malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

പുത്തനുണര്‍വ്

കടകംപള്ളി സുരേന്ദ്രന്‍
അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും കാരണം തരിപ്പണമായ സര്‍ക്കാര്‍സംവിധാനങ്ങളുടെ പുനരുജ്ജീവനമാണ് ഇടതുപക്ഷസര്‍ക്കാരിന്റെ പ്രധാന പ്രവര്‍ത്തനനേട്ടമെന്ന് പറയാം. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നത് കാലിയായ ഖജനാവും കോടികളുടെ സാമ്പത്തികബാധ്യതയുമാണ്. ഇത് പരിഹരിക്കുന്നതിനും ഓരോ വകുപ്പും കാര്യക്ഷമമാക്കുന്നതിനും ഇടതുപക്ഷസര്‍ക്കാര്‍ മുന്‍ഗണന നല്‍കി. പ്രകടനപത്രികയോട് നീതിപുലര്‍ത്തുന്ന തീരുമാനങ്ങളാണ്, അധികാരമേറ്റ ആദ്യദിനംമുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങിയത്. അഴിമതിയുടെ കൂത്തരങ്ങായിരുന്ന സഹകരണമേഖലയെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് സമയബന്ധിതമായ കര്‍മപരിപാടിയാണ് ആവിഷ്കരിച്ചത്. കൂനിന്മേല്‍ കുരു എന്നപോലെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനംമൂലം ഉടലെടുത്ത സാമ്പത്തികപ്രതിസന്ധിയും സഹകരണമേഖലയ്ക്ക് തിരിച്ചടിയായി. മോശം കാലത്താണ് നല്ല കാര്യങ്ങള്‍ക്ക് തുടക്കമിടാനാകുകയെന്ന് പറയുന്നതുപോലെ, സഹകരണ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഈ പ്രതിസന്ധിക്കാലംതന്നെ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തി. നോട്ടുപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് സഹകാരികളുടെ മഹാസമ്മേളനം വിളിച്ചുചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമ്മേളനം സഹകരണമേഖലയുടെ സംരക്ഷണത്തിന് വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുത്തു. ഡിസംബര്‍ പത്തുമുതല്‍ ജനുവരി പത്തുവരെ സഹകരണമേഖല സംരക്ഷണ പ്രചാരണം സംഘടിപ്പിച്ചു. ഡിസംബര്‍ 18 സഹകരണമേഖല സംരക്ഷണദിനമായി ആചരിച്ച് സംസ്ഥാനത്തെ 18 ലക്ഷത്തോളം വീടുകള്‍ സഹകാരികളും സഹകരണ ജീവനക്കാരും സന്ദര്‍ശിച്ചു. നോട്ടുപ്രതിസന്ധിക്ക് ബദലായി പണമിടപാടിന് ഞഠഏട, ചഋഎഠ, ഇീൌുീി തുടങ്ങിയവ ഉപയോഗപ്പെടുത്തി. നോട്ടുപ്രതിസന്ധിമൂലം വലഞ്ഞ ജനത്തിന് ആശ്വാസമേകാന്‍ വായ്പകള്‍ക്കുമേലുള്ള ജപ്തിനടപടികള്‍ക്ക് 2017 മാര്‍ച്ച് 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരും സഹകരണ ബാങ്കിങ് മേഖലയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ത്തന്നെയാണ് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ തീരുമാനം സ്വീകരിച്ചതെന്നത് എടുത്തുപറയാതിരിക്കാനാകില്ല. കേന്ദ്രനയവും കഴിഞ്ഞ സര്‍ക്കാരിന്റെ ഉപേക്ഷയും സംസ്ഥാനത്തെ പൊതുവിതരണസമ്പ്രദായം തകര്‍ത്തു. ഈ സ്ഥിതി മുതലെടുത്ത് മൊത്തവ്യാപാരികള്‍ അരിവില കുത്തനെ കൂട്ടി. ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹകരണമേഖലയുടെ ഇടപെടലിലൂടെ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. പ്രാഥമിക സര്‍വീസ് സഹകരണ സംഘങ്ങളില്‍നിന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ നൂറുകോടി രൂപയുടെ കണ്‍സോര്‍ഷ്യം നിധി രൂപീകരിച്ചു. ബംഗാളില്‍നിന്ന് അരി വാങ്ങി കിലോയ്ക്ക് 25 രൂപ നിരക്കില്‍ സംസ്ഥാനത്തെ അറുനൂറോളം അരിക്കടകളിലൂടെ വിതരണം ചെയ്തു. ഇതോടെ അരിവിലക്കയറ്റം നിയന്ത്രിതമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 419 കോടി രൂപയുടെ സഞ്ചിതനഷ്ടത്തിലായിരുന്നു കണ്‍സ്യൂമര്‍ ഫെഡ്. സഹകരണ മേഖലയില്‍ ഒരു അപെക്സ് സ്ഥാപനമെന്ന നിലയില്‍ വിജയകരമായി മുന്നോട്ടുപോകേണ്ട കണ്‍സ്യൂമര്‍ ഫെഡിനെ തകര്‍ത്തത് അഴിമതിയും അനിയന്ത്രിതമായ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇടതുപക്ഷസര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെയും പുതിയ മാനേജിങ് ഡയറക്ടറെയും നിയോഗിച്ചു. കര്‍ശനമായ സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഊര്‍ജിതമായി കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും പുതിയ എംഡിയും നടപ്പാക്കി. 2016-17 സാമ്പത്തികവര്‍ഷത്തില്‍ 64.78 കോടി രൂപയുടെ പ്രവര്‍ത്തനലാഭം കണ്‍സ്യൂമര്‍ ഫെഡിന് നേടാനായെന്നത് ചെറിയ കാര്യമല്ല. സംസ്ഥാന സര്‍ക്കാരില്‍നിന്നും എന്‍സിഡിസിയില്‍നിന്നും വര്‍ഷങ്ങളായി എടുത്തിട്ടുള്ള വായ്പകളുടെ പലിശയിനത്തിലേക്ക് 10.64 കോടി രൂപ നീക്കിവച്ചതുകൂടാതെയാണ് ഈ പ്രവര്‍ത്തന ലാഭമെന്നത് ഓര്‍ക്കണം. സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് കണ്‍സ്യൂമര്‍ ഫെഡ് വാങ്ങിയിരുന്ന 64 കോടിയോളം രൂപ തിരിച്ചടയ്ക്കാനും സാധിച്ചു. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ചെലവുചുരുക്കിയും ഭരണധൂര്‍ത്തും അധികച്ചെലവും ഒഴിവാക്കിയുമാണ് ഈ നേട്ടം കണ്‍സ്യൂമര്‍ ഫെഡ് ഉണ്ടാക്കിയത്. വിവിധ മദ്യക്കമ്പനികളില്‍നിന്ന് ഇന്‍സന്റീവായി 1.67 കോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് കിട്ടി. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഈയിനത്തില്‍ ഒരുരൂപപോലും ഖജനാവിലേക്ക് വകയിരുത്തിയിട്ടില്ല. ഇന്‍സന്റീവ് തുകയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പുതിയ അധ്യയനവര്‍ഷം തുടങ്ങുംമുമ്പ് സംസ്ഥാനത്ത് 250 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി. പ്രമുഖ കമ്പനികളുടെയും കുടുംബശ്രീപോലുള്ള തനത് കൂട്ടായ്മകളുടെയും ഉല്‍പ്പന്നങ്ങള്‍ 20 ശതമാനത്തോളം കുറഞ്ഞ വിലയില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ത്രിവേണി നോട്ടുബുക്ക് ഗുണനിലവാരം മെച്ചപ്പെടുത്തി ആദായവിലയില്‍ വിപണിയില്‍ ഇറക്കിയിട്ടുമുണ്ട്. ത്രിവേണി ഷോപ്പുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നതിനും അത് വീടുകളില്‍ എത്തിക്കുന്നതിനുമുള്ള പദ്ധതി ഉടന്‍ പ്രാബല്യത്തില്‍വരും. 2000 നീതി ഔട്ട്ലെറ്റുകളും 1500 നീതി മെഡിക്കല്‍ സ്റ്റോറുകളും വൈകാതെ തുടങ്ങും. ത്രിവേണി നീതി സ്റ്റോറുകളിലൂടെ ശക്തമായ വിപണി ഇടപെടലാണ് ലക്ഷ്യമിടുന്നത്. കേരള ബാങ്ക് ഒന്നരവര്‍ഷത്തിനുള്ളില്‍ സാക്ഷാല്‍ക്കരിക്കാന്‍ സജീവപ്രവര്‍ത്തനമാണ് നടത്തുന്നത്. കേരള ബാങ്കിനെക്കുറിച്ച് ബംഗളൂരു ഐഐടിയിലെ പ്രൊഫ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിദഗ്ധസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ നമ്മുടെ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്നമാണ് പൂവണിയാന്‍ പോകുന്നത്. ടൂറിസം മേഖലയില്‍ പുതിയ നയം ആവിഷ്കരിച്ച് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍. ടൂറിസം രംഗത്ത് വിപുലമായ സാധ്യതയാണ് കേരളത്തിലുള്ളത്. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കൂടി പരിചയപ്പെടുത്തുന്നതിനും നടപടി ആരംഭിച്ചു. പ്രധാന ടൂറിസം കേന്ദ്രങ്ങളെ പ്ളാസ്റ്റിക്രഹിത മേഖലയാക്കുന്നതിനുള്ള യത്നത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ നവീകരിക്കുന്നതിനും അന്താരാഷ്ട്രനിലവാരമുള്ള ടൂറിസം പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും തുടക്കംകുറിച്ചു. സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികള്‍ക്കായി 84 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നാട്ടുകാര്‍ക്കുകൂടി പ്രയോജനപ്പെടുന്നതരത്തില്‍ തദ്ദേശവാസികളുടെ പങ്കാളിത്തത്തോടെ വിനോദസഞ്ചാരപദ്ധതികള്‍ ആകര്‍ഷകമാക്കും. ദേവസ്വംവകുപ്പിലെ അഴിമതിക്ക് തടയിടാനും ഭക്തര്‍ക്ക് കൂടുതല്‍ സൌകര്യം ഒരുക്കുന്നതിനും പ്രാധാന്യം നല്‍കി. ശബരിമല തീര്‍ഥാടകരുടെ യാത്രാവഴികളിലെ 37 ക്ഷേത്രപരിസരങ്ങളില്‍ ആധുനികസൌകര്യങ്ങളുള്ള ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മിക്കും. ശബരിമല മാസ്റ്റര്‍പ്ളാന്‍പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു. ശബരിമല വികസനത്തിന് 150 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചു. അന്യാധീനമായ ദേവസ്വംഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടിക്ക് തുടക്കമിട്ടു. ദേവസ്വം നിയമനങ്ങളിലെ അഴിമതി തടയുന്നതിനായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതി ആക്ട് പുറപ്പെടുവിച്ച് മൂന്നംഗ റിക്രൂട്ട്മെന്റ് ബോര്‍ഡിനെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയോഗിച്ചു. ഒരു പ്രശ്നവുമില്ലാതെ ശബരിമല മണ്ഡല മകരവിളക്കുകാല തീര്‍ഥാടനം പൂര്‍ത്തീകരിക്കാനായതടക്കം നിരവധി കാര്യങ്ങള്‍ ദേവസ്വംവകുപ്പില്‍ ചെയ്യുന്നതിന് കഴിഞ്ഞു. ഇനിയും ചെയ്യാനേറെയുണ്ട് കാര്യങ്ങള്‍. സമഗ്രമായ ആസൂത്രണത്തോടെ, സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ ഇടതുപക്ഷസര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതിപുലര്‍ത്തുന്ന വികസനപദ്ധതികളും ജനക്ഷേമപ്രവര്‍ത്തനങ്ങളും കാലവിളംബം കൂടാതെ നടപ്പാക്കും. കൂടുതല്‍ ഉയരങ്ങളില്‍ നമ്മുടെ സംസ്ഥാനത്തെ ഒന്നാമതായി എത്തിക്കണമെന്ന ദൃഢനിശ്ചയമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത് *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം