malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ഭിന്നതയുടെയും വെറുപ്പിന്റെയും ആയുധമാക്കുന്ന മാംസാഹാരം

സി എൻ ചന്ദ്രൻ
ബിജെപി ഭരണത്തിന്റെ കെടുതികൾ രാജ്യം പല നിലയിൽ അനുഭവിക്കുകയാണ്‌. ഭിന്നതയുടെയും, വെറുപ്പിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘരാഷ്ട്രീയമാണ്‌ ബിജെപിയുടെ മാനിഫെസ്റ്റോ. പല നിലയിൽ ആ അജൻഡകൾ നടപ്പാക്കാൻ അവർ നടത്തുന്ന ഇടപെടലുകൾ രാജ്യത്ത്‌ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കുകയാണ്‌. വിദ്യാഭ്യാസ രംഗത്തും, സാംസ്കാരിക മേഖലയിലും കടന്നുകയറാൻ സംഘപരിവാർ നടത്തിയ പരിശ്രമങ്ങൾ രാജ്യത്ത്‌ വലിയ തോതിലുള്ള ആഭ്യന്തര സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. ഭക്ഷണത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോൾ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്‌. രാജ്യത്ത്‌ നിലവിലുള്ള, മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയാനുള്ള നിയമത്തിന്‌ ചട്ടം നിർമ്മിക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനമാണ്‌ വലിയ തോതിലുള്ള വിമർശനങ്ങൾക്കും, വിവാദങ്ങൾക്കും കാരണമായിരിക്കുന്നത്‌. സർക്കാർ ഉത്തരവിന്‌ പിന്നിലെ രാഷ്ട്രീയതാൽപ്പര്യം അനാവൃതമായപ്പോൾ ഉത്തരവ്‌ തീർത്തും സദുദ്ദേശപരമെന്ന്‌ സ്ഥാപിക്കാനാണ്‌ ബിജെപി നേതാക്കൾ ശ്രമിക്കുന്നത്‌. മൃഗങ്ങളെ ഇറച്ചിക്കായി കശാപ്പ്‌ ചെയ്യുന്നത്‌ ശാസ്ത്രീയമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമമാണെന്നാണ്‌ ബിജെപി നേതാക്കൾ ഇപ്പോൾ നൽകുന്ന വിശദീകരണം. എന്നാൽ സംഘപരിവാർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ നടപ്പാക്കലാണ്‌ ഈ നിയമമെന്ന്‌ പകൽ പോലെ വ്യക്തമാണ്‌. സംഘപരിവാർ പ്രസ്ഥാനങ്ങൾ കഴിഞ്ഞ കുറെക്കാലമായി രാജ്യത്ത്‌ ഗോവധ നിരോധനത്തിനായി ശക്തിയുക്തം വാദിക്കുന്നുണ്ട്‌. “ഗോമാതാവ്‌’ എന്ന സങ്കൽപ്പത്തിലൂന്നി നിന്നുകൊണ്ടാണ്‌ ഈ വാദം അവർ ഉയർത്തുന്നത്‌. ബിജെപിക്ക്‌ അധികാരം ലഭിച്ച സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചുകൊണ്ട്‌ നിയമം കൊണ്ടുവരികയുണ്ടായി. മാത്രമല്ല ഗോവധം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പല നിലയിലുള്ള പ്രക്ഷോഭങ്ങളും, അതിക്രമങ്ങളും സംഘപരിവാർ പ്രസ്ഥാനങ്ങൾ നടത്തിവരുന്നുമുണ്ട്‌. ഉത്തർ പ്രദേശിലെ മുഹമ്മദ്‌ അഖ്ലാക്കിന്റെ വധം ഉൾപ്പെടെയുള്ളവ നടന്നത്‌ ഗോമാസം ഭക്ഷിക്കുകയും, വീട്ടിൽ സൂക്ഷിക്കുകയും ചെയ്തുവെന്നതിന്റെ പേരിലാണ്‌. ഈ പശ്ചാത്തലത്തിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ നിയമം ഗോവധം തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്നത്‌ പകൽ പോലെ വ്യക്തമാണ്‌. കേന്ദ്ര നിയമം അനുശാസിക്കുന്നത്‌ കശാപ്പിനായി കന്നുകാലികളെ ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ പാടില്ല എന്നാണ്‌. കശാപ്പിനായാണ്‌ നമ്മുടെ നാട്ടിലെ ചന്തകളിൽ കാലികളെ അധികമായും വിൽക്കുന്നത്‌. ഇത്‌ നിരോധിക്കുന്നതോടെ കന്നുകാലിവളർത്തൽ കർഷകർക്ക്‌ വലിയ ഭാരമായി തീരുമെന്നത്‌ ഒരു കാര്യം. അതോടൊപ്പം ലഭ്യത കുറയുന്നത്‌ വില വർധിക്കുന്നതിനും കാരണമാകും. ഈ നിയമം കൊണ്ടുവരാൻ പരിശുദ്ധ റമദാൻ മാസം തന്നെ തെരഞ്ഞെടുത്തതിന്‌ പിന്നിലെ ദുഷ്ടബുദ്ധി കൂടി നാം തിരിച്ചറിയണം. മാംസ വ്യാപാരത്തിന്റെ കുത്തക കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയെന്ന കച്ചവട താൽപ്പര്യവും ഈ നിയമ നിർമ്മാണത്തിന്‌ പിന്നിലുണ്ട്‌. ഇന്ത്യയിലെ ഇറച്ചി ഉൽപ്പാദനം പൂർണ്ണമായും നിരോധിക്കുകയും, കോർപ്പറേറ്റുകൾ പാക്കറ്റുകളിലാക്കിത്തരുന്ന ഇറച്ചി മാത്രം ഇന്ത്യാക്കാർ ഭക്ഷിച്ചാൽ മതിയെന്നതുമാണ്‌ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്‌. ഹൈന്ദവ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ന നിലയിൽ ഹിന്ദുക്കൾക്ക്‌ അഹിതമായതൊന്നും അനുവദിക്കില്ലെന്നാണ്‌ ബിജെപിയുടെയും, സംഘപരിവാറിന്റെയും നേതാക്കളുടെ വാദം. എന്നാൽ ഹൈന്ദവ പുരാണങ്ങളിലും മറ്റും പൗരാണിക കാലം മുതൽ തന്നെ മനുഷ്യർ ഗോമാസം ഭക്ഷിച്ചിരുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. ദേവ രാജാവായ ദേവേന്ദ്രൻ പോലും ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന ഭാഗങ്ങൾ വേദങ്ങളിൽ കാണാനാകുന്നുണ്ട്‌. ഈ വസ്തുതകൾ മറച്ചുവച്ചാണ്‌ സംഘപരിവാർ പ്രചാരണം. പശുവിനെ മുന്നിൽ നിർത്തി രാജ്യത്ത്‌ ഭിന്നത സൃഷ്ടിക്കാനും, കലാപങ്ങൾ അഴിച്ചു വിടാനുമുള്ള നീക്കങ്ങളാണ്‌ സംഘപരിവാർ നടത്തുന്നത്‌. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ നടത്തുന്ന പ്രചരണങ്ങൾ അതിന്‌ ഉദാഹരണങ്ങളാണ്‌. പൊതു നിരത്തിൽ കന്നുകാലികളെ അരുംകൊല ചെയ്യുന്നുവെന്ന പേരിൽ കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രചരണം ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്‌. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യമുറപ്പിക്കാൻ അയോധ്യയെയും, ബാബറി മസ്ജിദിനെയും കരുവാക്കി നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ പുതിയ പതിപ്പാണിത്‌. ഇതിന്‌ പിന്നിലെ അപകട രാഷ്ട്രീയം നമ്മൾ തിരിച്ചറിയണം. കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരായി ഫലപ്രദമായ പ്രതിരോധം ഉയർന്നു വന്നത്‌ കേരളത്തിൽ നിന്നാണ്‌. കേന്ദ്ര സർക്കാർ യഥാർഥത്തിൽ കൈ കടത്തിയത്‌ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൂടിയാണ്‌. ഫെഡറൽ സംവിധാനങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ്‌ ഈ ഉത്തരവ്‌. ആ നിലയിൽ കേരള സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാട്‌ സ്വീകരിച്ചത്‌ പരക്കെ പ്രശംസിക്കപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിയും, കൃഷിമന്ത്രിയും അടക്കമുള്ളവർ ഇക്കാര്യത്തിൽ ശക്തമായ നിലപാട്‌ സ്വീകരിച്ചു. ഈ പ്രശ്നം ചർച്ച ചെയ്യാൻ കേരള നിയമസഭയുടെ പ്രത്യേക യോഗം തന്നെ ചേരുകയുണ്ടായി. ഈ വിഷയത്തിൽ കൂട്ടായ പ്രതിഷേധം ഉയർന്ന്‌ വരണമെന്നതുകൊണ്ടാണ്‌ സമാന മനസ്കരായ മുഖ്യമന്ത്രിമാരുടെ യോഗം ചേരാനുള്ള നിർദ്ദേശം കേരള മുഖ്യമന്ത്രി മുന്നോട്ട്‌ വച്ചത്‌. ആദ്യ വിമർശനം വന്നത്‌ ബിജെപി നേതാക്കളിൽ നിന്നല്ല എന്നത്‌ എല്ലാവരെയും അമ്പരപ്പിച്ചു, ആ വിമർശനം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയിൽ നിന്നായിരുന്നു. പിണറായി വിളിച്ചാൽ ഏത്‌ മുഖ്യമന്ത്രിമാർ വരുമെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. രാജ്യത്തെ അപകടപ്പെടുത്തുന്ന ഇത്തരമൊരു നീക്കത്തിനെതിരായി ഈ നിലപാടിൽ എതിർപ്പുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ ഒരുമിച്ചിരിക്കുന്നതിൽ ചെന്നിത്തല അസ്വസ്ഥനാകുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയമെന്താണ്‌? കുമ്മനം രാജശേഖരനിൽ നിന്നും കേൾക്കേണ്ട വാചകം ചെന്നിത്തലയിൽ നിന്ന്‌ കേൾക്കേണ്ടി വന്നത്‌ യാദൃശ്ചികമായാണെന്ന്‌ കരുതാനാകില്ല. എങ്കിലും ഇന്നലെ നിയമസഭയിൽ കേരളത്തിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കാൻ ചെന്നിത്തല തയാറായി എന്നത്‌ നല്ല കാര്യം തന്നെ. മോഡി പിന്നെയും ഹിറ്റ്ലറെ ഓർമ്മിപ്പിക്കുകയാണ്‌. ഹിറ്റ്ലറുടെ കാലത്തും ജർമ്മനിയിൽ നിരവധിയായ മൃഗസംരക്ഷണ നിയമങ്ങൾ കൊണ്ടു വന്നിരുന്നു. ഹിറ്റ്ലറുടെ ചെയ്തികൾക്ക്‌ മറയിടാൻ അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നതും അദ്ദേഹത്തിന്റെ സസ്യഭോജന ശീലമായിരുന്നു. ബിജെപി ഭരണം ഹിറ്റ്ലർ വാഴ്ചയെ തുടർച്ചയായി ഓർമ്മിപ്പിക്കുന്നത്‌ യാദൃശ്ചികമല്ല, അത്‌ പ്രത്യയശാസ്ത്രങ്ങളിലെ സാമ്യതകൊണ്ട്‌ തന്നെയാണ്‌. ഈ ദുരന്തത്തെ ചെറുക്കാൻ നമുക്ക്‌ പുതിയ യുദ്ധമുഖം വേണം. ഉറച്ച മതേതര നിലപാടുകളുടെ കൂട്ടായ്മയാണ്‌ വേണ്ടത്‌. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം