malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

സ്മാർത്ത വിചാരത്തിൻറെ അന്ത്യം ദേഹവിച്ഛേദം

ജോസ് ഡേവിഡ്
സ്മാര്‍ത്ത വിചാരങ്ങളുടെ അന്ത്യത്തിൽ, ആ അന്തര്‍ജനവും അവളെ പ്രാപിച്ച പുരുഷന്മാരും സമുദായ ഭ്രഷ്ടരാക്കപ്പെടുന്നു. അഥവാ പുരുഷന്മാര്‍ നിരപരാധികളാണെന്നു വാദിച്ചാല്‍ അവരെ ശുചീന്ദ്രം ക്ഷേത്രത്തില്‍ സത്യപരീക്ഷയ്ക്ക് വിധേയരാക്കുന്നു. തുടർന്ന് സമുദായഭ്രഷ്ട് അഥവാ ദേഹവിഛേദം. ആഘോഷപൂര്‍വം നടത്തപ്പെടുന്ന ചടങ്ങാണ് ദേഹവിഛേദം. കെപിസിസിയും, വേദനയോടുകൂടിയാണെങ്കിലും ആ ദേഹവിഛേദം നടത്തേണ്ടിയിരിക്കുന്നു. പൊതു സമൂഹത്തിൻറെ ചില മാധ്യമ പോസ്റ്റുകൾ ഇങ്ങനെയായിരുന്നു: സ്മാര്‍ത്തന്‍: നീ എല്ലാ പേരുകളും പറഞ്ഞുകഴിഞ്ഞോ? ഇനീം ആരെങ്കിലും കൂടെ? താത്രി: ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനി കൂട്ടിച്ചേര്‍ക്കാനാരുമില്ല. സ്മാര്‍ത്തന്‍: നിന്റെ ഓര്‍മകളെ നന്നായി ചികഞ്ഞുനോക്കൂ. ഓര്‍മിക്കൂ… ഇല്ലങ്ങളിലെ ഇരുളടഞ്ഞ ഇടനാഴികളിലും കുടുസു മുറികളിലും വാതില്‍ പാളികള്‍ക്കു പിറകിലും സ്വയം മറഞ്ഞു അവകാശാഭിമാനങ്ങള്‍ ഏതുമില്ലാതെ കഴിഞ്ഞു കൂടിയ ഒരുപാട് അന്തര്‍ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു കണക്കു ചോദിക്കല്‍ കൂടിയായി താത്രി കുട്ടിയുടെ 65 പേരുടെ പട്ടിക.. ഒരു നൂറ്റാണ്ടു മുന്‍പ് താത്രിക്കുട്ടി തിരികൊളുത്തിയത് ഒരു ഒറ്റയാള്‍ വിപ്ലവം.. അതെ. ആ കനലില്‍ നിന്നാണ് നമ്പൂതിരി മനുഷ്യനാകണം എന്ന മഹാ മുദ്രാവാക്യത്തിന്റെ ദീപശിഖയ്ക്ക് വി ടി ഉള്‍പ്പെടെയുള്ള ഉല്‍പ്പതിഷ്ണുക്കള്‍ തീ പകര്‍ന്നത്. കുറിയേടത്ത് താത്രിയുമായി സരിതയ്ക്ക് യാതൊരു ബന്ധവുമില്ല എങ്കിലും തന്റെ ഉടുമുണ്ടുരിഞ്ഞവരുടെ പേരു വിളിച്ചോതിയ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു… പൊതുസമൂഹത്തിനു ശിവരാജൻ കമ്മീഷന്റെ കണ്ടെത്തലുകളെക്കുറിച്ചു ഇനിയും ഭിന്നമായ അഭിപ്രായങ്ങളുണ്ടാവാം. ഭിന്നമായി ചിന്തിക്കുന്നവരും, ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സന്ദേഹമുള്ളവരും ഉണ്ടാവാം. പക്ഷേ സത്യത്തിന്റെ വെളിച്ചം എല്ലാ ഇരുട്ടറകളെയും കീറിമുറിച്ചു പുറത്തേയ്ക്ക് പ്രവഹിക്കുന്നത് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ കേരളം കണ്ടു. ഇനി എന്ത്? കോണ്‍ഗ്രസ് (ഐ) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തില്‍ ഇനി എങ്ങനെ മുമ്പോട്ട് പോകാനാവും? ശിവരാജന്‍ കമ്മിഷന്‍ കുറ്റക്കാരെന്നു വിധിച്ചവര്‍, അവര്‍ ആരുമാകട്ടെ, ഇനിയും കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അമരത്ത് തുടരുന്നത് അധാര്‍മികമാണ്. അവരെ അങ്ങനെ ശിക്ഷിക്കുമ്പോഴേ കോണ്‍ഗ്രസ് നീതിമാനാണെന്നു സമ്മതിക്കപ്പെടൂ. ആരും ഒന്നിനും അനിവാര്യരല്ല. സമാനമായ ഒരു സന്ദര്‍ഭത്തില്‍ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചുവെങ്കിലും അമേരിക്കന്‍ ജനതയ്ക്ക് മുമ്പില്‍ മാപ്പ് പറഞ്ഞു. യുഎസ് ജനത ആ മാപ്പ് സ്വീകരിച്ചു. കേരളത്തിന്റെ സംസ്‌കാരവും രീതികളും വ്യത്യസ്തമാണ്. മാത്രമല്ല, ആരോപണം കെട്ടിച്ചമച്ചതാണെന്നു അതിനു വിധേയരായവര്‍ ആവര്‍ത്തിച്ചുകൊണ്ടുമിരിക്കുന്നു. എന്നുവച്ചാല്‍ കേസും നിയമവും ഇഴഞ്ഞുനീങ്ങുംവരെ അവര്‍ നമ്മുടെ തലപ്പത്ത്, അധികാരസ്ഥാനങ്ങളില്‍ നേരിട്ടോ, അല്ലാതെയോ ഇരിക്കുമെന്നര്‍ഥം. അത് നമ്മളെ, കോണ്‍ഗ്രസിനെ, നാടിന്റെ സംസ്‌കൃതിയെത്തന്നെ അപഹാസ്യമാക്കും. കേരളത്തെ കൂടുതല്‍ ദരിദ്രമാക്കും. കോണ്‍ഗ്രസ് ദുര്ബലമാകുന്ന ഇടത്തിലേക്ക് അനാരോഗ്യകരമായ തള്ളിക്കയറ്റങ്ങൾ ഉണ്ടായാൽ കേരളം ഇക്കാലമത്രയും വളർത്തിക്കൊണ്ടു വന്ന മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉയർന്ന മൂല്യങ്ങൾക്ക് അത് വെല്ലുവിളി ഉയർത്തുമെന്ന് ചിന്തിക്കാൻ പാഴൂർ പടി വരെ പോകേണ്ടതില്ല. അതുകൊണ്ടുതന്നെ കോൺഗ്രസ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ആർജവം കാണിക്കേണ്ടതുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപികരിച്ച് പിന്നീട് കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ കോൺഗ്രസ് വിട്ടപ്പോൾ, 1964 ൽ കേരള കോൺഗ്രസ് രൂപികരിച്ചപ്പോൾ, ഇന്ദിര ഗ്രൂപ്പുമായി വേറിട്ട് ആന്റണി ഗ്രൂപ്പ് ഇടതുപക്ഷത്തോട് ചേർന്നപ്പോൾ, കെ കരുണാകരൻ തന്നെ 2005 ൽ ഡി ഐ സി രൂപികരിച്ചു വിട്ടുപോയപ്പോൾ, പിന്നെ തിരിച്ചു വന്നപ്പോൾ…അങ്ങനെ കോൺഗ്രസ് കേരളത്തിൽ ഗ്രാമങ്ങൾ തോറും സാന്നിധ്യമായി തുടർന്നത് , കുതിച്ചും കിതച്ചും നിലനിൽക്കാൻ അതിനുള്ള ചരിത്രപരമായ നിയോഗം കൊണ്ടാണ്. കോൺഗ്രസിലെ അപചയമാണ് ഇപ്പോൾ ദേഹവിച്ഛേദം ചെയ്യപ്പെടേണ്ടത്. അതൊരു വിഗ്രഹഭഞ്ജനമായി മാറിയാലും അതിൽ വന്മരങ്ങൾ വീണാലും കോൺഗ്രസിന് അഗ്നിശുദ്ധി വരുത്തി പുറത്തു വരേണ്ടതുണ്ട്. അത് കഴിയാതിരുന്നാൽ ചരിത്രപരമായ വിഡ്ഢിത്തമായി കാലത്തിന്റെ മഹാ ചുവരിൽ നമുക്ക് കോൺഗ്രസിനെ ദർശിക്കാം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം