malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

നേപ്പാള്‍ വീണ്ടും ചുവപ്പിലേക്ക്

വി ബി പരമേശ്വരന്‍
അടുത്തമാസം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നേപ്പാളില്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. നേപ്പാള്‍ രാഷ്ട്രീയത്തെ കൂടുതല്‍ ഇടത്തോട്ട് നയിക്കുന്നതും വലതുപക്ഷശക്തികളുടെ ഉറക്കം കെടുത്തുന്നതുമാണ് ഈ തീരുമാനം. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍), നയാ ശക്തി നേപ്പാള്‍ എന്നീ പാര്‍ടികളാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സഖ്യം പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ കഡ്ഗ പ്രസാദ് ഓലി, പുഷ്മ കമാല്‍ ദഹല്‍ എന്ന പ്രചണ്ഡ, ബാബുറാം ഭട്ടാറായി എന്നിവര്‍ നേതൃത്വം നല്‍കുന്ന പാര്‍ടികളാണ് തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം മൂന്നു പാര്‍ടികളും ചേര്‍ന്ന് ഒറ്റ പാര്‍ടിയാകാനും തത്വത്തില്‍ തീരുമാനമായി. ഇതിനായി പ്രത്യേക ഏകോപനസമിതിയെ ചുമതലപ്പെടുത്തിയതായി സഖ്യം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ പി ഓലിയും പ്രചണ്ഡയും അറിയിച്ചു. നവംബര്‍ 26, ഡിസംബര്‍ ഏഴ് തീയതികളിലായാണ് പ്രവിശ്യ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും. പുതുതായി അംഗീകരിച്ച ഭരണഘടനയനുസരിച്ചുള്ള തെരഞ്ഞെടുപ്പാണിത്. 275 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 165 സീറ്റിലേക്ക് നേരിട്ടും 110 സീറ്റിലേക്ക് ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലുമാണ് തെരഞ്ഞെടുപ്പ്. നേപ്പാള്‍ രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ച തീരുമാനമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടികളുടെ സഖ്യം. കൊച്ചിയില്‍ സിപിഐ എം വിളിച്ചുചേര്‍ത്ത ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തില്‍ വച്ചുതന്നെ നേപ്പാളിലെ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും സഹകരണം വരുംദിവസങ്ങളില്‍ വര്‍ധിക്കുമെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍, അത് ഇത്ര പെട്ടെന്ന് തെരഞ്ഞെടുപ്പുസഖ്യത്തിലേക്കും മൂന്നു പാര്‍ടികളും ലയിച്ച് ഒരു കമ്യൂണിസ്റ്റ് പാര്‍ടി എന്ന ആശയത്തിലേക്കും വളരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒക്ടോബര്‍ മൂന്നിനാണ് ഇതുസംബന്ധിച്ച നിര്‍ണായകമായ വാര്‍ത്താസമ്മേളനം കെ പി ഓലിയും പ്രചണ്ഡയും നടത്തുന്നത്. അടിസ്ഥാന ആശയങ്ങളില്‍ യോജിപ്പുള്ള കക്ഷികള്‍ തമ്മിലുള്ള സഖ്യം സ്വാഭാവികമായും വര്‍ഷങ്ങളായി രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന നേപ്പാളിന് രാഷ്ട്രീയസ്ഥിരത നല്‍കുമെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. രാജഭരണം അവസാനിപ്പിച്ച് 11 വര്‍ഷത്തിനകം പത്ത് സര്‍ക്കാരാണ് നേപ്പാളില്‍ അധികാരത്തില്‍ വന്നത്. മാത്രമല്ല സാമൂഹ്യനീതി, നേപ്പാളി ദേശീയത എന്നീ കേന്ദ്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന സഖ്യത്തിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നു. ഇത്തരമൊരു നിഗമനത്തിനുള്ള പ്രധാന കാരണം സിപിഎന്നി (യുഎംഎല്‍)നും സിപിഎന്നി (എംസി)നും കരുത്തുള്ള സംഘടനയുണ്ട് എന്നുള്ളതാണ്. ഗ്രാമങ്ങളില്‍ ഇരുപാര്‍ടികള്‍ക്കും ശക്തമായ സംഘടനാസംവിധാനമാണുള്ളത്. രണ്ടാമതായി, നിലവിലുള്ള തെരഞ്ഞെടുപ്പുഫലങ്ങള്‍ പരിശോധിച്ചാലും മൂന്നു പാര്‍ടികളുടെ യോജിപ്പ് അവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭ്യമാക്കും. 2013ലെ ഭരണഘടനാ നിര്‍മാണസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസിനായിരുന്നു മുന്നേറ്റം. 196 സീറ്റ് നേടി നേപ്പാളി കോണ്‍ഗ്രസ് അന്ന് മുന്നിലെത്തി. 175 സീറ്റുമായി യുഎംഎല്‍ രണ്ടാംസ്ഥാനത്തും 80 സീറ്റുമായി മാവോയിസ്റ്റുകള്‍ മൂന്നാംസ്ഥാനത്തും എത്തി. ഈവര്‍ഷം പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി നേപ്പാളി കോണ്‍ഗ്രസിനെ പിന്തള്ളി സിപിഎന്‍ (യുഎംഎല്‍) മുന്നിലെത്തി. യുഎംഎല്ലിന് 292 മേയര്‍സ്ഥാനവും 10,912 വാര്‍ഡ് മെമ്പര്‍മാരെയും ലഭിച്ചപ്പോള്‍ നേപ്പാളി കോണ്‍ഗ്രസിന് 266 മേയര്‍സ്ഥാനവും 8679 വാര്‍ഡ് മെമ്പര്‍മാരെയും മാത്രമേ ലഭിച്ചുള്ളൂ. മൂന്നാംസ്ഥാനത്ത് മാവോയിസ്റ്റുകളാണ്. അവര്‍ക്ക് 106 മേയര്‍സ്ഥാനവും 4123 വാര്‍ഡ്് മെമ്പര്‍മാരെയും ലഭിച്ചു. സ്വാഭാവികമായും ഒന്നും മൂന്നും സ്ഥാനക്കാരുടെ യോജിപ്പ് ഒന്നാംസ്ഥാനത്ത് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷ ക്യാമ്പിലുള്ളത്. നേപ്പാളി ജനതയുടെ താല്‍പ്പര്യത്തിന്റെ ഭാഗമാണ് ചരിത്രപരമായ ഈ സഖ്യമെന്നാണ് കെ പി ഓലിയുടെ പ്രതികരണം. ആദ്യമായൊന്നുമല്ല ഇടതുപക്ഷപാര്‍ടികള്‍ നേപ്പാളില്‍ യോജിക്കുന്നത്. സിപിഎന്‍ (യുഎംഎല്‍) രൂപീകരിക്കുന്നതുതന്നെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാളും (മാര്‍ക്സിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാളും (മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) തമ്മില്‍ യോജിച്ചാണ്. മാവോയിസ്റ്റുകളെ ആശയപരമായി എതിര്‍ത്താണ് യുഎംഎല്‍ നേപ്പാളി ജനതയുടെ വിശ്വാസം നേടിയതെന്നതും വസ്തുതയാണ്. 1996 മുതല്‍ 2006 വരെയാണ് മാവോയിസ്റ്റ് പാര്‍ടി സായുധപോരാട്ടം നടത്തിയത്. രാജവാഴ്ച അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ മറ്റ് ഏഴു പാര്‍ടികള്‍ രാഷ്ട്രീയനിറം മറന്ന് പൊരുതുന്ന വേളയിലായിരുന്നു ഇത്. ഏതായാലും രാജഭരണത്തിന് അന്ത്യമിടാന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് കഴിഞ്ഞു. ഇതോടെ 2006ലാണ് സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച്് സര്‍ക്കാരുമായി സമാധാനസന്ധി ഒപ്പിട്ടുകൊണ്ട് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി പൊതുധാരയിലേക്ക് കടന്നുവന്നത്. യുഎംഎല്ലിന്റെയും അവസാനം നേപ്പാളി കോണ്‍ഗ്രസിന്റെയും പിന്തുണതോടെ പ്രചണ്ഡ പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രചണ്ഡയുടെ പാര്‍ടിക്ക് ജനപിന്തുണ നഷ്ടപ്പെട്ടുവരികയാണ്. പാര്‍ടിയിലെ തീവ്രവാദികളായ മോഹന്‍ ബിദ്യ കിരണും നേത്ര ബിക്രം ചന്ദും പ്രചണ്ഡയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ടിയുണ്ടാക്കി. മാവോയിസ്റ്റുകളെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച ബാബുറാം ഭട്ടാറായിയും മാവോയിസ്റ്റുകളുമായി തെറ്റിപ്പിരിഞ്ഞ് 'നയ ശക്തി നേപ്പാളി'ന് രൂപംനല്‍കി. ഈ ഘട്ടത്തിലാണ് യുഎംഎല്ലുമായി കൈകോര്‍ക്കാന്‍ പ്രചണ്ഡതന്നെ മുന്‍കൈ എടുത്തത്. പുതിയ കരാറനുസരിച്ച് 60 ശതമാനം സീറ്റുകളില്‍ യുഎംഎല്ലും 40 ശതമാനം സീറ്റുകളില്‍ മാവോയിസ്റ്റുകളും മത്സരിക്കും. കമ്യൂണിസ്റ്റ് പാര്‍ടികളിലെ യോജിപ്പ് നേപ്പാളി കോണ്‍ഗ്രസിനെയും ഇന്ത്യയിലെ നരേന്ദ്ര മോഡി സര്‍ക്കാരിനെയും അമ്പരപ്പിച്ചു. ഇടതുസഖ്യത്തിനെതിരെ വിശാല വലതുസഖ്യം കെട്ടിപ്പടുക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ദ്യുബ. ബിജെപിയുടെ നേപ്പാള്‍ പ്രതിരൂപവും രാജഭരണാനുകൂലികളുമായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ടി ഡെമോക്രാറ്റിക്, രാഷ്ട്രീയ ജനതാപാര്‍ടി നേപ്പാള്‍ തുടങ്ങിയ കക്ഷികളുമായി സഖ്യം സ്ഥാപിക്കാനാണ് നേപ്പാളി കോണ്‍ഗ്രസിന്റെ ശ്രമം. ഹിമാലയന്‍ രാഷ്ട്രമായ നേപ്പാള്‍ ചുവക്കുന്നത് മോഡിസര്‍ക്കാരിനും ഇഷ്ടമുള്ള കാര്യമല്ല. നേപ്പാള്‍ ചുവന്നാല്‍ അത് ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. മാത്രമല്ല, നേപ്പാളില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുകയും ചെയ്യും. 900 മെഗാവാട്ട് ജലവൈദ്യുതപദ്ധതിക്ക് തറക്കല്ലിടാനായി മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് മോഡി ഒരുങ്ങുമ്പോഴാണ് കമ്യൂണിസ്റ്റ് സഖ്യത്തിന്റെ പ്രഖ്യാപനം വന്നതും ദ്യുബ സര്‍ക്കാര്‍ അനിശ്ചിതത്വത്തിലായതും.അതുകൊണ്ടുതന്നെ മോഡിയുടെ യാത്ര മാറ്റിവയ്ക്കാനാണ് സാധ്യത. ഇന്ത്യന്‍ ഓര്‍ബിറ്റില്‍നിന്ന് നേപ്പാള്‍ മാറുന്നത് ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വിദേശബന്ധങ്ങളിലും മാറ്റം സൃഷ്ടിക്കും. ഇന്ത്യ എതിര്‍ക്കുന്ന ചൈനയുടെ 'ഒരു പാത ഒരു മേഖല' പദ്ധതിയുമായി നേപ്പാള്‍ പൂര്‍ണമായും സഹകരിക്കുന്നതിന് വഴിയൊരുങ്ങും. കേരളത്തിലെ ഇടതുപക്ഷഭരണം സഹിക്കാന്‍ കഴിയാത്ത മോഡിക്ക് എങ്ങനെ, ഹിന്ദുരാഷ്ട്രമായി അറിയപ്പെടാന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്ന നേപ്പാള്‍ ചെങ്കൊടിക്കുകീഴിലാകുന്നത് സഹിക്കാനാകും *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം