malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

രാംനാഥ്‌ കോവിന്ദ്‌ അനുയോജ്യനായ കാവിഭടൻ

അമുല്യഗാംഗുലി
ബിജെപിയുടെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി അധികം അറിയപ്പെടാത്ത രാംനാഥ്‌ കോവിന്ദിനെ പ്രഖ്യാപിച്ചത്‌ 2007-ലെ പ്രതിഭാ പട്ടീലിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തനിയാവർത്തനമാണ്‌. അന്ന്‌ ആരാണീ പ്രതിഭയെന്ന ചോദ്യം ഉയരുകയുണ്ടായി. അവരുടെ ദളിത്‌ ബന്ധം പോലയേയുള്ളൂ രാംനാഥ്‌ കോവിന്ദയുടെയും ബന്ധം. രോഹിത്‌ വെമുല സംഭവത്തിനുശേഷം ബിജെപിക്കും ദളിത്‌ ജനതയ്ക്കുമിടയിലുണ്ടായ വിള്ളൽ പരിഹരിക്കാൻ വേണ്ടിയുള്ള ഒരു നീക്കമായിട്ടാണ്‌ രാജ്യത്തെ പരമോന്നത ഭരണഘടനാസ്ഥാനത്തേയ്ക്ക്‌ ഒരു ദളിതനെ അവരോധിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കാണേണ്ടത്‌. ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപി ഹൈദരാബാദ്‌ സർവകലാശാലയിൽ രോഹിത്‌ വെമുലയെ വേട്ടയാടുകയുണ്ടായല്ലോ. യുപിയിലെ സഹരൻപൂരിൽ ദളിത്‌ ജനതയ്ക്കെതിരെ രജപുട്ടുകൾ അക്രമം നടത്തിയതിനെ തുടർന്നും ഗുജറാത്തിലെ ഉനയിൽ പശുവിന്റെ തോലുരിച്ച നാല്‌ ദളിത്‌ യുവാക്കളെ കയ്യേറ്റം ചെയ്ത്‌ തല്ലിച്ചതച്ച സംഭവത്തെ തുടർന്നും ദളിത്‌ ജനത ബിജെപിയിൽ നിന്നും അകലം പാലിക്കുകയുണ്ടായി. ബിജെപിയും ദളിത്‌ ജനവിഭാഗവും തമ്മിൽ നിലനിൽക്കുന്ന സ്വരച്ചേർച്ചയില്ലാത്ത അവസ്ഥയ്ക്ക്‌ ഈ പ്രതീകാത്മക ദളിത്‌ പ്രസിഡന്റ്‌ സ്ഥാനാർഥി പ്രഖ്യാപനം എന്തെങ്കിലും നാടകീയ മാറ്റമുണ്ടാക്കുമോ എന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. അങ്ങനെയൊരു മാറ്റമുണ്ടാകുമായിരുന്നെങ്കിൽ നരേന്ദ്രമോഡി മന്ത്രിസഭയിലെ ദളിത്‌ പ്രതിനിധികളായ രാംവിലാസ്‌ പസ്വാൻ, തവർചന്ദ്‌ ഖാലോട്ട്‌, രാംദാസ്‌ അതവാലെ എന്നിവരുടെ സാന്നിധ്യം സ്വാന്തനസ്പർശം അവരിൽ ഉണ്ടാക്കേണ്ടതായിരുന്നില്ലേ? അതിന്‌ ബിജെപിക്ക്‌ കഴിയാതെ പോയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ബ്രാഹ്മണിക്‌ ബനിയ പാർട്ടിയെന്ന അവരുടെ പ്രതിച്ഛായ ഇന്നുവരെ മാറ്റാൻ അവർക്ക്‌ കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ്‌. അടുത്തകാലത്തായി അവരുടെ പ്രകടമായ അഹങ്കാരം കാരണം സ്ഥിതിഗതികൾ ഇക്കാര്യത്തിൽ കൂടുതൽ വഷളാവുകയുണ്ടായി. അതുകൊണ്ട്‌ കോവിന്ദിന്റെ സ്ഥാനാർഥിത്വം വഴി ഈ വിഭാഗം ജനതയുടെ ഹൃദയം കവരാമെന്നത്‌ വെറും വ്യാമോഹം മാത്രമാണ്‌. പക്ഷേ, മറ്റുതരത്തിൽ അദ്ദേഹത്തെ പ്രയോജനപ്പെടുത്താനാകും. ഒരു മിതവാദിയെന്നനിലയിൽ അദ്ദേഹം മോഡിയുടെ സബ്കാസാത്ത്‌ സബ്കാ വികാസ്‌ രീതിക്കനുസരിച്ചായിരിക്കും പ്രവർത്തിക്കുക. അല്ലാതെ ബിജെപിക്കാരനായ ത്രിപുര ഗവർണർ തത്തഗതറോയിയെ പോലെ യാക്കൂബ്‌ മേമന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തവരെല്ലാം ഭീകരവാദികളാകാൻ സാധ്യതയുള്ളതുകൊണ്ട്‌ അവരെ നിരീക്ഷിക്കേണ്ടതുണ്ടെന്നും എല്ലാവരും ബിജെപി സ്ഥാപകനേതാവായ ശ്യാമപ്രസാദ്‌ മുഖർജിയുടെ ഹിന്ദു, മുസ്ലിം ആഭ്യന്തര കലാപത്തെക്കുറിച്ചുള്ള ഉദ്ഘോഷണം കേൾക്കണമെന്നും മറ്റും പറയില്ലായിരിക്കാം. മറ്റൊന്ന്‌ ബിജെപി മുൻപ്‌ തിരഞ്ഞെടുത്ത പ്രസിഡന്റായ എപിജെ അബ്ദുൾ കലാമിനെപ്പോലെ അത്ര ഉറച്ച നിലപാടുകൾ എടുക്കാൻ സാധ്യതയില്ല എന്നതാണ്‌. സഭാംഗങ്ങളെ അയോഗ്യരാക്കുന്നത്‌ സംബന്ധിച്ച ബിൽ അന്നത്തെ കോൺഗ്രസ്‌ സർക്കാർ സഭയിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകിയപ്പോൾ അദ്ദേഹം അത്‌ മടക്കി അയക്കുകയുണ്ടായി. കോവിന്ദിന്റെ വളരെ പതുങ്ങിയ പ്രകൃതം അതുകൊണ്ടുതന്നെ സർക്കാരിന്റെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്‌ പോവുകതന്നെ ചെയ്യും. മുൻ ബിജെപി മന്ത്രി അരുൺ ഷൂരി വിശേഷിപ്പിച്ചതുപോലെ അതൊരു രണ്ടര മനുഷ്യർ നയിക്കുന്ന സർക്കാരായതുകൊണ്ട്‌ പ്രത്യേകിച്ചും. അരുൺഷൂരി ആ സംഖ്യ വാസ്തവത്തിൽ അതിശയോക്തി കലർത്തിയാണ്‌ പറഞ്ഞിരിക്കുന്നത്‌. വാസ്തവത്തിൽ അതൊരു വൺമേൻ ഷോയാണ്‌. രണ്ടര മനുഷ്യരിലെ ബാക്കിവരുന്ന ഒന്നരയിൽ അമിത്ഷാ, അരുൺ ജെയ്റ്റ്ലി, രാജ്നാഥ്സിങ്‌ എന്നിവരുണ്ടാകാം. പക്ഷേ അവർക്ക്‌ വലിയ പ്രാധാന്യമൊന്നുമില്ല. ഇത്തരമൊരു സംവിധാനത്തിൽ വളരെ താഴ്മയുള്ള കോവിന്ദ്‌ തികച്ചും അനുയോജ്യനാണ്‌. യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതിൽ നിന്ന്‌ പാഠമുൾക്കൊണ്ടുകൊണ്ടാണ്‌ മോഡി ഇത്തരമൊരു മിതവാദിയെ തിരഞ്ഞെടുത്തതെന്നത്‌ പറയാതിരിക്കാൻ പറ്റില്ല. യോഗി പ്രത്യേകിച്ച്‌ ദോഷമൊന്നും ചെയ്തില്ല എന്നിതിനർത്ഥമില്ല. വാസ്തവത്തിൽ മുഖ്യമന്ത്രിയായശേഷം അദ്ദേഹം ശരിയായ കാര്യങ്ങളാണ്‌ പറയുന്നതും ചെയ്യുന്നതും. ഘർവാപസി ലൗജിഹാദ്‌ സേനകളെ അമർച്ച ചെയ്യുകയും ഗോരക്ഷകരോടും റോമിയോവിരുദ്ധ സംഘങ്ങളോടും നിയമം കയ്യിലെടുക്കരുതെന്ന്‌ പറയുകയുമൊക്കെയുണ്ടായി. എന്നാൽ അദ്ദേഹത്തിന്റെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുൻകാല നടപടികൾ ഇപ്പോഴും ജനമനസുകളിലുണ്ട്‌. മറിച്ച്‌ കോവിന്ദിന്റെ മുൻകാലചരിത്രം വലുതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ടായിരിക്കണം ബിജെപിയെ എതിർക്കുന്നവർക്കിടയിൽ പോലും അദ്ദേഹത്തിന്‌ വിമർശകർ ഇല്ലാതിരിക്കുന്നത്‌. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ തന്റെ ഗവർണർകൂടിയായ കോവിന്ദിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുന്നതിൽ അതുകൊണ്ടുതന്നെ ഒരു മടിയും കാണിച്ചില്ല. അദ്ദേഹത്തിന്‌ ഗവർണറെന്ന നിലയിൽ കോവിന്ദനോട്‌ ഒരു സംഘർഷവും ഉണ്ടായിട്ടുമില്ല. അതേസമയം പോണ്ടിച്ചേരി ഗവർണർ എന്ന നിലയിൽ കബീർബേഡിയുമായി സമരസപ്പെട്ടുപോകാൻ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക്‌ കഴിയുന്നില്ല. ഡൽഹി തെരഞ്ഞെടുപ്പുകാലത്ത്‌ ധാർഷ്ട്യക്കാരിയെന്നാണ്‌ വിമർശകർ കബീർബേഡിയെ വിളിച്ചിരുന്നത്‌. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വശക്തികൾ പിടിമുറുക്കി മുന്നേറുന്നതിലേയ്ക്കുള്ള മറ്റൊരു ചുവടുവയ്പാണ്‌ ആർഎസ്‌എസ്‌ ബന്ധമുള്ള കോവിന്ദിന്റെ സ്ഥാനാർഥിത്വം വിലയിരുത്തപ്പെടുന്നത്‌. രാജ്യത്ത്‌ അധികാരം നേടിയതിനുപുറമെ അക്കാദമിക്‌ സ്ഥാപനങ്ങളിൽ ഇന്ത്യൻ ചരിത്ര കൗൺസിലിന്റെയും സാമൂഹ്യശാസ്ത്ര ഗവേഷണ കൗൺസിലിന്റെയും തലപ്പത്ത്‌ ആർഎസ്‌എസുകാരെ ഇരുത്താനും കഴിഞ്ഞ ബിജെപി ഇപ്പോൾ ഒരുങ്ങുന്നത്‌ പാർട്ടിയുടെ കിരീടപ്രഭ പ്രചരിപ്പിക്കുന്നതിന്‌ രയ്സിനഹില്ലിലെ രാഷ്ട്രപതി ഭവൻ കയ്യടക്കുക എന്നതിനാണ്‌. അപ്രതീക്ഷിത കാര്യങ്ങൾ ചെയ്തുകൊണ്ട്‌ ജനങ്ങളെ അമ്പരപ്പിക്കുന്ന മോഡിയുടെ പ്രവണത കോവിന്ദിന്റെ സ്ഥാനാർഥിത്വ നിർണയത്തിലും മോഡി സ്വീകരിച്ചിരിക്കുന്നു. നോട്ടുനിരോധനത്തിലും യോഗി ആദിത്യനാഥിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും കാണിച്ച അതേ പ്രവണതയുടെ ആവർത്തനമാണിത്‌. പ്രസിഡന്റ്‌ സ്ഥാനാർഥിയെ സംബന്ധിച്ച്‌ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തുന്നു എന്ന പരിഹാസ്യമായ നാടകം ബിജെപി കളിച്ചത്‌ അവരുടെ അധാർമ്മികതയാണ്‌ വെളിപ്പെടുത്തുന്നത്‌. ചർച്ചയ്ക്ക്‌ നിയോഗിക്കപ്പെട്ടവരിൽ ഒരാളായ വെങ്കയ്യനായിഡു പറഞ്ഞത്‌ ജനാധിപത്യത്തിന്റെ സത്യസന്ധമായ സത്ത ഉൾക്കൊണ്ടുകൊണ്ട്‌ തീരുമാനിക്കുമെന്നാണ്‌. സ്ഥാനാർഥിയെ ബിജെപി അല്ലെങ്കിൽ മോഡി നേരത്തെ തീരുമാനിച്ചിരുന്നെങ്കിൽ ഈ ചർച്ചയെന്ന നാടകത്തിന്റെ ആവശ്യമുണ്ടായിരുന്നോ? രാഷ്ട്രീയക്കാരനല്ലാത്ത ശ്രേഷ്ഠനായൊരു വ്യക്തി രാഷ്ട്രപതിയാകണമെന്ന ധാരണയെ നിരാകരിച്ചുകൊണ്ട്‌ ജാതി പ്രമുഖഘടകമാകുന്ന പ്രവണതയ്ക്കുകൂടിയാണ്‌ കോവിന്ദിന്റെ സ്ഥാനാർഥിത്വം ഇടയാക്കുന്നത്‌. (ഇന്ത്യാ പ്രസ്‌ ഏജൻസി) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം