malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

അനിശ്ചിതത്വത്തില്‍ സിംബാബ് വെ

വി ബി പരമേശ്വരന്‍
സിംബാബ് വെയുടെ സ്വാതന്ത്യ്രസമരനായകനും ആഫ്രിക്കയിലെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന മുഖവുമായിരുന്ന റോബര്‍ട്ട് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. ഭരണകക്ഷിയായ സാനു- പിഎഫിലെ പടലപ്പിണക്കങ്ങളാണ് സിംബാബ്വെയെ രാഷ്ടീയപ്രതിസന്ധിയിലേക്ക് നയിച്ചത്. കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമ്മേഴ്സണ്‍ നാന്‍ഗാഗ്വയാണ് അട്ടിമറിക്കുപിന്നിലെന്ന് സംശയിക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങളും മുഗാബെ മാറണമെന്ന പക്ഷക്കാരാണ്. മുഗാബെയുടെ അമേരിക്കന്‍വിരോധം പ്രസിദ്ധവുമാണ്. സാമ്പത്തികപരിഷ്കാരങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന, നിക്ഷേപസൌഹൃദമല്ലാത്ത സമീപനമാണ് ഈ ശക്തികളെ മുഗാബെയ്ക്കെതിരെ തിരിച്ചുവിടുന്നത്. സിംബാബ്വെ മുഗാബെയ്ക്ക് ശേഷമുള്ള പുതുയുഗത്തിലേക്കാണ് നീങ്ങുന്നതെന്ന് ആഫ്രിക്കന്‍കാര്യങ്ങളുടെ ചുമതല വഹിക്കുന്ന അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡോണള്‍ഡ് യാമമം അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ചൈനീസ് പത്രമായ 'ഗ്ളോബല്‍ ടൈംസും' സമാന അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനര്‍ഥം മുഗാബെ യുഗത്തിന് സിംബാബ് വെയില്‍ അന്ത്യമാകുകയെന്നുതന്നെയാണ്. മുഗാബെയുടെ രണ്ടാംഭാര്യ ഗ്രേസ് മുഗാബെയും നാന്‍ഗാഗ്വയുംതമ്മിലുള്ള തര്‍ക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. 93 വയസ്സുകാരനായ മുഗാബെ പിന്‍ഗാമിയായി ഗ്രേസിനെ അവരോധിക്കുന്നതിനുവേണ്ടിയാണ് നാന്‍ഗാഗ്വയെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രേസിനെ വൈസ് പ്രസിഡന്റായി മുഗാബെ നിയമിക്കുകയുംചെയ്തു. മുഗാബെയ്ക്കൊപ്പം സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ സ്വാഭാവിക പിന്‍ഗാമിയെന്ന് കരുതപ്പെട്ടിരുന്ന നേതാവാണ് നാന്‍ഗാഗ്വ. രഹസ്യാന്വേഷണവിഭാഗം മേധാവിയെന്ന നിലയില്‍ സൈന്യവുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് അദ്ദേഹം. മാത്രമല്ല, സാമ്പത്തികപരിഷ്കരണത്തിനുവേണ്ടി നിലകൊള്ളുന്ന നേതാവ് എന്ന പ്രതിച്ഛായയും നാന്‍ഗാഗ്വയ്ക്കുണ്ട്. അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനുപിന്നില്‍ ഗ്രേസ് ആണെന്നാണ് ആരോപണം. ഇരുവരുംതമ്മില്‍ ആരോപണ പ്രത്യാരോപണം പതിവാണുതാനും. 2014ല്‍ ജോയ്സെ മജൂരു എന്ന വനിതാനേതാവിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനുപിന്നില്‍ ഗ്രേസ് ആണെന്ന് ആരോപണമുണ്ട്. പിന്‍ഗാമിയാകാന്‍വേണ്ടിയുള്ള ഈ പോരാണ് അട്ടിമറിയിലേക്ക് നയിച്ചത്. ചൊവ്വാഴ്ചയാണ് ഹരാരെയിലെ സമോറ മാഷേല്‍ അവന്യൂവില്‍ സൈനിക ടാങ്കുകള്‍ എത്തിയതും 37 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയതും. ധനമന്ത്രി ഇഗ്നേഷ്യസ് ചോമ്പോയും വീട്ടുതടങ്കലിലാണ്. സിംബാബ്വെ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനും സൈന്യം പിടിച്ചെടുത്തു. യുദ്ധഗാനങ്ങളാണ് തുടര്‍ന്ന് പ്രക്ഷേപണം ചെയ്യപ്പെട്ടത്. സൈന്യത്തിന്റെ വിജയം സൂചിപ്പിക്കുന്നതാണ് ഈ ഗാനങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, രക്തരഹിതമായ ഒരു അട്ടിമറിയാണ് സിംബാബ്വെ ഡിഫന്‍സ് ഫോഴ്സ് നടത്തിയത്. ആഭ്യന്തരമായും സാര്‍വദേശീയമായും പ്രതിഷേധമുയരാന്‍ ഇടയുണ്ടെന്നതിനാലാണ് മുഗാബെയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാത്തതും ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സൈന്യം ശ്രദ്ധിക്കുന്നതും. സിംബാബ്വെയില്‍ നടന്നത് അട്ടിമറിയല്ലെന്ന് പറയുക വിഷമമാണ്. മുഗാബെയെ നീക്കണമെങ്കില്‍ അത് ഭരണഘടനാപരമായിരിക്കണമെന്ന സമീപനമാണ് ആഫ്രിക്കന്‍ യൂണിയനും ദക്ഷിണാഫ്രിക്ക ഡെവലപ്മെന്റ് കൌണ്‍സിലും സിംബാബ്വെയിലെ പൌരാവകാശസംഘടനകളും കൈക്കൊണ്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മാത്രമാണ് മുഗാബെയുമായി ടെലിഫോണില്‍ ബന്ധപ്പെട്ട ഏകവ്യക്തി. ഗാംബിയയിലെയുംമറ്റും രാഷ്ട്രീയപ്രതിസന്ധി ഇക്കോവാസ് എന്ന പ്രാദേശിക കൂട്ടുകെട്ട് പരിഹരിച്ച രീതിയില്‍ വിദേശ ഇടപെടല്‍ ഇല്ലാതെ സിംബാബ്വെയിലെ പ്രശ്നവും പരിഹരിക്കണമെന്നാണ് ഈ സംഘടനകള്‍ ആവശ്യപ്പെടുന്നത്. അട്ടിമറിനടന്ന മൂന്ന് ദിവസത്തിന് ശേഷവും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. രാജിവയ്ക്കില്ലെന്ന മുഗാബെയുടെ പിടിവാശിയാണ് പ്രശ്നം നീണ്ടുപോകുന്നതിന് കാരണം. ഘാനയിലെ ക്വാമ എന്‍ക്രൂമയുടെയും താന്‍സാനിയയിലെ ജൂലിയസ് നെരേരയുടെയും ദക്ഷിണാഫ്രിക്കയിലെ നെല്‍സണ്‍ മണ്ടേലയുടെയുമൊപ്പം ആഫ്രിക്കന്‍ ജനത നെഞ്ചേറ്റിയ പേരായിരുന്നു മുഗാബെയുടേത്. ക്വാമ എന്‍ക്രൂമയെയും ഗാന്ധിജിയെയും രാഷ്ട്രീയഗുരുഭൂതരായി ആരാധിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മുഗാബെ മാര്‍ക്സിസം ലെനിനിസത്തിലേക്കും ആകര്‍ഷിക്കപ്പെട്ടു. 1917ലെ റഷ്യന്‍വിപ്ളവം കെട്ടഴിച്ചുവിട്ട കൊളോണിയല്‍ വിരുദ്ധസമരത്തിന്റെ അലയൊലികള്‍ ദക്ഷിണാഫ്രിക്കയില്‍ വിദ്യാഭ്യാസംനേടിയ മുഗാബെയെയും സ്വാധീനിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച പരിചയവുമായി ഹരാരെയിലെത്തിയ മുഗാബെ ബ്രിട്ടനില്‍നിന്ന് മാതൃരാജ്യത്തെ സ്വതന്ത്രമാക്കുന്നതിനുള്ള പോരാട്ടത്തില്‍ എടുത്തുചാടിയത് സ്വാഭാവികം. ഇയാന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെള്ളഭരണത്തിനെതിരായ സമരത്തില്‍ മുഗാബെ നിലയുറപ്പിച്ചു. സിംബാബ്വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ അഥവാ സാനു എന്ന സംഘടനയുടെ നേതാവായി മുഗാബെ മാറി. ജോഷ്വ എന്‍കോമോയുടെ നേതൃത്വത്തിലുള്ള സിംബാബ്വെ ആഫ്രിക്കന്‍ പീപ്പിള്‍സ് യൂണിയന്‍ ഇക്കാലത്ത് സ്വാതന്ത്യ്രത്തിനായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ ഇരുകക്ഷികളും കൈകോര്‍ക്കുകയുംചെയ്തു. ഒരു ദശാബ്ദത്തിലധികം നീണ്ട ഗറില്ലാ യുദ്ധത്തിനുശേഷമാണ് പഴയ റൊഡേഷ്യയെന്ന ഇന്നത്തെ സിംബാബ്വെ സ്വാതന്ത്യ്രം നേടിയത്. പത്തുവര്‍ഷത്തോളം വെള്ളക്കാരന്റെ ജയിലില്‍ കിടന്ന മുഗാബെയായിരുന്നു സ്വാതന്ത്യ്രസമരത്തിന്റെ ധീരനായകന്‍. ചിന്തിക്കുന്ന ഗറില്ലാനേതാവ്' എന്ന പേരായിരുന്നു അന്ന് മുഗാബെയ്ക്ക്. 1980ലാണ് ബ്രിട്ടീഷുകാര്‍ അധികാരമൊഴിഞ്ഞതും മുഗാബെ പ്രധാനമന്ത്രിയായി വിമോചന സര്‍ക്കാരിന് രൂപംനല്‍കിയതും. എന്‍കോമോയും മുഗാബെ മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍, ഭൂരിപക്ഷം ആഫ്രിക്കന്‍രാഷ്ട്രങ്ങളെയും വേട്ടയാടുന്ന ഗോത്രവൈരം സിംബാബ്വെയെയും വേട്ടയാടിയിരുന്നു. മുഗാബെ പ്രതിനിധാനംചെയ്യുന്ന ഷോനോ ഗോത്രവും എന്‍കോമോയുടെ ഏന്‍ഡെബേലെ ഗോത്രവും തമ്മിലുള്ള തര്‍ക്കമാണ് സ്വതന്ത്ര സിംബാബ്വെയെ വേട്ടയാടിയത്. ഒരു വേള മുഗാബെയെ അടിമറിക്കാന്‍വരെ എന്‍കോമോ ശ്രമിച്ചെന്നുവരെ ആരോപണമുയര്‍ന്നു. മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെട്ട എന്‍കോമോ തിരിച്ചുവന്നത് വൈസ് പ്രസിഡന്റായാണ്. അപ്പോഴേക്കും ഭരണഘടനയില്‍ മാറ്റംവരുത്തി മുഗാബെ പ്രസിഡന്റാകുകയുംചെയ്തു. രണ്ടുപേരുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ യോജിച്ചാണ് സാനു പിഎഫിന് രൂപംനല്‍കിയത്. വെള്ളക്കാരുടെ ഭൂമി പിടിച്ചെടുത്ത് കറുത്തവര്‍ക്ക് വിതരണംചെയ്ത മുഗാബെയുടെ നടപടി ഏറെ വിവാദം സൃഷ്ടിച്ചു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളില്‍ നിന്നുതന്നെ അകന്നുപോകുന്ന മുഗാബെയെയാണ് ലോകം കണ്ടത്. എതിരാളികളെ അധികാരം ഉപയോഗിച്ച് നേരിടുന്ന രീതിയാണ് മുഗാബെ അവലംബിച്ചത്. 2008ലെ തെരഞ്ഞെടുപ്പില്‍ മോര്‍ഗന്‍ സവാഗിരായിയുടെ നേതൃത്വത്തിലുള്ള മൂവ്മെന്റ് ഫോര്‍ ഡെമോക്രസി ആദ്യഘട്ടത്തില്‍ ജയിക്കുന്ന സ്ഥിതിപോലും സംജാതമായി. എന്നിട്ടും അധികാരമൊഴിയാന്‍ മുഗാബെ തയ്യാറായില്ല. പട്ടാളം ഭരണം പിടിച്ചെടുത്തിട്ടും ജനങ്ങളില്‍നിന്ന് പ്രത്യക്ഷത്തില്‍ പിന്തുണ നേടുന്നതിലും മുഗാബെ പരാജയപ്പെട്ടു. അതെ,മുഗാബെയുഗത്തിന് തിരശ്ശീല വീഴുകയാണ് *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം