malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

വിദ്യാര്‍ഥിരാഷ്ട്രീയവും കോടതിവിധിയും

ഡോ. വി ശിവദാസന്‍
കേരള ഹൈക്കോടതിയുടെ ഒക്ടോബര്‍ പത്തിന്റെ ഉത്തരവ് നമ്മുടെ ജനാധിപത്യസങ്കല്‍പ്പത്തെ നിരാകരിക്കുന്നതാണ്. കോടതിയുടെ ചോദ്യം എന്തിനാണ് വിദ്യാര്‍ഥി കോളേജില്‍ പോകുന്നത്, പഠിക്കാനാണോ അല്ലെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനാണോയെന്നതാണ്. ബഹുമാനപ്പെട്ട കോടതിയറിയേണ്ടത് പഠനപ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് രാഷ്ട്രീയമെന്നതാണ്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ ഒരു പഠനശാഖതന്നെയാണ് പൊളിറ്റിക്സ് അഥവാ രാഷ്ട്രീയമെന്നത്. പുതിയകോടതിവിധിയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്താല്‍ കോളേജുകളിലെയും സര്‍വകലാശാലകളിലെയും പൊളിറ്റിക്സ് വിഭാഗങ്ങള്‍ അടച്ചുപൂട്ടേണ്ടതായിവരും. പൊളിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ അടച്ചുപൂട്ടാന്‍ കഴിഞ്ഞേക്കാം, പക്ഷേ കലാലയങ്ങളില്‍ പൊളിറ്റിക്സ് ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം വിദ്യാഭ്യാസംതന്നെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. മാര്‍ക്സ് വിദ്യാഭ്യാസത്തെ നിര്‍വചിച്ചത് മേധാവിത്വം വഹിക്കുന്ന വര്‍ഗത്തിന്റെ ആശയപ്രചാരണോപാധിയാണ് വിദ്യാഭ്യാസമെന്നാണ്. അതിനര്‍ഥം ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയമാണ് വിദ്യാഭ്യാസത്തെ നിര്‍ണയിക്കുകയെന്നാണ്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും വിദ്യാഭ്യാസത്തെ നിര്‍ണയിക്കുന്ന രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന പ്രസ്താവന അസംബന്ധമാണ്. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന രാഷ്ട്രീയതീരുമാനങ്ങളില്‍ സ്വതന്ത്ര അഭിപ്രായം വിലക്കുന്ന കോടതി ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ പ്രക്രിയയെയുമാണ് അവഹേളിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ജനാധിപത്യം ഉള്ള രാജ്യത്ത് ധര്‍ണ, സത്യഗ്രഹം ഇവയൊന്നും അനുവദിക്കാനാകില്ലെന്നാണ് തുടര്‍ന്ന് കോടതി പറയുന്നത്. അപ്പോള്‍ ഇക്കാലമത്രയും നടത്തിയ ധര്‍ണകളും സത്യഗ്രഹങ്ങളുമെല്ലാം തെറ്റായിരുന്നെന്നും വേണമെങ്കില്‍ മുന്‍കാലപ്രാബല്യത്തോടെ കേസെടുക്കാമെന്നുമാണ് കോടതി പറഞ്ഞുവയ്ക്കുന്നത്. ഇവിടെ ബ്രിട്ടീഷ് കൊളോണിയലിസത്തെ മുട്ടുകുത്തിച്ച സമരപോരാട്ടങ്ങള്‍ ഓര്‍മപ്പെടുത്തുന്നില്ല. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ത്തന്നെ നിരവധി സമരങ്ങള്‍ നടക്കുകയുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരെ ഇന്ത്യന്‍ ജനത നടത്തിയ പോരാട്ടങ്ങള്‍ രാഷ്ട്രീയസമരമായിരുന്നു. അടിയന്തരാവസ്ഥയിലെ മനുഷ്യവിരുദ്ധമായ നിയമങ്ങളായിരുന്നു ന്യായവിധികളെന്നപേരില്‍ കോടതി വാറോലകളായി അക്കാലത്ത് അവതരിപ്പിക്കപ്പെട്ടത്. കോടതിയുടെ പിന്തുണയിലായിരുന്നില്ല അടിയന്തരാവസ്ഥയ്ക്കെതിരെ ഇന്ത്യാരാജ്യത്തിലെ ജനം സമരം ചെയ്തത്. അന്ന് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ജിവന്‍ നഷ്ടപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ പ്രീഡിഗ്രിക്കാരനായ മുഹമ്മദ് മുസ്തഫയും കോഴിക്കോട് റീജ്യണല്‍ എന്‍ജിനിയറിങ് കോളേജിലെ രാജനും അവരില്‍ നമുക്കറിയാവുന്നവരാണ്. അടിയന്തരാവസ്ഥയെ ന്യായീകരിച്ച കോടതികള്‍ക്ക് പിന്നീട് അന്നത്തെ പേക്കൂത്തുകളുടെപേരില്‍ അതിന്റെ നായകര്‍ക്കെതിരെ വിരല്‍ചൂണ്ടേണ്ടതായിവന്നു. അതിനുകാരണമായത് രാജ്യത്തുയര്‍ന്നുവന്ന ബഹുജനശക്തിയായിരുന്നു. സമരംചെയ്യുന്ന വിദ്യാര്‍ഥികളോട് പൊതുസ്ഥലത്ത് കെട്ടിയിരിക്കുന്ന ബാനറുകളുംമറ്റും ഉടന്‍ അഴിച്ചുമാറ്റണമെന്ന് കോടതി ആവശ്യപ്പെടുകയുണ്ടായി. വിദ്യാര്‍ഥികള്‍ തങ്ങളുടെ ആവശ്യങ്ങളെഴുതിക്കെട്ടിയിട്ടുള്ള രണ്ടരമീറ്ററെങ്ങാനും വരുന്നൊരു ബാനറാണോ ഈ രാജ്യത്തിലെ ഏറ്റവും പ്രധാന രാഷ്ട്രീയപ്രശ്നം. മാനേജ്മെന്റുകള്‍ നടത്തുന്ന അഴിമതികള്‍ എന്തുകൊണ്ട് കാണാനാകുന്നില്ല. അവരുടെ സ്ഥാപനങ്ങളില്‍ ദരിദ്രകുടുംബത്തില്‍പ്പെട്ട, ആദിവാസിയായ ഒരാളെപോലും എന്തുകൊണ്ടാണ് നിയമിക്കാത്തത്. ഞങ്ങള്‍ വിദ്യാഭ്യാസയോഗ്യതയുള്ള ദരിദ്രരുടെ, കര്‍ഷകത്തൊഴിലാളികളുടെ, ദളിതരുടെ, ആദിവാസികളുടെ, മക്കള്‍ ചോദിക്കുകയാണ് കോഴപ്പണം കൊടുക്കാതെ ഇത്തരം സ്ഥാപനങ്ങളില്‍ ഞങ്ങള്‍ക്കൊരു ജോലി വാങ്ങിത്തരാനാകുമോ കോടതിക്ക്? അത്തരം ചോദ്യങ്ങള്‍ക്കുമുന്നില്‍ നിശ്ശബ്ദമായി പോകുന്നുണ്ടോ നീതിപീഠങ്ങള്‍? എന്നതെല്ലാം സംശയങ്ങളായി നില്‍ക്കുകയാണ്. വിദ്യാലയത്തില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള വിധി പ്രസ്താവന കോടതി നടത്തിയിട്ടുണ്ടാകുക ഇന്ത്യന്‍ ഭരണഘടനയുടെ പിന്‍ബലത്താലായിരിക്കുമല്ലോ. അതേ ഭരണഘടനയുടെ പിന്‍ബലത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാര്‍ഥിപ്രവേശനത്തിനും അധ്യാപകനിയമനങ്ങള്‍ക്കും കോഴവാങ്ങുന്ന നെറികേട് നിരോധിക്കാനുള്ള ചങ്കുറപ്പുകൂടി പ്രകടിപ്പിക്കാമോ? വിദ്യാര്‍ഥിയോട് കോടതി പറയുന്നത് രാഷ്ട്രീയത്തിലൊന്നും തൊടാതെ പഠിക്കാനാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്ക് രാഷ്ട്രീയബോധമുള്ള ഒരുജനതയിലൂടെമാത്രം സാധ്യമാകുന്നതാണ്. വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കിയിരിക്കുന്നത് വിദ്യാഭ്യാസം ചെയ്യിക്കാനാണ്, അല്ലാതെ രാഷ്ട്രീയത്തിനായിട്ടല്ലെന്നും കോടതി പറയുന്നുണ്ട്. വിദ്യാഭ്യാസമെന്നതുകൊണ്ടും രാഷ്ട്രീയമെന്നതുകൊണ്ടും എന്താണ് കോടതി ഉദ്ദേശിക്കുന്നത്. താന്‍ ധരിക്കുന്ന വസ്ത്രത്തിനുപോലും രാഷ്ട്രീയമുണ്ടെന്ന് ജനതയെ പഠിപ്പിച്ച മഹാനായ ഗാന്ധിജിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ ഫോട്ടോയുടെ കീഴിലിരുന്നാണ് കോടതി വിധിവാക്യങ്ങള്‍ എഴുതിയിട്ടുള്ളത്. കോടതി ഉത്തരവില്‍ പറഞ്ഞു, 'ഫോട്ടോഗ്രാഫുകള്‍ കാണിക്കുന്നത് വിദ്യാര്‍ഥികള്‍ കോളേജിനകത്ത് സത്യഗ്രഹമിരുന്നുവെന്നാണ്, അത് തെറ്റാണ്. അവര്‍ക്ക് വേണമെങ്കില്‍ കോളേജില്‍ അധികാരികള്‍ക്കടുത്ത് പരാതിപ്പെടാമായിരുന്നു. അതുമല്ലെങ്കില്‍ ഈ കോടതിയെയും സമീപിക്കാമായിരുന്നു'. കോഴവാങ്ങിശീലിച്ച് ന്യായവും നീതിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത മാനേജര്‍, അയാള്‍ നിയമിച്ച അയാള്‍ക്ക് നടപടിയെടുക്കാനധികാരമുള്ള പ്രിന്‍സിപ്പല്‍ അവരില്‍ നിന്ന് നീതികിട്ടുമെന്നാണോ പറയുന്നത്. ഇനി കോടതിയുടെകാര്യം, കോളേജിലെ ഫീസടയ്ക്കാന്‍ പണമില്ലാത്തതിന് രാത്രി ഓട്ടോഡ്രൈവറുടെ, ഹോട്ടല്‍ പണിക്കാരന്റെ വേഷം കെട്ടുന്നവരാണ് വിദ്യാര്‍ഥികളില്‍ പലരും. വിദ്യാര്‍ഥികള്‍ ഹൈക്കോടതിയിലേക്ക് വരികയെന്നാല്‍ ജീവിതകാലം മുഴുവന്‍ വേണ്ടിവന്ന വിദ്യാഭ്യാസചെലവിനേക്കാള്‍ കൂടിയ തുക ചെലവഴിക്കുകയെന്നാണ്. കോടികള്‍ ഫീസുനല്‍കി സീനിയര്‍മാരെ വക്കീലന്മാരാക്കിവയ്ക്കാന്‍ ശേഷിയുള്ളവരല്ല ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹം. ഇന്ത്യയിലെ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനം സമരങ്ങളിലൂടെത്തന്നെയാണ് മുന്നേറിയിട്ടുള്ളത്. അത് സാമൂഹ്യമാറ്റത്തിനും പുരോഗതിക്കുമായുള്ള സമരങ്ങളാണ്. വിദ്യാര്‍ഥികള്‍ ഇന്നനുഭവിക്കുന്ന നേട്ടങ്ങള്‍ സമരങ്ങളിലൂടെയും രാഷ്ട്രീയതീരുമാനത്തിലൂടെയും അവരാര്‍ജിച്ചതാണ്. സൌജന്യവിദ്യാഭ്യാസവും യാത്രാ സൌജനവും ഉച്ചഭക്ഷണ പദ്ധതിയും പല സ്കൂളുകളുടെയും കെട്ടിടങ്ങളും ചില സ്കൂളുകള്‍തന്നെയും സമരങ്ങളിലൂടെ നേടിയെടുത്തതാണ്. കോടതികള്‍ക്ക് അവിടങ്ങളില്‍ എന്തെങ്കിലും പങ്കുണ്ടായതായി കണ്ടിട്ടില്ല. അതുകൊണ്ട് നിയലംഘനങ്ങളും സമരങ്ങളും സാമൂഹ്യപുരോഗതിയുടെ ചാലകശക്തികൂടിയാണ്. വൈയക്തികാവശ്യാര്‍ഥമുള്ള നിയമലംഘനങ്ങളും സാമൂഹ്യാവശ്യാര്‍ഥമുള്ള നിയമലംഘനങ്ങളുമുണ്ട്. ഒന്നാമത്തേത് അപകടവും രണ്ടാമത്തേത് അവശ്യവുമാണ്. ബഹുജനങ്ങളുടെ സാമൂഹ്യാവശ്യം മുന്‍നിര്‍ത്തിയുള്ള നിയമലംഘനങ്ങളെയാണ് നിയമലംഘനസമരങ്ങളെന്ന് വിളിക്കുന്നത്. അത്തരത്തിലുള്ള സമരങ്ങളാണ് ഇന്ന് നാം ജീവിക്കുന്ന എല്ലാ നല്ല മാറ്റങ്ങളുടെയും അടിത്തറ രൂപപ്പെടുത്തിയത്. അതുകൊണ്ടാണ് നിയമങ്ങള്‍ ലംഘിക്കാന്‍കൂടിയുള്ളതാണെന്ന് ഗാന്ധിജി ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയത്. 1947 ആഗസ്ത് 15ന് ശേഷവും അദ്ദേഹം നിരാഹാരസമരങ്ങളും നിയമലംഘനങ്ങളും നടത്തിയിട്ടുണ്ട്. സ്വാതന്ത്യ്രത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ട അമേരിക്കയില്‍ത്തന്നെയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ആയിരങ്ങളെ അണിനിരത്തി പ്രതിഷേധറാലി സംഘടിപ്പിച്ചതെന്നതും ഓര്‍ക്കണം

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം