malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ആശയമോ ആമാശയമോ?

കെ. കുഞ്ഞിക്കണ്ണന്‍
മുതലാളിമാരുടെ കാശുകൊണ്ട് കേരളത്തെ വ്യവസായവല്‍ക്കരിക്കേണ്ടെന്നു തുറന്നുപറഞ്ഞ നമ്പൂതിരിപ്പാട് തന്നെയാണ് കോഴിക്കോട് ബിര്‍ളയെ ക്ഷണിച്ചുവരുത്തിയത്. ഒരു ടണ്‍ മുളയ്ക്ക് ഒരു രൂപവച്ച് നല്‍കാന്‍ കരാറുണ്ടാക്കി. പറയുന്നതെന്ത്? ചെയ്യുന്നതെന്ത്? പാവപ്പെട്ടവര്‍ക്കായി പണിയെടുക്കുന്നു എന്നവകാശപ്പെടുന്ന പിണറായിയുടെ കണ്ണിലും തോമസ് ചാണ്ടിയാണ് പാവപ്പെട്ടവനില്‍ പാവം! ഇടതിനെതിരെ വലതും വലതിനെതിരെ ഇടതും. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ കൊമ്പുകോര്‍ക്കുകയാണ്. മന്ത്രിസഭയിലെ ധനാഢ്യനായിരുന്ന തോമസ് ചാണ്ടിക്കുവേണ്ടി അവസാനംവരെ നിന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒരാദര്‍ശത്തിന്റെയും പിന്‍ബലമില്ല. മന്ത്രിയുടെ രാജിയിലൊതുങ്ങി ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ലെന്ന സിപിഐയുടെ നിലപാടും ആദര്‍ശപരമല്ല. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് വെട്ടാന്‍ എം.പി.ഫണ്ട് അനുവദിച്ചതെന്ന ഇസ്മയിലിന്റെ വെളിപ്പെടുത്തല്‍ അത് വ്യക്തമാക്കുന്നു. തോമസ് ചാണ്ടി കേരള രാഷ്ട്രീയത്തിലെ ഒരു ചണ്ടിയല്ല. വലിയൊരു തൊണ്ടിമുതല്‍ തന്നെയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവായി കുട്ടനാട്ടില്‍ തെക്കുവടക്ക് നടന്ന തോമസ് ചാണ്ടി എങ്ങനെ കോടീശ്വരനായി? തോമസ് ചാണ്ടി എങ്ങനെ എംഎല്‍എ ആയി എന്നൊക്കെ അന്വേഷിച്ചുചെന്നാല്‍ അതിന്റെ പിന്നിലെല്ലാം കെട്ടുനാറിയ കഥകളുണ്ട്. അത് നാട്ടുകാര്‍ക്കറിയാം. സിപിഎമ്മിനറിയാം. എന്നിട്ടും മുഖ്യമന്ത്രി അയാളെ പിന്തുണച്ചതിന്റെ പിന്നാമ്പുറം കഥ ഇനിയും വെളിവായിട്ടില്ല. ആശയപരമായി ഒരുതരത്തിലും പിന്തുണയ്ക്കാന്‍ കൊള്ളാത്ത ഒരു വ്യക്തിക്കുപിന്നില്‍ പാറപോലെ ഉറച്ചുനിന്നെങ്കില്‍ അതിന്റെ കാരണം ആമാശയപരം തന്നെ. നാലുപതിറ്റാണ്ടുമുന്‍പ് ഇടതു-വലതു കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിച്ച് ഭരിച്ചപ്പോള്‍ ഉടലെടുത്ത തര്‍ക്കത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സിപിഎം മന്ത്രിമാരെക്കാള്‍ സ്വീകാര്യത സിപിഐയ്ക്ക് ലഭിച്ചതിലുള്ള അസഹ്യതയാണ് 1967 ല്‍ ഭരണം തുടങ്ങിയ സപ്തകക്ഷി സര്‍ക്കാരില്‍ പ്രകടമായത്. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നെങ്കിലും വ്യവസായ മന്ത്രി ടി.വി.തോമസും കൃഷിമന്ത്രി എം.എന്‍.ഗോവിന്ദന്‍ നായരും പ്രകടിപ്പിച്ച മികവ് മറ്റാര്‍ക്കുമുണ്ടായിരുന്നില്ല. നായരും നസ്രാണിയും കേമന്മാരാവുകയോ എന്ന ശങ്ക സ്വാഭാവികമായും നമ്പൂതിരിപ്പാടില്‍ ഉടലെടുത്തിരിക്കാം. പണ്ട് സി.എച്ച്.മുഹമ്മദ്‌കോയ പറഞ്ഞതോര്‍ക്കുക. ”നമ്പൂതിരിമാര്‍ക്ക് പൂണൂല്‍ മേനിക്ക് പുറത്താണ്. ശങ്കരന്‍ നമ്പൂതിരിപ്പാടിന് അത് മേനിക്കകത്താണ്.” അഭിപ്രായ സംഘട്ടനങ്ങളിലൂടെ അഭിപ്രായ ഐക്യം എന്ന മാവോസൂക്തം അന്ന് നമ്പൂതിരിപ്പാട് മുറുകെ പിടിച്ചെങ്കില്‍ അതാവര്‍ത്തിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. നമ്പൂതിരിപ്പാട് ആശാനാണെങ്കില്‍ ആശാന്റെ നെഞ്ചത്ത് തിരുവാതിര അവതരിപ്പിക്കുകയായിരുന്നല്ലോ എം.എന്‍.ഗോവിന്ദന്‍ നായരും ടി.വി.തോമസും ചെയ്തത്. കാനവും റവന്യുമന്ത്രിയും ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെ. വര്‍ധിത താല്‍പര്യം സംരക്ഷിക്കാന്‍ ഒരേ ചേരിയിലെത്തി രണ്ടുവര്‍ഷം തികയും മുന്‍പ് വര്‍ഗശത്രുക്കളും വര്‍ഗീയക്കാരുമായി യോജിച്ചുപോകാന്‍ മടി ഒട്ടുമില്ലെന്ന് അന്ന് സിപിഐ തെളിയിച്ചു. കോണ്‍ഗ്രസിന്റെ വാലായി നിന്ന് സര്‍ക്കാരിന്റെ തലയായി അഭിനയിച്ച അച്ചുതമേനോന്റെ ഭരണം മറക്കാനാവില്ലല്ലോ. അതിലെന്ത് ആദര്‍ശമുണ്ട്? അടിയന്തരാവസ്ഥ ജനാധിപത്യത്തെ കുഴിച്ചുമൂടിയതാണല്ലോ. സംഘടിക്കാനും സമരം ചെയ്യാനും ബോണസ് പോലും ചോദിക്കാന്‍ അവസരം നിഷേധിച്ചതായിരുന്നു അടിയന്തരാവസ്ഥ. ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് വിലയിരുത്തിയ കക്ഷിയാണ് സിപിഐ. അടിയന്തരാവസ്ഥക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ഇന്ദിരാഗാന്ധി തോല്‍ക്കുകയും കോണ്‍ഗ്രസ് ഭരണം അവസാനിക്കുകയും വേണ്ടിവന്നു അവര്‍ക്ക്. ”ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുമ്പോള്‍ അതിന് ആദര്‍ശം എന്നുപറയാന്‍ പറ്റുമോ? ഇല്ലേ ഇല്ല. അതിനാണ് നിലപാട് ആമാശയപരം എന്നുപറയുന്നത്. കേരളത്തില്‍ സിപിഎമ്മിനൊപ്പം മത്സരിക്കുമ്പോള്‍ തന്നെയാണ് സിപിഐ ഉത്തരേന്ത്യയില്‍ ജനസംഘവുമായി മത്സരിച്ച് മന്ത്രിസഭ രൂപീകരിച്ചത്. അടിയന്തരാവസ്ഥയില്‍ ജനസംഘത്തോടൊപ്പമായിരുന്നു സിപിഎം. 1977 ലെ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചത് സിപിഎമ്മിന്റെ അനിവാര്യതയായിരുന്നു. അടിയന്തരാവസ്ഥയെ പരസ്യമായി സമരത്തിലൂടെ ചെറുക്കുന്നതിന് വിമുഖത കാട്ടിയ പാര്‍ട്ടിക്ക് കിട്ടിയ ശിക്ഷയായിരുന്നു കേരളത്തിലെ തോല്‍വി. എന്നാലും ഒരു കൂസലുമില്ലാതെ അടിയന്തരാവസ്ഥയെ ചെറുത്തത് തങ്ങളാണെന്നകാശപ്പെടും. നിലപാടുകളെ എതിര്‍ക്കാം. എന്നാല്‍ രാഷ്ട്രീയത്തില്‍ ശത്രുക്കളുണ്ടെന്ന് വിലയിരുത്തുന്നതും ശത്രുക്കളെന്നപോലെ പ്രതിയോഗികളോട് പെരുമാറുന്നതും അധാര്‍മ്മികമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെന്നും അധാര്‍മ്മിക മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നതാണ് അവരെ അധഃപതനത്തിലെത്തിക്കുന്നത്. ടി.വി.തോമസ് രാഷ്ട്രീയത്തിലെ അതികായനായിരുന്നു. അദ്ദേഹത്തിന്റെ ദാമ്പത്യജീവിതത്തില്‍ പോലും പാര്‍ട്ടി ഇടപെട്ടതിന്റെ ശാപം എന്ന് മാറിക്കിട്ടും! കേരളത്തില്‍ വ്യവസായമുണ്ടാക്കാന്‍ ആഴത്തില്‍ ചിന്തിക്കുകയും, ദിനേശ് ബീഡി എന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്തത് ടി.വി.തോമസാണ്. അതിനുശേഷം എം.വി.രാഘവനാണ് സ്ഥാപനങ്ങളുണ്ടാക്കിയത്. ഇഎംഎസും ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയ സ്ഥാപനങ്ങളേതാണ്? സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്ത ഫലകങ്ങളില്‍ പേരുണ്ടാകാം. പക്ഷേ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടതവരല്ലെന്നതാണ് വസ്തുത. ഗര്‍ഭിണിയെ കല്യാണം കഴിച്ചാലെന്നതുപോലെയാണ് ഫലകങ്ങളിലെ പേര്. എം.എന്‍.ഗോവിന്ദന്‍ നായരെ ഓര്‍ക്കാന്‍ ലക്ഷംവീട് എന്ന ഒരൊറ്റ പദ്ധതി മാത്രം മതി. സിപിഎം നേതാക്കളെ ഓര്‍ക്കുമ്പോള്‍ ഒരുപാട് കൊലപാതകങ്ങളെയാണ് ഓര്‍ത്തുപോവുക. കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ ടി.വി.തോമസിന് ഒരുപാട് പദ്ധതിയുണ്ടായിരുന്നു. അതിനായി ഒരു വ്യവസായ നയവും രൂപീകരിച്ചു. തൊഴില്‍ സമാധാനവും ഉറപ്പുനല്‍കി. ഇത് തൊഴിലാളിവിരുദ്ധമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഹിറ്റ്‌ലര്‍ വന്നുപറഞ്ഞാലും വ്യവസായ നയം നടപ്പാക്കില്ലെന്ന നിലപാടാണ് ഇന്നത്തെ മന്ത്രി മണിയെപ്പോലുള്ള അന്നത്തെ ഗതാഗതമന്ത്രി ഇമ്പിച്ചിബാവ പ്രഖ്യാപിച്ചത്. വ്യവസായമന്ത്രി ടി.വി.തോമസ് കോണ്‍ഗ്രസിന്റെ അഞ്ചാം പത്തിയാണെന്നും, വ്യവസായ നയം ഞങ്ങള്‍ കുഴിച്ചുമൂടുമെന്നും പ്രസ്താവിച്ചത് സിപിഎം അഖിലേന്ത്യാ നേതാവ് സുന്ദരയ്യയാണ്. ടി.വി.തോമസിന്റെ ജപ്പാന്‍ യാത്രയും, കോഴിക്കോട് ഇരുമ്പയിര്‍ നിക്ഷേപസാധ്യതയുമെല്ലാം തേടുന്നത് അഴിമതിക്കുള്ള വഴിതേടലാണെന്നാക്ഷേപിച്ചാണ് അന്ന് മുഖ്യമന്ത്രി പ്രകോപനമുണ്ടാക്കിയത്. ജപ്പാനുമായി കരാറുണ്ടാക്കാന്‍ ടി.വിക്ക് മന്ത്രിസഭ അനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതലാളിമാരുടെ കാശുകൊണ്ട് കേരളത്തെ വ്യവസായവല്‍ക്കരിക്കേണ്ടെന്നു തുറന്നുപറഞ്ഞ നമ്പൂതിരിപ്പാട് തന്നെയാണ് കോഴിക്കോട് ബിര്‍ളയെ ക്ഷണിച്ചുവരുത്തിയത്. ഒരു ടണ്‍ മുളയ്ക്ക് ഒരു രൂപവച്ച് നല്‍കാന്‍ കരാറുണ്ടാക്കി. പറയുന്നതെന്ത്? ചെയ്യുന്നതെന്ത്? ആര്‍ക്കുമറിയുന്നില്ല. പാവപ്പെട്ടവര്‍ക്കായി പണിയെടുക്കുന്നു എന്നവകാശപ്പെടുന്ന പിണറായിയുടെ കണ്ണിലും തോമസ് ചാണ്ടിയാണ് പാവപ്പെട്ടവനില്‍ പാവം. ഇതാണോ സര്‍ ആശയം? ഇതാണോ സഖാക്കളെ പ്രത്യയശാസ്ത്രം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം