malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

എല്ലാ ആരാധനാലയങ്ങളും സര്‍വമനുഷ്യര്‍ക്കുമായി തുറന്നുകൊടുക്കണം

ഇ എം സതീശൻ
1936 നവംബര്‍ 12 നാണ് തിരുവിതാംകൂറിലെ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. അതുവരെ സവര്‍ണ്ണര്‍ക്കുമാത്രം പ്രവേശനം അനുവദിക്കപ്പെട്ടിരുന്ന രാജാവിന്റെ ഉടമസ്ഥതയിലുള്ളതും അല്ലാത്തതുമായ എല്ലാ ക്ഷേത്രങ്ങളിലും ജനസംഖ്യയില്‍ 80 ശതമാനത്തില്‍ അധികം വരുന്ന അയിത്ത ജാതിക്കാര്‍ക്ക് നിയമപരമായി ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടു. കേവലം മഹാരാജാക്കന്‍മാരുടെ ഔദാര്യമായിരുന്നില്ല ക്ഷേത്രപ്രവേശന വിളംബരം.സവര്‍ണ്ണരായ ഉല്പതിഷ്ണുക്കളുടെയും അവര്‍ണജനതയുടെയും പതിറ്റാണ്ടുകള്‍ നീണ്ട യാതനാനിര്‍ഭരമായ സമരങ്ങളുടെ പ്രതിഫലമായിരുന്നു അത്. കേരളത്തില്‍ ബ്രാഹ്മണ ജന്മിനാടുവാഴിത്ത അധീശത്വം നൂറ്റാണ്ടുകളായി കൊടികുത്തിവാഴ്ച നടത്തിയിരുന്ന കാലത്താണത് ഭൂരിപക്ഷം വരുന്ന അവര്‍ണജനത ജാതിയുടെ പേരില്‍ സാമൂഹ്യമായി ബഹിഷ്‌കൃതരായിരുന്നത്. വഴിനടക്കാനോ ക്ഷേത്രത്തില്‍ പ്രവേശിക്കാനോ മാത്രമല്ല, വിദ്യാഭ്യാസത്തിനും സ്വത്തുസമ്പാദിക്കാനും അവര്‍ണര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. സാമൂഹ്യജീവിതത്തിന്റെ കേന്ദ്രസ്ഥാനം ക്ഷേത്രങ്ങളായിരുന്നു.ക്ഷേത്രങ്ങളിലും പുറത്തും ബ്രാഹ്മണരല്ലാത്ത സവര്‍ണജാതികളില്‍പെട്ടവര്‍ക്കുപോലും ജാതിവിലക്കുകള്‍ നിലനിന്നിരുന്നു.വിഗ്രഹ പ്രതിഷ്ഠ നടത്താനും ക്ഷേത്രങ്ങള്‍ സ്ഥാപിക്കാനും പൗരോഹിത്യ കര്‍മ്മങ്ങള്‍ ചെയ്യാനും ബ്രാഹ്മണര്‍ക്കു മാത്രമാണ് അധികാരാവകാശങ്ങള്‍ ഉണ്ടായിരുന്നത്. ഇവ ലംഘിക്കുന്ന അബ്രാഹ്മണ ജാതിവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നത്. മനുഷ്യത്വരഹിതമായ ഈ ബ്രാഹ്മണാധിപത്യ വ്യവസ്ഥക്കെതിരെ ചരിത്രത്തില്‍ ഏറ്റവും ധീരമായ വെല്ലുവിളി നടത്തിയത് നാരായണ ഗുരുവാണ്. 1888ല്‍ അരുവിയില്‍നിന്ന് ഒരു പാറക്കഷ്ണമെടുത്തു നാരായണഗുരു ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു. അരുവിപ്പുറം പ്രതിഷ്ഠ എന്ന പേരില്‍ ചരിത്രപ്രസിദ്ധമായ ഈ പ്രതിഷ്ഠയെ തുടര്‍ന്ന് നാരായണഗുരുവിനെതിരെ ബ്രാഹ്മണാധിപത്യ ശക്തികള്‍ ചന്ദ്രഹാസമിളക്കി; കോപിച്ചു ഞെട്ടിവിറച്ചു. ‘ഈഴവനായ നാരായണന് വിഗ്രഹപ്രതിഷ്ഠ നടത്താന്‍ എന്തധികാരം … ‘ ബ്രാഹ്മണാധികാരത്തിന്റെ ഗര്‍ജ്ജനത്തിന് ശാന്തനായി നാരായണന്‍ മറുപടി കൊടുത്തു… ‘നാം നമ്മുടെ ശിവനെയാണു പ്രതിഷ്ഠിച്ചത്.’ കേരളത്തില്‍ നൂറ്റാണ്ടുകളോളമായി ചോദ്യം ചെയ്യപ്പെടാതെ വാണരുളിയ ബ്രാഹ്മണ്യത്തിന്റെ അധികാരഗര്‍വ്വിനേറ്റ ആദ്യത്തെ ഈ പ്രഹരത്തിന്റെ തുടര്‍ച്ചയാണ് പിന്നീട് സമൂഹത്തില്‍ ശക്തിയാര്‍ജ്ജിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍. പില്‍ക്കാലത്ത് സവര്‍ണരെയും അവര്‍ണരെയും മനുഷ്യരാക്കാനുള്ള ബഹുമുഖ സമരങ്ങള്‍ കേരളത്തില്‍ വളര്‍ന്നുവന്നു. അയിത്തത്തിനെതിരെ, വഴിനടക്കാന്‍, ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍, വിദ്യ അഭ്യസിക്കാന്‍, നമ്പൂതിരിയെ മനുഷ്യനാക്കാന്‍ എല്ലാം നടന്ന ഇതിഹാസ സമാനമായ എണ്ണമറ്റ സമരങ്ങളാണ് 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു രാജാധികാരത്തെ നിര്‍ബന്ധിതമാക്കിയത്. 1915 ല്‍ ആണ് ശ്രീമൂലം അസംബ്ലിയില്‍ ചരിത്രത്തിലാദ്യമായി അയിത്തോച്ചാടനം എന്ന വിഷയം മുന്‍നിര്‍ത്തി ഒരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. ടി.കെ.മാധവനാണ് അതവതരിപ്പിക്കുന്നത്. അതിനുശേഷമാണ് അയിത്തോച്ചാടനം ദേശീയപ്രസ്ഥാനത്തിന്റെ അജണ്ടയാകുന്നത്. വളരെത്താമസിയാതെ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചു. 1919 ല്‍ ചെറായിയില്‍ ‘ ജാതി പോകണം’ എന്നു പ്രഖ്യാപിച്ചു അയ്യപ്പന്‍ നടത്തിയ മിശ്രഭോജനം ജാതിവിവേചനത്തിന്റെ കോട്ടകോത്തളങ്ങളെ കിടുകിടാ വിറപ്പിച്ചു. തുടര്‍ച്ചയായി വൈക്കം സത്യഗ്രഹവും, അവര്‍ണ്ണ പ്രക്ഷോഭങ്ങളും, നമ്പൂതിരി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ഗുരുവായൂര്‍ സത്യഗ്രഹ പ്രസ്ഥാനവുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച പുതിയ സാമൂഹ്യ ബോധവും ഉണര്‍വ്വുമാണ് ക്ഷേത്രപ്രവേശന വിളംബരം സാധ്യമാക്കിയത്. എങ്കിലും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അവര്‍ണജനതയുടെ ക്ഷേത്രപ്രവേശനമെന്ന സ്വപ്‌നം സാര്‍വത്രികമായി സാഫല്യം നേടിയത് 1947 ലെ ദേശീയ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മാത്രമാണ്. ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് ഇപ്പോള്‍ എണ്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അബ്രാഹ്മണ ജനത പ്രത്യേകിച്ച് ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ പ്രത്യക്ഷമായ ജാതിവിവേചനങ്ങളില്‍ നിന്ന് വിമുക്തി നേടിയിട്ടുണ്ട്. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ മുഖ്യധാരയില്‍ കണ്ണിചേര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സാമൂഹ്യവ്യവസ്ഥകളുമായി തട്ടിച്ചുനോക്കുമ്പോള്‍ സമാനതകളില്ലാത്ത ഉയരങ്ങളില്‍ കേരളം എത്തിച്ചേര്‍ന്നിരിക്കുന്നു. നവോത്ഥാന മുന്നേറ്റങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും പുരോഗമന പ്രസ്ഥാനങ്ങളും രാഷ്ട്രീയമായി നല്‍കിയ നേതൃത്വമാണ് ആധുനിക ജനാധിപത്യ മതേതര കേരളം യാഥാര്‍ഥ്യമാക്കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. ഐക്യകേരളം അറുപതാണ്ടു പിന്നിടുമ്പോള്‍ ക്ഷേത്രപ്രവേശനവിളംബരത്തിനു എന്തു സംഭവിച്ചു എന്നതാണ് ഇപ്പോഴത്തെ പരിഗണനാവിഷയം. ക്ഷേത്രപ്രവേശനത്തിലൂടെ സവര്‍ണാധിപത്യത്തിനു കനത്തപ്രഹരമേല്‍പിച്ചു വളര്‍ന്നുവന്ന പൊതു മതേതര സമൂഹത്തിന്റെ നേട്ടങ്ങള്‍ സ്വാംശീകരിച്ച ജാതിസമൂഹങ്ങള്‍ ജാതി സ്വത്വത്തിലേക്കു തിരിച്ചുപോകുന്ന ദുരവസ്ഥക്ക് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളുടെ ചെലവില്‍ ജാതീയമായ വിവേചനങ്ങളെ അതിജീവിച്ച് സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ ആര്‍ജിച്ച വിവിധ ജാതിവിഭാഗങ്ങളിലെ കേവലന്യൂനപക്ഷമായ സമ്പന്നവിഭാഗങ്ങള്‍ ജന്മസിദ്ധമായ ജാതിബോധത്തെ പൊടിതട്ടിയെടുത്ത് ജാതി സംഘടനകളുടെ വലയില്‍ വരിഞ്ഞു കെട്ടി അധികാരനേട്ടങ്ങള്‍ക്കു ജാതിജനങ്ങളെ ഉപയോഗിക്കുന്ന ദുരവസ്ഥയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. നവോത്ഥാനം യാഥാര്‍ഥ്യമാക്കിയ മതേതര സാമൂഹ്യ അവസ്ഥയെ ഹിന്ദുഐക്യത്തിന്റെ പേരില്‍ ഹൈജാക്ക് ചെയ്യുന്ന കപട ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ സങ്കുചിത വര്‍ഗീയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ജാതിസംഘടനകള്‍ ഇരകളാക്കപ്പെട്ടിരിക്കുന്നു. നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ നാരായണഗുരുവിന്റെയും ചട്ടമ്പി സ്വാമിയുടെയും അയ്യങ്കാളിയുടെയും ഒക്കെ ആശയങ്ങളുടെ പേരില്‍ രൂപംകൊണ്ട സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം വിസ്മരിച്ചു മൂലധന അധികാര താല്‍പര്യങ്ങളുടെ ചട്ടുകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജന്മത്തില്‍ തന്നെ മനുഷ്യനെ മാനസികമായി മേലാളനും കീഴാളനുമായി വിധിക്കുന്ന മനുഷ്യചരിത്രം കണ്ട ഏറ്റവും നീച സാമൂഹ്യവ്യവസ്ഥയാണ് ജാതിവ്യവസ്ഥ. സങ്കുചിത സാമ്പത്തിക രാഷ്ട്രീയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി വോട്ട് ലാക്കാക്കി ജാതിസംഘടനകളിലൂടെ പിന്തിരിഞ്ഞു നടക്കുന്ന ജാത്യാഭിമാനികള്‍ പഴയ ദുഷിച്ച വര്‍ണാശ്രമ കൂടാരത്തിലേക്കാണ് മടങ്ങിപ്പോകുന്നതെന്നു ഓര്‍ക്കുന്നില്ല. ദളിത് പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന ബ്രാഹ്മണ മതത്തിന്റെ രാഷ്ട്രീയമാണ് തങ്ങള്‍ പിന്തുടരുന്നതെന്നു അവര്‍ മറന്നുപോകുന്നു. അതുകൊണ്ടാണ് എണ്‍പതു വര്‍ഷങ്ങള്‍ക്കു ശേഷവും അബ്രാഹ്മണ ദളിത് പിന്നോക്ക ജനതയുടെ ക്ഷേത്രപ്രവേശനം ഇന്നും ശ്രീകോവില്‍ നടവരെ എത്തിനില്‍ക്കുന്നത്. അതായത് 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തില്‍ രാജാവ് കല്‍പിച്ച ‘നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിത പരിതസ്ഥിതികള്‍ പരീക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വെച്ചുനടത്തുന്നതിനും നാം നിശ്ചയിക്കയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി’ മാത്രം അബ്രാഹ്മണര്‍ക്ക് ഇന്നും ശ്രീകോവില്‍ കവാടം വരെ മാത്രമായി ക്ഷേത്രപ്രവേശനം അനുവദിച്ചിരിക്കുന്നത്. അബ്രാഹ്മണജനതയുടെ പൗരോഹിത്യാവകാശത്തിനുവേണ്ടി നാളിതുവരെ ഒരു സവര്‍ണാവര്‍ണ ജാതിസംഘടനയും ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല എന്ന നഗ്നസത്യം നിഷ്‌കളങ്കരായ ജാതി സംഘടനാ പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ട്. അവര്‍ണജനതയുടെ ക്ഷേത്രപ്രവേശനം വിളംബരം ചെയ്തപ്പോള്‍ രാജാവ് കല്‍പിച്ചു നിലനിര്‍ത്തിയ ബ്രാഹ്മണാധിപത്യവും ക്ഷേത്രാചാരങ്ങളും പാരമ്പര്യ കുടുംബാവകാശങ്ങളും എണ്‍പതുവര്‍ഷങ്ങള്‍ക്കുശേഷവും യാതൊരു മാറ്റങ്ങളുമില്ലാതെ അതേപടി തുടരുകയാണ്.കൊടിവെച്ച സിംഹാസനങ്ങളിലിരുന്ന് ഭരണാധികാരികളെ വെല്ലുവിളിക്കുന്ന പ്രാമാണികരായ ജാതിനേതാക്കളും കപട രാഷ്ട്രീയ ഹിന്ദുഐക്യവാദികളും ഉണ്ടായിട്ടും ക്ഷേത്രങ്ങളില്‍ അബ്രാഹ്മണ ജാതി വിവേചനം കൊടികുത്തി വാഴുകയാണ്. അബ്രാഹ്മണജനതയോടു രാജാധികാരകാലം മുതല്‍ തുടരുന്ന ഈ ജാതിവിവേചനവും അയിത്തവും ഇല്ലാതാക്കാന്‍ ‘നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ‘ജാതിഹിന്ദുവിന്റെ കപട ഐക്യം പറഞ്ഞുനടക്കുന്ന സംഘപരിവാറും ഇന്നേവരെ ഒരുവിധ സമരങ്ങളും നടത്തിയതായി കേട്ടിട്ടില്ല… സംഘപരിവാര്‍ ദുശ്ശകുനമായി കാണുന്ന ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഏതാനും അബ്രാഹ്മണശാന്തിക്കാര്‍ ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. എന്നാല്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ സഹശാന്തിയായി ദേവസ്വം ബോര്‍ഡ് നിയോഗിച്ച സുധികുമാര്‍ ഉള്‍പ്പടെയുള്ള അബ്രാഹ്മണ ശാന്തി നിയമനത്തിനെതിരെ കോടതികയറിയതും സംഘപരിവാറാണ് എന്ന് അബ്രാഹ്മണ ജനത തിരിച്ചറിയേണ്ടതുണ്ട്. അതിനുശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാലു ദളിതര്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണ പൂജാരിമാര്‍ക്കു നിയമനം നല്‍കാന്‍ ഇച്ഛാശക്തി കാണിച്ചു എന്നത് നിസാരകാര്യമല്ല. സ്വാതന്ത്ര്യം ലഭിച്ച് ഇക്കാലമത്രയും പിന്നിട്ടിട്ടും ഇന്ത്യയില്‍ എവിടെയും നടക്കാതിരുന്ന കാര്യമാണ് കേരളത്തില്‍ യാഥാര്‍ഥ്യമായത്. ഈ നടപടികളോട് മൗനംഭജിച്ച് സംഘപരിവാര്‍ മുഖംതിരിച്ചു നിന്നെങ്കിലും കേരളജനത വലിയ ആഭിമുഖ്യമാണ് പ്രദര്‍ശിപ്പിച്ചത്. ഏറെ വൈകിയെങ്കിലും പൗരോഹിത്യ സ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നാളിതുവരെ അകറ്റിനിര്‍ത്തപ്പെട്ട എല്ലാ ക്ഷേത്ര തൊഴിലുകളിലും ജനസംഖ്യയില്‍ 99 ശതമാനം വരുന്ന അബ്രാഹ്മണ ജാതിജനങ്ങള്‍ക്കുകൂടി നിയമനം ഉറപ്പുനല്‍കുന്ന എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ബാധകമായ നിയമനിര്‍മാണം നടത്തുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം അബ്രാഹ്മണരില്‍ തല്‍പരരായവര്‍ക്കു പൗരോഹിത്യ പരിശീലനവും യോഗ്യതാപത്രങ്ങളും നല്‍കാന്‍ മതിയായ പൗരോഹിത്യ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുവാനും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്കണം… ക്ഷേത്രപ്രവേശന വിളംബരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന കാലാനുസൃതമായ നിയമനിര്‍മാണങ്ങളിലൂടെ പൗരാണിക മഹാക്ഷേത്രങ്ങളില്‍ ഉള്‍പ്പടെ അബ്രാഹ്മണര്‍ക്ക് പൗരോഹിത്യാവകാശം ഉറപ്പുവരുത്തണം. നൂറ്റാണ്ടുകളായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണമതം അടിച്ചേല്‍പ്പിച്ച ജാതിവിവേചനങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ അബ്രാഹ്മണ പൗരോഹിത്യ അവകാശം അനുവദിക്കുന്ന നിയനിര്‍മാണത്തിനു സാധിക്കും. അതിന് ഇടതുപക്ഷ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്ത് നിയമം യാഥാര്‍ഥ്യമാക്കണം. ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ബ്രാഹ്മണാധിപത്യവും ജാതിവിവേചനവും നിയനിര്‍മാണം വഴി ഇല്ലാതാവുന്നതോടെ കൂടുതല്‍ കാറ്റും വെളിച്ചവും പ്രവേശിക്കുന്ന പുതിയൊരു സാമൂഹ്യ അന്തരീക്ഷം സംജാതമാവും. എണ്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നാനാജാതിയില്‍പെട്ട മനുഷ്യര്‍ക്ക് ക്ഷേത്രപ്രവേശനം ആകാമെങ്കില്‍ ആധുനിക കാലത്ത് നാനാ മതസ്ഥരായ മനുഷ്യര്‍ക്കും പ്രവേശനമനുവദിക്കാവുന്ന ഹൃദയവിശാലതയിലേക്ക് സമൂഹം മുന്നേറേണ്ടതുണ്ട്. മൂകാംബികയിലും തിരുപ്പതിയിലും മധുരയിലും ശബരിമലയിലുമൊക്കെയുള്ള ദേവീദേവന്മാര്‍ക്ക് മതവിഭാഗീയതകളില്ലെങ്കില്‍ പിന്നെ ഇതര ക്ഷേത്രങ്ങളിലെ അഹിന്ദു പ്രവേശ നിരോധനവാദത്തിന് യാതൊരു യുക്തിയും അടിസ്ഥാനവുമില്ല. ക്രിസ്തീയദേവാലയങ്ങളില്‍ പണ്ടുമുതലേ അന്യമതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. ഇസ്‌ലാമിലും അയിത്തംപോലുള്ള ദുരാചാരങ്ങളില്ല. അമുസ്‌ലിങ്ങള്‍ക്ക് പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങള്‍ ഉണ്ട്. സ്ത്രീപ്രവേശനത്തിനും ചിലയിടങ്ങളില്‍ വിലക്കുകളുണ്ട്. ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കിയതുപോലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാവണം. യേശുദാസിനെപ്പോലുള്ളവര്‍ പതിറ്റാണ്ടുകളായി ഹിന്ദുദൈവ വിശ്വാസികളാണ്. ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക ദേവീദേവന്മാരും യേശുദാസിന്റെ ഗാനമാധുര്യത്തിലാണ് ഉറങ്ങിയുണരുന്നത്. കാലങ്ങളായി മതനിരപേക്ഷ സാമൂഹ്യജീവിതം പിന്തുടരുന്ന കേരളീയ സമൂഹത്തില്‍ യേശുദാസിനെപ്പോലുള്ള ശുദ്ധ വിശ്വാസികളെ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് ഒട്ടും അഭിലഷണീയമല്ല. ഗുരുവായൂര്‍ ക്ഷേത്രംതന്ത്രി പുഴക്കര ചേന്നാസ് ദിനേശന്‍ നമ്പുതിരിപ്പാട് ഉള്‍പ്പടെയുള്ള പൗരോഹിത്യപ്രമുഖര്‍ കാലാനുസൃതമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് എല്ലാ ആരാധനാലയങ്ങളും സര്‍വമനുഷ്യര്‍ക്കുമായി തുറന്നു നല്‍കാനുള്ള പ്രബുദ്ധത എല്ലാമതങ്ങളിലും പെട്ട വിശ്വാസ സമൂഹം ഉയര്‍ത്തിപ്പിടിക്കണം. അങ്ങനെ വര്‍ഗീയ രാഷ്ട്രീയം സംഹാരതാണ്ഡവമാടുന്ന ഇന്ത്യക്ക് കേരളം വീണ്ടും മാതൃകയാവണം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം