടയ്ക്കുന്നു. പോക്കറ്റില്‍ നിന്ന് സെല്‍ഫോണെടുത്ത് അതില്‍ താന്‍ പുതുതായി വാങ്ങിയ സ്ലിപ്പിലെ അക്കങ്ങളും അക്ഷരങ്ങളും ക്രമംതെറ്റാതെ ഇന്‍പുട്ട് ചെയ്യുന്നു. സ്‌ക്രീനില്‍ തെളിയുന്നത് അശ്ലീല ലൈംഗിക ചലച്ചിത്രമാണ്. മിക്കവാറും ബലാല്‍സംഗരംഗങ്ങള്‍. ആകെപ്പാടെ പത്ത് മിനിട്ട് ദൈര്‍ഘ്യമേ ഉള്ളു. ഒരിക്കലേ കാണാനൊക്കൂ. ‘സേവ്’, ‘ഫോര്‍വേഡ്’, ‘കോപ്പി’ എന്നു തുടങ്ങിയ ഓപ്ഷനുകള്‍ ഒന്നുമില്ല. ഇങ്ങനെയൊരു ഇടപാട് നടന്നതിന് ഒരു തെളിവും മൊബൈലിലെ രേഖകളില്‍ കാണില്ല! ഈ അഞ്ഞൂറുറുപ്പിക ഈ കുട്ടി എങ്ങനെ എവിടെനിന്നുണ്ടാക്കുന്നു. അതിന് എന്തെല്ലാം കള്ളങ്ങള്‍ പറയുന്നു, വേണ്ടാതീനങ്ങള്‍ ചെയ്യുന്നു എന്നുകൂടി ചിന്തിച്ചാലേ തലകറക്കം പൂര്‍ത്തിയാവൂ. ഒരു ബ്ലുവെയ്ല്‍ ഏതാനുംപേരുടെ ജീവനൊടുക്കുന്നെങ്കില്‍ അനേകായിരങ്ങളുടെ ജീവിതമാണ് ഈ ഇടപാട് തകര്‍ത്തെറിയുന്നത്. ഇന്ത്യാരാജ്യത്ത് ഓരോ പന്ത്രണ്ട് മണിക്കൂറും ഓരോ കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നു എന്ന കണക്ക് ഇതിനോട് ചേര്‍ത്തു വായിക്കണം. ചേര്‍ത്തു വായിക്കേണ്ടതായി മറ്റു ചിലതുകൂടി ഉണ്ട്. ഒരു പത്രത്തില്‍ ‘അവര്‍ വില്‍ക്കും, പക്ഷേ ഉപയോഗിക്കില്ല’ എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ തുടരുന്നു: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും ലോകത്തിനു മികച്ച സ്‌ക്രീന്‍ ഉപകരണങ്ങള്‍ നല്‍കിയപ്പോള്‍ സ്വന്തം മക്കളെ അതുപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. കണക്റ്റഡ് ക്ലാസ്മുറികളും ഓണ്‍ലൈന്‍ ക്ലാസും ഒരുക്കുന്ന സിലിക്കണ്‍വാലിയിലെ മിക്ക കമ്പനികളിലെയും ജീവനക്കാര്‍ സ്വന്തം മക്കളെ പഠിപ്പിക്കുന്നത് സ്മാര്‍ട്ട് ക്ലാസ് റൂമും സ്‌ക്രീനുകളും ഇല്ലാത്ത സ്‌കൂളുകളില്‍ മാത്രം. ഗെയിം നിര്‍മാതാക്കളും മോശക്കാരല്ല. ഓരോ ഗെയിമും പരീക്ഷിക്കാന്‍ (ആരാന്റെ) മക്കളെക്കൊണ്ട് അത് കളിപ്പിക്കുകയും അവരുടെ രക്തസമ്മര്‍ദ്ദം അളക്കുകയും അഡ്രിനാലിന്‍ ഇഫക്ട് (എന്നുവച്ചാല്‍ പരിഭ്രാന്തി) വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന് കണ്ടാല്‍ ഗെയിം അഴിച്ചു പണിത് കൂടുതല്‍ ആവേശകരമാക്കുകയും ചെയ്താണത്രെ ഓരോ ഗെയിമും കമ്പനികള്‍ അവതരിപ്പിക്കുന്നത്. കളിക്കുന്നവരെല്ലാം അഡിക്റ്റുകളാവുന്നതേ മാര്‍ക്കറ്റിലിടൂ. പക്ഷേ ഇതൊന്നും സ്വന്തം മക്കളുടെ നാലയലത്ത് വരാന്‍ ഒരിക്കലും അനുവദിക്കില്ല! മദ്യരാജാക്കന്മാരില്‍, ലോകതലത്തില്‍ത്തന്നെ, മിക്കവരും ഒരുതുള്ളി കുടിക്കാത്തവരാണെന്നപോലെ! ആരാന്റമ്മയ്ക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചന്തം! ആരാന്റെ മക്കള്‍ക്ക് പ്രാന്താക്കിയാല്‍ കീശ നിറയാന്‍ നല്ല തക്കം! കാട്ടിലെ മരം തേവരുടെ ആന, വലിയെടാ വലി! കമ്പ്യൂട്ടറുകളുടെ ആധിപത്യത്തിന്‍കീഴില്‍ വരാനിരിക്കുന്ന ധീരസുന്ദര നൂതനലോകം മാനവികതയുടെ അന്ത്യം കുറിക്കുമെന്നുറപ്പു തരുന്ന മറ്റൊരു (കഥയല്ല) കാര്യം ഇതാ: ബംഗളുരുവിലെ ഒരു ഫഌറ്റില്‍ ആറു മാസം തികയാത്ത കുഞ്ഞിനെ തൊട്ട ഫഌറ്റിലെ സ്‌കൂള്‍ വിദ്യാര്‍ഥി ‘കളിപ്പിക്കാന്‍’ എടുത്തുകൊണ്ടുപോകുമായിരുന്നു. കുറച്ചു ദിവസത്തെ ‘ഓമനിക്കല്‍’ കഴിഞ്ഞപ്പോള്‍ കുഞ്ഞിന് കാര്യമായ അസുഖം. മുല കുടിക്കുന്നില്ല, വളഞ്ഞുപുളഞ്ഞു കരച്ചില്‍. ആസ്പത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ വയറാണ് കുഴപ്പത്തില്‍. കുടല്‍ നിറയെ ശുക്ലം! ഇതിന്റെ അന്വേഷണവുമായി മുന്നേറവെ അധികാരികള്‍ കണ്ടെത്തിയ കാര്യം: ആ വിദ്യാര്‍ഥി ഈ അഞ്ഞൂറുരൂപാ പാസ്‌വേഡ് വാങ്ങാറുണ്ടായിരുന്നു! *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം