malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

സവര്‍ക്കറിസ്റ്റ് നശീകരണ ശക്തികള്‍ക്ക് ചരിത്ര സ്മാരകങ്ങള്‍ വിട്ടുകൊടുക്കരുത്

ഇ എം സതീശൻ
മനുഷ്യ സംസ്‌കൃതിയുടെ വിവരണാതീതമായ ഈടുവെപ്പുകളാണ് ചരിത്രസ്മാരകങ്ങള്‍. ആധുനിക മനുഷ്യന്‍ നേടിയെടുത്ത എല്ലാ നേട്ടങ്ങള്‍ക്കും വെല്ലുവിളിയായി നിലനില്‍ക്കുന്ന ചരിത്രാദ്ഭുതങ്ങള്‍ മനുഷ്യന്റെ അപ്രതിരോധ്യമായ സര്‍ഗശക്തിയുടെ സുന്ദരശില്‍പങ്ങളാണ്. മനുഷ്യജീവിതത്തിന്റെ യശോധാവള്ള്യം വഴിഞ്ഞൊഴുകുന്ന നദീതട സംസ്‌കൃതികളിലും മാച്ചുപിച്ചു, മോഹജൊദാരോ, ഹാരപ്പ തുടങ്ങി എണ്ണമറ്റ സംസ്‌കാര ഭൂമികകളിലും വഴിഞ്ഞൊഴുകുന്ന ലാവണ്യ സങ്കല്‍പങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും മുന്നില്‍ അദ്ഭുതാദരങ്ങളോടെ കൈകൂപ്പി തൊഴുതു നില്‍ക്കുകയല്ലാതെ മറ്റെന്താണ് ആധുനിക മനുഷ്യന് ചെയ്യാനുള്ളത്? ആധുനിക മുതലാളിത്തം പെരുപ്പിച്ച് വളര്‍ത്തിയെടുക്കുന്ന അധികാരമോഹങ്ങളും ധനാര്‍ത്തിയും മത-വര്‍ഗീയ മാത്സര്യങ്ങളും വംശീയ വിദ്വേഷങ്ങളും മനുഷ്യസംസ്‌കാരത്തിന്റെ അനുപമ ചൈതന്യം തുടിക്കുന്ന ലാവണ്യ സ്തംഭങ്ങളെ കണ്ടെത്താനായി തകര്‍ത്തെറിയുന്ന ദുരന്ത കാഴ്ചകള്‍ക്ക് ഇന്ന് ലോകം സാക്ഷ്യം വഹിക്കുകയാണ്. സെമിറ്റിക് മതങ്ങളുടെ ഉദ്ഭവങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു ചരിത്രകാലത്ത്, ബൗദ്ധ സംസ്‌കാരത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ബാമിയന്‍ ബുദ്ധപ്രതിമകള്‍ ഒന്നൊന്നായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വര്‍ഗീയ വാദികളും ഭരണകൂടങ്ങളും തകര്‍ത്തെറിഞ്ഞിട്ട് അധികകാലമായിട്ടില്ല. അമേരിക്കയുടെ ഇറാഖ് അധിനിവേശക്കാലത്ത് മൊസൂളിലും തിക്രിത്തിലും ഉള്‍പ്പെടെ, യൂഫ്രട്ടിസ്-ടൈഗ്രീസ് നദീതട സംസ്‌കാരത്തിന്റെ എത്രയോ തേജോമയങ്ങളായ ശേഷിപ്പുകള്‍ അധിനിവേശക്കാര്‍ ബോംബിട്ടു തകര്‍ത്തിരുന്നു. ഇസ്‌ലാം നശീകരണം ലക്ഷ്യമാക്കി സാമ്രാജ്യത്വശക്തികള്‍ പടച്ചുണ്ടാക്കി തേനും പാലും കൊടുത്തു വളര്‍ത്തിയ ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ തീവ്രവാദികള്‍ ഇപ്പോള്‍ പൗരസ്ത്യ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകള്‍ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത നൊബേല്‍ സാഹിത്യ ജേതാവ് ഓര്‍ഹാന്‍ പാമുഖ് എഴുതി വിശ്രുതമാക്കിയ ടര്‍ക്കിയിലെ ഇസ്താംബൂളും ഖലില്‍ ജിബ്രാന്റെ ലബനോണും പലസ്തീനും സിറിയയുമെല്ലാം മതതീവ്രവാദികളുടെ നിഷ്ഠുര ആക്രമണങ്ങളില്‍ കത്തിച്ചാമ്പലാവുകയാണ്. ഇസ്‌ലാം-ക്രൈസ്തവ മതങ്ങള്‍ രൂപം കൊള്ളുന്നതിനു മുമ്പ്, രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറമൊരുകാലത്ത് സിറിയയിലെ പാല്‍മിറയില്‍ നിലനിന്ന ദൃശ്യവിസ്മയങ്ങളെന്ന് വിശഷിപ്പിക്കാവുന്ന ആരാധനാലയങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഒറ്റ രാത്രികൊണ്ട് നിലം പരിശാക്കിയത്. മൂലധനശക്തികളുടെ മാത്സര്യങ്ങള്‍ക്ക് എക്കാലത്തും ചട്ടുകങ്ങളായി പ്രവര്‍ത്തിച്ച മത-വര്‍ഗീയതയാണ് മനുഷ്യസംസ്‌കൃതിയുടെയും അതിന്റെ ഈടുവെയ്പുകളായ മഹാസ്മാരകങ്ങളുടെയും വിനാശത്തിന് കാരണമായതെന്ന് മേല്‍പറഞ്ഞ സമകാലിക അനുഭവങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംസ്‌കാരത്തിന്റെ മഹിതാഭിമാനങ്ങളായ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതും അതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതും അതേ മതവര്‍ഗീയ ശക്തികള്‍തന്നെയാണെന്ന് കാണാം. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഹിന്ദു രാഷ്ട്രവാദികളായ മതരാഷ്ട്രീയ തീവ്രവാദശക്തികളാണ് 1992 ഡിസംബര്‍ ആറിന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ മൂന്നരനൂറ്റാണ്ടിലധികം കാലമായി നിലനില്‍ക്കുന്ന ബാബറി മസ്ജിദ് ഒറ്റരാത്രികൊണ്ട് തകര്‍ത്തെറിഞ്ഞത്. ഇന്ത്യന്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളുടെ ഭൂരിപക്ഷം വരുന്ന വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കുന്നതിന്, ബിജെപിയും സംഘപരിവാറും ദേശീയാടിസ്ഥാനത്തില്‍ തന്ത്രപരമായി ഉയര്‍ത്തിക്കൊണ്ടുവന്ന ബാബറി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക പ്രശ്‌നത്തിന്റെ പരിണിതഫലമാണ് ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത ഭീകരസംഭവം. മതനിരപേക്ഷ ഇന്ത്യയുടെ ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം എന്നീ അടിസ്ഥാന ശിലാസ്തംഭങ്ങളാണ് അന്ന് സംഘപരിവാര്‍ ഇടിച്ചുനിരത്തിയത്. എന്നാല്‍, ഈ ചരിത്ര സ്മാരകം തകര്‍ത്ത് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് നിരന്തരം പറയുകയല്ലാതെ ഇതുവരെ ക്ഷേത്രം നിര്‍മിച്ചിട്ടില്ല. കാരണം, അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനപ്പുറത്ത്, ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യമായിരുന്നു സംഘപരിവാറിന് ഉണ്ടായിരുന്നത്. അതിലവര്‍ വിജയിച്ചു. ആദ്യത്തെ വാജ്‌പേയി സര്‍ക്കാരും ഇപ്പോഴത്തെ നരേന്ദ്രമോഡി സര്‍ക്കാരും ആന്ത്യന്തികമായി അയോദ്ധ്യ തര്‍ക്കത്തിന്റെ ഫലമായി സംഘപരിവാറിന് കൈവന്ന സൗഭാഗ്യങ്ങളാണ്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഘപരിവാറിനും അതിന്റെ രാഷ്ട്രീയ മുഖമായ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും നല്‍കുന്ന അസാധാരണ പിന്‍തുണ വിശകലനം ചെയ്യുമ്പോള്‍, ആഗോളതലത്തില്‍ മൂലധനശക്തികള്‍ എങ്ങനെയാണ് സ്വന്തം അധികാരതാല്‍പര്യങ്ങള്‍ക്കുവേണ്ടി മതങ്ങളേയും വര്‍ഗീയതയേയും മതരാഷ്ട്രീയതയേയും താലോലിക്കുന്നത് എന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാകും. ഇന്ത്യയില്‍ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും വീണ്ടും തെരഞ്ഞെടുപ്പുകള്‍ വരാന്‍ പോവുകയാണ്. മോഡിഭരണത്തില്‍ സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞു കഴിഞ്ഞു. സാധാരണ ജനജീവിതം ദുഃസഹമായി. ബിജെപിയും മോഡിസര്‍ക്കാരും പ്രതിച്ഛായ നഷ്ടപ്പെട്ട് ജനമനസുകളില്‍ നിന്ന് അകന്നുകഴിഞ്ഞു. മോഡിഭരണത്തില്‍ ദശ-ശത കോടീശ്വരന്‍മാര്‍, സഹസ്രകോടീശ്വരന്മാരായി എന്നത് മാത്രമാണ് ബിജെപി ഭരണത്തിന്റെ ബാക്കിപത്രം. രാമക്ഷേത്ര തര്‍ക്കമോ ഗുജറാത്ത് മോഡലോ ഇനി രക്ഷാമാര്‍ഗമല്ല. ഈ ഘട്ടത്തില്‍ സംഘപരിവാറിന്റെ ബുദ്ധിയില്‍ രൂപപ്പെട്ട പുതിയ വിഷയമാണ് ചരിത്രസ്മാരകമായ താജ്മഹല്‍ തര്‍ക്ക പ്രശ്‌നം. ഉത്തര്‍പ്രദേശിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ നിന്ന് ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് താജ്മഹലിനെ ഒഴിവാക്കി. വിഷയം ചര്‍ച്ചയായപ്പോള്‍ താജ്മഹല്‍ ഉള്‍പ്പെടെ ചെങ്കോട്ടയും കുത്തബ്മിനാറുമെല്ലാം അടിമത്തത്തിന്റെ സ്മാരകമാണെന്ന് സമാജ്‌വാദി പാര്‍ട്ടി എം പി സയ്ഫ്ഖാന്‍ പ്രഖ്യാപിച്ചു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ തീവ്രഹിന്ദുത്വവാദി വിനയ് കത്യാര്‍, ആഗ്രയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്താണ് താജ്മഹല്‍ നിര്‍മിച്ചതെന്ന് പച്ചക്കള്ളം പ്രസ്താവന ഇറക്കി. സംഗീത് സോം എന്ന ബിജെപി എംഎല്‍എ താജ്മഹല്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. ഇസ്‌ലാം വിരോധം ആളിക്കത്തിച്ച് ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് അനൂകൂലമായി ഏകോപിപ്പിക്കാനുളള പുതിയ സവര്‍ക്കറിസ്റ്റ് തന്ത്രമാണ് താജ്മഹലിനെ തര്‍ക്ക പ്രശ്‌നമാക്കുന്നതിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ലോകമെങ്ങുമുള്ള പ്രണയികളെ അനേകം തലമുറകളായി ആപാദചൂഡം കോള്‍മയിര്‍ കൊള്ളിക്കുന്ന നിത്യഹരിത പ്രണയകുടീരമാണ് താജ്മഹല്‍. ചരിത്ര-സാംസ്‌കാരിക-മാനവിക ബോധമോ, സൗന്ദര്യ സങ്കല്‍പങ്ങളോ തൊട്ടുതീണ്ടാത്ത മതമൗലിക വര്‍ഗീയ വാദികള്‍ക്ക് വെണ്ണക്കല്‍ ലാവണ്യമായ താജ്മഹല്‍ തകര്‍ക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല തീര്‍ച്ച. അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ പ്രതിമകളും സിറിയയിലെ പാല്‍മിറാ ദേവാലയങ്ങളും അയോധ്യയിലെ ബാബറി മസ്ജിദും ഒറ്റരാത്രികൊണ്ട് തകര്‍ത്തെറിഞ്ഞ മതവര്‍ഗീയ വാദികള്‍ സംസ്‌കാരത്തിന്റെയും മാനവികതയുടേയും ശത്രുക്കളാണ്. ദേശകാല ഭേദങ്ങളില്ലാതെ മനുഷ്യരില്‍ അന്തര്‍ലീനമായ സൗന്ദര്യസങ്കല്‍പങ്ങളും സര്‍ഗശക്തിയും ഭേദചിന്തകള്‍ക്കതീതമായ പാരമ്പര്യബോധവും ഇഴുകിച്ചേര്‍ന്ന ബഹുസ്വരമായ മനുഷ്യസംസ്‌കാരത്തിന്റെ ഈടുവെയ്പുകളായ ചരിത്രസ്മാരകങ്ങള്‍ ഭാവിയുടെ ദിശാസൂചകങ്ങളാണ്. സവര്‍ക്കറിസത്തിന്റെ നശീകരണ ശക്തികള്‍ക്ക് ചരിത്ര സ്മാരകങ്ങള്‍ വിട്ടുകൊടുക്കാനാവില്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം