malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

നവഉദാരവല്‍ക്കരണത്തിലേക്കുള്ള വര്‍ഗീയപാത

സാമുവല്‍ ഫിലിപ്പ് മാത്യു
ഒരുവശത്ത് വര്‍ഗീയതയും അതോടൊപ്പം തീവ്രദേശീയതയും ആര്‍എസ്എസ് ഇന്ത്യന്‍ പൊതുബോധത്തിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് മറയാക്കി ബിജെപി നവഉദാരവല്‍ക്കരണനയം അതിവേഗം നടപ്പാക്കുകയാണ്. വര്‍ഗീയതയും ദേശീയതയും നിരന്തരം ചര്‍ച്ചയാക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും ഇന്ത്യക്കാരുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കുമെതിരെ നവഉദാരവാദം നടത്തുന്ന അതിശക്തമായ കടന്നുകയറ്റം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇത് അപകടമാണ്. രാജ്യത്തെ കൃഷിയുടെ കാര്യമെടുത്താല്‍ ഇത് വ്യക്തമാകും. തമിഴ്നാട്ടിലെ കര്‍ഷകര്‍ രണ്ടാഴ്ചയിലധികം ഡല്‍ഹിയിലെ തെരുവില്‍ നടത്തിയ പ്രതിഷേധം ഒരിളക്കവും സൃഷ്ടിച്ചില്ല. പ്രധാനമന്ത്രിയുടെ മുമ്പില്‍ തുണിയുരിഞ്ഞും മൂത്രം കുടിച്ചും പ്രതിഷേധിച്ചിട്ടും, ഒരുനൂറ്റാണ്ടിലധികമായി നേരിട്ടതിലേറ്റവും കടുത്ത വരള്‍ച്ച നേരിടേണ്ടിവന്ന അവരുടെ ദുരവസ്ഥയ്ക്ക് ശമനമുണ്ടാകുന്ന ഒരു നടപടിയും സ്വീകരിച്ചില്ല. കാര്‍ഷികവൃത്തി സാധാരണ കര്‍ഷകര്‍ക്ക് ലാഭകരമല്ലാതാകുന്നു എന്നതാണ് യാഥാര്‍ഥ്യം. ഫലത്തില്‍ കര്‍ഷകര്‍ ഉപേക്ഷിച്ചുപോകുന്ന കൃഷി ലാഭകരമായി നടത്താന്‍ വന്‍കിട കുത്തകകള്‍ക്കുമാത്രം കഴിയുന്ന അവസ്ഥ വരുന്നു. കുത്തകക്കമ്പനികളെ കൃഷിയിലേക്ക് കൊണ്ടുവരാനാണ് കര്‍ഷകരോട് ഇത്ര ക്രൂരമായി പെരുമാറുന്നത്. കുത്തകകള്‍ കൃഷിയിലേക്ക് ഇറങ്ങുന്നതിനെ എതിര്‍ത്താല്‍ ദേശീയവാദം ഉയര്‍ത്തും. നമുക്ക് ജീവിക്കാന്‍ ഭക്ഷണം വേണ്ടേ? കൃഷി ചെയ്യാന്‍ കര്‍ഷകന് സാധിക്കാത്ത സാഹചര്യത്തില്‍ അതിന് മുതിരുന്ന കമ്പനികളെ തടയുന്നത് ദേശവിരുദ്ധമല്ലേ? ഇതൊക്കെയാകും ഉയരുന്ന ചോദ്യങ്ങള്‍. കര്‍ഷകര്‍ അരമണിക്കൂറിലൊന്ന് എന്ന നിരക്കില്‍ ആത്മഹത്യ ചെയ്തപ്പോള്‍, നമ്മുടെ രാജ്യത്ത് ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന പൌരന്റെ മരണത്തില്‍ ഉല്‍ക്കണ്ഠപ്പെടാത്ത ദേശീയവാദം ഉയര്‍ത്തുന്ന ചോദ്യങ്ങളാണവ എന്നത് മറന്നുകൂടാ. അതേദേശീയവാദം ഭക്ഷണം ഉറപ്പുവരുത്തുന്ന കുത്തകക്കമ്പനികള്‍ക്ക് സബ്സിഡി നല്‍കണമെന്നും മുറവിളി കൂട്ടും. അതേസബ്സിഡി പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയിരുന്നെങ്കില്‍, കാര്‍ഷികവൃത്തി (ലാഭകരമായി) തുടരുമായിരുന്നു. ഇനി സംഭവിക്കാന്‍ പോകുന്നത് ഇതാണ്; തുടര്‍ച്ചയായ സാമ്പത്തികനഷ്ടംമൂലം കൃഷി ഉപേക്ഷിച്ച് തൊഴില്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ കുത്തകക്കമ്പനികള്‍ നടപ്പാക്കുന്ന വന്‍കിട കാര്‍ഷികപദ്ധതികളില്‍ തൊഴിലാളിയായി മാറും. പുതിയതരം ജന്മിത്തം നമ്മുടെ രാജ്യത്ത് രൂപപ്പെടുന്നതിന്റെ ആദ്യസൂചകമായിരിക്കും അത്. കാര്‍ഷികമേഖലയിലെന്നപോലെ കന്നുകാലിവളര്‍ത്തലിലും ഭക്ഷ്യസംസ്കരണമേഖലകളിലെല്ലാംതന്നെ വന്‍കിട കോര്‍പറേറ്റുകള്‍ ആധിപത്യം സ്ഥാപിക്കുമെന്നത് ഈയടുത്തിടെ കന്നുകാലിക്കച്ചവടവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍നിന്ന് വ്യക്തമാണ്. വര്‍ഗീയത സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയാണ് മതവികാരം ഉണര്‍ത്തുക എന്നത്. ആ മതവികാരത്തെ ദുരുപയോഗം ചെയ്തുകൊണ്ട് ആവിഷ്കരിച്ചിട്ടുള്ള ഈ നിയമങ്ങള്‍ ചെറുകിട കന്നുകാലിക്കച്ചവടക്കാരെയും ക്ഷീരകര്‍ഷകരെയുമൊക്കെ പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല. പതഞ്ജലിക്ക് കേന്ദ്ര സര്‍ക്കാരിന്റെ വഴിവിട്ട സഹായം ലഭിച്ചതുപോലെ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കാന്‍ സാധ്യതയുള്ള കമ്പനികള്‍ ഈ മേഖലകളിലും ഉണ്ടെന്നതില്‍ സംശയമില്ല. ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന കച്ചവടക്കാരും കര്‍ഷകരും അവരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴിലാളികളാവുകയും രാജ്യത്ത് അങ്ങനെ കൂടുതലാളുകള്‍ തങ്ങളുടെ ഉപജീവനത്തിനായി അന്താരാഷ്ട്ര ധനമൂലധനത്തെ നേരിട്ട് ആശ്രയിക്കേണ്ടി വരികയും ചെയ്യും. ഇതിനൊക്കെ പ്രയോജനപ്പെടുന്ന ഒരു സാമ്പത്തിക അന്തരീക്ഷം ആധാര്‍, നോട്ടുനിരോധനം എന്നിവയിലൂടെയൊക്കെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യന്‍ ബാങ്കിങ് മേഖലയെ സഹായിക്കാനായി നടപ്പാക്കിയ നോട്ടുനിരോധനം എന്ന ഒറ്റനീക്കത്തിലൂടെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും രാജ്യത്തെ ബാങ്കമിങ് ശൃംഖലയുമായി ബന്ധപ്പെടുത്തി എന്നുമാത്രമല്ല, അവരെയെല്ലാംതന്നെ ക്യാഷ്ലെസ് സേവനങ്ങളുടെ മറവില്‍ സ്വകാര്യ ധനസ്ഥാപനങ്ങള്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ഈടാക്കുന്ന കഴുത്തറുപ്പന്‍ ചാര്‍ജുകളില്‍നിന്ന് വ്യക്തമാണ്, എത്ര പണം ബാങ്കുകളില്‍ നിക്ഷേപിച്ചാലും ഇന്ത്യന്‍ ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി അത്ര എളുപ്പം തരണംചെയ്യാന്‍ കഴിയില്ല എന്നത്. രാഷ്ട്രീയനിര്‍ബന്ധത്തിന് വഴങ്ങി നമ്മുടെ പൊതുമേഖല ബാങ്കുകള്‍ക്ക്, വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന സ്വകാര്യകമ്പനികളെ സഹായിക്കാന്‍ അവര്‍ പങ്കാളികളായിരിക്കുന്ന വന്‍കിടപദ്ധതികളില്‍ നിക്ഷേപം നടത്തേണ്ടിവന്നു. മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഇങ്ങനെ നല്‍കിയ കടം തിരിച്ചുപിടിക്കാന്‍ വേണ്ടത്ര സമ്മര്‍ദം ചെലുത്താതിരുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ആ കടമെല്ലാം നിഷ്ക്രിയ ആസ്തിയായി രേഖപ്പെടുത്തേണ്ടിവന്നു. ഫലത്തില്‍ അവ കിട്ടാക്കടമായി മാറി. ഇങ്ങനെ നമ്മുടെ പൊതുമേഖല ബാങ്കുകളെ പ്രതിസന്ധിയിലാക്കിയതുതന്നെ അന്താരാഷ്ട്ര ധനമൂലധന ശക്തികളുടെതന്നെ ഭാഗമായ സ്വകാര്യബാങ്കുകളെ സഹായിക്കാനാണ് എന്നത് ഇപ്പോള്‍ വ്യക്തമാണ്. ആധാര്‍ നിയമപരമായി എല്ലാ സേവനങ്ങള്‍ക്കും നിര്‍ബന്ധമല്ലെന്ന അവസ്ഥ ഉള്ളപ്പോള്‍പ്പോലും ഒന്നിനുപിറകെ ഒന്നായി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിതന്നെ പാര്‍ലമെന്റില്‍ പറഞ്ഞതാണ് കേന്ദ്രസര്‍ക്കാര്‍ ബലംപ്രയോഗിച്ച് ആധാര്‍ നിര്‍ബന്ധമാക്കുകയാണ് എന്നത്. ഇതിനോടകം എത്രതവണ നമ്മുടെ ആധാര്‍വിവരങ്ങള്‍ ചോര്‍ന്നു. നമ്മുടെ ബാങ്ക് അക്കൌണ്ടുകള്‍കൂടി ആധാറുമായി ബന്ധിപ്പിക്കേണ്ടിവരുമ്പോള്‍ നമ്മുടെ സ്വകാര്യസമ്പത്തുപോലും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് വിധേയമാകും. ലോകത്തെയാകെ ബന്ധിപ്പിക്കുന്നു എന്നര്‍ഥം വരുന്ന ആഗോളവല്‍ക്കരണം എന്ന ഓമനപ്പേരില്‍ അതിനെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും അതിനെ എതിര്‍ക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. കോളേജ്, സര്‍വകലാശാല മുതലായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള ശേഷി വളര്‍ത്തിയെടുക്കുന്നതുകൊണ്ടുതന്നെ അതിനോടുള്ള എതിര്‍പ്പ് സജീവമാണ്. എതിര്‍പ്പിന്റെ സ്വരങ്ങളെ ഇല്ലാതാക്കാനാണ് അവരുടെ ഫണ്ട്, സീറ്റ് എന്നിവ വെട്ടിക്കുറയ്ക്കുന്നതും കോഴ്സുകള്‍, പാഠ്യപദ്ധതി എന്നിവയില്‍ കൈകടത്തുന്നതും. വര്‍ഗീയതയുടെയും ദേശീയതയുടെയും അതിപ്രസരമുള്ള പൊതുബോധത്തില്‍ അത്തരം ഇടപെടലുകള്‍ക്ക് അംഗീകാരം ലഭിക്കാനാണ് അവിടങ്ങളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആ സ്ഥാപനങ്ങളെയും ദേശദ്രോഹി, സൈന്യത്തെ എതിര്‍ക്കുന്നവര്‍ എന്നൊക്കെ മുദ്രകുത്തുന്നത്. ഇങ്ങനെയാണ് നവഉദാരവല്‍ക്കരണത്തെ സഹായിക്കാനായി വര്‍ഗീയതയെയും ദേശീയതയെയും ഉപയോഗിക്കുന്നത്. ഇതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും യഥാര്‍ഥ മുഖമെന്ന് നാം തിരിച്ചറിയുകയും അതിനെ തുറന്നുകാട്ടുകയും വേണം. ഇതേതന്ത്രമാണ് ഇടതുപക്ഷത്തിനെതിരെയും ഉപയോഗിക്കുന്നത്. നാടിന്റെ താല്‍പ്പര്യങ്ങള്‍ക്കുവിരുദ്ധമായ എന്തിനെ എതിര്‍ത്താലും അത് ദേശദ്രോഹമായി ചിത്രീകരിക്കുക. യുദ്ധത്തിനായുള്ള മുറവിളികളെ എതിര്‍ത്താല്‍ അത് ദേശദ്രോഹ പ്രവര്‍ത്തനമാകും. 'അഫ്സ്പാ'യ്ക്കെതിരെ ശബ്ദിച്ചാല്‍ അത് സൈന്യത്തിന് എതിരാകും. അതേസമയം, സൈനികര്‍ക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന് പറയുന്നതിന്റെ മുന്‍പന്തിയിലുള്ളത് ഇടതുപക്ഷമാണ് എന്നത് മറച്ചുവയ്ക്കും. നോട്ടുനിരോധനത്തെ എതിര്‍ത്താല്‍ അത് തീവ്രവാദത്തെ സഹായിക്കാനെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍, നോട്ടുനിരോധനംകൊണ്ട് സ്വകാര്യകമ്പനികള്‍ക്കുണ്ടായ ലാഭം പുറത്തുവരാതിരിക്കാനാണ് ഇത്തരം വാദം ഉയര്‍ത്തുന്നത്. കശാപ്പിനുള്ള കന്നുകാലിക്കച്ചവടത്തിനുമേല്‍ നിയന്ത്രണം വരുമ്പോള്‍, ക്ഷീരകര്‍ഷകരുടെയും കാലിക്കച്ചവടക്കാരുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇടതുപക്ഷം അതിനെ എതിര്‍ക്കുമ്പോള്‍ അത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായി അവതരിപ്പിക്കുന്നു. അങ്ങനെ ഇടതുപക്ഷം കേവലം മാംസാഹാരികളും ബീഫ് ഭക്ഷിക്കുന്നവരുമായി മാറ്റപ്പെടുന്ന പൊതുബോധത്തില്‍ നവഉദാരവല്‍ക്കരണത്തിനെതിരെയുള്ള സംവാദം പിന്തള്ളപ്പെട്ടുപോകരുത്. യുദ്ധത്തിനായുള്ള മുറവിളിയുടെതന്നെ കാര്യമെടുക്കുക. ദേശസ്നേഹത്തിന്റെ പേരില്‍ തീവ്രദേശീയത ആഘോഷിക്കുമ്പോള്‍ വന്‍കിട ആയുധനിര്‍മാണ കമ്പനികളെ സഹായിക്കുന്ന പൊതുബോധം രൂപപ്പെടുത്തുകയാണ്. യുദ്ധക്കോപ്പ് നിര്‍മിക്കുന്ന കമ്പനികളില്‍ ഓഹരികളുള്ള മുതലാളിമാരുടെ മാധ്യമസ്ഥാപനങ്ങള്‍, യുദ്ധത്തെ ന്യായീകരിക്കുന്ന വെറും പ്രചാരണ ഉപകരണമായിമാത്രം ഒതുങ്ങുന്നു. നവഉദാരവല്‍ക്കരണത്തില്‍ ഏറ്റവും ലാഭമുള്ള കച്ചവടമാണ് യുദ്ധം. പണത്തിനുവേണ്ടി മനുഷ്യനെ കൊല്ലുന്നതിലും നീചമായി എന്തെങ്കിലുമുണ്ടോ? യുദ്ധത്തിനുവേണ്ടി മതത്തെപ്പോലും കൂട്ടുപിടിക്കുന്നു. ഒരുവശത്ത് മൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കാതിരിക്കുന്നു, മറുവശത്ത് മനുഷ്യരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നു. സ്വകാര്യതാല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ചില വ്യക്തികളും സ്ഥാപനങ്ങളും യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതല്ല ദേശസ്നേഹമെന്നും അതിനപ്പുറം ഓരോ പൌരന്റെയും അവകാശത്തിനുവേണ്ടി പോരാടുന്നതാണ് യഥാര്‍ഥ ദേശസ്നേഹമെന്നുമുള്ള സംവാദം പൊതുബോധത്തിന്റെ ഭാഗമാകണം. എതിരാളികളുടെ വായടക്കാന്‍ ആര്‍എസ്എസ് അക്രമങ്ങള്‍ നടത്തുമ്പോള്‍ ബിജെപി മൌനംപാലിച്ച് അവയ്ക്ക് പരിരക്ഷ നല്‍കുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍മാത്രമല്ല അത്, വര്‍ഗീയതയും തീവ്രദേശീയതയും നിറഞ്ഞുനില്‍ക്കുന്ന പൊതുബോധത്തില്‍ ബിജെപിക്ക് സമ്മതിയുണ്ടാക്കാന്‍കൂടിയാണ്. ബീഫ് നിരോധനവും നോട്ടുനിരോധനവും സര്‍ജിക്കല്‍ സ്ട്രൈക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേലുള്ള ആക്രമണവുമൊക്കെ തമ്മില്‍ ബന്ധമില്ലാത്തവയാണെന്നും പൊടുന്നനെ ഉണ്ടായതാണെന്നും തോന്നാമെങ്കിലും അവയെല്ലാംതന്നെ ബിജെപിയുടെ നവഉദാരവല്‍ക്കരണ നയങ്ങളുടെ നടത്തിപ്പിനായി ആസൂത്രണം ചെയ്തതും ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഒന്നിനെമാത്രമായി ചെറുക്കാന്‍ സാധിക്കില്ല. ഒരേനാണയത്തിന്റെ രണ്ടുവശം എന്ന നിലയ്ക്ക് രണ്ടിനെയും ഒരുമിച്ച് പ്രതിരോധിക്കണം. ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീയതയും തീവ്രദേശീയതയും നവഉദാരവല്‍ക്കരണവും ജാഗ്രതയോടെ എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ സ്വാതന്ത്യ്രം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം എന്നിവയ്ക്ക് ഭീഷണിയാണ്. ഇവയുടെ സംരക്ഷണമാണ് യഥാര്‍ഥ ദേശസ്നേഹം. തീവ്രദേശീയത വ്യാജദേശസ്നേഹമാണ് (സ്റ്റഡീസ് ഇന്‍ ഹിസ്റ്ററി ജേര്‍ണല്‍ മുന്‍ അസോസിയേറ്റ് എഡിറ്ററും ഗവേഷകനുമാണ് ലേഖകന്‍) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം