malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

പൊതു-സ്വകാര്യ വിദ്യാഭ്യാസവും നമ്മളും

രമേശ്ബാബു
ശരാശരി മലയാളിയുടെ ജീവിതക്രമം തെറ്റിക്കുന്നതും ചെലവ്‌ ഏറ്റുന്നതും കുടുംബ ബജറ്റ്‌ തകിടം മറിക്കുകയും ചെയ്യുന്ന രണ്ട്‌ പ്രധാന സംഗതികളാണ്‌ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും. സംരംഭകത്വ മനോഭാവമില്ലാത്ത ജനതയാകയാലും സേവന ദാസ്യപാരമ്പര്യത്തിൽ അധിഷ്ഠിതമായ മാനസിക നിലയുള്ളവരാകയാലും നമ്മൾ എപ്പോഴും തൊഴിൽ അന്വേഷകരാണ്‌. ഭൂരിപക്ഷവും ഉദ്യോഗാർഥികൾ മാത്രമായിരിക്കുന്ന യുവജനതയുടെ ലക്ഷ്യവും സുരക്ഷിതമായ സംരംഭങ്ങളിലെ തൊഴിൽ പദവി മാത്രമായിരിക്കുന്നു. ഇതിനുള്ള നൈപുണ്യം തേടലായിരിക്കുന്നു വർത്തമാനകാലത്തെ വിദ്യാഭ്യാസം. ഒരേമനസോടെ അഭ്യസ്തവിദ്യരും അല്ലാത്തവരുമായ രക്ഷിതാക്കൾ മേറ്റ്ല്ലാ പരിഗണനകളും മാറ്റിവച്ച്‌ ആൺ, പെൺഭേദമില്ലാതെ കേരളത്തിൽ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നു എന്ന പ്രത്യക്ഷ കാഴ്ച ആശാവഹമാണ്‌. നല്ല വിദ്യാഭ്യാസം ലഭിക്കുന്നിടത്ത്‌ മുണ്ടുമുറുക്കിയുടുത്തും എത്ര പണം ചെലവഴിക്കാനും രക്ഷിതാക്കൾ തയാറാകുന്നുമുണ്ട്‌. ഈ മനോഭാവത്തിന്റെ മറവിലാണ്‌ സ്വകാര്യ സ്ഥാപനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ കവച്ചുവച്ച്‌ പ്രലോഭനങ്ങൾ സൃഷ്ടിക്കുന്നത്‌. കേരളത്തിന്റെ ഭൂപ്രകൃതിയും വലിപ്പക്കുറവും ജനസാന്ദ്രതയും ഒന്നും തന്നെ വലിയ വ്യാവസായിക സംരംഭങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടി, ഫാർമസി, ആരോഗ്യ ശുശ്രൂഷാ മേഖലകൾ, ബൗദ്ധികമായ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയൊക്കെയേ കേരളത്തെപ്പോലുള്ള ഒരു കൊച്ചു സംസ്ഥാനത്തിന്‌ താങ്ങാൻ കഴിയൂ. വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ നൈപുണ്യത്തിലൂടെയും മികവ്‌ നേടിയവർ പ്രവാസ ജീവിതത്തിലൂടെ നേടുന്ന വിദേശനാണ്യമാണ്‌ ഇന്നും കേരളത്തിന്റെ സാമ്പത്തിക അടിത്തറ. മാറിയ ലോകക്രമത്തിനനുസരിച്ച്‌ രാജ്യാന്തര തലത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നേടിയേ മതിയാകു. അത്‌ ലഭ്യമാക്കും എന്നു തോന്നലുളവാക്കുന്നിടത്തേക്ക്‌ കുട്ടികളെ എന്തു വിലകൊടുത്തും അയയ്ക്കാൻ സന്നദ്ധരാകുകയാണ്‌ രക്ഷിതാക്കൾ. ഭ്രാന്താലയം എന്ന വിവക്ഷ കടന്ന്‌ സാമൂഹ്യ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ഒരു പ്രദേശമാണ്‌ ഇന്ന്‌ കേരളം. ഉയർന്ന സാക്ഷരത, ആരോഗ്യ കുടുംബക്ഷേമ രംഗങ്ങളിലെ പുരോഗതി, ഉയർന്ന ജീവിതനിലവാരം, സാംസ്കാരിക രാഷ്ട്രീയ പ്രബുദ്ധത, സ്ത്രീ വിദ്യാഭ്യാസം എന്നീ രംഗങ്ങളിലൊക്കെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്‌ കേരളം. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കാർഷിക വ്യാവസായിക രംഗത്തെ പിന്നാക്കാവസ്ഥ, ഉയർന്ന ആത്മഹത്യാനിരക്ക്‌, സ്ത്രീപീഡനങ്ങൾ, രൂക്ഷമായ പരിസരമലിനീകരണം, ഉപഭോഗഭ്രാന്ത്‌, ജാതീയ സ്പർധ തുടങ്ങിയ നിഴലുകളും നമ്മെ ഗ്രസിച്ചിട്ടുണ്ടെന്ന്‌ പറയാതെ വയ്യ, എങ്കിലും നേട്ടങ്ങൾക്ക്‌ പിന്നിൽ അക്ഷരം പകർന്ന നവോത്ഥാന വെളിച്ചവും പോരാട്ടങ്ങളുമാണെന്ന്‌ നിസംശയം പറയാം. കേരള സമൂഹം കൈവരിച്ച നേട്ടങ്ങളുമായും നേരിടുന്ന പ്രതിസന്ധികളുമായും നമ്മുടെ വിദ്യാഭ്യാസക്രമം എത്രമാത്രം ബന്ധപ്പെട്ട്‌ നിൽക്കുന്നു എന്ന്‌ പരിശോധിക്കേണ്ട സമയവും മാറ്റങ്ങൾ അനുവർത്തിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. കാരണം ചില മേഖലകളിലെങ്കിലും സമൂഹം തിരിച്ചുപോക്കിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ട്‌. അധഃസ്ഥിതരേയും സ്ത്രീകളെയും മനുഷ്യരായിപോലും കാണാതിരുന്ന, മുലക്കരവും തലക്കരവും കൊടുക്കേണ്ടിവന്നിരുന്ന രാജഭരണകാലത്തെ അതിജീവിച്ചാണ്‌ കേരളം മുന്നേറ്റങ്ങളിലൂടെ ഇങ്ങോളമെത്തിയത്‌. മുലയറുത്തെറിഞ്ഞ നങ്ങേലി, വൈകുണ്ഠ സ്വാമികൾ, തപസ്വി ഓമലൻ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, ആദ്യത്തെ അടിമസ്കൂൾ സ്ഥാപകൻ ഫാദർ ജോർജ്ജ്‌ മാത്തൻ, ശ്രീനാരായണഗുരു, അയ്യൻകാളിവരെയുള്ള വഴിവിളക്കുകൾ ചൊരിഞ്ഞ നവോത്ഥാന പ്രഭയെ പൊലിപ്പിച്ച ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളാണ്‌ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഉച്ചനീചത്വങ്ങളിൽ നിന്ന്‌ രക്ഷിച്ച്‌ വാസയോഗ്യമാക്കിയത്‌. ഇവിടെയും അക്ഷരങ്ങളാണ്‌ മുന്നേറ്റങ്ങളുടെ അന്തർധാരയായിരുന്നതെന്ന്‌ കാണാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പൊതുവിദ്യാലയങ്ങൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടു. മിഷണറിമാരുടെയും ചില നാട്ടുരാജാക്കന്മാരുടെയും സംഭാവന വിസ്മരിക്കാനാവില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ പ്രസ്ഥാനങ്ങളുടെയും ഇടപെടൽ ആദിവാസി, ദളിത്‌ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷിദ്ധമല്ലാതാക്കി. ഐക്യ കേരളത്തിന്റെ രൂപീകരണത്തിനുശേഷം ആദ്യം നിലവിൽ വന്ന കമ്യൂണിസ്റ്റ്‌ മന്ത്രിസഭ കാർഷിക പരിഷ്കരണങ്ങൾക്കെന്നപോലെ വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കും ഊന്നൽ നൽകിയത്‌ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക്‌ ഊർജം പകരുന്നതായി. അധ്യാപകനായ ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായപ്പോൾ വിദ്യാഭ്യാസത്തെ ലാഭകരമായ ഒരു ബിസിനസായി വളർത്തിക്കൊണ്ടുവന്ന സ്വകാര്യ മാനേജ്മെന്റുകൾക്ക്‌ മൂക്കുകയറിടാൻ ശ്രമിച്ചത്‌ ചരിത്രമാണല്ലോ. പിന്നീടങ്ങോട്ട്‌ മാറിമാറി വന്ന സർക്കാരുകളിൽ, കോൺഗ്രസ്‌ സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക്‌ ഒരു പ്രാധാന്യവും നൽകാതെ മുസ്ലിംലീഗ്‌ പോലുള്ള വർഗീയ കക്ഷികളെ അത്‌ ഏൽപിച്ചുകൊടുക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസം സാർവത്രികമാക്കാൻ വേണ്ടി പൊതു പണം അനുവദിച്ച എയ്ഡഡ്‌ സ്കൂളുകൾ അധ്യാപക കച്ചവട സ്ഥാപനങ്ങളായി അധപ്പതിക്കുന്ന വേളയിലാണ്‌ കേരളത്തിൽ സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ ശക്തമാകാൻ തുടങ്ങുന്നത്‌. കൂടുതൽ ഭൗതിക സാഹചര്യമൊരുക്കിയും ഇംഗ്ലീഷ്‌ അധ്യയന മാധ്യമമാക്കിയും സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകൾ പ്രാവർത്തികമാക്കിയും മറ്റൊരു നിലവാരത്തിൽ അവർ കുട്ടികളെ രൂപപ്പെടുത്തി സാധ്യതതകൾ പ്രയോജനപ്പെടുത്താൻ തുടങ്ങിയപ്പോൾ മധ്യവർഗം അങ്ങോട്ട്‌ ആകർഷിക്കപ്പെട്ടു. ഭീമമായ തുകയാണ്‌ സംഭാവനയെന്നും, ട്യൂഷൻ ഫീസുമെന്നൊക്കെ പറഞ്ഞ്‌ ഇത്തരം സ്കൂളുകൾ ഈടാക്കുന്നതെങ്കിലും ഇംഗ്ലീഷ്‌ വിദ്യാഭ്യാസ അവസരം കൂടുതൽ സൃഷ്ടിക്കുമെന്ന ധാരണയിൽ രക്ഷിതാക്കൾ അതൊക്കെ സ്വയം സഹിക്കുകയാണ്‌. മറിച്ച്‌ പൊതുവിദ്യാഭ്യാസ മേഖലയിലാകട്ടെ ചില വൈരുധ്യങ്ങൾ നിലനിൽക്കുന്നു. ഗവൺമെന്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും മിടുക്കൻമാരായ അധ്യാപകരാണ്‌ ടെസ്റ്റ്‌ എഴുതി പാസായി എത്തുന്നത്‌. ഇവർക്ക്‌ മുന്നിലിരിക്കുന്ന വിദ്യാർഥികൾക്കാണ്‌ ഏറ്റവും മികച്ച ക്ലാസുകൾ കിട്ടേണ്ടത്‌. മികവിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചെത്തുന്ന സർക്കാർ സ്കൂളുകളിലെ അധ്യയനത്തിനാണ്‌ ആകർഷണീയത കൂടേണ്ടിയിരുന്നത്‌. അതേസമയം എയ്ഡഡ്‌ സ്കൂളുകളിൽ അധ്യാപകരായെത്തുന്നവർ മാനേജ്മെന്റ്‌ തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരാണ്‌ ഇവരുടെ കഴിവും ശേഷിയും അഭിരുചിയും ഒരിക്കലും പരീക്ഷിക്കപ്പെടുന്നില്ല. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ ഇക്കാര്യത്തിൽ ഒരു പൊതുമാനദണ്ഡം വന്നേമതിയാകു. തങ്ങളുടെ ഭൂമിയും സ്വത്തും നാട്ടിലെ വിദ്യാഭ്യാസ പുരോഗതിക്ക്‌ സൗജന്യമായി നൽകിയവരായിരുന്നു ഒരു കാലത്ത്‌ സ്കൂൾ മാനേജർമാർ. അവരുടെ അടുത്ത തലമുറ സ്ഥാപനങ്ങളെ വെറും അധ്യാപക കച്ചവട കേന്ദ്രമാക്കി. ഇപ്പോഴത്തെ അഭിനവ മാനേജർമാർ റിയൽ എസ്റ്റേറ്റ്‌ ഭ്രമത്തിൽ വീണ്‌ സ്കൂളും പറമ്പും അടച്ചുപൂട്ടി വിറ്റൊഴിക്കാനാണ്‌ താൽപര്യം കാട്ടുന്നത്‌. ഇരുപത്തഞ്ചിലേറെ സ്കൂൾ മാനേജർമാർ സ്കൂൾ അടച്ചുപൂട്ടുന്നതിന്‌ സർക്കാരിനെ സമീപിച്ചിരുന്നത്‌ വാർത്തയായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ മലാപ്പറമ്പ്‌ സ്കൂളും, തൃശൂർ ജില്ലയിലെ കിരാലൂർ സ്കൂളും ഇത്തരത്തിൽ ശ്രദ്ധ നേടിയിരുന്നു. സർക്കാർ അധീനതയിലുള്ള ഐഐടികളും ജെഎൻയുപോലുള്ള സർവകലാശാലകളും രാജ്യാന്തര മികവിന്റെ കേന്ദ്രങ്ങളായി നിലനിൽക്കുന്നെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്കും മറ്റും എന്തുകൊണ്ട്‌ ഈ നിലവാരം കൈവരിക്കാൻ കഴിയുന്നില്ല? പുതുനയങ്ങളും പൊളിച്ചെഴുത്തും ആർജവവും കൊണ്ട്‌ കേരള സമൂഹത്തിന്‌ ഇത്‌ സാധ്യമാക്കാവുന്നതേയുള്ളൂ. സ്വകാര്യ മേഖല കാശുവാങ്ങി മണ്ടൻ ഡോക്ടർമാരെ വരെ സൃഷ്ടിച്ചുവിടുന്നതിന്റെ കെടുതികൾ നമ്മൾ അനുഭവിക്കാൻ പോകുന്നതേയുളളു. മാറ്റൊലി: പൊതുവിദ്യാഭ്യാസ സ്ഥാപനത്തിൽ പണിയെടുക്കുകയും മക്കളെ സ്വകാര്യ സ്കൂളുകളിൽ പഠിതാവാക്കുകയും ചെയ്യുന്ന അധ്യാപകർ 60 ശതമാനമാണ്‌ കേരളത്തിൽ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം