malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ഗോരക്ഷാ ദളിന്റെ സമാന്തരഭരണം

സാജന്‍ എവുജിന്‍
ഗോരക്ഷാ ദളിന്റെ പ്രവര്‍ത്തനം ഉത്തരേന്ത്യയിലെ സാമൂഹ്യ ജീവിതത്തില്‍ സാമുദായിക ധ്രുവീകരണത്തിന്റെ ആഴം എത്രമാത്രം വര്‍ധിപ്പിച്ചെന്ന് മധ്യപ്രദേശിലെ അശോക്നഗര്‍ ജില്ലയിലുള്ള സല്‍വാന്‍ ഗ്രാമത്തിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. ഗ്രാമവാസിയായ ഘനശ്യാം ലോധിയുടെ പശുവിന്റെ കാലിന് പരിക്കേറ്റതോടെയാണ് സംഭവപരമ്പരയുടെ തുടക്കം. നാട്ടുകാരനായ അഖ്തര്‍ ഖാന്‍ പശുവിനെ വെടിവച്ചതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തുവന്നു. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍നിയമപ്രകാരം അഖ്തര്‍ ഖാനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, വെടിയുണ്ടയേറ്റാണ് പശുവിന് പരിക്കേറ്റതെന്ന ആരോപണം തെറ്റാണെന്ന് മൃഗഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പശുസംരക്ഷണസമിതിക്കാര്‍ അവരുടെ ആരോപണത്തില്‍നിന്ന് പിന്‍വാങ്ങിയില്ല. തുടര്‍ന്ന് ജില്ലാ അധികൃതര്‍ നിയോഗിച്ച മൂന്നംഗ സമിതി നടത്തിയ പരിശോധനയും പ്രാദേശിക വെറ്ററിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് ശരിവച്ചു. പശുസംരക്ഷണസമിതിക്കാരും ഘനശ്യാമിന്റെ ബന്ധുക്കളും അവരുടെ വാദം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഖാന്‍ നായ്ക്കളെ വെടിവച്ചപ്പോഴാണ് പശുവിന് കൊണ്ടതെന്ന പുതിയ 'കണ്ടെത്തലുണ്ടായി'. ഇതോടെ, പശുവിനെ വിദഗ്ധ പരിശോധനയ്ക്കായി ഭോപാലില്‍ കൊണ്ടുപോകാന്‍ പൊലീസ് തീരുമാനിച്ചു. മെയ് അഞ്ചിന് പശുവുമായി പൊലീസുകാരും മൃഗഡോക്ടറും ഭോപാലിലേക്ക് പോയി. ഘനശ്യാമും മരുമകന്‍ സുനിലും ഒപ്പമുണ്ടായിരുന്നു. എക്സ്റേ പരിശോധനയും വെടിവയ്പ് സിദ്ധാന്തം തള്ളി. അതേസമയം, ഭോപാല്‍ ആശുപത്രിയില്‍ പശുവിന്റെ ചികിത്സ ആരംഭിച്ചു. ഘനശ്യാമും സുനിലും അവിടെ തങ്ങി. മെയ് എട്ടിനു രാവിലെ ഘനശ്യാമിനെ ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഖ്തര്‍ ഖാന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഘനശ്യാം ആത്മഹത്യചെയ്തതെന്ന സുനിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അഖ്തര്‍ ഖാനും അദ്ദേഹത്തിന്റെ ബന്ധുക്കളായ അഞ്ചുപേരും കേസില്‍ പ്രതികളായി. എന്നാല്‍, ഘനശ്യാമിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ സുനില്‍ പുതിയ ആരോപണം ഉന്നയിച്ചു. ഘനശ്യാമിനെ ആശുപത്രിയില്‍നിന്ന് ആറുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതാണെന്നും പിറ്റേന്ന് മൃതദേഹമാണ് കാണുന്നതെന്നും സുനില്‍ പറഞ്ഞു. സുനിലിന്റെ ഈ ആരോപണം ഗ്രാമത്തിലെ അന്തരീക്ഷം കൂടുതല്‍ വഷളാക്കി. അഖ്തര്‍ ഖാനടക്കം മൂന്ന് പ്രതികള്‍ പൊലീസിനുമുമ്പാകെ കീഴടങ്ങി. ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ സുനിലിനെ ഭീഷണിപ്പെടുത്തിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സ്ഥലത്തെ മുസ്ളിങ്ങള്‍ പറയുന്നു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഘനശ്യാമിനെ തട്ടിക്കൊണ്ടുപോയെന്നു പറയുന്നത് അസംബന്ധമാണെന്ന് സ്ഥലത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഹസ്സന്‍ പറയുന്നു. ഇദ്ദേഹത്തെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. താനും പ്രതികളാക്കിയിട്ടുള്ള മറ്റുള്ളവരും ഘനശ്യാം മരിച്ച ദിവസം ഭോപാലില്‍ പോയിട്ടില്ലെന്നതിന് എല്ലാ തെളിവുമുണ്ടെന്നും അബ്ദുള്‍ ഹസ്സന്‍ അവകാശപ്പെടുന്നു. ഗ്രാമത്തിലെ മുസ്ളിംസമുദായം സാമ്പത്തികമായും വിദ്യാഭ്യാസപരമായും താരതമ്യേന മുന്നില്‍നില്‍ക്കുന്നത് ദുര്‍വ്യാഖ്യാനംചെയ്താണ് ഹിന്ദുത്വസംഘടനകള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്നും വാദമുണ്ട്. ഗ്രാമത്തിലെ സര്‍പഞ്ചും സെക്രട്ടറിയും മുസ്ളിങ്ങളാണ്. പൊലീസിന് പണം നല്‍കി മുസ്ളിങ്ങള്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നുപോലും ഹിന്ദുത്വസംഘടനകള്‍ ആരോപണം ഉന്നയിക്കുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനത്തിലും വര്‍ഗീയധ്രുവീകരണം വളര്‍ത്താന്‍ ഇത്തരം അപകടകരമായ മാര്‍ഗങ്ങള്‍ സംഘപരിവാര്‍ സ്വീകരിക്കുന്നു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലുമായി 10 സംസ്ഥാനത്ത് ഗോരക്ഷാ ദള്‍ പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധനനിയമത്തിന്റെ നിര്‍വഹണച്ചുമതലപോലും ഗോരക്ഷാ ദളിന് കൈമാറിയിരിക്കയാണ്. 'ഓണററി അനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍' എന്ന തസ്തിക സൃഷ്ടിച്ച് എല്ലാ ജില്ലയിലും നിയമനം നടത്തിയിട്ടുണ്ട്. സംഘപരിവാര്‍ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സായുധ ഗോരക്ഷാ സംഘങ്ങളുടെ പ്രവര്‍ത്തകരില്‍നിന്നാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. ഹരിയാനയില്‍ ഗോരക്ഷാ ദളിന് 5000ല്‍ കൂടുതല്‍ പ്രവര്‍ത്തകരുണ്ട്. ഹോക്കിസ്റ്റിക്കും ഇതര ആയുധങ്ങളുമായി ഇവര്‍ ചണ്ഡീഗഡ്-ഡല്‍ഹി ദേശീയപാതയില്‍ വാഹനപരിശോധനയില്‍ മുഴുകിയിരിക്കുന്നു. ട്രക്കുകള്‍ തടഞ്ഞുനിര്‍ത്തി നിയമവിരുദ്ധ പരിശോധന നടത്തുന്ന ഇവര്‍ക്ക് പൊലീസിന്റെ മൌനാനുവാദമുണ്ട്. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. അല്‍വറില്‍ ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് പെഹ്ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ യഥാര്‍ഥ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കുട്ടികളെ ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2013-15 കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ 84 ശതമാനം വര്‍ധന ഉണ്ടായെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. രാജ്യത്ത് പ്രതിദിനം ശരാശരി 220 കുട്ടികളെ കാണാതാകുന്നു. ഇതില്‍ 22 പേരും ഡല്‍ഹിയില്‍നിന്നാണ്. 2015ല്‍ രാജ്യത്ത് 62,988 കുട്ടികളെ കാണാതായി; 2013ല്‍ ഇത് 34,244 പേരായിരുന്നു. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍നിന്ന് അടുത്തകാലത്തായി പെണ്‍കുട്ടികളെ വന്‍തോതില്‍ നഗരങ്ങളിലേക്ക് തട്ടിക്കൊണ്ടുവരുന്നു. ഈ വിഷയത്തില്‍ പ്രതികരണമോ പ്രചാരണമോ നടത്താന്‍ ഹിന്ദുത്വവാദികള്‍ തയ്യാറാകുന്നില്ല. ആദിവാസി, ദളിത്, നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളാണ് തട്ടിക്കൊണ്ടുപോകലിന് വിധേയരാകുന്നതില്‍ ഏറിയപങ്കും. ഇവരേക്കാള്‍ ഹിന്ദുത്വവാദികള്‍ക്ക് വിലപ്പെട്ടത് പശുവില്‍ അധിഷ്ഠിതമായ വോട്ടുബാങ്കുതന്നെ *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം