malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ചോദ്യം ഉത്തരം

കെ. കുഞ്ഞിക്കണ്ണന്‍
ഇടത് ഭരണത്തില്‍ ഉത്തരം നല്‍കാത്തതോ തെറ്റായ ഉത്തരം നല്‍കുന്നതോ പുതുമയുള്ള കാര്യമല്ല. ഇന്നത്തെ സര്‍ക്കാരിന് പല കാര്യങ്ങളിലും ഒന്നാം കമ്മ്യൂണിസ്റ്റ് ഭരണത്തോട് സാമ്യമുണ്ട്. ഒന്നാം മന്ത്രിസഭയും അങ്ങനെയായിരുന്നു. നേരെ ഉത്തരം നല്‍കുന്ന രീതി ഇഎംഎസിനുണ്ടായിരുന്നില്ലല്ലോ ”ഇത് ഇനി ആവര്‍ത്തിക്കരുത്. അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായും വ്യക്തമായും ഉത്തരം നല്‍കണം.” കേരളത്തിലെ മിക്കവാറും എല്ലാ സ്പീക്കര്‍മാരും ഇത്തരം റൂളിങ് നല്‍കാറുണ്ട്. ”എന്നിട്ടും ചങ്കരന്‍ തെങ്ങേല്‍ തന്നെ” എന്നതാണ് അവസ്ഥ. കേരള നിയമസഭയില്‍ ആരെയും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളൊന്നും ഉയരാറില്ല. ശ്രമിച്ചാല്‍ നല്‍കാവുന്നവയാണ് എല്ലാം. സഭാ സമ്മേളനം നടക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ എല്ലാ ശ്രദ്ധയും സഭയിലാണ്. ചോദ്യം ലഭിച്ചാല്‍ അതിന് ഉത്തരം നല്‍കാനുള്ള തയ്യാറെടുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും സൂപ്രണ്ടുമാരുമെല്ലാം മുന്‍ഗണന നല്‍കേണ്ടതാണ്. മറ്റൊരു പണിയും നടത്താതെയാണ് ഇതിനായി മുതിരുന്നത്. എന്നിട്ടുമെന്തേ ഇങ്ങനെ? മോന്തായം വളഞ്ഞതുകൊണ്ടാണോ? ഉത്തരം നല്‍കേണ്ടത് മന്ത്രിയാണെങ്കിലും ഉത്തരം കണ്ടേത്തണ്ടത് ഉദ്യോസ്ഥരാണ്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുഴുവന്‍ ഉത്തരങ്ങളും നല്‍കേണ്ടതില്ല. പക്ഷേ ഉത്തരം പറയേണ്ടത് ബാദ്ധ്യതയാണ്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഉത്തരം മുട്ടിയ അവസ്ഥയായിരുന്നു സര്‍ക്കാരിന്. ഉത്തരമില്ലായ്മ സ്പീക്കറെപ്പോലും ചൊടിപ്പിച്ചു. സഭയുടെ നാഥനാണെങ്കിലും പ്രായത്തില്‍ ഇളമുറക്കാരനാണ് നമ്മുടെ സ്പീക്കര്‍. ഇരട്ടിപ്രായമുള്ളവരെപ്പോലും ചൂണ്ടുവിരലില്‍ നിര്‍ത്താനുള്ള അധികാരമുണ്ട്. ആധുനിക സംവിധാനങ്ങളെല്ലാം ഉണ്ടായിട്ടും 10 ദിവസം മുന്‍പ് നല്‍കുന്ന ചോദ്യങ്ങള്‍ക്ക് നിശബ്ദത പാലിക്കുന്നതിലേക്കാണ് സ്പീക്കര്‍ വിരല്‍ ചൂണ്ടുന്നത്. ഈ നിയമസഭയുടെ അവസാനിച്ച അഞ്ചാം സമ്മേളനത്തില്‍ 6026 ചോദ്യങ്ങളാണുണ്ടായത്. അതില്‍ 426നും ഉത്തരം കിട്ടിയില്ല. 20 ദിവസമേ സഭ സമ്മേളിച്ചുള്ളൂ. രണ്ടുദിവസം മാത്രമാണ് മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചത്. ഉത്തരം നല്‍കാത്തവരില്‍ മുന്‍പന്‍ മുഖ്യമന്ത്രി തന്നെയാണ്. പല ചോദ്യങ്ങളും കണ്ണുംപൂട്ടി ഉത്തരം നല്‍കാവുന്നതാവും. എന്നാലും ഉദ്യോഗസ്ഥര്‍ വട്ടം ചുറ്റിക്കും. ‘സെക്രട്ടേറിയറ്റിന് എത്ര കവാടങ്ങളുണ്ട്?’എന്നൊരു കുസൃതി ചോദ്യം വന്നാല്‍ മന്ത്രിക്ക് കണ്ണും പൂട്ടി ഉത്തരം നല്‍കാം. പക്ഷേ ഉദ്യോഗസ്ഥര്‍ കയ്യൊപ്പ് ചാര്‍ത്തി കൈമാറുന്ന ഉത്തരം ‘വിവരം ശേഖരിച്ചുവരുന്നു’ എന്നാകും. അതാണ് നമ്മുടെ സംവിധാനം. ഇടത് ഭരണത്തില്‍ ഉത്തരം നല്‍കാത്തതോ തെറ്റായ ഉത്തരം നല്‍കുന്നതോ പുതുമയുള്ള കാര്യമല്ല. ഇന്നത്തെ സര്‍ക്കാരിന് പല കാര്യങ്ങളിലും ഒന്നാം കമ്മ്യൂണിസ്റ്റ് ഭരണത്തോട് സാമ്യമുണ്ട്. ഒന്നാം മന്ത്രിസഭയും അങ്ങനെയായിരുന്നു. നേരെ ഉത്തരം നല്‍കുന്ന രീതി ഇഎംഎസിനുണ്ടായിരുന്നില്ലല്ലോ. ചോദ്യം ഇങ്ങനെയായിരുന്നില്ല വേണ്ടത് എന്ന് നിര്‍ദ്ദേശിച്ച് അദ്ദേഹം ഒരു ചോദ്യം കണ്ടെത്തി ഉത്തരം നല്‍കിപോന്നു ചിന്ത വാരികയില്‍. അത് നിയമസഭയില്‍നിന്ന് രൂപപ്പെടുത്തിയതാണോ എന്നും സംശയിച്ചുപോകും. 1957ലെ സര്‍ക്കാരിന്റെ കാലത്ത് ചോദ്യങ്ങളുടെ അവസ്ഥയൊന്ന് നോക്കാം. പലതിനും ഉത്തരം നല്‍കിയില്ലെന്നു മാത്രമല്ല, വെറും അസത്യങ്ങള്‍ പറയുവാനും മന്ത്രിമാര്‍ മടിച്ചിരുന്നില്ല. പറഞ്ഞത് അസത്യമാണെന്നു പറഞ്ഞാലും സത്യം വെളിപ്പെടുത്താന്‍ തുനിഞ്ഞിരുന്നുമില്ല. ഒന്നാം കമ്യൂണിസ്റ്റു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പിന്‍വലിച്ച ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് 1958 മാര്‍ച്ച് 12-ന് നിയമമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതിപക്ഷങ്ങള്‍ക്കെതിരായ കേസുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂ. ഭരണകക്ഷിയംഗങ്ങളുടെ പേരിലുള്ള ഗൗരവാവഹങ്ങളായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചതിനെക്കുറിച്ച് ഒരു അംഗം എടുത്തുചോദിച്ചപ്പോള്‍ അവയെക്കുറിച്ചു മുഴുവന്‍ വിവരവും കിട്ടിയിട്ടില്ലെന്നു മന്ത്രി മറുപടി നല്‍കി. 1959 ഫെബ്രുവരി 24-ന് ഒരു ചോദ്യത്തിന് ഉത്തരമായി സംസ്ഥാനത്ത് ആകെ 61 പേരെ മാത്രമേ അറസ്റ്റുചെയ്തിട്ടുള്ളൂ എന്നു മുഖ്യമന്ത്രി പറഞ്ഞു. കാട്ടാമ്പള്ളിയിലെ സത്യഗ്രഹത്തിലും തൃശൂര്‍ സീതാറാം മില്‍ സമരത്തിലും മറ്റ് അനേകം തൊഴില്‍ സമരങ്ങളിലും ഭക്ഷ്യക്ഷാമ സമരങ്ങളിലുമായി ആയിരക്കണക്കിനാളുകളെ അറസ്റ്റു ചെയ്തിരുന്ന വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപചോദ്യമുണ്ടായപ്പോള്‍ ”ഇതേവരെ കിട്ടിയ വിവരം വച്ചുകൊണ്ടുള്ള മറുപടിയാണിത്” എന്നായിരുന്നു ഉത്തരം. രാജ്യത്ത് സകലര്‍ക്കും അറിയാമായിരുന്ന വസ്തുത മുഖ്യമന്ത്രിമാത്രം അറിഞ്ഞിരുന്നില്ല. ലാത്തിചാര്‍ജുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിനു നിയമവകുപ്പുമന്ത്രിയും ഇതുപോലെതന്നെ സര്‍വാബദ്ധമായ ഒരു ഉത്തരം പറഞ്ഞു. തുടര്‍ന്നുള്ള ഉപചോദ്യങ്ങള്‍കൊണ്ട് ഉത്തരം മുട്ടിയപ്പോള്‍ അദ്ദേഹം രസാവഹമായ ഒരു വിശദീകരണം നല്‍കി. പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുന്നതെല്ലാം ലാത്തിച്ചാര്‍ജുകളല്ലെന്നും അതിനാല്‍ ലാത്തിയടികള്‍ എല്ലാം ലാത്തിചാര്‍ജുകളായി കണക്കുകൂട്ടുന്നതു സാങ്കേതികമായി തെറ്റായിരിക്കുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. 1959 ഫെബ്രുവരി 29-ന് അദ്ദേഹം മറ്റൊരു വിഡ്ഢിവേഷം കെട്ടുകയുണ്ടായി. കമ്യൂണിസ്റ്റുപാര്‍ട്ടിക്കാരുടെ ആജ്ഞ അനുസരിക്കാത്ത പോലീസ് ഉദ്യോഗസ്ഥന്മാരെ അന്യായമായി സ്ഥലം മാറ്റുന്നതിനെക്കുറിച്ച് പ്രതിപക്ഷത്തുനിന്നുണ്ടായ ചൂടുപിടിച്ച ചോദ്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ മന്ത്രി, പിഎസ്പി ഭരിച്ചിരുന്ന കാലത്തും ഒരു എംഎല്‍എയുടെ ആവശ്യപ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥനെ മന്ത്രിസഭ സ്ഥലം മാറ്റിയിട്ടുണ്ടെന്ന് സധൈര്യം തട്ടിവിട്ടു. ആ പ്രസ്താവന അസത്യമാണെന്ന് പിഎസ്പി നേതാവ് പറഞ്ഞു. അതു തെളിയിക്കാന്‍ അദ്ദേഹം മന്ത്രിയെ വെല്ലുവിളിച്ചു. അപ്പോള്‍ മന്ത്രി പറയുകയാണ്, എംഎല്‍എ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് അറിയാം. എന്നാല്‍ ഗവണ്‍മെന്റ് അങ്ങനെ ചെയ്‌തോ എന്നറിയില്ലെന്ന്. 1959 മാര്‍ച്ച് 4-ന് ഒരു ചോദ്യത്തിന് ഉത്തരമായി മൂന്നാര്‍ വെടിവയ്പ്പിനെക്കുറിച്ചുള്ള ഗോവിന്ദമേനോന്‍ റിപ്പോര്‍ട്ടില്‍ തൊഴിലാളികള്‍ അക്രമം കാണിച്ചതായി പറഞ്ഞിട്ടില്ലെന്നു നിയമമന്ത്രി പ്രസ്താവിച്ചു. ചില കടലാസുകള്‍ നോക്കിക്കൊണ്ടായിരുന്നു മറുപടി പറഞ്ഞത്. എന്താണു നോക്കുന്നതെന്നു പ്രതിപക്ഷനേതാവു ചോദിച്ചു. ഗോവിന്ദമേനോന്‍ റിപ്പോര്‍ട്ടാണെന്നു മന്ത്രി മറുപടി പറഞ്ഞു. നിയമസഭയില്‍ വായിക്കുന്ന രേഖകള്‍ മേശപ്പുറത്തു വയ്ക്കണമെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. യാതൊരു സങ്കോചവും കൂടാതെ അതു റിപ്പോര്‍ട്ടല്ലെന്നും ഒരു വെറും കടലാസു നോക്കിയാണു മറുപടി പറഞ്ഞതെന്നും അടുത്ത നിമിഷത്തില്‍ ഉത്തരം വന്നു. മന്ത്രി പരസ്യമായി അസത്യം പറയുകയാണെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു. ആരെയും രക്ഷിക്കാന്‍ തയ്യാറുള്ള സ്പീക്കര്‍ക്കുപോലും നിവൃത്തിയില്ലാത്ത നിലയായി. റിപ്പോര്‍ട്ടു മേശപ്പുറത്തു വയ്ക്കാമെന്ന് മന്ത്രി സമ്മതിച്ചു. എന്നിട്ടും അത് ഉടനെ ചെയ്തില്ല. പക്ഷേ, റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പിന്നീടു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മന്ത്രിയുടെ മറുപടിക്കു വിപരീതമായി, തൊഴിലാളികളുടെ ഭാഗത്തുനിന്നു വെടിവയ്പിനു മതിയായ അക്രമങ്ങള്‍ ഉണ്ടായി എന്നു റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരുന്നു. മലബാറില്‍ പാനൂര്‍ എന്ന സ്ഥലത്തു സോഷ്യലിസ്റ്റു നേതാവായ റാം മനോഹര്‍ ലോഹ്യയെ ഒരു യോഗത്തില്‍ പ്രസംഗിക്കുവാന്‍ പിഎസ്പിക്കാര്‍ അനുവദിച്ചില്ലെന്ന്, ഒരു കമ്മ്യൂണിസ്റ്റു മെമ്പറുടെ ചോദ്യത്തിനുത്തരമായി, 1959 മാര്‍ച്ച് 5-ന് നിയമമന്ത്രി പറഞ്ഞു. ലോഹ്യ പാനൂരെന്ന സ്ഥലത്തു ചെന്നതേയില്ലെന്ന് ഒരു പിഎസ്പി നിയമസഭാംഗം സഭയെ അറിയിച്ചു. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മറുപടി നല്‍കിയതെന്ന് മന്ത്രി സമാധാനം പറഞ്ഞു. ഏതു പത്രത്തില്‍നിന്നുള്ള റിപ്പോര്‍ട്ടാണെന്ന് ഉപചോദ്യമുണ്ടായി. മന്ത്രിക്കു പത്രത്തിന്റെ പേരു പറയാനില്ലായിരുന്നതുകൊണ്ട് മറ്റു ചില കേന്ദ്രങ്ങളില്‍നിന്നു കിട്ടിയ വിവരങ്ങളാണു നല്‍കിയതെന്നു പറഞ്ഞ് ഒഴിയേണ്ടിവന്നു. അന്നും ഇന്നും ഭരണപരമായും രാഷ്ട്രീയ മര്യാദയോടെയും പെരുമാറാന്‍ പല മന്ത്രിമാര്‍ക്കും സാധിക്കുന്നില്ല. ചോദ്യവും ഉത്തരവും മാത്രമല്ല നടപടിക്രമങ്ങളോടും നീതി പുലര്‍ത്താന്‍ കഴിയുന്നില്ല. ക്രമസമാധാനം ഭദ്രമെന്ന് ഒന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ പോലീസ് സംരക്ഷണം തേടുന്നവരുടെ സംഖ്യ കൂടുകയാണെന്ന സത്യം അവശേഷിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം