malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

നോട്ടുനിരോധനത്തിന്റെ ബാക്കിപത്രം

പ്രൊഫ. കെ എന്‍ ഗംഗാധരന്‍
അമ്പതുദിവസം അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. അതുകഴിഞ്ഞാല്‍ എല്ലാം ശരിയാകും. രാജ്യം സാമ്പത്തികവളര്‍ച്ചയുടെ രാജപാതയില്‍ പ്രവേശിക്കും. ഇതായിരുന്നു നവംബര്‍ എട്ടിന് നല്‍കിയ വാഗ്ദാനം. എന്നാല്‍, ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് ഒന്നുമാത്രം. ജനങ്ങള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കഷ്ടപ്പാടുകള്‍. പണം അപ്രത്യക്ഷമായാല്‍ പണം ഉപയോഗിച്ചുള്ള ഉല്‍പ്പാദന-വിപണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്ന് വിവരമുള്ളവര്‍ പറഞ്ഞതാണ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാണ് അവരിലൊരാള്‍. അമര്‍ത്യസെന്നാണ് മറ്റൊരാള്‍. ഒന്നും ചെവിക്കൊണ്ടില്ല. നവംബര്‍ എട്ടിന് 500ന്റെയും 1000ന്റെയും കറന്‍സികള്‍ പിന്‍വലിച്ചു. ഏറെനാള്‍ പകരം കറന്‍സികള്‍ നല്‍കിയുമില്ല. 2016-17ലെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണ്. ജൂണ്‍ ഒന്നിനാണ് സിഎസ്ഒ ദേശീയവരുമാന കണക്കുകള്‍ പുറത്തുവിട്ടത്. 2016-17ല്‍ 7.9 ശതമാനം വളര്‍ച്ചനിരക്ക് നേടുമെന്നായിരുന്നു കണക്കുകൂട്ടിയത്. 7.1 ശതമാനം വളര്‍ച്ചനിരക്കേ കൈവരിക്കൂ എന്നത്രേ ഒടുവിലെ കണക്ക്. നിരാശപ്പെടുത്തുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. സമീപകാലത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചനിരക്കാണിത്. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതം അളക്കാന്‍ നവംബര്‍ എട്ടിനുശേഷമുള്ള സ്ഥിതി പരിശോധിക്കുകയാകും ഉചിതം. ഓരോ മൂന്നുമാസത്തെ- പാദത്തിലെ- കണക്കുകളും സിഎസ്ഒ ലഭ്യമാക്കുന്നുണ്ട്. ഒക്ടോബര്‍- നവംബര്‍- ഡിസംബര്‍ അടങ്ങുന്നതാണ് മൂന്നാംപാദം. നവംബര്‍, ഡിസംബര്‍ രണ്ടുമാസത്തെ പ്രത്യാഘാതം ദേശീയവരുമാനത്തില്‍ ശരിക്കും പ്രതിഫലിച്ചു. ഒന്നാംപാദത്തില്‍ 7.9 ശതമാനമായിരുന്നു ദേശീയവരുമാന വളര്‍ച്ചനിരക്ക്. മേല്‍കൊടുത്ത മൂന്നാംപാദത്തില്‍ അത് ഏഴ് ശതമാനത്തിലേക്ക് കൂപ്പുകുത്തി. ജനുവരി- ഫെബ്രുവരി- മാര്‍ച്ച് ഉള്‍പ്പെടെ നാലാംപാദത്തില്‍ വരുമാനം 6.1 ശതമാനം കീഴ്ക്കാംതൂക്കായി നിലംപൊത്തി. ഏറ്റവും മോശപ്പെട്ട വളര്‍ച്ചനിരക്കാണിത്. മുന്‍വര്‍ഷം നാലാംപാദത്തിലെ ദേശീയ വരുമാനവര്‍ധന നിരക്ക് 8.6 ശതമാനമായിരുന്നുവെന്ന് ഓര്‍ക്കുമ്പോഴാണ് വീഴ്ചയുടെ ആഴം അറിയുന്നത്. ശതമാനക്കണക്ക് കൃത്യമായ ധാരണ നല്‍കുകയില്ല. 113.81 ലക്ഷം കോടി രൂപയായിരുന്നു 2015-16ലെ യഥാര്‍ഥ ദേശീയവരുമാനം. 2011-12ലെ വിലനിരക്ക് അടിസ്ഥാനമായി സ്വീകരിച്ചാണ് ഈ കണക്ക്. 2.5 ശതമാനമെന്നാല്‍, രണ്ടുലക്ഷത്തി എണ്‍പത്തയ്യായിരം കോടി രൂപ. അത്രയും രൂപയുടെ സാധനങ്ങളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കപ്പെടാതെപോയി. ജനങ്ങള്‍ക്ക് അത്രയും സാധനങ്ങളും സേവനങ്ങളും നിഷേധിച്ചു. അവ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ തൊഴില്‍ദിനങ്ങള്‍ നഷ്ടമായി. വരുമാനം നഷ്ടമായി. 2.85 ലക്ഷം കോടി രൂപയുടെ 30 ശതമാനം സമ്പാദ്യവും ഇല്ലാതായി. നിക്ഷേപം അത്രയും കുറഞ്ഞു. ഇത്രയുമാണ് ദേശീയവരുമാന തകര്‍ച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. ദേശീയവരുമാനം വര്‍ധിച്ചിരുന്നുവെങ്കില്‍ നേര്‍വിപരീത ഫലങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നു പറയേണ്ടതില്ല. വാസ്തവത്തില്‍ വളര്‍ച്ചനിരക്ക് 6.1 ശതമാനത്തേക്കാള്‍ കുറവായിരിക്കും. വരുമാനം കണക്കാക്കുന്നതിലെ അപാകതകളും അപൂര്‍ണതകളുംതന്നെ കാരണം. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ വരുമാനം കണക്കാക്കിയാല്‍ തെറ്റുപറ്റും. രാജ്യത്തെ മൊത്തം ഉല്‍പ്പാദനത്തില്‍ 60 ശതമാനം സംഘടിതമേഖലയുടെ സംഭാവനയാണ്. വന്‍കിട- ഇടത്തരം സ്ഥാപനങ്ങളാണ് സംഘടിത മേഖലയില്‍ പെടുന്നത്. അവയുടെ സാമാന്യേന വിശദമായ വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാണ്. കൃഷി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ചെറുകിടവ്യാപാരം, ചെറുകിടവ്യവസായങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് അനൌപചാരികമേഖല. മുന്‍വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കിയ ഊഹക്കണക്കുകളെ ആശ്രയിക്കുകയാണ് പതിവുരീതി. ദേശീയവരുമാനത്തിന്റെ 90 ശതമാനം ലഭിക്കുന്നത് അനൌപചാരികമേഖലയില്‍നിന്നാണ്. തൊഴിലെടുക്കുന്നവരില്‍ 90 ശതമാനം ആശ്രയിക്കുന്നതും ഈ മേഖലയെത്തന്നെ. മാത്രമല്ല, സംഘടിതമേഖലയുടേതില്‍നിന്ന് വ്യത്യസ്തമായി അനൌപചാരികമേഖലയിലെ കൊടുക്കല്‍- വാങ്ങല്‍ മാധ്യമം കറന്‍സിയാണ്. 85 ശതമാനം കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ എന്ത് സംഭവിക്കുമോ അതുതന്നെ സംഭവിച്ചു. വില്‍പ്പന ചുരുക്കി. അതോടെ ഉല്‍പ്പാദനം സ്തംഭിച്ചു. തൊഴിലും വരുമാനവും ഇടിഞ്ഞു. അത് വീണ്ടും വില്‍പ്പന ചുരുക്കി. കൃത്യമായ സ്ഥിതിവിവരങ്ങള്‍ ലഭ്യമായാല്‍ ദേശീയവരുമാന വളര്‍ച്ച നാല് ശതമാനമോ അതിനോടടുത്തോ ആകും. വളര്‍ച്ചയുടെ അടിത്തറയാണ് സ്വകാര്യമൂലധന നിക്ഷേപം. അതല്ലെങ്കില്‍ സര്‍ക്കാര്‍നിക്ഷേപം ഉയര്‍ത്തണം. സര്‍ക്കാരിന്റെ സ്വകാര്യമേഖല പ്രീണനനയവും ചെലവുചുരുക്കി കമ്മി കുറയ്ക്കാനുള്ള ശ്രമവും സര്‍ക്കാര്‍നിക്ഷേപ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നു. സ്വകാര്യമൂലധനത്തിന് നിരവധി ആനുകൂല്യങ്ങളും ഇളവുകളും വച്ചുനീട്ടിയിട്ടും മൂലധനനിക്ഷേപം ഇടിയുകയാണ്. ദേശീയവരുമാനത്തിന്റെ 31 ശതമാനമായിരുന്നു ഒന്നാംപാദത്തില്‍ നിക്ഷേപനിരക്ക്. നാലാംപാദത്തില്‍ അത് 28.5 ശതമാനമായി ചുരുങ്ങി. ഇതൊരു ഗുരുതരസ്ഥിതിയാണ്. മൂലധനനിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സാണ് ബാങ്ക് വായ്പകള്‍. ബാങ്കുകളില്‍ പണമുണ്ട്. പക്ഷേ, വായ്പത്തോത് കുറയുകയാണ്. ഭീമമായ കിട്ടാക്കടംമൂലം വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നു. കോര്‍പറേറ്റുകളുമായുള്ള ചങ്ങാത്തമാണ് കിട്ടാക്കടം പെരുകാന്‍ കാരണം. വിദേശമൂലധനനിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. അതൊന്നും മൊത്തം സമ്പദ്വ്യവസ്ഥയില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല; ഓഹരിക്കമ്പോളത്തിലൊഴികെ. ഒരു പ്രമുഖ പത്രത്തിലെഴുതിയ ലേഖനത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അവകാശപ്പെട്ടത്, 62.3 ശതകോടി ഡോളര്‍ വിദേശമൂലധനം എത്തിയെന്നാണ്. ഇതില്‍ എത്രഭാഗം ഓഹരിക്കമ്പോളത്തിലേക്കൊഴുകി, എത്രഭാഗം ഉല്‍പ്പാദനമേഖലയില്‍ എത്തി എന്നതുസംബന്ധിച്ച് പരാമര്‍ശമില്ല. അത് മനഃപൂര്‍വമാണ്. ഓഹരിലാഭം ലക്ഷ്യംവച്ചുള്ള ധനമൂലധനമാണ് എത്തിച്ചേര്‍ന്നതെന്ന് വ്യക്തം. സുദീര്‍ഘമായ ആ ലേഖനത്തില്‍ തൊഴില്‍വളര്‍ച്ചയെക്കുറിച്ച് ഒരു വാക്കുപോലുമില്ല. പ്രതിവര്‍ഷം ഒരുകോടി പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നല്ലോ തെരഞ്ഞെടുപ്പുവാഗ്ദാനം. സൃഷ്ടിച്ചതാകട്ടെ 2.30 ലക്ഷവും. പ്രതിവര്‍ഷം 1.30 കോടി ചെറുപ്പക്കാര്‍ തൊഴിലന്വേഷകരായി എത്തുന്നുണ്ടെന്ന് ഓര്‍ക്കണം. അവരെക്കുറിച്ച് നേരിയ ചിന്തപോലും ഉണ്ടായിരുന്നെങ്കില്‍ തൊഴിലും വരുമാനവും തകര്‍ത്ത നോട്ടുനിരോധനത്തിലേക്ക് സര്‍ക്കാര്‍ ചാടി പുറപ്പെടുമായിരുന്നില്ല. നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ ആരും തയ്യാറാകാത്തത് ഒരു കുറ്റസമ്മതമാണ്. ദേശീയവരുമാന വിവരങ്ങള്‍ അവകാശവാദങ്ങളുടെ പൊള്ളത്തരം കൂടുതല്‍ വെളിപ്പെടുത്തുന്നു. എന്നാല്‍,വീണിടത്തുകിടന്ന് ഉരുളുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആഗോള സാമ്പത്തികമാന്ദ്യമാണത്രേ ദേശീയവരുമാനം ഇടിയാനുള്ള കാരണം. സാമ്പത്തികമാന്ദ്യം ഒരു യാഥാര്‍ഥ്യമാണ്. അത് ഇന്ത്യയുടെ കയറ്റുമതിവ്യാപാരത്തെ ബാധിക്കുകയും ചെയ്തു. ആഗോള സാമ്പത്തികമാന്ദ്യത്തെചാരി വരുമാനത്തകര്‍ച്ചയെ ന്യായീകരിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കലാണ്. 2014-15ല്‍ 7.18 ശതമാനവും 2015-16ല്‍ എട്ട് ശതമാനവും സാമ്പത്തികവളര്‍ച്ച നേടിയതിന് എന്ത് വിശദീകരണം? 2016-17ലെ കുറഞ്ഞ സാമ്പത്തികവളര്‍ച്ചയ്ക്കുമാത്രം ആഗോള സാമ്പത്തികപ്രതിസന്ധി കാരണമാകുന്നതെങ്ങനെ? ഒന്നാംപാദത്തിലെ 7.9 ശതമാനം വളര്‍ച്ച നാലാംപാദത്തില്‍ 6.1 ശതമാനത്തിലേക്ക് നിലംപൊത്തിയതിനും കാരണം ആഗോള സാമ്പത്തികപ്രതിസന്ധിയാകുന്നതെങ്ങനെ? ആട്ടിന്‍കുട്ടിയോടുള്ള ചെന്നായയുടെ ന്യായവാദമാണിത്. ഡിജിറ്റല്‍ ഇടപാടിലെ വര്‍ധനയാണ് നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ജെയ്റ്റ്ലി അവകാശപ്പെടുന്നുണ്ട്. ഇത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. പാര്‍ലമെന്റിന്റെ ധനകമ്മിറ്റി മുമ്പാകെ തെളിവ് നല്‍കിയ ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയത്, ഡിജിറ്റല്‍ ഇടപാടുകള്‍ ഏറ്റവും മന്ദഗതിയിലെത്തിയെന്നാണ്. ഈ വാസ്തവം ജെയ്റ്റ്ലി മനസ്സിലാക്കാത്തതല്ല. പക്ഷേ, നോട്ടുനിരോധനത്തെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. നോട്ടുനിരോധനം ഒരു ദുരന്തനാടകമായിരുന്നു. മണ്ടന്‍തീരുമാനമെന്ന് അതിനെ വിശേഷിപ്പിച്ചത് ഉദാരവല്‍ക്കരണമെന്ന മണ്ടന്‍തീരുമാനം കൈക്കൊണ്ട മന്‍മോഹന്‍സിങ്ങാണ് * *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം