malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

അഭിമാന മുന്നേറ്റം

വൈക്കം വിശ്വന്‍
സര്‍വതലസ്പര്‍ശിയായ നേട്ടങ്ങളിലൂടെ കൂടുതല്‍ കരുത്തും ജനപിന്തുണയുമാര്‍ജിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി വ്യത്യസ്തവും പ്രവര്‍ത്തനനിരതവുമായ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. അഴിമതിരഹിതമായ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിപക്ഷത്തെ അങ്ങേയറ്റം നിരാശയിലാഴ്ത്തി. ചില മാധ്യമങ്ങളുടെ പിന്തുണയോടെ വിവാദപ്പെരുമഴ സൃഷ്ടിച്ച് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ അതില്‍ മുക്കിക്കളയാനുള്ള നീക്കങ്ങള്‍ പാഴായതിന്റെ ഇച്ഛാഭംഗമാണ് പ്രതിപക്ഷവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രകടിപ്പിക്കുന്നത്. അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം പാടേ തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ദൌത്യമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ ദൌത്യനിര്‍വഹണത്തില്‍ അഭിമാനകരമായ മുന്നേറ്റമാണുണ്ടായത്. യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ പരമ്പരാഗത വ്യവസായമേഖലയ്ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കി. കശുവണ്ടിമേഖലയില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് യുഡിഎഫ് ഭരണത്തില്‍ വഴിയാധാരമായത്. കശുവണ്ടി ഫാക്ടറികളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കി. ഫാക്ടറികള്‍ തുറന്നപ്പോള്‍ അഴിമതിയാരോപിച്ച് വീണ്ടും പൂട്ടിക്കാനാണ് യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചത്. പരമ്പരാഗത കയര്‍വ്യവസായരംഗം ഈ സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. യുഡിഎഫ് ഗവണ്‍മെന്റിന്റെകാലത്ത് കയര്‍വ്യവസായത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ചിടത്ത് കേരളത്തില്‍ത്തന്നെ ഈ വ്യവസായം തുടര്‍ന്നും നിലനിര്‍ത്തുന്നതിനാവശ്യമായ നടപടിയാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ടത്. കൈത്തറി, ബീഡിത്തൊഴിലാളികള്‍ക്കും ആശ്വാസം പകര്‍ന്നു. യുഡിഎഫ് ഭരണത്തില്‍ ശ്മശാനതുല്യമായിമാറിയ പൊതുമേഖലാസ്ഥാപനങ്ങളുടെ ഇപ്പോഴത്തെ മാറ്റം ആര്‍ക്കും മറച്ചുപിടിക്കാനാകില്ല. 13 സ്ഥാപനങ്ങള്‍ ലാഭകരമായി. മറ്റുള്ളവ പ്രവര്‍ത്തനനിരതമായി. യുഡിഎഫ് ഏര്‍പ്പെടുത്തിയ നിയമനനിരോധനം ഈ സര്‍ക്കാര്‍ പിന്‍വലിച്ചു. 36,000ത്തിലധികംപേര്‍ക്ക് പിഎസ്സിവഴി ജോലിനല്‍കി. ആയിരക്കണക്കിന് പുതിയ തസ്തിക സൃഷ്ടിച്ചു. ക്ഷേമപെന്‍ഷനുകളെല്ലാം മാസങ്ങളുടെ കുടിശ്ശിക വരുത്തിയാണ് യുഡിഎഫ് ഇറങ്ങിപ്പോയത്. ഈ തുകയടക്കം 37 ലക്ഷത്തോളംപേര്‍ക്കായി 3200 കോടിയോളം രൂപ പെന്‍ഷനായി നല്‍കി. പെന്‍ഷന്‍ വര്‍ധിപ്പിച്ചു. പെന്‍ഷന്‍ വീട്ടിലെത്തിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചപ്പോള്‍ സംശയിച്ചവരുണ്ട്. എന്നാല്‍, വീടുകളിലെത്തിയ പെന്‍ഷന്‍ കൈപ്പറ്റിയവര്‍ക്ക് മാറ്റം ബോധ്യമായിട്ടുണ്ട്. നോട്ട് പിന്‍വലിക്കുന്നതില്‍കൂടി സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഗവണ്‍മെന്റ് സംരക്ഷിച്ച് നിര്‍ത്തി. തുറമുഖ വികസനരംഗത്ത് ശ്രദ്ധിച്ചു. വരള്‍ച്ചയുടെകാലത്ത് കുടിവെള്ളം എത്തിക്കുന്ന കാര്യത്തില്‍ ജലവിഭവ വകുപ്പ് പ്രത്യേകം ശ്രദ്ധിച്ചു. മാതൃഭാഷ-മലയാളം നിര്‍ബന്ധമാക്കി തീരുമാനമെടുക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസയജ്ഞവും ആര്‍ദ്രം മിഷനും ലൈഫ് മിഷനും ഹരിതകേരളം മിഷനും പുതിയ കേരളസൃഷ്ടിക്ക് കരുത്തേകും. എല്ലാവര്‍ക്കും കിടപ്പാടവും ജീവിതോപാധിയും എന്ന പുതുബദല്‍നയമാണ് ലൈഫ്. മണ്ണും വെള്ളവും കൃഷിയും തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന ജനകീയബദലാണ് ഹരിതകേരളം മിഷന്‍. കാര്‍ഷികമേഖലയ്ക്ക് ഈ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കി. യുഡിഎഫ് തീറെഴുതിയ വയലും കായലുമെല്ലാം സംരക്ഷിച്ച് കൃഷിയിറക്കി. തരിശിട്ടിരുന്ന പാടശേഖരങ്ങളിലും കൃഷിയിറക്കി. പച്ചക്കറികൃഷി വ്യാപിപ്പിച്ചു. വിലക്കയറ്റം തടയാന്‍ ശക്തമായ നടപടിയുണ്ടായി. അരിവില ഉയര്‍ന്നപ്പോള്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് നേരിട്ട് അരിവാങ്ങി വിതരണംചെയ്തു. സമ്പൂര്‍ണ വൈദ്യുതീകരണം നാട്ടിലാകെ വന്‍ചലനമാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടേറെ ജില്ലകള്‍ സമ്പൂര്‍ണമായും വൈദ്യുതിവല്‍ക്കരിച്ചു. ക്രമസമാധാനരംഗത്ത് മെച്ചപ്പെട്ട മുന്നേറ്റമാണുണ്ടായത്. വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. കിഫ്ബി കളിപ്പിക്കലെന്ന് യുഡിഎഫ് ആരോപിക്കുന്നു. സംസ്ഥാനത്തെ പാടേ മുടിപ്പിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിപ്പോയത്. ഇനിയൊരിക്കലും സാമ്പത്തികനില ഗുണംപിടിക്കില്ലെന്ന അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഖജനാവിനെ ചലിപ്പിക്കാന്‍ കരുത്തുണ്ടെന്ന് എല്‍ഡിഎഫ് തെളിയിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളിലും കിഫ്ബിയില്‍നിന്ന് പണം ആവശ്യപ്പെടുന്നു. ആനുകൂല്യം കൈപ്പറ്റുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്യുകയാണവര്‍. ആദിവാസികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കി. കെഎസ്ആര്‍ടിസിയെ പാക്കേജ് അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നു. വനസംരക്ഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും നടപടിയുണ്ടായി. തൊഴില്‍രംഗം നല്ല മുന്നേറ്റം കൈവരിച്ചു. നോട്ട് നിരോധനകാലത്ത് സംസ്ഥാനസര്‍ക്കാര്‍ എടുത്ത നടപടികള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. സഹകരണമേഖല ശക്തിപ്പെട്ടു. കല-സാംസ്കാരികരംഗത്തെ നിശ്ചലാവസ്ഥ മാറി. യുപിഎ സര്‍ക്കാരില്‍ കെ വി തോമസ് ഭക്ഷ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്തിന് റേഷന്‍വിഹിതം മുടക്കുന്ന നടപടിയുണ്ടായതെന്ന കാര്യം പ്രതിപക്ഷം മറച്ചുപിടിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി അധികവിഹിതം വാങ്ങി റേഷന്‍ വിതരണം ചെയ്യുന്നത്. സ്റ്റാറ്റ്യൂട്ടറി റേഷന്‍ തകര്‍ത്തെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് 'അരിയുംതിന്ന് വീട്ടുകാരെയുംകടിച്ച്, പിന്നെയും നായ്ക്ക്' മുറുമുറുപ്പ് എന്നതുപോലെയാണ്. കുടിയേറ്റകൃഷിക്കാര്‍ക്ക് പട്ടയംനല്‍കുമെന്ന വാഗ്ദാനം നടപ്പാക്കുന്നത് പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതും പട്ടയം നല്‍കുന്നതും തട്ടിപ്പെന്ന് ചിത്രീകരിക്കുന്നവര്‍ അവരുടെ ഭരണകാലത്ത് ഒരു പട്ടയമെങ്കിലും നല്‍കിയോ? പട്ടയം തയ്യാറാക്കിവച്ചിരുന്നു എന്ന അവകാശവാദം പരിഹാസ്യമാണ്. കൈയേറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമം പൊളിഞ്ഞതിന്റെ ദുഃഖപ്രകടനമാണ് യുഡിഎഫ് ഇപ്പോള്‍ നടത്തുന്നത്. രണ്ട് ജില്ലയില്‍ പട്ടയവിതരണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും തുടര്‍ന്ന് നടത്തുന്നതാണ്. സ്ത്രീസുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കി ജെന്‍ഡര്‍ ബജറ്റ് അവതരണം കേരളത്തിന് പുതിയൊരു അനുഭവമായിരുന്നു. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന്റെ അഭിമാനബോധം എല്‍ഡിഎഫ് സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കുമുണ്ട്. ഇതിനെ അഹങ്കാരമെന്ന് വിശേഷിപ്പിക്കുന്ന പ്രതിപക്ഷം അപഹാസ്യരാകും. കൂട്ടുത്തരവാദിത്തത്തോടെ ഒറ്റക്കെട്ടായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയനയത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യബദല്‍ ഉയര്‍ത്തി ഇന്ത്യക്കാകെ മാതൃകയാകുകയാണ് ഈ സര്‍ക്കാര്‍. കേന്ദ്രനയങ്ങളെയല്ല, എല്‍ഡിഎഫ് സര്‍ക്കാരിനെയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ബിജെപിയുടെ വര്‍ഗീയനയങ്ങളെ മറച്ചുവച്ച് എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് പലകാര്യങ്ങളിലും ബിജെപിയുമൊത്ത് നീങ്ങുന്നു. പ്രതിപക്ഷം നടത്തിയ സമരങ്ങളും അവര്‍ ഏറ്റെടുത്ത സമരങ്ങളുമൊക്കെ ദയനീയമായി പരാജയപ്പെട്ടത് ജനങ്ങള്‍ ഈ സര്‍ക്കാരിനൊപ്പമാണെന്ന് തെളിയിക്കുന്നു. പ്രതിപക്ഷസമരങ്ങളോരോന്നായി ജനങ്ങള്‍ തള്ളി. വിവിധകോണുകളില്‍നിന്ന് വിവാദങ്ങളും കുഴപ്പത്തിനുള്ള ശ്രമങ്ങളും ഉണ്ടായി. എന്നാല്‍, അവയൊന്നും ബാധിക്കാത്തതരത്തില്‍ സര്‍ക്കാരിനെ മുന്നോട്ടുനയിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. എല്‍ഡിഎഫ് കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെയും യുഡിഎഫ് ഛിന്നഭിന്നമാകുന്നതിന്റെയും വ്യക്തമായ സൂചനയാണ് സമകാലീന കേരളരാഷ്ട്രീയം നല്‍കുന്നത്. അത് തുടരുകതന്നെചെയ്യും. വികസനവും ക്ഷേമവും ലക്ഷ്യമാക്കി മുന്നേറുന്ന സര്‍ക്കാരിന് കൂടുതല്‍ കരുത്തുപകരുകയാണ് ഓരോ കേരളീയന്റെയും കടമ *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം