malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ആർബിഐയും കേന്ദ്രസർക്കാരും ഏറ്റുമുട്ടലിലേക്ക്‌

പ്രഫ. കെ അരവിന്ദാക്ഷൻ
2017 ജൂൺ 7-ന്‌ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഗവർണർ ഡോ. ഊർജ്ജിത്‌ പട്ടേൽ പ്രഖ്യാപിച്ച പണനയം ഒന്നിലേറെ കാരണങ്ങൾകൊണ്ട്‌ പ്രാധാന്യമർഹിക്കുന്നു. ഒന്നാമത്‌, കേന്ദ്രസർക്കാരിൽ നിന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയിൽ നിന്നും മാത്രമല്ല, വിവിധ കോർപ്പറേറ്റ്‌ മേധാവികളിൽ നിന്നും വാണിജ്യ-വ്യവസായ സംഘടനകളിൽ നിന്നും കടുത്ത സമ്മർദ്ദത്തിനുവഴങ്ങി നിലവിലുള്ള റിപ്പോ റേറ്റിൽ യാതൊരുവിധ മാറ്റവും വരുത്താൻ ആർബിഐ തയ്യാറായില്ല. ചില്ലറ പണപ്പെരുപ്പനിരക്കിൽ കുത്തനെ ഇടിവുണ്ടായിരിക്കുന്നു എന്ന ധനമന്ത്രാലയത്തിന്റെ നിലപാടിനോട്‌ ആർബിഐ യോജിച്ചിരുന്നില്ല. പലിശനിരക്കിൽ ഇളവുവരുത്തുന്നതിലൂടെ കോർപ്പറേറ്റുകളെ സഹായിക്കാൻ തൽക്കാലത്തേയ്ക്കെങ്കിലും ആർബിഐ തയ്യാറായില്ല. പലിശനിരക്കിന്റെ പുനർനിർണയകാര്യത്തിൽ കേന്ദ്രബാങ്കും കേന്ദ്ര ധനമന്ത്രാലയവും വ്യത്യസ്ത ചേരിയിലാണ്‌. ഡോ. രഘുരാം ഗോവിന്ദരാജൻ ഗവർണറായിരുന്ന സമയത്തും പണനയരൂപീകരണ വിഷയത്തിൽ ഇത്തരം അഭിപ്രായ ഭിന്നതകൾ നിരവധിവട്ടം മറനീക്കി പുറത്തുവന്നിരുന്നു. പുതിയ പണനയപ്രഖ്യാപനത്തിന്‌ തലേന്നാൾ, ആർബിഐ ഗവർണർ മാധ്യമങ്ങളെ അറിയിച്ചത്‌, പണനയനിർണയസമിതി (എംപിസി)യിലെ അംഗങ്ങൾക്ക്‌ ക്ഷണം നൽകപ്പെട്ടിരുന്നെങ്കിലും ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി നയത്തിന്റെ രൂപത്തെപ്പറ്റി മുൻകൂട്ടി ചർച്ച നടത്തുകയുണ്ടായില്ലെന്നാണ്‌. ഇതിനു കാരണം കേന്ദ്രബാങ്കിന്റെ സ്വയംഭരണ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കയാണോ എന്ന അന്വേഷണത്തിന്‌ മറുപടി പറയാൻ ഡോ. ഊർജ്ജിത്‌ പട്ടേൽ സന്നദ്ധനായില്ല. എംപിസിയിലെ അംഗങ്ങൾ പ്രസ്തുത മീറ്റിങ്ങിൽ പങ്കെടുക്കുകയുണ്ടായില്ല എന്നതുമാത്രമായിരുന്നു പ്രതികരണം. ആറ്‌ അംഗങ്ങളുള്ള എംപിസി പുതിയ പണം-പലിശനിരക്കു നയരൂപീകരണത്തിൽ ഏകാഭിപ്രായം ഉണ്ടാക്കുന്നതിൽ വിജയിച്ചില്ല. രവീന്ദ്ര എച്ച്‌ ധൊലാക്കിയ പലിശനിരക്കിൽ മാറ്റം വരുത്തണമെന്ന തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പലിശ കൂട്ടണോ അതോ കുറയ്ക്കണോ എന്നാണ്‌ അംഗത്തിന്റെ അഭിപ്രായമെന്ന്‌ ആർബിഐ വ്യക്തമാക്കിയിട്ടുമില്ല. ആകെ ഒരു അനിശ്ചിതത്വം, ദിശാബോധമില്ലായ്മ. കേന്ദ്രസർക്കാരും ആർബിഐയും തമ്മിൽ സംഘർഷം ആരംഭിച്ചിട്ട്‌ ഏറെക്കാലം കഴിഞ്ഞിരിക്കുന്നു. നിരവധി കാരണങ്ങളുണ്ടിതിന്‌. ഇതിൽ പ്രധാന തർക്കവിഷയം പണപ്പെരുപ്പം സംബന്ധമായി കേന്ദ്രബാങ്കിനുള്ള സുചിന്തിതമായ നിലപാടാണ്‌. ഈ നിലപാടാണെങ്കിൽ മോഡി ഭരണകൂടത്തിന്റേതിന്‌ നേരെ വിപരീതവുമാണ്‌. ഡോ. രഘുരാം രാജൻ ഗവർണർ സ്ഥാനമൊഴിയുകയും മോഡി-ജെയ്റ്റ്ലി സഖ്യത്തിന്‌ സ്വീകാര്യനെന്നറിയപ്പെട്ടിരുന്ന ഡോ. ഊർജ്ജിത്‌ പട്ടേൽ തൽസ്ഥാനത്തെത്തുകയും ചെയ്തതോടെ കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ബന്ധം സൗഹൃദപൂർവമാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്‌. എന്നാൽ, 2017 ഫെബ്രുവരിയിൽ നിരവധി നിരീക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ആർബിഐ പണനയത്തോടുള്ള സമീപനത്തിൽ ‘അക്കൊമൊഡേറ്റീവ്‌’ ആയ സമീപനം ‘ന്യൂട്രൽ’ സമീപനമായി രൂപാന്തരപ്പെടുത്തിയത്‌. പലിശനിരക്കുകൾ കുറച്ച്‌ കൂടുതൽ കോർപ്പറേറ്റ്‌ നിക്ഷേപകരെ ഉൾക്കൊള്ളുകയും സഹായിക്കുകയും ചെയ്യുന്നതിനുപകരം പലിശനിരക്കുകളിൽ നിഷ്പക്ഷ നിലപാട്‌ തുടരാനുള്ള തീരുമാനം മോഡി – ജെയ്റ്റ്ലി സഖ്യത്തിന്‌ കനത്ത തിരിച്ചടിയാവുകയും ചെയ്തു. പരസ്പരവിരുദ്ധമായ നിലപാടുകളെടുക്കുന്നതിൽ ഇരുവിഭാഗക്കാർക്കും ന്യായീകരണമുണ്ടായേക്കാം. എന്നാൽ, സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ കാതലായ പങ്ക്‌ വഹിക്കുന്ന പണനയം ഒരു തർക്കവിഷയമാക്കുന്നതിൽ നിഷ്പക്ഷമതികളായ നിരീക്ഷകർക്ക്‌ ആശങ്കയുണ്ട്‌. ആർബിഐ-കേന്ദ്രസർക്കാർ തർക്കവിഷയങ്ങളിൽ മുഖ്യമായത്‌ ഉപഭോക്തൃവില സൂചികയിൽ അനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകളാണ്‌. പലിശനിരക്ക്‌ കുറയ്ക്കണമെന്ന ആവശ്യം ധനമന്ത്രി ഉന്നയിച്ചത്‌ ചില്ലറ പണപ്പെരുപ്പനിരക്ക്‌ 2017 ഏപ്രിൽ മാസത്തിൽ 2.99 ശതമാനമായി കുറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ നിരക്കിലുള്ള കുറവ്‌ ശാശ്വതമായനിലയിൽ തുടരുമോ എന്ന കാര്യത്തിൽ കൃത്യമായ പരിശോധനയ്ക്കു മുമ്പ്‌ ഒരു നിഗമനത്തിലെത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ആർബിഐ ഗവർണർ ഊർജ്ജിത്‌ പട്ടേലും എംപിസിയിലെ ഒരംഗം ഒഴികെയുള്ളവരും. ഭക്ഷ്യ-ഊർജ്ജ ഉൽപ്പന്നങ്ങളുടെ വിലനിലവാരത്തിലെ ചാഞ്ചാട്ടങ്ങൾ ഏകദേശ പഠനത്തിന്‌ വിധേയമാക്കിയപ്പോൾ ആർബിഐക്ക്‌ ബോധ്യമായത്‌ കാതലായ മേഖലകളിലെ പണപ്പെരുപ്പനിരക്കും വിലനിലവാരവും ഉയരും എന്നായിരുന്നു. പണപ്പെരുപ്പനിരക്ക്‌ നടപ്പുധനകാര്യ വർഷത്തിലെ ആദ്യപകുതിയിൽ 2 – 3.5 ശതമാനമായും രണ്ടാം പകുതിയിൽ 3.5 ശതമാനം മുതൽ 4.5 ശതമാനം വരെയുമായിരിക്കും. ഇത്തരമൊരു പ്രവണത ഗൗരവമായി നിരീക്ഷിക്കണമെന്നായിരുന്നു ആർബിഐയുടെ നിലപാട്‌. ഇതിൽ അടിസ്ഥാനമുണ്ടെന്നതും ഒരു വസ്തുതയാണ്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ ഈ ഘട്ടത്തിൽ പലിശനിരക്ക്‌ ഉദാരമാക്കുക എന്നത്‌ ‘അപക്വമായൊരു നടപടി’യായിരിക്കുമെന്ന നിഗമനത്തിൽ എംപിസി എത്തിച്ചേർന്നത്‌. വരാനിരിക്കുന്ന പണപ്പെരുപ്പ പ്രവണതകളും അവ ചില്ലറവില നിലവാരത്തിൽ ഉളവാക്കാനിടയുള്ള ആഘാതവും സൂക്ഷ്മമായ നിരീക്ഷണ പഠനങ്ങൾക്ക്‌ വിധേയമാക്കണമെന്ന ധാരണയിൽ ആർബിഐ എത്തിച്ചേർന്നതും ഇതേത്തുടർന്നായിരുന്നു. ശ്രദ്ധയോടെ ഈ വിഷയം ഗൗരവപൂർവം കൈകാര്യം ചെയ്യാത്തപക്ഷം പിൽക്കാലത്ത്‌ തിരുത്തലുകൾക്ക്‌ വഴിപ്പെടേണ്ടിവരുന്നത്‌ നയപരമായി വലിയൊരു വീഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടാൽ അതിന്‌ ആരെയും പഴിക്കേണ്ടകാര്യവുമില്ല. ആർബിഐയുടെ ഭാഗത്തുനിന്നുണ്ടായ സുചിന്തിതമായ ഈ അഭിപ്രായം കേന്ദ്ര ഭരണകൂടത്തിന്‌ പൊതുവായും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക്‌ പ്രത്യേകമായും അൽപംപോലും ഇഷ്ടപ്പെട്ടില്ല. മോഡി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. അരവിന്ദ്‌ സുബ്രഹ്മണ്യൻ ആർബിഐയുടെ പണപ്പെരുപ്പവിഷയത്തിലുള്ള നിലപാടിനെ നിർദ്ദയം തള്ളിക്കളയുകയാണുണ്ടായത്‌. പണനയം ഉദാരമാക്കുന്നതിന്‌ ഇതിലേറെ അനുയോജ്യമായ സാഹചര്യം ഇതിനുമുമ്പൊരിക്കലും സമ്പദ്‌വ്യവസ്ഥയിൽ നിലനിന്നിരുന്നില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ഭാഷ്യം. ഇപ്പോൾ ആർബിഐ ചെയ്യുന്നത്‌ പണപ്പെരുപ്പം താണനിലവാരം പുലർത്തുമ്പോൾ യഥാർത്ഥ പലിശനിരക്ക്‌ സ്ഥിരമായി നിലനിർത്തുകയോ ഉയർത്തുകയോ ആണ്‌. ഇതെത്തുടർന്ന്‌ ജിഡിപി വളർച്ചയെ പിന്നാക്കം വലിക്കുകയുമാണ്‌. ‘തലതിരിഞ്ഞ’ നയമെന്ന്‌ ഡോ. സുബ്രഹ്മണ്യൻ വിശേഷിപ്പിക്കുന്ന ആർബിഐയുടെ ഈ സമീപനത്തിന്‌ ‘പ്രായോഗികമായ മാക്രോ ഇക്കണോമിക്‌ ബദൽ’ ഉണ്ടെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തരമൊരു ബദൽ നടപ്പാക്കാൻ അനുയോജ്യമായ വസ്തുനിഷ്ഠ സാഹചര്യങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടെന്നും അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വിശാലവും ഉദാരവുമായ നയസമീപനത്തിന്‌ യോജിച്ചവിധത്തിലുള്ള മാറ്റങ്ങളാണ്‌ വിദേശവിനിമയരംഗത്തുണ്ടായിരിക്കുന്നതും അനുകൂലമായ കാലവർഷം വാഗ്ദാനം നൽകുന്നതും. രൂപയുടെ വിനിമയമൂല്യത്തിൽ തുടർച്ചയായുണ്ടാകുന്ന വർധനവും ഇത്തരം വാദഗതികൾ നിഷേധിക്കാൻ കഴിയുന്നവയെല്ലെങ്കിൽതന്നേയും ധനശാസ്ത്രകാരന്മാരിൽ ഏറെപ്പേരും പലിശനിരക്കിൽ ഇളവുവരുത്താൻ ആർബിഐ പെട്ടെന്നൊന്നും ചെയ്യാനിടയില്ലെന്നു കരുതുന്നവരാണ്‌. എച്ച്ഡിഎഫ്സി ബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ അദീക്ക്ബറുവ ഇക്കൂട്ടത്തിൽ പ്രമുഖനാണ്‌. പണപ്പെരുപ്പനിരക്കിൽ അസ്ഥിരത തുടരുന്ന സാഹചര്യം നിലവിലിരിക്കെ ആർബിഐ ഗവർണർ ഡോ. ഊർജ്ജിത്‌ പട്ടേൽ പലിശനിരക്കിൽ കുറവുവരുത്തുന്നതിൽ തിടുക്കം കാട്ടാനുള്ള സാധ്യതയും കുറവാണ്‌. പണപ്പെരുപ്പനിരക്ക്‌ കുറയാനുള്ള പ്രവണത തുടരുമെങ്കിൽ മാത്രമായിരിക്കും ആർബിഐയുടെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടാവുക എന്നതാണ്‌ പൊതുവായ നിഗമനം. പുതിയ പണനയവും കറൻസി വ്യാപനവും ഡോ. ഊർജ്ജിത്‌ പട്ടേലിനെ സംബന്ധിച്ചിടത്തോളം ഗവർണർ പദവിയിൽ എത്തിയ ഉടനെ പ്രകടമാക്കപ്പെട്ട വിധേയത്വം മോഡി ഭരണകൂടത്തോട്‌ ഏറെനാൾ നീണ്ടുനിൽക്കുകയുണ്ടായില്ല. ധനകാര്യ പ്രതിസന്ധി തുടരുന്ന സാഹചര്യം നിലവിലിരിക്കെതന്നെ ധനകാര്യ അച്ചടക്കത്തിന്‌ ഹാനികരമായി പരിണമിക്കുമെന്നുറപ്പുള്ള വായ്പാ എഴുതിത്തള്ളൽ പദ്ധതികൾ പ്രഖ്യാപിക്കുന്ന ഏതാനും സംസ്ഥാന സർക്കാരുകളുടെ പോപ്പുലിസ്റ്റ്‌ തീരുമാനങ്ങൾക്ക്‌ പ്രോത്സാഹനം നൽകുന്ന മോഡി ഭരണത്തിന്റെ നയസമീപനത്തോട്‌ ഡോ. ഊർജ്ജിത്‌ പട്ടേലിന്‌ ശക്തമായ എതിർപ്പാണുള്ളതും. ഇത്തരം നടപടികൾ കാർഷിക മേഖലയും കർഷക സമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക്‌ സ്ഥിരമായ പരിഹാരമാവുന്നില്ലെന്നു മാത്രമല്ല, പണപ്പെരുപ്പ വർധനവിലേയ്ക്ക്‌ ഇതെല്ലാം വഴിയൊരുക്കുകയും ചെയ്യും. ഇത്രയൊക്കെ ബോധ്യപ്പെട്ടതിനുശേഷവും പുതിയ പണനയത്തിന്റെ ഭാഗമായി, നിയമാനുസൃത ലിക്വിഡിറ്റി അനുപാതം (എസ്‌എൽആർ) 20 ശതമാനമാക്കാൻ ആർബിഐ പ്രകടമാക്കിയ സന്നദ്ധതയിലൂടെ കൂടുതൽ നിക്ഷേപം ബാങ്കുകൾക്ക്‌ വായപാ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവസരമൊരുക്കിയിട്ടുമുണ്ട്‌. പണപ്പെരുപ്പത്തിലേയ്ക്ക്‌ നേരിയതോതിലെങ്കിലും നയിക്കാവുന്ന ഈ റിസ്ക്‌ എടുക്കാൻ ആർബിഐ തയ്യാറായത്‌ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ജിഡിപി നിരക്ക്‌ മെച്ചപ്പെടുത്തുകയും ചെയ്യുന്നത്‌ ലക്ഷ്യമാക്കിതന്നെയാണ്‌. ഇതിലേറെ ഔദാര്യമൊന്നും നിലവിലുള്ള സാഹചര്യത്തിൽ കേന്ദ്രസർക്കാരും ധനമന്ത്രാലയവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഡോ. പട്ടേൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രത്യേക താൽപ്പര്യമെടുത്തു പ്രഖ്യാപിച്ച ഡിമോണറ്റൈസേഷൻ, ആർബിഐയെ ഇരുട്ടിൽ നിർത്തിക്കൊണ്ട്‌ സ്വീകരിച്ചൊരു നടപടിയായിരുന്നെങ്കിൽതന്നേയും പ്രസ്തുത നയത്തെ പിൻതാങ്ങുകയാണ്‌ ഡോ. ഊർജ്ജിത്‌ പട്ടേൽ ചെയ്തതെന്ന്‌ നമുക്കറിയാം. വേണ്ടത്ര ആലോചനയോ മുന്നൊരുക്കങ്ങളോ തങ്ങളുടെ മുൻകൂർ അറിവോ ഇല്ലാതെ എടുത്തുചാടി പ്രയോഗത്തിലാക്കിയൊരു നടപടിയെന്ന നിലയിൽ അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ കേന്ദ്ര ബാങ്കെന്ന നിലയ്ക്ക്‌ ആർബിഐക്ക്‌ കഴിയാതെ വരുകയും ചെയ്തു. മാധ്യമങ്ങളും വിവരാവകാശ പ്രവർത്തകരും നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടും നോട്ട്‌ അസാധുവാക്കൽ നടപടി ബാങ്കിങ്‌ മേഖലയിൽ വരുത്തിവച്ച ദുരന്തങ്ങളെ സംബന്ധിച്ച്‌ മൗനം പാലിക്കാനും ആർബിഐ അധികൃതർ നിർബന്ധിതരായി. എന്തിനേറെ പറയുന്നു, ഗുജറാത്തിൽ വെച്ച്‌ മാധ്യമപ്രവർത്തകരിൽ നിന്നും രക്ഷപ്പെടാൻ പ്രസ്‌ ഗ്യാലറിയുടെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻപോലും ഡോ. ഊർജ്ജിത്‌ പട്ടേൽ സന്നദ്ധനാവേണ്ടിവന്നിരുന്നതായി മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതായാലും 2017 ജൂൺ 7-ന്‌ പ്രഖ്യാപിക്കപ്പെട്ട പണനയത്തിന്റെ ഭാഗമായി ഡിമോണറ്റൈസേഷനുശേഷമുള്ള കാലയളവിൽ ഈ നടപടിക്ക്‌ മുമ്പ്‌ ബാങ്കിങ്‌ വ്യവസ്ഥയിൽ ഉണ്ടായിരുന്ന 82.6 ശതമാനം കറൻസി ഇതിനോടകം പ്രചാരത്തിൽ തിരികെ എത്തിയിട്ടുണ്ടെന്ന വിവരവും ആർബിഐ, ഡെപ്യൂട്ടി ഗവർണർ ബി പി കനുങ്കോ ഔദ്യോഗികമായി വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ, സമ്പദ്‌വ്യവസ്ഥയുടെ 82.6 ശതമാനം റീ-മോണറ്റൈസ്‌ ചെയ്തു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, നിലവിലുള്ള സ്ഥിതി നോക്കിയാൽ പ്രചാരത്തിലുള്ള മൊത്തം കറൻസിയുടെ വലുപ്പം 2016 നവംബർ 8-ന്റെതുമായി നോക്കിയാൽ 108 ശതമാനം വരുമെന്നും അവകാശപ്പെടുന്നു. ഈ കണക്കുകൾ നിരത്തുന്നതിലൂടെ ആർബിഐ ലക്ഷ്യമാക്കുന്നത്‌, ഡിമോണറ്റൈസേഷനെ തുടർന്ന്‌ കറൻസി ക്ഷാമം ഉണ്ടായിരിക്കുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന്‌ സ്ഥാപിച്ചെടുക്കാനാണ്‌. ഇത്തരമൊരു അവകാശവാദം ഉന്നയിക്കുമ്പോഴും ഡെപ്യൂട്ടി ഗവർണർ ഏറ്റുപറയുന്നത്‌ ചിലയിടങ്ങളിലെങ്കിലും കറൻസി ദൗർലഭ്യമുണ്ടെന്നും വിവരം കിട്ടിയ ഉടൻ പരിഹാര നടപടികളെടുക്കുന്നുണ്ടെന്നുമാണ്‌. കറൻസി ദൗർലഭ്യമുണ്ടെന്നുള്ളതിന്റെ പരോക്ഷമായ കുറ്റസമ്മതമാണല്ലോ പുതിയ 500 രൂപ കറൻസി നോട്ടുകൾ അച്ചടിച്ചിറക്കാനുള്ള തീരുമാനം. ഏറ്റവുമൊടുവിൽ പുറത്തുവന്നിരിക്കുന്ന പുതിയ പരമ്പരയിലുള്ള ഈ നോട്ടുകളോടൊപ്പം പഴയവയും പ്രചാരത്തിൽ തുടരും. ഏതാനും ദിവസങ്ങൾക്ക്‌ മുമ്പ്‌ എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്യാചാര്യയും കറൻസി ക്ഷാമമുണ്ടെന്ന്‌ സമ്മതിക്കുകയുണ്ടായി. കറൻസിക്ഷാമം ഒരു യാഥാർത്ഥ്യമാണെന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം, 2016 നവംബർ 4-ന്‌ പ്രചാരത്തിലിരുന്ന കറൻസി 17.9 ബില്യനായിരുന്നത്‌ ഡിമോണറ്റൈസേഷനുശേഷം കൃത്യമായിപ്പറഞ്ഞാൽ 2016 മെയ്‌ 26-ന്‌ 14.9 ബില്യൻ രൂപയായി ഇടിയുകയായിരുന്നു. ഏറ്റവും പുതിയ സ്ഥിതി വിശേഷത്തിലും കറൻസിലഭ്യതയിൽ ആവശ്യാനുസരണമുള്ള വർധനവ്‌ രേഖപ്പെടുത്തിയിട്ടില്ലെന്നാണ്‌ ആർബിഐ തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നത്‌. 500 രൂപയുടെ പുതിയ പരമ്പര പുറത്തിറക്കാനുള്ള പ്രഖ്യാപനം കറൻസി ക്ഷാമം യാഥാർത്ഥ്യമാണെന്നതിനുള്ള അംഗീകാരം കൂടിയാണെന്നു കരുതാം. അതേസമയം ആർബിഐ-സർക്കാർ ഭിന്നത എത്രനാൾ തുടരുമെന്ന്‌ കാത്തിരുന്നു കാണേണ്ടൊരു വിഷയവുമാണ്‌. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം