malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ഇനി ഈ ലോക നേതാ‍വിനായി കാതോര്‍ക്കാം

രാജേഷ് കൃഷ്ണ
ജെർമി കോർബിൻ എന്തായാലും യൂറോപ്പിൽ ഒരു ചുവന്ന താരോദയം തന്നെയാണ് ജെർമി കോർബിൻ. രണ്ടുമാസംകൊണ്ട് ലോകം കാതോർക്കുന്ന ഒരു ഇടതുപക്ഷക്കാരനായി അദ്ദേഹത്തെ സമൂഹം പ്രതിഷ്ഠിച്ചുകഴിഞ്ഞു. ലണ്ടനില്‍ നിന്ന് രാജേഷ് കൃ‌‌ഷ്ണ എഴുതുന്നു. കോർബിനെ ലോകനേതാവാക്കിയ തിരഞ്ഞെടുപ്പ്, ഇത്തവണത്തെ ബ്രിട്ടീഷ് തിരഞ്ഞെടുപ്പിനെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം. എല്ലാക്കാലത്തും സമൂഹത്തിന്റെ ആവശ്യകതയിൽ കാലാകാലങ്ങളിൽ സമൂഹത്താൽ സൃഷ്ടിക്കപ്പെടുന്ന നേതാക്കന്മാരുണ്ട്. അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒരു നേതാവിനായി ഇനി ലോകം കാതോർക്കാൻ തുടങ്ങുന്നു. രണ്ടു വർഷം മുൻപ് ലേബർ പാർട്ടിക്കേറ്റ കനത്ത തോൽവിയെത്തുടർന്ന് എഡ്വേർഡ് സാമുവേൽ മില്ലിബാൻഡ് എന്ന എഡ് മില്ലിബാൻഡ്‌ ലേബർ പാർട്ടി നേതൃസ്ഥാനം ഒഴിയുമ്പോൾ തികച്ചും അപ്രതീക്ഷിതമായായിരുന്നു കോർബിന്റെ കടന്നുവരവ്.1974 മുതൽ ഹാരിങ്‌ഗേ കൗൺസിൽ അംഗവും 1983 മുതൽ ഇസ്ലിങ്ങ്ടൺ നോർത്ത് എംപി ആയിയും പ്രവർത്തിച്ചു വന്ന കോർബിൻ തൊണ്ണൂറുകളുടെ തുടക്കം മുതൽ 2010 വരെ ടോണി ബ്ലയറിന്റെയും ഗോർഡൻ ബ്രൗണിന്റെയും കൈപ്പിടിയിലായിരുന്ന നവലേബർ നേതൃത്വവുമായി നിരന്തരം കലഹിച്ചും ആരെയും കൂസാതെ മുന്നോട്ടുപോയ ഒരു ബാക്ക് ബെഞ്ച് എംപി ആയിരുന്നു. യുദ്ധങ്ങൾക്കെതിരെയും, പ്രത്യേകിച്ച് ഇറാക്ക് യുദ്ധത്തിനെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത കോർബിൻ കാലാകാലങ്ങളിൽ നേതൃത്വത്തിന് അനഭിമതനായിരുന്നെങ്കിലും ട്രേഡ് യൂണിയൻ രംഗത്തെ ജനകീയത നിരന്തരം വിപ്പ് ലംഘിച്ചിട്ടും കടുത്ത നടപടികളിലേക്കുകടക്കാതിരിക്കാൻ പാർട്ടിക്ക് വിലങ്ങുതടിയായി. 2015 ൽ ലേബർ പാർട്ടി നേതൃത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെറും 35 എംപി മാരുടെ പിന്തുണയോടെ മത്സരത്തിനിറങ്ങുമ്പോൾ ഈ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ആരും സാധ്യത കല്പിച്ചിരുന്നില്ല.ആദ്യ പാദ ഫലം വന്നപ്പോൾ അറുപതുശതമാനത്തോളം വോട്ടോടെ അദ്ദേഹം മുന്നിലെത്തി.അവിടെയും ഇടതുപക്ഷ ട്രേഡ്‌യൂണിയനായിരുന്നു കോർബിനെ സഹായിച്ചത്. ബ്രിട്ടൻ യൂറോപ്പ്യൻ യൂണിയനിൽ തുടരണം എന്ന നിലപാടാണ് 2016 ലെ ബ്രെക്സിറ്റ്‌ റെഫറണ്ടത്തിൽ കോർബിൻ സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ നിലപാട് പരാജയപ്പെട്ടപ്പോൾ പാർട്ടിയിലെ വലതുപക്ഷ ഗ്രൂപ്പ് അവിശ്വാസവുമായി രംഗത്തെത്തി വെറും നാല്പത്തിയാറ്‌ എംപി മാർ മാത്രമാണ് കോർബിൻ പിന്തുണച്ചത്. സമ്മർദ്ദം കൂട്ടാൻ അദ്ദേഹത്തിന്റെ ഷാഡോ ക്യാബിനെറ്റിൽനിന്നും മൂന്നിൽ രണ്ട് ആൾക്കാരും രാജിവച്ചു. എന്നാൽ കഴിഞ്ഞ വർഷം നടന്ന പാർട്ടി തിരഞ്ഞെടുപ്പിൽ അറുപത്തിരണ്ട്‌ ശതമാനം എന്ന റെക്കോർഡ് ഭൂരിപക്ഷത്തിൽ വീണ്ടും നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ജെർമി കോർബിൻ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെയ്ദിന റാ‍ലിയില്‍ ജെർമി കോർബിൻ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെയ്ദിന റാ‍ലിയില്‍ തെരേസ മെയ് ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് കോർബിന്റെ പൊതു സമൂഹത്തിലെ പിന്തുണ വെറും ഇരുപതു ശതമാനത്തിനുമുകളിൽ മാത്രമായിരുന്നു. പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നതയും. ലണ്ടനും സ്കോട്ട്ലാൻഡും ബ്രെക്സിറ്റിനെ എതിർത്തപ്പോൾ ഗ്രാമപ്രദേശങ്ങളും ചെറുപട്ടണങ്ങളും ബ്രെക്സിറ്റിനൊപ്പമായിരുന്നു. ചെറുപാർട്ടികളും സ്കോട്ടിഷ് നാഷണൽ പാർട്ടിയും ദുർബലമായി എന്നതും തെരേസ മെയ്‌ക്ക്‌ അമിത ആത്മവിശ്വാസം നൽകി. 2015 ലെ തിരഞ്ഞെടുപ്പിലെ ലേബർ വോട്ട് മുപ്പതു ശതമാനം ആയിരുന്നു.അതിനാൽ തന്നെ ഒരു അനായാസവിജയമാണ് ഏഴ് ആഴ്ചകൾക്കപ്പുറം തെരേസ മെയ് സ്വപ്നം കണ്ടത്. തുടക്കത്തിൽ ഞാൻ, എന്റെ എന്ന പ്രയോഗങ്ങൾ മാത്രമായിരുന്നു അടുത്ത മാർഗരററ് താച്ചറാവാൻ കച്ചകെട്ടിയിറങ്ങിയ അവരുടെ പ്രസംഗങ്ങളിൽ ഉടനീളം, എന്നാൽ അവസാനഘട്ടത്തിൽ നമ്മൾ കോൺസെർവേറ്റീവ് പാർട്ടി എന്ന് പറഞ്ഞുതുടങ്ങാൻ അവർ നിർബന്ധിതയായി. ബ്രിട്ടന് അനുകൂലമായ ബ്രെക്സിറ്റ്‌ നിബന്ധനകൾ വാദിച്ചു ജയിക്കാൻ സുസ്ഥിര ഗവൺമ​​​െൻറ്​ എന്നതായിരുന്നു ടോറികളുടെ (കൺസേർവേറ്റീവ് പാർട്ടിക്കാരുടെ വിളിപ്പേരാണത്) മുദ്രാവാക്യം. അതുമാത്രമാണ് അവർ തുടക്കം മുതൽ ഒടുക്കം വരെ ഉയർത്തിപ്പിടിച്ചത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ലേബറിന്റെ മുന്നേറ്റമാണ്തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് അടുത്ത ആഴ്ചമുതൽ ബ്രിട്ടൻ കണ്ടത്. ഏറ്റവും പ്രധാനം അവരുടെ സുവ്യക്ത പ്രകടനപത്രികയായിരുന്നു. |സാധാരണ ജനവിഭാഗം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന NHS (നാഷണൽ ഹെൽത്ത് സർവീസ്) നെ സ്വകാര്യവതക്​രിക്കില്ല എന്നതായിരുന്നു പ്രധാന വാഗ്ദാനം, അവർക്കുകൂടുതൽ ഫണ്ടും വാഗ്ദാനം ചെയ്തു. കൂടാതെ മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ സ്വകാര്യവത്​കരിച്ച റെയിൽവേ അടക്കമുള്ളവ പൊതു ഗതാഗതസംവിധാനം തിരിച്ചുപിടിക്കുമെന്നും. ഏകദേശം മുപ്പതിനായിരം പൗണ്ടോളം ചെലവ് വരുന്ന യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന ഒറ്റ വാഗ്ദാനം മതിയായിരുന്നു നാലുലക്ഷത്തിനാൽപ്പത്തിനായിരം വരുന്ന പുതിയ വോട്ടർമാരിൽ ബഹുഭൂരിപക്ഷത്തേയും കീശയിലാക്കാൻ. പവർ ബ്രോക്കർമാർക്കും കോർപ്പറേറ്റ് മേഖലയ്ക്കും വാരിക്കോരിക്കൊടുക്കുന്ന സർക്കാർ സാധാരണക്കാരെ അവഗണിക്കുന്നു എന്ന ബോധം ജനിപ്പിക്കാൻ ലേബർ പ്രചാരണത്തിനുകഴിഞ്ഞു . ധനികർ കൂടുതൽ ധനികരാകുകയും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുകയും ചെയ്യുന്ന നവലിബറൽ സാമ്പത്തികനയം ജനം തിരിച്ചറിയുന്ന തരത്തിലായിരുന്നു ലേബർ പ്രചാരണങ്ങൾ. ഒന്നരപതിറ്റാണ്ടായി ശമ്പളവർദ്ധനവില്ലാതെ പണിയെടുക്കുന്ന പൊതുമേഖല തൊഴിലാളികൾക്ക് അമിതമായി കുതിച്ചുയർന്ന ജീവിതച്ചിലവുകളുമായി താരതമ്യം ചെയ്തുപഠിക്കാൻ ഒരു രേഖയുടെയും ആവശ്യം ഉണ്ടായിരുന്നില്ല. ഇതിനൊക്കെ കൃത്യമായി എവിടെനിന്നു പണം കണ്ടെത്തുമെന്നും കോർബിൻ വ്യക്തമാക്കി .എൺപതിനായിരം പൗണ്ടിനുമുകളിൽ വരുമാനമുള്ളവർക്ക് അതിനുമുകളിലുള്ള തുകയ്ക്ക് 45 ശതമാനവും 123000 പൗണ്ടിനുമുകളിൽ വരുമാനമുള്ളവരുടെ അധിക വരുമാനത്തിന് 50 ശതമാനവും ടാക്സ് ഏർപ്പെടുത്താനായിരുന്നു നീക്കം. ധനികരുടെ ഉറക്കം എത്രത്തോളം നഷ്ടപ്പെട്ടുകാണും എന്ന് നമുക്കൂഹിക്കാമല്ലോ. അനാവശ്യമായ പക്ഷംചേരലിലൂടെയുള്ള വികലമായ വിദേശനയത്തിനു കോർബിൻ പണ്ടേ എതിരായിരുന്നു. അതിൽ നിന്നുണ്ടായ അരക്ഷിതാവസ്ഥ, ബ്രെക്സിറ്റിലേക്ക് വരെ എത്തിച്ച സിറിയൻ അഭയാർത്ഥികളുടെതടക്കമുള്ള അഭയാർഥി പ്രശ്നം, തുടർച്ചയായ ഭീകര ആക്രമണങ്ങൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടെ ഉണ്ടായ മാഞ്ചസ്റ്റർ ആക്രമണവും തുടർന്നുണ്ടായ ലണ്ടൻ ആക്രമണവും ദേശീയത ഉയർത്തിപ്പിടിക്കുന്ന, കുടിയേറ്റ നയങ്ങളിൽ കർക്കശ സ്വഭാവം പുലർത്തുന്ന ടോറികൾക്ക് ഒട്ടൊന്നുമല്ല ഗുണം ചെയ്തത്. എന്നാൽ കഴിഞ്ഞ ഡേവിഡ് കാമറോൺ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന തെരേസ മെയ്ആണ് ആയിരം സായുധ പോലീസുകാരടക്കം ഇരുപതിനായിരം ഉദ്യോഗസ്ഥരെ വെട്ടിക്കുറച്ചത് എന്ന വസ്തുത സമർഥമായി കോർബിൻ ഓർമിപ്പിച്ചു. മറ്റുചെറുപാർട്ടികൾ ക്ഷയിച്ചതാണ് ടോറികളുടെ ജയത്തിന്റെ പ്രധാന കാരണം. പ്രധാനമായും സ്കോട്ടിഷ് നാഷണൽ പാർട്ടി അവർ 54 ഇത് നിന്നും 35 അഞ്ചിലെത്തി. യുകെ ഇൻഡിപെൻഡൻസ് പാർട്ടിക്ക് ഒരുസീറ്റും നേടാനായില്ല.ബ്രെക്സിറ്റിനെ തുടർന്ന് സാമ്പത്തിക മേഖലഉലഞ്ഞുനിൽക്കുമ്പോഴാണ് ബ്രിട്ടൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തൂക്കുമന്ത്രിസഭ സ്ഥിതി വീണ്ടും മോശമാക്കും. പുതിയ സാഹചര്യത്തിൽ ബ്രെക്സിറ്റ്‌ വിലപേശലിനുള്ള ബ്രിട്ട​​​​ന്റെ ശക്തി കുറയും. ശക്തമായ പ്രതിപക്ഷം ടോറികൾക്ക് നിരന്തരം തലവേദന സൃഷ്ടിക്കുമെന്നും ഉറപ്പ്. ടോറികൾ മുൻപ് പ്രഖ്യാപിച്ചപോലെ NHS സ്വകാര്യവത്​കരിച്ചാൽ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളെ അത്​ ദോഷകരമായി ബാധിക്കും. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. കോര്‍ബിനു പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ സിപിഐ എം ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റും, ഇടതുപക്ഷ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ സമീക്ഷയും ലേബർ പാർട്ടിയുടെ ഇത്തവണത്തെ ഇലക്ഷൻ പ്രചാരണത്തിൽ സജീവമായിരുന്നു. എന്തായാലും യൂറോപ്പിൽ ഒരു ചുവന്ന താരോദയം തന്നെയാണ് ജെർമി കോർബിൻ. രണ്ടുമാസംകൊണ്ട് ലോകം കാതോർക്കുന്ന ഒരു ഇടതുപക്ഷക്കാരനായി അദ്ദേഹത്തെ സമൂഹം പ്രതിഷ്ഠിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഒരു തരത്തിൽ ഈ തിരഞ്ഞെടുപ്പിലെ വിജയി കാരണം NHS സ്വകാര്യവൽക്കരിക്കാതെ കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ഫ്രീയാക്കികൊടുക്കാൻ, റെയിൽവേ തിരിച്ചു പിടിക്കാൻ, പാവപ്പെട്ട തൊഴിലാളിക്ക് ശമ്പളവർദ്ധനവിന് വഴികളുണ്ടെന്ന് കണക്കുകൾ സഹിതം ജനങ്ങളെ മനസ്സിലാക്കിയിരിക്കുകയാണ് ജെർമി കോർബിൻ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം