malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

വിദ്വേഷമുള്ള മനസുകൾ സമാധാനത്തിന്‌ ഭീഷണിയെങ്കിൽ ഇന്ത്യയുടെ ഭീഷണി ആരാണ്‌?

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
‘വിദ്വേഷമുള്ള മനസുകൾ സമാധാനത്തിന്‌ ഭീഷണി’യാണെന്നൊരു പ്രസ്താവന നരേന്ദ്രമോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ എപ്പോഴും ഉയർത്തിപ്പിടിക്കേണ്ട ഒരു ആദർശം തന്നെയാണ്‌ അദ്ദേഹം പറഞ്ഞത്‌. കാരണം ‘മാ വിദ്വിഷാവെ‍ഹൈ- വിദ്വേഷം അരുത്‌- എന്നത്‌ ഉപനിഷത്ത്‌ ഋഷിമാരുടെ ആദർശമുദ്രാവാക്യം തന്നെയാണ്‌, അതിനാൽ ഉപനിഷത്തുകൾ പിറവിയെടുത്ത ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രി ‘വിദ്വേഷമുള്ള മനസുകൾ സമാധാനത്തിന്‌ ഭീഷണിയാണെന്നു’ പറയുന്നത്‌ നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്‌ ചേർന്ന നടപടി തന്നെയാണ്‌. കൊളംബോയിൽ ബുദ്ധമത സമ്മേളനത്തിൽ പങ്കെടുത്ത്‌ പ്രസംഗിക്കവേയാണ്‌ നരേന്ദ്രമോഡി വിദ്വേഷമുള്ള മനസുകൾ സമാധാനത്തിന്‌ ഭീഷണിയാണെന്ന്‌ പറഞ്ഞത്‌. ബുദ്ധസ്മരണ വഴിഞ്ഞൊഴുകുന്ന വേദിയിൽ പറയേണ്ട വാക്കുകൾ തന്നെയാണിതെന്നതിലും തർക്കമില്ല. പക്ഷേ സമാധാനത്തിന്‌ ഭീഷണിയുണ്ടാക്കുന്ന വിദ്വേഷമുള്ള മനസ്‌ ആർഎസ്‌എസുകാർക്കുണ്ടോ? ഈ ചോദ്യത്തെ അഭിസംബോധന ചെയ്ത്‌ മറുപടി പറയാൻ ചങ്കൂറ്റമുള്ള ഒരു പ്രധാനമന്ത്രിയാണോ നരേന്ദ്രമോഡി എന്ന സംശയം പൊതുവേ ഇന്ത്യക്കാർക്കുണ്ട്‌. ഇന്ത്യൻ പൗരന്മാരോ, അവർ തിരഞ്ഞെടുത്തതിനാൽ ലോകസഭാംഗങ്ങളായവരോ ചോദിക്കുന്ന ഒരു ചോദ്യത്തിനും മറുപടി നൽകുന്ന ശീലം ഒരു വിഷയത്തിലും നരേന്ദ്രമോഡിക്ക്‌ ഇല്ല എന്നതിനാൽ, ആർഎസ്‌എസുകാർ വിദ്വേഷമുള്ള മനസുള്ളവരാണോ എന്ന ചോദ്യത്തിനും മറുപടി ലഭിക്കാനിടയില്ല. പക്ഷേ ഏറെക്കുറെ ഇന്ത്യൻ പൊതുജനങ്ങൾക്കെല്ലാം അറിയാം അങ്ങേയറ്റത്ത്‌ നരേന്ദ്രമോഡി മുതൽ ഇങ്ങേയറ്റത്ത്‌ കുമ്മനം രാജശേഖരൻ വരെ ഉൾപ്പെടുന്ന ആർഎസ്‌എസ്‌ പ്രചാരകരും അവരെ തല വണങ്ങി നിന്ന്‌ അനുസരിക്കാൻ മാത്രം പരിശീലിപ്പിക്കപ്പെടുന്ന ആർഎസ്‌എസ്‌ സ്വയം സേവകരും ഇന്ത്യയുടെ സമാധാനപരമായ പൊതുജീവിതത്തെ അലങ്കോലപ്പെടുത്തുന്ന വിദ്വേഷമനസുള്ളവരാണെന്ന്‌. അതിനാൽ നരേന്ദ്രമോഡിയുടെ ഭാഷയുടെ ചുവടുപിടിച്ചു തന്നെ പറയട്ടെ ‘ഇന്ത്യയുടെ ആഭ്യന്തരജീവിത സമാധാനത്തിന്‌ ഭീഷണി ഉയർത്തുന്നത്‌ വിദ്വേഷമനസുള്ള ആർഎസ്‌എസുകാരാണ്‌’. അന്താരാഷ്ട്രീയമായി ലോകസമാധാനത്തിന്‌ ഭീഷണി ഉയർത്തുന്നത്‌ അമേരിക്ക തലപ്പത്തിരുന്ന്‌ നിയന്ത്രിക്കുന്ന ആഗോളമൂലധന താൽപര്യങ്ങൾ വളമിട്ടു വളർത്തിയ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളായിരിക്കാം. പക്ഷേ, അന്താരാഷ്ട്ര കാര്യങ്ങൾ പറയുവാൻ മാത്രമല്ലല്ലോ ഒരാളെ ഇന്ത്യൻ ജനത പ്രധാനമന്ത്രിയാക്കിയിരിക്കുന്നത്‌; ഇന്ത്യയിലെ കാര്യങ്ങൾ പറയുവാൻ കൂടിയാണല്ലോ. ആ നിലയ്ക്ക്‌ നരേന്ദ്രമോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി അദ്ദേഹത്തിന്‌ ലഭ്യമായ മുഴുവൻ സർക്കാർ സന്നാഹങ്ങളും ഉപയോഗിച്ച്‌ ഇന്ത്യയിലെ പൊതുജീവിത സമാധാനം തകർക്കുന്നതിൽ ആർഎസ്‌എസുകാരുടെ വിദ്വേഷമുള്ള മനസുകൾക്കുള്ള പങ്കെന്തെന്നു കൂടി തിരിച്ചറിഞ്ഞ്‌ ഒരു പ്രസ്താവന നടത്തേണ്ടിയിരിക്കുന്നു. അതിനദ്ദേഹം തയാറായാൽ ജനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കിയതിനു വല്ലൊരർഥവും ഉണ്ടായി എന്ന്‌ കരുതാനാകും. ബഹുദൈവാരാധകരോടും ജൂത-ക്രൈസ്തവമതസ്ഥരോടും വിദ്വേഷം വളർത്തുന്ന വാക്യങ്ങൾ ഖുർആനിൽ ഉണ്ടെന്നതിനാൽ, ഖുർ ആൻ ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിന്‌ ഭീഷണിയായ ഗ്രന്ഥമാണെന്നും അതിനാലത്‌ നിരോധിക്കണമെന്നും പറഞ്ഞ്‌ കൽക്കട്ടാ ഹൈക്കോടതി മുമ്പാകെയും മറ്റും പൊതുതാൽപര്യ ഹർജികൾ ഉണ്ടായിട്ടുണ്ടെന്ന്‌ ചൂണ്ടിക്കാട്ടുന്ന സ്വാമിമാർക്ക്‌ വക്കാലത്തും വിനീതപ്രമാണവും പറയുന്ന ബിജെപി നേതാക്കൾ കേരളത്തിൽ പോലും ഉണ്ട്‌. പക്ഷേ, വിദ്വേഷം വളർത്തുന്ന വാക്യങ്ങളുള്ള ഗ്രന്ഥങ്ങൾ എല്ലാം നിരോധിക്കുന്ന പക്ഷം ആർഎസ്‌എസുകാരുടെ ‘ഗുരുജി’യായ ഗോൽവാൽക്കറുടെ വിചാരധാര ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളെല്ലാം നിരോധിക്കേണ്ടി വരും. കാരണം മുസ്ലിങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ആയിരിക്കുന്ന എല്ലാ ഇന്ത്യാക്കാരോടും വെറുപ്പും വിദ്വേഷവും പുലർത്താൻ പ്രേരണയുണ്ടാക്കുന്ന സ്വഭാവമുള്ളതാണ്‌ ഗോൽവാൽക്കറുടെ മുക്കാൽ പങ്ക്‌ സാഹിത്യവും. അതുപോലെ ഇന്ത്യയിലെ ജനസംഖ്യയിൽ നേർപാതിയോളം വരുന്ന ദളിതരും പട്ടികജാതി വിഭാഗക്കാരുമായ അവർണരെല്ലാം വെറുക്കപ്പെടേണ്ടവരും അകറ്റി നിർത്തേണ്ടവരുമായി ചിത്രീകരിക്കുന്ന വരേണ്യജനങ്ങളുടെ നിയമഗ്രന്ഥമാണ്‌ മനുസ്മൃതി. ഇതും ബഹുസ്വര ജനാധിപത്യ സമൂഹത്തിന്‌ നിരക്കാത്ത മനോഭാവങ്ങൾ വളർത്തുന്ന ഗ്രന്ഥം എന്ന നിലയിൽ നിരോധിക്കേണ്ടി വരും. കാരണം, ‘വിദ്വേഷമുള്ള മനസുള്ളവർ സമാധാനത്തിന്‌ ഭീഷണി’യാണെന്ന പ്രധാനമന്ത്രിജിയുടെ വാക്യം ആധാരമാക്കി ചിന്തിച്ചാൽ, കുറഞ്ഞത്‌ സാധ്വിപ്രാചി മുതൽ ശശികല ടീച്ചർ വരേയും പ്രവീൺ തൊഗാന്ധിയ മുതൽ പ്രമോദ്‌ മുത്തലിക്ക്‌ വരെയും ഉൾപ്പെടുന്ന ‘ഹിന്ദുത്വവാദ മനോഗതി’ക്കാരുടെ പ്രസംഗങ്ങളെല്ലാം നിർത്തലാക്കിയാലേ ഇന്ത്യൻ ജീവിതത്തിന്റെ പൊതുസമാധാനം ഭീഷണി മുക്തമാക്കാനാവൂ എന്ന്‌ വിലയിരുത്തേണ്ടി വരും. ഇവിടെ സൂചിപ്പിച്ച വിധത്തിൽ, ഇന്ത്യൻ സാഹചര്യത്തിൽ സമാധാനം കെടുത്തുന്ന വിദ്വേഷമനസുള്ളവരെ കൂടി പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യാതെ, അന്താരാഷ്ട്ര വേദികളിൽ മാത്രം ‘വിദ്വേഷമനസുള്ളവർ സമാധാനത്തിന്‌ ഭീഷണി’യാണെന്ന്‌ പ്രസംഗിക്കുന്ന നരേന്ദ്രമോഡിയുടെ നിലപാടിൽ ഒളിഞ്ഞിരിക്കുന്ന മുസ്ലിം വിദ്വേഷം മാത്രമാണുള്ളത്‌; ഒരു ആർഎസ്‌എസ്‌ പ്രചാരകനിൽ നിന്ന്‌ അതല്ലാതൊന്നും പ്രതീക്ഷിക്കാനുമില്ല. വാൽക്കഷ്ണം പോലെ സരസവും ചരിത്രപരവുമായ ഒരു വിരോധാഭാസം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഈ ലേഖനം ഉപസംഹരിക്കാം. ‘വിദ്വേഷമനസുള്ളവർ സമാധാനത്തിന്‌ ഭീഷണി’ എന്ന്‌ ഇന്ത്യൻ പ്രധാനമന്ത്രിയും ആർഎസ്‌എസ്‌ പ്രചാരകനുമായ നരേന്ദ്രമോഡി പ്രസ്താവന നടത്തിയത്‌ ശ്രീലങ്കയിലെ കൊളംബോയിൽ ചേർന്ന ബുദ്ധമത സമ്മേളന വേദിയിലാണ്‌. ശ്രീബുദ്ധൻ ഇന്ത്യയിൽ ജനിച്ചുവളർന്ന ധർമാചാര്യനാണ്‌. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മതത്തിനും ഇന്ത്യയിൽ നാമാവശേഷമാകേണ്ടി വന്ന സ്ഥിതി ഉണ്ടായത്‌, മുസ്ലിങ്ങളുടെയോ ക്രൈസ്തവരുടെയോ, കമ്മ്യൂണിസ്റ്റുകളുടെയോ വിദ്വേഷ മനസുകൊണ്ടും പ്രവർത്തനങ്ങളെ കൊണ്ടുമായിരുന്നില്ല; ശങ്കരാചാര്യരും മനുവും ഉൾപ്പെടെയുള്ള ബ്രാഹ്മണ മേൽക്കോയ്മാവാദികൾക്ക്‌ ബുദ്ധനോടും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും ഉണ്ടായിരുന്ന വിദ്വേഷത്താലായിരുന്നു. ചരിത്രപരമായ ഈ വസ്തുത കൂടി അയവിറക്കി ‘വിദ്വേഷമനസ്‌ സമാധാനത്തിന്‌ ഭീഷണി’ എന്ന ആദർശം നരേന്ദ്രമോഡി പറഞ്ഞിരുന്നെങ്കിൽ…. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം