malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ക്രൂരതയും അവകാശമോ?

ലീലാമേനോന്‍
ഇന്ന് കേരളത്തില്‍ അറക്കുന്ന മാടുകളെ കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമ്മില്‍ തമ്മില്‍ ബന്ധിപ്പിച്ചും ലോറിയുടെ കൈവരികളോട് ചേര്‍ത്ത് കെട്ടിയുമാണ് അവയെ കൊണ്ടുവരുന്നത്. ലോറിയില്‍ കുത്തിനിറച്ചിരിക്കുന്ന കാളയ്‌ക്കോ പോത്തിനോ ഒന്നു തിരിയാന്‍പോലും ഇടമില്ലാതെ നില്‍ക്കേണ്ടിവരുന്നു. കേന്ദ്രത്തിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണം കേരളത്തില്‍ പ്രതിഷേധമുയര്‍ത്തുകയുണ്ടായല്ലോ. മാംസാഹാരം കഴിച്ചില്ലെങ്കില്‍ ശരീരത്തിന് ശക്തി ഉണ്ടാകില്ലെന്നും, ആവശ്യമായ പോഷകാഹാരം ലഭിക്കുകയില്ലെന്നുമുള്ള അന്ധവിശ്വാസം വച്ചുപുലര്‍ത്തുന്നവരാണ് ഈ പ്രതിഷേധക്കാര്‍. കന്നുകാലി ചന്തകളില്‍നിന്ന് കശാപ്പിന് കാലികളെ വില്‍ക്കാനാവില്ലെന്ന വ്യവസ്ഥ രാജ്യത്തെ മതേതരത്വവും ഫെഡറലിസവും തകര്‍ക്കുമെന്നാണ് ചിലര്‍ കണ്ടുപിടിച്ചത്. യഥാര്‍ത്ഥത്തില്‍ മത്സ്യവും കോഴിയിറച്ചിയും മറ്റും മാട്ടിറച്ചിയേക്കാള്‍ മെച്ചപ്പെട്ടതാണ്. നാഷണല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കേതിയുടെ അഭിപ്രായപ്രകാരം സസ്യാഹാരമാണ് പൂര്‍ണ ആഹാരം. മാത്രമല്ല അത് ഗുണമേന്മയുള്ള ആഹാരവുമാണ്. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ മുതലായവയില്‍ പ്രോട്ടീന്‍ കൂടുതലുണ്ട്. മാത്രമല്ല മാംസത്തിലുള്ള എല്ലാ പോഷകാഹാരമൂല്യങ്ങളും പാലിലുമുണ്ടത്രെ. സസ്യാഹാരവും ഫലങ്ങളും നാരുകള്‍ നല്‍കുന്നു. മാംസാഹാരത്തില്‍ ഇതില്ല. സസ്യാഹാരം മിനറലുകള്‍, വൈറ്റമിനുകള്‍ മുതലായവ ശരീരത്തിനു നല്‍കുന്നു എന്നുമാത്രമല്ല, മാംസാഹാരത്തെക്കാള്‍ സഹനശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടനപോലും പറയുന്നത് സസ്യാഹാരത്തില്‍ പ്രോട്ടീന്റെ അംശവും അധികമുണ്ടെന്നാണ്. എന്റെ ബാല്യകാലത്ത് വീട്ടില്‍ പശുക്കളും കാളകളും ആടുകളും കോഴികളും എല്ലാമുണ്ടായിരുന്നു. കൃഷിക്കാരായ ഞങ്ങള്‍ക്ക് ആട്ടിന്‍കാഷ്ഠവും ചാണകവും പരിചിതമാണല്ലൊ. ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍, ആട്ടിന്‍കുട്ടി ഉണ്ടായാലും പശുക്കുട്ടി ഉണ്ടായാലും അതിന് പേരിടും. ചേച്ചിയാണ് പേര് പറഞ്ഞുതരുക. അങ്ങനെ സുധ, ബിന്ദു, രമണി മുതലായ പേരുകളുള്ള ആട്ടിന്‍കുട്ടികളും ബോബി, കുട്ടന്‍ മുതലായ പേരുള്ള കാളക്കുട്ടികളും ഉണ്ടായിരുന്നു. ഞാന്‍ ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്താണ് ബിന്ദു എന്ന ആട്ടിന്‍കുട്ടി മരിച്ചത്. ഞാന്‍ പനി പിടിച്ച് കിടക്കുകയായിരുന്നു. ബിന്ദു എന്തിനാണ് കരയുന്നത് എന്ന ചോദ്യത്തിന് അമ്മ ഉത്തരം തന്നില്ല. പിന്നെ ഞാനറിഞ്ഞു, ബിന്ദു മരിച്ചുവെന്ന്. എന്റെ പനി കൂടി എനിക്ക് ആശുപത്രിയില്‍ പോകേണ്ടിവന്നു. ആട്ടിന്‍കുട്ടികളും പശുക്കുട്ടികളും മുറ്റത്ത് കൂത്താടുന്നത് കാണാന്‍ എനിക്ക് വളരെ കൗതുകമായിരുന്നു. ഓരോ ആട്ടിന്‍കുട്ടിയുടെയും കരച്ചില്‍പോലും തിരിച്ചറിയാമായിരുന്നു. ഒരിക്കല്‍ ഞാന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ദൂരെ ഒരാട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടു. അപ്പോള്‍ ഞാന്‍ എന്റെ വലിയമ്മയുടെ മകന്‍ ശശിയോട് പറഞ്ഞു, അത് രമണിയുടെ കരച്ചിലാണെന്ന്. എനിക്ക് തെറ്റിയില്ല. ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു രമണിയെ വിറ്റു എന്ന്. ഞാന്‍ കുളക്കരയില്‍ പാറയിലിരുന്ന് ഒരുപാട് കരഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ചന്തയില്‍നിന്ന് കശാപ്പിനുള്ള കന്നുകാലി വില്‍പ്പന നിയന്ത്രിച്ചത് നല്ല നടപടിയായാണ് എനിക്ക് തോന്നുന്നത്. കന്നുകാലികള്‍ക്കും വേദനയുണ്ടെന്ന് മാത്രമല്ല, നമ്മള്‍ കൊടുക്കുന്ന സ്‌നേഹം അത് പതിന്മടങ്ങ് തിരിച്ചുതരികയും ചെയ്യുന്നു. എന്നെ അമ്മ തല്ലിയാല്‍ ഞാന്‍ ആടുകളുടെ അടുത്ത് പോയിരുന്ന് കരയും. ആട്ടിന്‍കുട്ടികള്‍ വന്ന് എന്റെ കണ്ണീര്‍ നക്കിത്തോര്‍ത്തുമായിരുന്നു. കേരളത്തില്‍ ഇന്ന് മാട്ടിറച്ചി ഭക്ഷണത്തിന്റെ ഭാഗമാണ്. ഒരിക്കല്‍ ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോള്‍ ഒരു കാള അലറി കരയുന്നത് കേട്ടു. എവിടെ നിന്നാണ് ഇത് എന്നന്വേഷിച്ചു ചെന്നപ്പോള്‍ ഞാനും എന്റെ ബന്ധു പ്രഭേട്ടനും കണ്ടത്, ഒരു പശുവിന്റെ കഴുത്തറുക്കുന്നതാണ്. അലറിക്കരയുന്ന മൃഗം. ഞാന്‍ അവിടെനിന്നും കണ്ണും മൂക്കുമില്ലാതെ കരഞ്ഞുകൊണ്ടോടി. ഇന്ന് കേരളത്തില്‍ അറക്കുന്ന മാടുകളെ കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമ്മില്‍ തമ്മില്‍ ബന്ധിപ്പിച്ചും ലോറിയുടെ കൈവരികളോട് ചേര്‍ത്ത് കെട്ടിയുമാണ് അവയെ കൊണ്ടുവരുന്നത്. ലോറിയില്‍ കുത്തിനിറച്ചിരിക്കുന്ന കാളയ്‌ക്കോ പോത്തിനോ ഒന്നു തിരിയാന്‍പോലും ഇടമില്ലാതെ നില്‍ക്കേണ്ടിവരുന്നു. എന്നെ ഏറ്റവും ദുഃഖിപ്പിച്ചത് അവയുടെ കണ്ണുകളില്‍ പ്രതിഫലിച്ചു കണ്ട ദയനീയതയാണ്. ലോറികളില്‍ കുത്തിനിറച്ചു കൊണ്ടുവരുന്ന, മൂക്കുകയറും മറ്റും ഇട്ട് വരിഞ്ഞു മുറുക്കിയ കാലികള്‍ക്ക് കരയാന്‍പോലും സാധ്യമല്ല. ഇത് ഏതൊരു കഠിനഹൃദയത്തെയും സ്പര്‍ശിക്കും. ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കന്നുകാലികളെ അറക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അത് എറണാകുളത്തെ കലൂരില്‍ ആയിരുന്നു. അവിടെ അറക്കുന്നതിനായി കന്നുകാലികളെ കൂട്ടത്തോടെ നിര്‍ത്തിയിട്ടുണ്ടാകും. ഒരു പോത്തിനെ അറക്കുമ്പോള്‍ അതിന്റെ കരച്ചിലും പിടച്ചിലും എല്ലാം മറ്റു കന്നുകാലികളില്‍ കഠിനമായ ഭീതി ഉളവാക്കി അവ കരയാന്‍ തുടങ്ങും. പക്ഷെ, അവയെ അറക്കുന്ന ഭീകരന്മാര്‍ക്ക് അതൊന്നും പ്രശ്‌നമായിരുന്നില്ല. കഴുത്ത് കുറച്ച് അറത്തിട്ട് നിര്‍ത്തിയശേഷം അവര്‍ തമ്മില്‍ വര്‍ത്തമാനം പറഞ്ഞ് ചിരിക്കും. മൃഗം വേദനകൊണ്ട് പുളയുന്നത് നമുക്ക് കാണാം. ആ കീചകന്മാര്‍ പറയുന്നത് അവര്‍ കണ്ട സിനിമയിലെ ഹാസ്യരംഗങ്ങളെ പറ്റിയാവും. കുറച്ചു കഴിഞ്ഞ് അവര്‍ പിന്നെയും അറക്കാന്‍ തുടങ്ങും. അതിനിടയ്ക്ക് നിര്‍ത്തി എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു അവര്‍. അതെന്താണ് എന്നു ചോദിച്ചപ്പോള്‍ ബിസ്മി ചൊല്ലുകയാണെന്നവര്‍ പറഞ്ഞു. അറക്കുന്നതിനിടയില്‍ രക്തം വാര്‍ന്നുപോകുന്നത് നോക്കിയാണ് ഇത് ചെയ്തിരുന്നത്. ഇങ്ങനെ രക്തം വാര്‍ന്നുപോകണമെന്ന് തങ്ങളുടെ മതത്തില്‍ പറഞ്ഞിട്ടുണ്ടത്രെ. കാലികളെ കുത്തിവച്ച് മയക്കിയിട്ട് യന്ത്രംകൊണ്ട് അറക്കണമെന്ന് ബെംഗളൂരുവിലെ ഒരു ലേഖകന്‍ എഴുതിയത് ഞാന്‍ വായിച്ചിരുന്നു. എന്തുകൊണ്ട് കാലികളെ യന്ത്രമുപയോഗിച്ച് അറക്കുന്നില്ല എന്നതിനും മറുപടി ‘ബിസ്മി’ എന്നുതന്നെയായിരുന്നു. ഇതെല്ലാം കണ്ടും കേട്ടും എഴുതിയ എനിക്ക് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം അത്യന്തം സ്വാഗതാര്‍ഹമായി തോന്നി. ഇതിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് ജന്തുക്കള്‍ക്കും അവകാശങ്ങളുണ്ടെന്ന് തിരിച്ചറിയുന്നില്ല? സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ അവയും പല നിയമങ്ങളെയും എതിര്‍ത്തേനെ. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെങ്കിലും മനുഷ്യന്‍ അവന്റെ പ്രാകൃത സ്വഭാവത്തില്‍നിന്നും മോചിതനല്ല എന്നു മനസ്സിലാകുന്നത് മറ്റു മനുഷ്യരുടെയും ജന്തുക്കളുടെയും വേദനയോ രോദനമോ ഉള്‍ക്കൊള്ളാതിരിക്കുമ്പോഴാണ്. മൃഗങ്ങളെ യന്ത്രം ഉപയോഗിച്ച് കശാപ്പു ചെയ്താല്‍ അവയ്ക്ക് ഇത്ര വേദന സഹിക്കേണ്ടിവരില്ല. മനുഷ്യന്‍ മനുഷ്യനാകുന്നത് സഹജീവികളുടെ അവസ്ഥ മനസ്സിലാക്കുമ്പോഴാണ്. പൂച്ചയെ വളര്‍ത്തിയിട്ട് ചോറു കൊടുക്കാതെ എലിയെ പിടിക്കട്ടെ എന്ന വാദംപോലെ. നായ്ക്കളെപ്പോലെ ഇത്ര വിശ്വസ്തരും സ്‌നേഹം തരുന്നവയുമായ മറ്റു ജീവികളില്ല. പക്ഷെ, നായ്ക്കളെയും ഉപദ്രവിക്കുന്നവര്‍ ധാരാളമാണ്. എന്റെ വീട്ടില്‍ പശുവും കാളയും ആടും ടൈഗര്‍ പട്ടിയും (എല്ലാ പട്ടിക്കും പേര് ടൈഗര്‍) പൂച്ചയും എല്ലാം ഉണ്ടായിരുന്നു. ഒരിക്കല്‍ ശംക്രു എന്ന ആട്ടിന്‍കുട്ടി ചൂടുവെള്ളത്തില്‍ വീണ് ദേഹം പൊള്ളി കരയുന്ന കേട്ടു. അന്ന് എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന ഞാന്‍ പനി പിടിച്ച് കിടക്കുകയായിരുന്നു. ഞാന്‍ അമ്മയോട് കെഞ്ചി പറഞ്ഞ് ശംക്രുവിനെ എന്റെ അടുത്ത കിടക്കയില്‍ കിടത്തി. ഞാന്‍ തലോടിയപ്പോള്‍ അവന്‍ നിശ്ശബ്ദനായി. പ്രകൃതി മൃഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അവയ്ക്ക് ജീവിക്കാന്‍ അവകാശമുണ്ടായിട്ടാണ്. പണ്ട് മനുഷ്യര്‍ മനുഷ്യരെ തിന്നുന്ന നരഭോജികളായിരുന്നു. ഇന്ന് അവര്‍ ഒറ്റ സമൂഹമായിരിക്കുകയല്ലേ? അതുപോലെ ജന്തുക്കളെയും സമൂഹത്തിന്റെ ഭാഗമാക്കണം.ഒരു വിക്രമാദിത്യന്‍കഥയുണ്ട്. രാജാവ് പുറത്താക്കിയ മന്ത്രി, ഒരു പട്ടിയോടുകൂടി അദ്ദേഹത്തിന്റെ മുന്‍പില്‍ വന്നുവത്രെ. എന്നിട്ട് പട്ടിയുടെ ഒരു കാല്‍ മുറിച്ചു. വേദനകൊണ്ട് പുളഞ്ഞ പട്ടി മന്ത്രി വിളിച്ചപ്പോള്‍ അടുത്തുവന്നു. അടുത്തുവന്ന പട്ടിയുടെ മറ്റേകാലും മന്ത്രി മുറിച്ചു. അതു നോക്കിക്കൊണ്ടിരുന്ന രാജാവിന് മനസ്സിലായി, മന്ത്രി തന്റെ വിശ്വസ്തത പട്ടിയില്‍ക്കൂടി തെളിയിക്കുകയാണെന്ന്. രാജാവ് മന്ത്രിയെ തിരികെ വിളിച്ചത്രെ. സര്‍വചരാചരങ്ങള്‍ക്കും ജീവിക്കാനും ഭക്ഷിക്കാനുമുള്ള ചുറ്റുപാടുകള്‍ പ്രകൃതി തന്നെ നമുക്ക് തരുന്നു. പിന്നെ എന്തിന് കശാപ്പ് പോലുള്ള ക്രൂരകര്‍മങ്ങളിലേക്ക് തിരിഞ്ഞ് ‘മനുഷ്യത്വം’ എന്ന വാക്കുപോലും അര്‍ത്ഥഹീനമാക്കുന്നു? leelamenon2001@yahoo.com *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം