malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

തേള മിടിച്ചുതുടങ്ങി മക്കളേ

ആര്‍ നന്ദകുമാര്‍
അഞ്ചാറുവര്‍ഷംമുമ്പാണ്. രാവിലെ ഏതാണ്ട് 11 മണി കഴിഞ്ഞ നേരം. ഒരു യോഗത്തില്‍ സംബന്ധിച്ചുകൊണ്ടിരിക്കെ മൊബൈല്‍ഫോണിലേക്ക് വിളിവരുന്നു. എടുത്തില്ല. തുടരെത്തുടരെ അതേനമ്പരില്‍നിന്ന് വിളിച്ചുകൊണ്ടേയിരിക്കുന്നു. അടിയന്തരമായ എന്തോ ആവശ്യമായിരിക്കുമെന്ന് മനസ്സിലാക്കി യോഗത്തിന്റെ അനുവാദത്തോടെ, അത്യാപത്തൊന്നും ആയിരിക്കരുതേയെന്ന് പ്രാര്‍ഥിച്ച്്, ഫോണെടുത്തു. പരിചയമുള്ള ഒരു ഡോക്ടറാണ്. ചെറുപ്പക്കാരന്‍. അടുപ്പമുള്ള ഒരു ജ്യേഷ്ഠസുഹൃത്തിന്റെ മകന്‍. ആയിടയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടി ഒരു നാട്ടിന്‍പുറത്തെ പൊതുജനാരോഗ്യകേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്നു. കിതച്ചുകൊണ്ടാണയാള്‍ ചോദിച്ചത്. ഈ തേള എന്നും ചങ്ക് എന്നും പറഞ്ഞാലെന്താണ്? മീനിന്റെ ചെകിളപോലെ വല്ലതുമാണോ? അങ്ങനെയെങ്കില്‍ ഇഎന്‍ടി വിദഗ്ധനെ കാണാന്‍ നിര്‍ദേശിക്കുകയല്ലേ നല്ലത്?’ഞാന്‍ ചോദിച്ചു; എന്താ കാര്യം.’ വയസ്സായ ഒരു അമ്മൂമ്മ എന്റെ മുന്നിലിരിപ്പുണ്ട്. എന്താണ് അസുഖമെന്ന് ചോദിച്ചപ്പോള്‍, എന്റെ തേള കെടന്ന് പടപടാന്ന് ഇടിക്കണ് മക്കളേ... ചങ്ക് പൊട്ടിപ്പോണ വേദന- എന്നാണവര്‍ പറയുന്നത്. എനിക്ക് ചിരിവന്നു. പാവം പയ്യന്‍. മിടുക്കന്‍. സംസാരിക്കാനല്ലാതെ മലയാളം എഴുതാനും വായിക്കാനും അറിയില്ല. ഇവിടെത്തന്നെ സിബിഎസ്ഇ സിലബസില്‍ പ്രശസ്തമായ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. നാട്ടില്‍ സമൂഹവുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും വിദേശ സര്‍വകലാശാലയില്‍ പോയി ഉന്നതബിരുദംകൂടിയെടുത്ത് വിദേശത്തുതന്നെ എവിടെയെങ്കിലും ജോലിചെയ്ത് പത്തുകാശുണ്ടാക്കണമെന്നാണ് ജീവിതലക്ഷ്യം. പയ്യന്റെ അച്ഛനും അതുതന്നെയാണ് പൂതി. ഒരു ഇടലാവണമെന്ന നിലയില്‍ തല്‍ക്കാലം സര്‍ക്കാര്‍ സര്‍വീസ് കിട്ടിയപ്പോള്‍ കളയണ്ടെന്നു കരുതി. ഞാന്‍ പറഞ്ഞു- തേള എന്നത് നെഞ്ചാണ്. തേളയുടെ പടപടാ ഇടിയെന്നത് ക്രമാതീതമായ നെഞ്ചിടിപ്പാണ്. ചങ്ക് ഹൃദയംതന്നെ. ഇഎന്‍ടി വിദഗ്ധനെ കാണാനല്ല ഹൃദ്രോഗവിദഗ്ധനെ കാണാനാണ് നിര്‍ദേശിക്കേണ്ടത്.’ ഈ അനുഭവം നമ്മുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാനാണ് പ്രേരിപ്പിച്ചത്. എന്താണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം? വിദ്യാര്‍ഥിയുടെ വിജ്ഞാനാര്‍ജനമാണ് ലക്ഷ്യമെങ്കില്‍ ആ വിജ്ഞാനം സമൂഹത്തിനുംകൂടി ഉതകണ്ടേ? നിര്‍ഭാഗ്യവശാല്‍ ഇന്ന് കേരളത്തില്‍ വിദ്യാഭ്യാസമെന്നത് സ്വകാര്യമാണ്. സാമൂഹിക കാര്യമല്ല. അതങ്ങനെ ആക്കിത്തീര്‍ത്തതാണ്. വിജ്ഞാനവിതരണനിലയങ്ങളെന്ന അടിസ്ഥാനലക്ഷ്യത്തില്‍നിന്ന് മാറി വിവരവിപണനകേന്ദ്രങ്ങളായി സ്കൂളുകള്‍ മാറി. ധനാധിപത്യത്തിന്റെയും വര്‍ഗവിഭജനത്തിന്റെയും പുതിയ സങ്കടസമസ്യകളാണ് അന്യഭാഷാമാധ്യമ വിദ്യാലയങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഓംചേരിയുടെ ഇംഗ്ളീഷ് മീഡിയം’എന്ന നാടകത്തില്‍ ഒരു സംഭാഷണമുണ്ട്. നമ്പൂതിരിമാര്‍ പൂണൂലിടുന്നതെന്തിനാ? പൂണൂലില്ലാത്തവരേക്കാള്‍ വലിയവരാണെന്നാ അതിന്റെ അടയാളം. ഇംഗ്ളീഷ് മീഡിയം പിള്ളേര് ടൈ കെട്ടുന്നതും അതുപോലാ. മലയാളം പഠിക്കുന്ന അലവലാതികളൊന്നുമല്ല ഞങ്ങള്‍ എന്നു കാണിക്കാന്‍. അത് കാണുമ്പം നാട്ടുപള്ളിക്കൂടത്തില്‍ പോണ പിള്ളേര്‍ വഴിമാറിക്കൊടുക്കണം.’ ഈ വിദ്യാലയങ്ങള്‍ക്ക് കേരളത്തിന്റെ മാതൃഭാഷയും കേരളീയരെ മതാതീതമായും ജാത്യതീതമായും ഒന്നിച്ചുനിര്‍ത്തുന്ന ഏകഘടകവുമായ മലയാളത്തോട് പരമപുച്ഛമാണ്. നിങ്ങളെന്തിനാണ് മലയാളം പഠിക്കുന്നത്, അതുകൊണ്ടെന്താണ് പ്രയോജനം എന്നാണ് അവര്‍ കുട്ടികളോടും രക്ഷാകര്‍ത്താക്കളോടും ചോദിക്കുന്നത്. അവര്‍ പിന്തുടരുന്ന പാഠ്യപദ്ധതി, സ്വാതന്ത്യ്രം കിട്ടുന്നതിനുമുമ്പ് ബ്രിട്ടീഷുകാര്‍ അവരുടെ കുട്ടികളെയും ഉദ്യോഗസ്ഥരുടെ കുട്ടികളെയും പഠിപ്പിക്കാനായി ആവിഷ്കരിച്ചതാണ്. അതിന്റെ നടത്തിപ്പ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലെ പ്രത്യേക ബോര്‍ഡുകള്‍ക്കാണ്. കേരളത്തിലെ കുട്ടികള്‍ മലയാളം പഠിക്കണമെന്ന് അവര്‍ക്കൊരു നിര്‍ബന്ധവുമില്ല. അക്കാര്യം ആവശ്യപ്പെടേണ്ടത് കേരളത്തിലെ കുട്ടികള്‍ക്കുവേണ്ടി കേരളത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന സ്കൂളുകളായിരിക്കെ, അവരത് ആവശ്യപ്പെടാറില്ലെന്നുമാത്രമല്ല സ്കൂളുകളില്‍ മലയാളം സംസാരിക്കരുതെന്ന് നിഷ്കര്‍ഷിക്കുന്ന ബോര്‍ഡുകള്‍വരെ സ്ഥാപിച്ച്, പേടിപ്പിച്ചും ശിക്ഷിച്ചും കുട്ടികളെ മാതൃഭാഷയില്‍നിന്ന് അകറ്റുന്നു. ഓപ്ഷണലെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വിഭാഗത്തില്‍ മലയാളം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് നീതീകരണം നല്‍കും. ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പാനിഷ്, സിറിയന്‍, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങിയ ഭാഷകളാണ് പഠിക്കുന്നതെങ്കില്‍ അക്ഷരമാല എഴുതിവച്ചാല്‍തന്നെ നിങ്ങള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കും കിട്ടുമല്ലോ എന്നുംകൂടി കുട്ടികളോടും രക്ഷാകര്‍ത്താക്കളോടും പറയും. സ്വന്തം നാടിന്റെ ചരിത്രംപോലും മറുഭാഷയില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് അങ്ങനെയാണുണ്ടായത്. അത് ശരിയല്ലെന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴോ കോടതികളില്‍ ചോദ്യമുണ്ടാകുമ്പോഴോ മറുനാട്ടില്‍നിന്നെത്തിയിട്ടുള്ള കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന മുടന്തന്‍ന്യായവാദം നിരത്തും. കാല്‍ശതമാനത്തിലും താഴെയാണ് അത്തരം കുട്ടികളുടെ എണ്ണമെന്ന സത്യം സൌകര്യപൂര്‍വം ഒളിപ്പിക്കുകയും ചെയ്യും. മലയാളികളായ മാതാപിതാക്കളുടെ മക്കളായി മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന് പിന്നെ കേരളത്തിലേക്ക് വരുന്ന കുഞ്ഞുങ്ങള്‍ക്കാകട്ടെ, മലയാളം പഠിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല, അവരെ പഠിപ്പിച്ചാല്‍ മതി എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. എന്തിന്, അസമില്‍നിന്ന് വന്ന മലയാളിയേ അല്ലാത്ത ഹിമാദ്രി മാജിതന്നെ ഏറ്റവും നല്ല മാതൃകയല്ലേ? ഇതരഭാഷകളിലെ വിജ്ഞാനത്തിന്റെ ആകാശത്തേക്ക് നോക്കാന്‍ ലോകത്തെ ഏതൊരു കുഞ്ഞിനെയും സഹായിക്കുന്നത് മാതൃഭാഷയെന്ന ജാലകമാണ്. കുട്ടിയുടെ ചിന്തയുടെയും സ്വപ്നത്തിന്റെയും ഭാഷയാണ് മാതൃഭാഷ. കേരളത്തിലെ കുഞ്ഞുങ്ങള്‍ അവരുടെ വിദ്യാഭ്യാസകാലത്ത് മാതൃഭാഷയായ മലയാളത്തില്‍ പ്രാവീണ്യമാര്‍ജിക്കേണ്ടതുണ്ട്. എന്നാല്‍മാത്രമേ നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും പാരമ്പര്യത്തെയും അവര്‍ക്ക് ശരിയായി മനസ്സിലാക്കാന്‍ സാധിക്കൂ. നാടിനെ അറിഞ്ഞാല്‍മാത്രമേ നാടിന്റെ ഭാവിയെപ്പറ്റിയും വികസനത്തെപ്പറ്റിയുമുള്ള ശരിയായ വീക്ഷണം അവരിലുണ്ടാകൂ. കേരളത്തിന്റെ ആദ്യനിയമസഭയുടെ ആദ്യയോഗം ചേര്‍ന്ന ചരിത്രമുഹൂര്‍ത്തത്തിന്റെ ജ്വലിക്കുന്ന ഓര്‍മ പുതുക്കാന്‍ അതേയിടത്ത് 2017 ഏപ്രില്‍ 27ന് ഇപ്പോഴത്തെ നിയമസഭ സമ്മേളിച്ചപ്പോള്‍ മലയാളപഠനനിയമം അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍, ചരിത്രത്തിന്റെ പുനര്‍വായനയോടൊപ്പം കാവ്യനീതിയുടെ ചാരുതയുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള കേരള പാഠാവലിതന്നെയാകണം ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ പാഠപുസ്തകം. സ്കൂളുകള്‍ക്കും അവര്‍ക്ക് നല്ല കമീഷന്‍ നല്‍കുന്ന പ്രസാധകര്‍ക്കും വിട്ടുകൊടുത്താല്‍ അപകടമാണ്. സ്കൂള്‍കുട്ടിക്ക് കടുകട്ടിയായ ലക്ഷ്മണോപദേശം’പഠിക്കാന്‍ നല്‍കി കുട്ടിയെ മലയാളത്തില്‍നിന്ന് അകറ്റുമിവര്‍. പ്ളസ്ടുതലംവരെയും നിര്‍ബന്ധമാക്കേണ്ടതായിരുന്നു. പക്ഷേ, പ്ളസ്ടുവിന് സിബിഎസ്ഇയില്‍ ഭാഷാപഠനമേ ഇല്ലത്രേ! ചിന്താശൂന്യമായ തീരുമാനമല്ലേ ഇത്? എത്ര അപകടകരമാണിത്? എഴുത്തച്ഛന്റെയോ കുഞ്ചന്‍നമ്പ്യാരുടെയോ ആശാന്റെയോ ഷേക്സ്പിയറുടെയോ വേഡ്സ്വര്‍ത്തിന്റെയോ നാലുവരിയെങ്കിലും പഠിക്കാതെ പഠനമെങ്ങനെ പൂര്‍ണമാകും? അതുകൊണ്ടെന്ത് പ്രയോജനമെന്ന് ചോദിച്ചേക്കാം. പ്രയോജനം കുട്ടിയുടെ മനസ്സിലാണുണ്ടാവുക. സംസ്കാരപരമായും സൌന്ദര്യപരമായും മാനസികമായി കുട്ടി ഉന്നമിക്കപ്പെടും. ഈ പഠനനിയമം ഒന്നാമത്തെ പടിയിലേക്കുമാത്രമുള്ള കാല്‍വയ്പാണ്. ബിരുദതലത്തിലും ബിരുദാനന്തരതലത്തിലുമൊക്കെ മലയാളികളായ കുട്ടികള്‍ അവന്റെ മാതൃഭാഷകൂടി ഒരു വിഷയമായി പഠിക്കേണ്ടതുണ്ട്. ഫിസിക്സ് എംഎസ്സിക്ക് പഠിക്കുന്ന കുട്ടിക്ക് അണുവിസ്ഫോടനത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മലയാളത്തില്‍ പറഞ്ഞുകൊടുക്കാനും മനസ്സിലാക്കിക്കാനും കഴിയുമ്പോഴേ പഠനംകൊണ്ട് കുട്ടിക്കും സമൂഹത്തിനും പ്രയോജനമുള്ളൂ. വിദ്യാഭ്യാസം സ്വകാര്യമല്ല. സാമൂഹിക കാര്യമാണ്. എപ്പോള്‍വരേയ്ക്കുമില്ലേവര്‍തന്‍‘ഭാഷയ്ക്ക് കെല്‍പ്പും നടപ്പും പരപ്പുമൊന്നും അപ്പോള്‍ വരേയ്ക്കവരാവതില്ലാത്തവര്‍, അപ്രഫുല്ലാശയരപ്രശസ്തര്‍! മാതൃഭാഷയ്ക്ക് ശക്തിയും വ്യാപ്തിയും പ്രാപ്തിയും ഉണ്ടാകുന്നതുവരെ ആവതില്ലാത്തവരും ആശയങ്ങളില്ലാത്തവരും അതുകൊണ്ടുതന്നെ മാനിക്കപ്പെടാത്തവരുമായ ഒരു ജനതയായി നാം അധഃപതിക്കപ്പെട്ട് കഴിയേണ്ടിവരുമെന്നാണ് മഹാകവി വള്ളത്തോള്‍ നല്ല ഭാഷയില്‍ സൂചിപ്പിക്കുന്നത്. ഭാവികേരളം ഒരിക്കലും ആവതില്ലാത്തതാകരുത് എന്ന നന്മയുള്ള ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പഠനനിയമത്തിന് നൂറുകോടി പ്രണാമം. മൂന്നുകോടിനാല്‍പ്പതുലക്ഷത്തിനാല്‍പ്പതിനായിരത്തിമുന്നൂറ്റിയമ്പതുപേരുടെ മാതൃഭാഷയായ മലയാളവും പറയുന്നു. കാലന്‍കോഴികള്‍ കൂവുന്നുണ്ടായിരുന്നു. നത്തുകള്‍ എഴയ്ക്കുന്നുണ്ടായിരുന്നു. തെക്കോട്ടെടുക്കുമെന്നുതന്നെ വിചാരിച്ചതാണ്. ഇപ്പോള്‍ തേള മിടിച്ചുതുടങ്ങി. നന്ദി (ഐക്യമലയാളപ്രസ്ഥാനത്തിന്റെ സംസ്ഥാനസമിതി അംഗമാണ് ലേഖകന്‍) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം