malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

വൻവ്യവസായങ്ങളെ ഒഴിവാക്കിയത്‌ പാരീസ്‌ കരാറിന്‌ ദോഷകരമായി

സതീഷ്‌ ബാബു കൊല്ലമ്പലത്ത്‌
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിൽ പാരീസ്‌ കരാറിൽ ലോകം വലിയ പ്രതീക്ഷ നൽകിയിരുന്നു. പരിസ്ഥിതി മാന്ദ്യത്തിന്‌ പ്രധാന കാരണമായ അന്തരീക്ഷത്തിലെ കാർബണിന്റെ ആധിക്യം വളരെ ഭീമമായ തോതിൽ 2016 ലും വർധിച്ചുവരുന്നത്‌ നമ്മെ വളരെ ആശങ്കപ്പെടുത്തുന്നു. 2015 ഡിസംബറിൽ കാർബണിന്റെ അളവ്‌ 402.11 പിപിഎം ആയിരുന്നത്‌ 2016 മെയിൽ 407.8 പിപിഎമ്മും 2017 മാർച്ച്‌ 31 ന്‌ 410 പിപിഎമ്മും ആയത്‌ സമാനതകളില്ലാത്ത വർധനവാണ്‌. 1850 മുതൽ 2010 വരെയുള്ള കാലയളവിൽ അമേരിക്കൻ സാമ്രാജ്യത്വം 29 ശതമാനത്തോളം കാർബൺ വിസർജ്ജനം നടത്തിയിട്ടുണ്ട്‌. ഈ പുറതള്ളൽ നിരക്കാണ്‌ ഇന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്‌ നിദാനമായത്‌. ഒൻപത്‌ ശതമാനം കാർബൺ അന്തരീക്ഷത്തിൽ വിസർജിച്ച ചൈനക്കാണ്‌ രണ്ടാംസ്ഥാനം. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ തിരുത്തലുകൾ വരുത്താൻ അമേരിക്കക്ക്‌ ധാർമ്മികമായ ഉത്തരവാദിത്തമുണ്ട്‌. ഒബാമക്ക്‌ ശേഷം അധികാരമേറ്റ ഡൊണാൾഡ്‌ ട്രമ്പ്‌ തികച്ചും പരിസ്ഥിതി വിരുദ്ധ നിലപാടെടുക്കുകയും കാലാവസ്ഥാ വ്യതിയാനം ഒരു സങ്കൽപം മാത്രമാണെന്നും അതു തട്ടിപ്പായി മാത്രമേ വിലയിരുത്താൻ പറ്റൂ എന്നുമുള്ള നിലപാടെടുത്തു. കൊയാട്ടോ കരാർ അടക്കം നിരവധി അന്താരാഷ്ട്ര പരിസ്ഥിതി കരാറുകൾ രൂപംകൊണ്ടെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. അവസാനമായി രൂപംകൊണ്ട പാരീസ്‌ കരാർ ഔദ്യോഗികമായി 190 ഓളം രാഷ്ട്രങ്ങളുടെ അംഗീകാരം കിട്ടിയ ഒരു കരാറായിരുന്നു. വ്യക്തികളോ അവർ തന്നെയുണ്ടാക്കുന്ന കൂട്ടുകമ്പനികളോ സർക്കാർ കമ്പനികളോ ഉൾപ്പെടെയുള്ള സ്വതന്ത്ര സംഘടനകൾ വിസർജ്ജിക്കുന്ന കാർബൺ ആണ്‌ പരിസ്ഥിതി നാശത്തിന്റെ പ്രധാന ഉറവിടം. ഏതു കരാറാണെങ്കിലും അതിന്റെ ലക്ഷ്യം കാണണമെങ്കിൽ അതിൽ ഭാഗഭാക്കായവർ തന്നെ കൂട്ടായ പരിശ്രമം നടത്തേണ്ടത്‌ ആവശ്യമാണ്‌. മലിനീകരണത്തിന്റെ ഇരകളാവുന്ന ജനങ്ങൾ തന്നെ സ്വയം ഏറ്റെടുത്ത്‌ കരാറിന്റെ ഭാഗമായിത്തീരുമ്പോൾ മാത്രമേ ആഗോള കരാർ ഒരു വിജയമായിത്തീരുകയുള്ളൂ. ലോകത്തിലെ 40 ഊർജ്ജ ഉൽപ്പാദന കമ്പനികളിൽ കൂടുതൽ കാർബൺ വിസർജ്ജിക്കുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനമാണ്‌ നാഷണൽ തെർമൽ കോർപ്പറേഷനുള്ളത്‌. രാജ്യത്തെ 27 പവർ പ്ലാന്റുകളിൽ നിന്നായി 209.7 ബില്യൺ യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന്‌ 2009-ൽ 191 ബില്യൺ ടൺ കാർബൺ പുറന്തള്ളേണ്ടിവന്നിട്ടുണ്ട്‌. ലോകത്തിലെ 90 വ്യവസായങ്ങൾ ചേർന്നാണ്‌ കാർബൺ വിസർജ്ജനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും- 63 ശതമാനം- അന്തരീക്ഷത്തിലെത്തിക്കുന്നത്‌. സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇതിൽ പെടും. സൗദി അറേബ്യയിലെ ആരാംകൊ ബ്രിട്ടീഷ്‌ പെട്രോളിയം കമ്പനി, ഷെൽ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി, ചെവ്‌റോൺ, എക്സൽ മൊബിൽ തുടങ്ങിയ കമ്പനികൾ മാത്രം അഞ്ചിൽ ഒരു ഭാഗം കാർബൺ വിസർജ്ജനത്തിന്‌ കാരണമായിട്ടുണ്ട്‌. എക്സൽ മൊബിൽ കമ്പനി രാജ്യത്തിന്റെ അറ്റോർണി ജനറലുമായി ഗൂഢാലോചന നടത്തി പാരീസ്‌ കരാറിനെ അട്ടിമറിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്‌. ഇത്തരം വ്യക്തിഗത വൻ വ്യവസായങ്ങളെ ഉൾക്കൊള്ളിക്കാതെ കരാറിനു പുറത്തു നിർത്തിയത്‌ സർക്കാരിന്‌ അവ നടപ്പാക്കുന്നതിൽ ബുദ്ധിമുണ്ടാക്കി. 78 ദശലക്ഷം ടൺ കാർബൺ വ്യവസായം നടത്തുന്ന അമേരിക്കൻ ഇലക്ട്രിക്‌ പവറും 108 മില്യനോളം കാർബൺ പുറത്തുവിടുന്ന എഇഎസ്‌ കോർപ്പറേഷനും കരാറിന്‌ പുറത്താണ്‌. അതുകൊണ്ടുതന്നെ സർക്കാരിന്‌ ഇവരെക്കൊണ്ട്‌ വിസർജ്ജനം കുറയ്ക്കുന്നതിന്‌ നയപരമായ തീരുമാനമെടുത്ത്‌ നടപ്പാക്കുന്നതിന്‌ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഇവരെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥ ആഗോള തലത്തിൽ രൂപപ്പെടുകയോ അന്താരാഷ്ട്ര സംഘടനകൾ തന്നെ ഇവരെ നേരിട്ട്‌ നിയന്ത്രിക്കുന്നതിനുള്ള അവസരമോ പാരീസ്‌ കരാറിന്‌ ഇല്ലാതെപോയത്‌ നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്‌. അന്താരാഷ്ട്ര തലത്തിൽ ഇത്തരം കമ്പനികൾ നടത്തുന്ന കാർബൺ വിസർജ്ജനത്തിന്‌ പരിധി നിർണ്ണയിക്കുകയാണ്‌ വേണ്ടത്‌. ഇതിന്‌ ഇന്റർനാഷണൽ കാർബൺ എമിഷൻ ലിമിറ്റിംഗ്‌ എന്ന അന്താരാഷ്ട്ര സംഘടന രൂപീകരിച്ച്‌ കരാറുകൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ആഗോള ദൗത്യം പൂർണമായും നിറവേറ്റാൻ കഴിയൂ. ഓരോ വ്യക്തികളും നടത്തുന്ന വിസർജ്ജനം പരിസ്ഥിതിയെ മലിനപ്പെടുത്തുന്നുണ്ട്‌. കാറുകൾ, മറ്റു മോട്ടോർ വാഹനങ്ങളും ഉപയോഗിക്കുന്നതിന്റെ ഫലമായി ആഭ്യന്തര കാർബൺ വിസർജ്യം 27 ശതമാനത്തോളം വർദ്ധിക്കുന്നുണ്ട്‌ എന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഇതു നിയന്ത്രിക്കണം. ഓരോ വ്യക്തിക്കും പരമാവധി വിസർജ്ജനം നടത്താവുന്നതിന്റെ പരിധി തീരുമാനിക്കുന്ന സമ്പ്രദായം കാർബൺ വിസർജ്ജന നിയന്ത്രണത്തിന്റെ പ്രധാന ഭാഗമാണ്‌. എന്നാൽ, പരിധിക്കപ്പുറം വിസർജ്ജിക്കുന്ന കാർബൺ മിച്ചം വരികയും അത്‌ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സ്വാഭാവികവും അനുവദനീയവുമായ കാർബൺ വിസർജ്ജന പരിധിക്കപ്പുറത്ത്‌ ഉണ്ടാവുന്ന വിസർജ്ജനമാണ്‌ ഐസിഡിഎല്ലിൽ വരുന്നത്‌. കാർബൺ വിസർജ്ജിക്കുന്ന ഏതൊരു വസ്തു വാങ്ങുമ്പോഴും എടിഎം കാർഡ്‌ പോലെ ഡെബിറ്റ്‌ ചെയ്യുന്ന സമ്പ്രദായമാണിത്‌. എന്നാൽ ഈ സൗകര്യങ്ങൾ സമൂഹത്തിനും പരിസ്ഥിതിക്കും ദോഷം വരുത്താത്തതാണെങ്കിൽ നമുക്ക്‌ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഓരോ തവണ ഇന്ധനം വാങ്ങുമ്പോഴും അതിൽനിന്ന്‌ വിസർജ്ജിക്കുന്ന കാർബണിന്റെ തോതനുസരിച്ച്‌ കാർബൺ ഡെബിറ്റ്‌ കാർഡിൽ കുറവുവരും. കാലിഫോർണിയ അടക്കമുള്ള രാജ്യങ്ങളിൽ ഇവ ഇപ്പോഴും നിലവിലുണ്ട്‌. കാർബൺ വലിച്ചെടുത്ത്‌ ഓക്സിജൻ പുറത്തുവിടുന്ന മരങ്ങളാണല്ലോ പരിസ്ഥിതി സന്തുലിതാവസ്ഥ പിടിച്ചുനിർത്തുന്നത്‌. ഈ മരങ്ങൾ നശിപ്പിക്കുമ്പോൾ പരിസഥിതി സംരക്ഷിക്കാനുള്ള പ്രകൃതിയുടെ കഴിവിനെയാണ്‌ നാം നശിപ്പിക്കുന്നത്‌. സ്വകാര്യ ആവശ്യത്തിനുവേണ്ടി മരം മുറിച്ചുമാറ്റുമ്പോൾ അതുവഴി നമുക്ക്‌ നഷ്ടപ്പെട്ടുപോയിട്ടുള്ള കാർബൺ സംഭരണശേഷിക്കനുസരിച്ച്‌ ഐസിഡി കാർഡിൽ ഡെബിറ്റ്‌ രേഖപ്പെടുത്തും. 120 വർഷം പഴക്കമുള്ള മരം മുറിച്ചുമാറ്റുമ്പോൾ ഒരു വർഷം 1066 ഐബിഎസ്‌ കാർബൺ സംഭരണശേഷിയാണ്‌ നമുക്ക്‌ നഷ്ടപ്പെട്ടുപോകുന്നത്‌. ഇതുപോലെത്തന്നെ 25 വർഷം പഴക്കമുള്ള 700 ഓളം മരങ്ങൾ വളരുന്ന ഒരേക്കർ സ്ഥലം നശിപ്പിക്കുമ്പോൾ ഒരു വർഷം 9826 ഐബിഎസ്‌ കാർബൺ സംരക്ഷണശേഷി നഷ്ടപ്പെട്ടുപോകുന്നതായി ഇപിഎ കണക്കുകൂട്ടിയിട്ടുണ്ട്‌. വ്യവസായ ആവശ്യത്തിനോ മറ്റോ ഇത്തരം മരങ്ങൾ നശിപ്പിക്കുമ്പോൾ നഷ്ടപ്പെട്ട കാർബൺ സംഭരണ മൂല്യത്തിന്‌ തുല്യമായി കാർബൺ ഡെബിറ്റ്‌ കാർഡിൽ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടാകണം. വ്യക്തിഗത ഡെബിറ്റ്‌ കാർഡുകൾപോലെത്തന്നെ ഒരുപക്ഷേ അതിൽ കൂടുതൽ പ്രധാനപ്പെട്ടതാണ്‌ പൊതു കാർബൺ ഡെബിറ്റ്‌ കാർഡ്‌. പബ്ലിക്‌ യൂട്ടിലിറ്റി സർവീസുകൾക്കും- പൊതുഗതാഗതം, വ്യവസായങ്ങൾ, വൈദ്യുതി ഉൽപ്പാദന കമ്പനികൾ- പരമാവധി വിസർജ്ജന പരിധി നിർണയിച്ച്‌ ഡെബിറ്റ്‌ കാർഡ്‌ നൽകുന്ന സമ്പ്രദായമാണിത്‌. ഇത്തരത്തിലുള്ള സർക്കാർ നിയന്ത്രണത്തിലും അല്ലെങ്കിൽ സ്വകാര്യ നിയന്ത്രണത്തിലുള്ള വൻ വ്യവസായങ്ങൾ ഒന്നുംതന്നെ ആഗോള കരാറിന്റെ ഭാഗമാകാതെ വന്നത്‌ കാർബൺ വിസർജ്ജനം വർധിക്കുന്നതിന്‌ ഇടവരുത്തി. ഇന്ത്യയുടെ പബ്ലിക്‌ യൂട്ടിലിറ്റി സർവ്വീസുക (62 എണ്ണം) ളിൽ 2013-ൽ മാത്രം 155 മില്യൺ ടൺ കാർബൺ വിസർജ്ജനം രേഖപ്പെടുത്തിയിട്ടുണ്ട്‌. മൂന്നു വർഷംകൊണ്ട്‌ അതായത്‌ 2016 ഡിസംബർ ആയപ്പോഴേക്ക്‌ 165 മില്യൺ ടൺ കാർബണായി വർദ്ധിച്ചത്‌ ആഗോള കരാർ ഇവരെയൊന്നും ബാധിക്കാത്തതുകൊണ്ടാണ്‌. കേരള ഇലക്ട്രിസിറ്റി ബോർഡ്‌ വൻതോതിൽ ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ടുകൾ ഉണ്ടാക്കുന്നതിനുവേണ്ടി കാടുകളും പുഴകളും നശിപ്പിക്കുന്നുണ്ട്‌. ഇലക്ട്രിസിറ്റി ബോർഡിന്‌ പരമാവധി ഡെബിറ്റ്‌ ചെയ്യാവുന്ന കാർബണിന്റെ അളവ്‌ അന്താരാഷ്ട്ര എമിഷിംഗ്‌ ലിമിറ്റ്‌ ഓർഗനൈസേഷൻ തിട്ടപ്പെടുത്തുകയാണെങ്കിൽ കൂടുതൽ കാർബൺ ഡെബിറ്റ്‌ ചെയ്യും എന്നതുകൊണ്ടുതന്നെ പുതിയ ഹൈഡ്രോ പ്രോജക്ടുകൾക്ക്‌ ഊന്നൽ നൽകില്ല. ഇത്തരം പദ്ധതികൾ തുടങ്ങുമ്പോൾ നശിപ്പിക്കപ്പെടുന്ന കാടുകൾ, പുഴകൾ, തോടുകൾ, കുന്നുകൾ പ്രസ്തുത രാജ്യത്തെ മാത്രമല്ല ലോകത്തിലെ പരിസ്ഥിതിയെത്തന്നെ തകിടം മറിക്കുന്നതിനാൽ ആഗോള പരിസ്ഥിതി സംഘടനകൾക്ക്‌ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിന്‌ അവകാശമായിരിക്കണം അന്താരാഷ്ട്ര കരാർ വഴി നൽകേണ്ടത്‌. അതിരപ്പള്ളിയിലെ വൻ കാർബൺ സംഭരണശേഷിയുള്ള മരങ്ങളെ വെട്ടിമാറ്റിയാൽ മാത്രമേ അവിടെ ഒരു ഹൈഡ്രോ ഇലക്ട്രിസിറ്റി പ്രോജക്ട്‌ സ്ഥാപിക്കാൻ കഴിയൂ. 130 ഹെക്ടറോളം ജൈവവൈവിധ്യമുള്ള അതിരപ്പള്ളിയിലെ ജൈവവ്യവസ്ഥ നശിപ്പിച്ചാൽ നമുക്ക്‌ കിട്ടുന്നത്‌ 163 മെഗാവാട്ട്‌ വൈദ്യുതി മാത്രമാണ്‌. 130 ഹെക്ടർ മരം നശിപ്പിക്കുന്നതോടുകൂടി ഒരു ഹെക്ടറിന്‌ 9286 ഐബിഎസ്‌ കാർബൺ സംഭരണശേഷി നഷ്ടപ്പെടുമ്പോൾ 130 ഹെക്ടറിന്‌ 1207180 ഐബിഎസ്‌ കാർബൺ സംരക്ഷണ വലയം നഷ്ടപ്പെടും. ഇത്‌ ജനറൽ ഡെബിറ്റ്‌ കാർഡിൽ രേഖപ്പെടുത്തുന്ന നിയമ സംവിധാനം ഉണ്ടെങ്കിൽ ഒരു കാരണവശാലും ആതിരപ്പള്ളിയെ നശിപ്പിച്ച്‌ ജലവൈദ്യുതി ഉൽപ്പാദിപ്പിക്കില്ല. പരിസ്ഥിതി വിരുദ്ധ പ്രവർത്തനം കാർബൺ ഡെബിറ്റ്‌ ചെയ്യുമ്പോൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം കാർബൺ ക്രെഡിറ്റ്‌ ചെയ്യുകയാണ്‌ ചെയ്യുന്നത്‌. ശരാശരി രണ്ടു വർഷം വളർച്ചയെത്തിയ ഒരു ട്രോപ്പിക്കൽ പ്രദേശത്തെ 25 ഓളം മരങ്ങൾ ചേർന്നാൽ 1960 ഐബിഎസ്‌ കാർബൺ വലിച്ചെടുക്കും. കാർബൺ നിർവീര്യമാക്കുന്ന ജൈവവൈവിധ്യം വർദ്ധിക്കുന്നതനുസരിച്ച്‌ കാർബൺ ഡെബിറ്റ്‌ കാർഡിൽ കാർബൺ ക്രെഡിറ്റ്‌ രേഖപ്പെടുത്തുമ്പോൾ വീണ്ടും കാർബൺ വിസർജ്ജിക്കാനുള്ള അവകാശം വന്നുചേരുകയാണ്‌. അതായത്‌ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനനുസരിച്ച്‌ വീണ്ടും കാർബൺ വിസർജ്ജിക്കുന്നതിനുള്ള അവകാശം വരുന്നതോടുകൂടി രണ്ടും സന്തുലിതമായ അവസ്ഥയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കും. കാർബൺ ഡെബിറ്റിനനുസരിച്ച്‌ കാർബൺ ക്രെഡിറ്റുമുണ്ടായിരിക്കുമ്പോൾ നെറ്റ്‌ കാർബൺ ഇംപാക്ട്‌ ശൂന്യമായിരിക്കും. ഭൂട്ടാൻ ആളോഹരി കാർബൺ വിസർജ്ജനം ഏകദേശം ഇന്ത്യക്ക്‌ തുല്യമാണ്‌. എന്നിട്ടുപോലും ഭൂട്ടാൻ കാർബൺ ന്യൂട്രൽ രാജ്യമായി മാറിയത്‌ കാർബൺ വിസർജ്ജനത്തിനനുസരിച്ച്‌ ജൈവവൈവിധ്യം രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതുകൊണ്ട്‌ മാത്രമാണ്‌. കാലാവസ്ഥാ കരാറിൽ വ്യക്തികളുടെയോ സംഘടനകളുടെയോ പ്രാതിനിധ്യം ഉറപ്പുവരുത്തിയാൽ നിലവിലുള്ള ആഗോള കാലാവസ്ഥാ കരാർ മാത്രം മതി പ്രകൃതിയെ സന്തുലിതാവസ്ഥയിലെത്തിക്കാൻ. കാർബൺ ഡെബിറ്റ്‌ കാർഡ്‌ സമ്പ്രദായം കൂടുതൽ മരങ്ങളെ വെച്ചുപിടിപ്പിക്കാൻ പ്രേരിപ്പിക്കുകയും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾക്കനുസരിച്ച്‌ പുതിയ ജൈവവൈവിധ്യം ഉണ്ടാക്കുന്നതിനുള്ള നിയമ ബാധ്യത ഉറപ്പാക്കുകയും ചെയ്യുന്നതോടുകൂടി പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം